Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുരങ്ങിനെ ഓടിക്കാൻ പടക്കം പൊട്ടിക്കുമ്പോൾ പിന്നിലൊരു ഗർജനം; തിരിഞ്ഞു നോക്കുമ്പോൾ കടുവ: ചാടിക്കയറിയ മരത്തിൽ നിന്ന് പിടിവിട്ട് താഴെ പതിച്ചു; ഒറ്റയോട്ടത്തിന് വീട്ടിലെത്തി കതകടച്ചു; കടുവ വിലസുന്ന വടശേരിക്കരയിൽ ജീവൻ രക്ഷപ്പെട്ട കഥ പറഞ്ഞ് റെജി ജോൺ: കൂട്ടിൽ കയറാത്ത കടുവയെ മെരുക്കാനാവാതെ സർക്കാരും വനപാലകരും

കുരങ്ങിനെ ഓടിക്കാൻ പടക്കം പൊട്ടിക്കുമ്പോൾ പിന്നിലൊരു ഗർജനം; തിരിഞ്ഞു നോക്കുമ്പോൾ കടുവ: ചാടിക്കയറിയ മരത്തിൽ നിന്ന് പിടിവിട്ട് താഴെ പതിച്ചു; ഒറ്റയോട്ടത്തിന് വീട്ടിലെത്തി കതകടച്ചു; കടുവ വിലസുന്ന വടശേരിക്കരയിൽ ജീവൻ രക്ഷപ്പെട്ട കഥ പറഞ്ഞ് റെജി ജോൺ: കൂട്ടിൽ കയറാത്ത കടുവയെ മെരുക്കാനാവാതെ സർക്കാരും വനപാലകരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വടശേരിക്കര ഒളികല്ല് മണിമലയേത്ത് റെജി ജോണിന് അതൊരു അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു. തൊട്ടുപിന്നിൽ വന്നു നിന്ന കടുവയുടെ ദംഷ്ട്രകളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടു മാത്രം. കടുവയുടെ നേതൃത്വത്തിൽ കാട്ടുപോത്തും കാട്ടാനക്കൂട്ടവും വിലസുന്ന വടശേരിക്കര, ഒളികല്ല്, ബൗണ്ടറി പ്രദേശത്തുള്ളവർക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാവും തെരച്ചിലിന്റെ പകലുകളുമാണ്. കാണാമറയത്ത് കടുവയുണ്ട്. ഇടയ്ക്കവൻ വരും. ഒരു ആടിനെയും കടിച്ചെടുത്ത് മടങ്ങും. കടുവ വിശ്രമിക്കുമ്പോൾ കാട്ടാനക്കൂട്ടവും കാട്ടുപോത്തിൻ കൂട്ടവും ഇറങ്ങും. വടശേരിക്കര എന്ന മലയോര മേഖല അശാന്തിയിലാണ്. ഒരു കൂടും വച്ച് വനപാലകർ റോന്തു ചുറ്റുന്നു. കടുവ കൂട്ടിലെ ആട്ടിൻകുട്ടിയെ എടുക്കാൻ വരുന്നില്ല. പകരം വീടിന്റെ തൊഴുത്തിലെത്തി ആട്ടിൻകുട്ടിയെ പിടിച്ച് തിന്നുന്നു.

ഒളികല്ലിന് സമീപം മണിമലയത്ത് റബർ തോട്ടത്തിൽ ടാപ്പിങ്ങിന് ഇറങ്ങിയ റെജി ജോൺ ആണ് കടുവയെ മുഖാമുഖം കണ്ടത്. കടുവയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കഥ റെജി പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാവിലെയാണ് സംഭവം. റബർ വെട്ടിക്കൊണ്ടു നിൽക്കുമ്പോൾ കുരങ്ങുകളുടെ കരച്ചിൽ കേട്ട് പടക്കം പൊട്ടിക്കാൻ തുനിയുകയായിരുന്നു. ഒരു പടക്കം പൊട്ടിച്ച് കാണണം. പിന്നിൽ ഒരു ഗർജനം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുപിന്നിൽ നിൽക്കുന്നു കടുവ. ഭയന്നു പോയ ഞാൻ മുന്നിൽ കണ്ട റബർ മരത്തിൽ അള്ളിക്കയറി. ജീവിൻ നഷ്ടമായെന്ന് ഉറപ്പിച്ച് റബർ മരത്തിലിരിക്കുമ്പോൾ അതിൽ നിന്ന് പിടിവിട്ട് താഴെപ്പോയി. പിന്നൊന്നും നോക്കിയില്ല. ഒറ്റയോട്ടത്തിന് വീടിന്റെ കുളിമുറിയിൽ കയറി ഇരുന്നു. ഇതു കണ്ട് ഭാര്യ അലറി വിളിച്ചു. കുളിമുറിയിൽ നിന്നിറങ്ങി വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ കടുവ വീടിന് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവിടിരുന്നു കൊണ്ട് അയൽ വാസികളെ വിളിച്ചു കൂട്ടിയപ്പോഴേക്കും കടുവ അപ്രത്യക്ഷ്യമായി. ജീവൻ തിരിച്ചു കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ റെജിക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇനി വ്യാഴാഴ്ച രാവിലെ കടുവയെ കണ്ടത് കോളാമലയിൽ വച്ച് ഓതറയിൽ ശശി എന്നയാളാണ്. ജോലിക്ക് പോകാൻ വേണ്ടി വരുന്ന വഴിയാണ് ശശി കടുവയെ കണ്ടത്. നിലവിളിച്ചു കൊണ്ട് ഓടാൻ മാത്രമേ കഴിഞ്ഞുള്ളൂ. മൂന്നു ദിവസം മുൻപ് ചെമ്മരത്തിമൂട് ഭാഗത്ത് വാർഡ് മെമ്പർ അമ്പിളി സദാനന്ദന്റെ വീട്ടിൽ നിന്ന് കടുവ ആടിനെ പിടിച്ചു കൊണ്ടു പോയിരുന്നു. പിറ്റേന്ന് രാവിലെ ആടിന്റെ അവശിഷ്ം സമീപ സ്ഥലത്ത് നിന്ന് കിട്ടി. ബുധനാഴ്ച രാത്രി കുമ്പളത്താമൺ മണപ്പാട്ട് രാമചന്ദ്രൻ നായരുടെ വീട്ടിലെ ആട്ടിൻകൂട് പൊളിച്ച് തള്ളയാടിനെ കൊണ്ടു പോയിരുന്നു. ഈ ആടിന് മൂന്നു കുട്ടികളുണ്ട്. കൂടിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടു. വ്യാഴാഴ്ച പുലർച്ചെ കടു തിന്ന ആടിന്റെ അവശിഷ്ടം കണ്ടെത്തി.

കടുവയെ പിടിക്കാനായി ആട്ടിൻകുട്ടിയെയും ഇട്ട് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ, കടുവ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതേ സമയം, ചൊവ്വാഴ്ച രാത്രി കടുവയുടെ ഗർജനം പ്രദേശത്ത് മുഴങ്ങി. പ്രദേശവാസികൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ കടുവയെ വരവ് അറിയിച്ചു. ഇതു കാരണം ജനങ്ങൾ ഭയന്ന് വീടുകളിൽ തന്നെ കഴിയുകയാണ്. അതിനിടെയാണ് രാത്രികാലങ്ങളിൽ ഒരു കാട്ടുപോത്തിന്റെ വരവ്. ബൗണ്ടറി സ്‌കൂളിന് സമീപം ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രി കാട്ടുപോത്ത് ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടവും കാട്ടുപോത്തിൻ കൂട്ടവും ഇന്നലെ രാത്രിയും പ്രദേശത്ത് ചുറ്റിക്കറങ്ങി. ഇങ്ങനെ വന്യമൃഗങ്ങളുടെ ഒരു സംഘടിത ആക്രമണം ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.

കൂടു സ്ഥാപിച്ചതോടെ ഉത്തരവാദിത്തം തീർത്ത് സർക്കാരും വനപാലകരും

കടുവയെ പിടിക്കാൻ ആട്ടിൻകുട്ടിയെ വച്ച് കെണിയൊരുക്കിയതോടെ തങ്ങളുടെ ഉത്തരവാദിത്തം തിർന്നുവെന്ന മട്ടിലാണ് സർക്കാരും വനപാലകരും. പെരുനാട്, ബഥനി, പുതുവൽ മേഖലകളിൽ കഴിഞ്ഞ ഒരു മാസമായി ഭീതി പരത്തുന്ന കടുവയാണ് അടുത്ത പ്രദേശമായ വടശേരിക്കര ഒളികല്ലിലും ബൗണ്ടറിയിലും ഇപ്പോൾ കറങ്ങി നടക്കുന്നത് എന്നാണ് സംശയം. പെരുനാട്ടിൽ മൂന്നു പശുക്കളെ കൊന്നു തിന്ന കടുവയെ പിടികൂടാൻ വിവിധ സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിരുന്നു.

ഡ്രോൺ നിരീക്ഷണവും നടത്തി. യാതൊരു ഫലവും ഉണ്ടായില്ല. അതിനിടെയാണ് കടുവ വടശേരിക്കര മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം രണ്ട് ആടിനെ തിന്നു. ഇവിടെയും ഒരു കെണി കൊണ്ടു വച്ചു. വനപാലക സംഘം റോന്തു ചുറ്റുകയും ചെയ്യുന്നു. ഇത്ര മാത്രം ഗൗരവമാണ് വിഷയത്തിന് കൊടുത്തിട്ടുള്ളത്. ഒരു പ്രദേശത്തിനാകെ ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളാകുന്നു. കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. കർഷകർക്ക് കൃഷിയിടത്തിലേക്ക് പോകാനോ തൊഴിലാളികൾക്ക് തൊഴിലിന് പോകാനോ കഴിയുന്നില്ല. ശല്യക്കാരനായ കടവുയെ കാടിളക്കി മയക്കുവെടി വച്ച് പിടിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. അതിന് തക്ക ഗൗരവം സംഭവത്തിന് കൊടുക്കാത്തത് കാരണം ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുമില്ല. എരുമേലിയിൽ കാട്ടുപോത്ത് രണ്ടു പേരുടെ ജീവനെടുത്തതു പോലെ ഇവിടെ കടുവ മനുഷ്യനെ കൊല്ലുന്നത് വരെ ഉദാസീനത തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്.

കാടുമൂടി കിടക്കുന്ന സ്വകാര്യ പറമ്പുകൾ തെളിക്കണം

വടശേരിക്കര: ഗ്രാമപഞ്ചായത്തിലെ അതിർത്തിക്കുള്ളിൽ കാടുമൂടി കിടക്കുന്ന പറമ്പുകൾ തെളിച്ച് അപകടമുക്തമാക്കുന്നതിന് ആസ്തിയുടെ ഉടമസ്ഥനോ കൈവശക്കാരനോ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഇനിയൊരു നോട്ടീസോ അറിയിപ്പോ കൂടാതെ ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും സ്വീകരിക്കും. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് നേരിടുന്ന ചെലവ് ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽ നിന്നോ പിഴ പലിശയോടു കൂടി റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കും. അപായമുണ്ടാകുന്ന പക്ഷം കാരണക്കാരനായതിന് പ്രഥമ കക്ഷിയായി ഈ പരിസങ്ങളുടെ ഉടമസ്ഥനെയോ കൈവശക്കാരനെയോ പ്രോസിക്യൂട്ട് ചെയ്യുന്നതാണെന്നും വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നാട്ടിലിറങ്ങുന്ന വന്യജീവികളെ കണ്ടാലുടൻ വെടിവയ്ക്കാൻ അനുമതി നൽകണം: പുതുശേരി

ദിനംപ്രതി കടുവ ഇറങ്ങി പ്രശ്നം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നാട്ടിലിറങ്ങുന്ന വന്യജീവികളെ കണ്ടാലുടൻ വെടിവെക്കാനുള്ള നിർദ്ദേശം നൽകണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു. വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന അക്രമങ്ങൾ സ്ഥിരം പതിവായിട്ടും ഫലപ്രദമായി പ്രതിരോധിച്ച് ജനങ്ങളുടെ ൈ്വസര ജീവിതം ഉറപ്പാക്കേണ്ട സർക്കാർ പുലർത്തുന്ന നിസ്സംഗത കുറ്റകരമായ അനാസ്ഥയാണ്.

നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയാണ്.ഇത്രയും കാലമായിട്ടും ഇതിനുവേണ്ടി ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ജനങ്ങളുടെ പ്രതിഷേധത്തെയും അതിനുവേണ്ടി ഉയരുന്ന മുറവിളികളെയും അപഹസിക്കാനാണ് വനം മന്ത്രിയും സർക്കാരും ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ഒരു ഗവൺമെന്റ് പ്രാഥമികമായി നിർവഹിക്കേണ്ട ഭരണഘടനാ ഉത്തരവാദിത്തമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.

കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ജനങ്ങളും മാധവ് ഗാഡ്ഗിലിനെ പോലെയുള്ള പ്രമുഖരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കടുവ ഇറങ്ങിയ റെജി ജോണിന്റെയും തിങ്കളാഴ്ച കടുവ ആടിനെ പിടിച്ചു കൊണ്ടു പോയ വി. ടി. സദാനന്ദന്റെയും വീടുകൾ പുതുശേരിയും കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി, രഘു വേങ്ങാട്ടൂർ എന്നിവരും സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP