Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

നടിയെ അക്രമിച്ച സംഭവത്തോടെ വീണ്ടും ചർച്ചയായി ഹാഷ് വാല്യു; നടിയെ അക്രമിച്ച പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറിയെന്ന് ആരോപണം; എന്താണ് ഹാഷ് വാല്യു? മാറിയാൽ എങ്ങിനെ തിരിച്ചറിയാം; സൈബർ കേസിലുൾപ്പടെ സഹായകമാകുന്ന ഹാഷ് വാല്യുവിനെ അറിയാം

നടിയെ അക്രമിച്ച സംഭവത്തോടെ വീണ്ടും ചർച്ചയായി ഹാഷ് വാല്യു; നടിയെ അക്രമിച്ച പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറിയെന്ന് ആരോപണം; എന്താണ് ഹാഷ് വാല്യു? മാറിയാൽ എങ്ങിനെ തിരിച്ചറിയാം; സൈബർ കേസിലുൾപ്പടെ സഹായകമാകുന്ന ഹാഷ് വാല്യുവിനെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസ് വീണ്ടും ചർച്ചയായതോടെയാണ് ഹാഷ് വാല്യ എന്ന സംവിധാനവും വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.അക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.ഇതോടെ പലരിലും ഉയരുന്ന സംശയമാണ് എന്താണ് ഹാഷ് വാല്യുവെന്നതും ഇത് എങ്ങിനെ തിരിച്ചറിയാനാകുമെന്നതും. സൈബർ കേസിൽ ഉൾപ്പടെ പൊലീസിന്റെ സഹായത്തിനെത്തുന്ന സംവിധാനമാണ് ഹാഷ് വാല്യു.

ടെക്സ്റ്റ് മുതൽ വിഡിയോ ഫയൽ വരെയുള്ളവയ്ക്ക് നേരിയ വ്യത്യാസം പോലും വരുത്തിയാൽ അറിയാൻ സാധിക്കുന്നതാണ് ഹാഷ് വാല്യു. പങ്കുവയ്ക്കുന്ന ടെക്സ്റ്റിൽ ഒരു അക്ഷരമോ സ്പെയ്സോ കൂടുതൽ ഇട്ടാൽ പോലും കൃത്യമായി തിരിച്ചറിയാനാവും. ഫയൽ തുറന്ന് അതിന്റെ ഹാഷ് വാല്യു പരിശോധിച്ചാൽ നേരിയ വ്യത്യാസമെങ്കിലും വന്നിട്ടുണ്ടോ എന്ന് അറിയാമെന്നതാണ് ഇതിന്റെ മേന്മ. നിങ്ങൾ അയച്ച അല്ലെങ്കിൽ സൂക്ഷിച്ച ഫയൽ യാതൊരു വ്യത്യാസവുമില്ലാതെ ഇരിക്കുന്നു എന്ന ഉറപ്പാക്കാൻ ഇത് ഉപകരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ, ഫയലിൽ മാറ്റം വരുത്തിയെങ്കിൽ അതു തിരിച്ചറിയാനാവുന്നത് ഹാഷ് വാല്യുവിലെ വ്യത്യാസം തിരിച്ചറിഞ്ഞാണ്.

സൈബർ കേസുകളിലടക്കം നിയമപാലകർ ഇപ്പോൾ ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. സാക്ഷിയുടെയും ഇരയുടെയുമടക്കം മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു ഇട്ട് വിഡിയോ ഫയലുകൾ സേവ് ചെയ്യുന്നു. ഇതിൽ മാറ്റം വരാത്തിടത്തോളം ഇരയ്‌ക്കോ സാക്ഷിക്കോ മൊഴി മാറ്റാനാവില്ല. ഇത്തരത്തിൽ മൊഴികളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.

എന്താണ് ഹാഷ് വാല്യ എന്ന് നോക്കാം..അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലർത്തിയാണ് ഹാഷ് സൃഷ്ടിക്കുന്നത്. ഇത് ഫയലിന്റെ ഉള്ളടക്കം പരിഗണിച്ചാണ് സൃഷ്ടിക്കുന്നത്. ഫയൽ ചെറുതായെങ്കിലും മാറ്റിയാൽ ഹാഷ് വാല്യു മൊത്തത്തിൽ മാറുന്നു. ഹാഷ് വാല്യുവിന് ഒരു ഉദാഹരണം നോക്കാം: 20AB1C2EE19FC96A7C66E33917D191A24E3CE9D AC99DB7C786ACCE31E559144FEAFC695C58E508E2 EBBC9D3C96F21FA ഇത്തരം ഒരു മൂല്യമായിരിക്കും ഫയലിനൊപ്പം ഉണ്ടാകുക.

ഫയലിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിൽ വിവിധ പ്രോഗ്രാമുകൾഈ മൂല്യം ഇതുപോലെ തന്നെ വായിച്ചെടുക്കും. അതേസമയം, നേരിയ വ്യത്യാസമെങ്കിലും വരുത്തിയിട്ടുണ്ടെങ്കിൽ ഇത് പാടേ മാറിപ്പോകും.ഏതു ഫയലിനെയാണോ ഹാഷ് ചെയ്യുന്നത് അതിനെ ഇൻപുട്ട് എന്നു വിളിക്കുന്നു. ഹാഷിങ് നടത്താൻ ഉപയോഗിക്കുന്ന അൽഗോരിതത്തെ ഹാഷ് ഫങ്ഷൻ എന്നും ഔട്പുട്ടിനെ ഹാഷ് വാല്യു എന്നും വിളിക്കുന്നു. ഇങ്ങനെ ഹാഷ് ചെയ്യാനായി പല തരം സൂത്രസംജ്ഞകൾ ഉണ്ട്. ഒരു ഹാഷ് വാല്യു ഒരു തവണ മാത്രമേ സൃഷ്ടിക്കാനാവൂ.


ഓരോ വിഡിയോയ്ക്കും ഫയലിനും ഒക്കെ ഒരു ഹാഷ് വാല്യു ഉണ്ട്. കോടതിയെ ഇതു ബോധ്യപ്പെടുത്തിക്കഴിഞ്ഞാൽ ഫയലിൽ പൊലീസ് മാറ്റം വരുത്തിയെന്ന ആരോപണം നിലനിൽക്കില്ല. വിചാരണയും മറ്റും കൂടുതൽ സുതാര്യമാക്കാൻ ഇതു സഹായിക്കും. അഭിഭാഷകർ സാധാരണ പ്രയോഗിക്കാറുള്ള പല പ്രതിരോധ വാദങ്ങളുടെയും മുന ഇതിൽ തട്ടി ഒടിയുന്ന കാഴ്ച ഇപ്പോൾ ധാരാളം കാണാം. ഫൊറൻസിക് സയൻസ് ലാബുകളാണ് പലപ്പോഴും ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നത്.

മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു അടക്കം സിഡിയിലോ പെൻഡ്രൈവിലോ സേവ് ചെയ്ത് അതു കോടതിക്കു കൈമാറുന്നു. കോടതി ഹാഷ് വാല്യു പരിശോധിച്ച് അതു ശരിയെന്നു കണ്ടാൽ മൊഴി തെളിവായി പരിഗണിക്കുന്ന രീതി കാണാം. എന്നാൽ രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഇതിനുള്ള ഉപകരണങ്ങൾ ഉണ്ടോ എന്നുള്ളത് ഒരു പ്രശ്നമാണ്. മുംബൈയിലും മറ്റുമാണ് ഇങ്ങനെ മൊഴി രേഖപ്പെടുത്തി സൂക്ഷിക്കുന്ന രീതി തുടങ്ങിയത്.


എന്നാൽ, കോടതി കേസുകൾക്കു വേണ്ടി മാത്രമല്ല ഹാഷ് വാല്യു പ്രയോജനപ്പെടുത്താവുന്നത്. നിങ്ങൾ ഓൺലൈനിലൂടെ രഹസ്യമായ കൈമാറുന്ന ടെക്സ്റ്റ് ഫയലിനു പോലും ഇങ്ങനെ ഹാഷ് വാല്യു ഉൾപ്പെടുത്തി അയയ്ക്കാം. അത് ലഭിക്കുന്ന ആളിന്, ഈ ഫയൽ ആരെങ്കിലും ചെറുതായിട്ടെങ്കിലും മാറ്റിയിട്ടുണ്ടോ എന്ന് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അറിയാൻ സാധിക്കും.ഫൊറൻസിക്കിനു വേണ്ടി സാധാരണഗതിയിൽ പ്രയോജനപ്പെടുത്തുന്നത് ക്രിപ്റ്റോഗ്രാഫി ഹാഷിങ് അൽഗോരിതങ്ങളായ എംഡി5, എസ്എച്എ-1 തുടങ്ങിയവയാണ്. ഇവയ്ക്ക് ഫോറൻസിക്കിൽ പ്രയോജനപ്പെടുത്താവുന്ന ചില ഗുണങ്ങളുണ്ട്. ഇതിനെല്ലാം സഹായിക്കുന്ന പല ടൂളുകളും ഓൺലൈനായും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP