Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

വത്തിക്കാൻ വൈദിക സമിതിയിലേക്ക് ഫാ ജിജി മോൻ; സഭകൾ തമ്മിലുള്ള ഐക്യം സാധ്യമാക്കുന്ന സമിതിയിൽ മലയാളി വൈദികൻ ഇടം പിടിക്കുന്നത് അപൂർവ നേട്ടം; അഞ്ചു വർഷത്തെ നിയമനം ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ദൈവ ശാസ്ത്ര പഠനത്തിനിടയിൽ

വത്തിക്കാൻ വൈദിക സമിതിയിലേക്ക് ഫാ ജിജി മോൻ; സഭകൾ തമ്മിലുള്ള ഐക്യം സാധ്യമാക്കുന്ന സമിതിയിൽ മലയാളി വൈദികൻ ഇടം പിടിക്കുന്നത് അപൂർവ നേട്ടം; അഞ്ചു വർഷത്തെ നിയമനം ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ദൈവ ശാസ്ത്ര പഠനത്തിനിടയിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകമെങ്ങും പരന്നു കിടക്കുന്ന അസഖ്യം ക്രിസ്ത്യൻ സഭകൾ തമ്മിൽ ഉള്ള കൂട്ടായ്മയും സൗഹാർദവും ശക്തിപ്പെടുത്തുന്ന നിരീക്ഷക സമിതിയായ വത്തിക്കാൻ ഡികസ്റ്ററി ഫോർ ചർച്ച്ലേക്ക് യുകെ മലയാളി വൈദികനായ ജിജിമോൻ പുതുവീട്ടിക്കളം നിയമിതനായി. ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി വൈദികൻ കൂടിയാണ് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര വിദ്യാർത്ഥി കൂടിയായ ഫാ. ജിജിമോൻ.

ഈ സമിതിയിലേക്ക് മുൻപൊരിക്കൽ മറ്റൊരു മലയാളി വൈദികൻ കൂടിയേ നിയമിതനായിട്ടുള്ളൂ എന്നതിൽ നിന്നും തന്നെ 39 കാരനായ ഫാ. ജിജിമോന്റെ നിയമനത്തിന് പ്രാധാന്യമേറുന്നു. ഈ സമിതിയിൽ സാധാരണയായി അനേക വർഷത്തെ വൈദിക പാരമ്പര്യം ഉള്ളവരാണ് അംഗങ്ങളായി നിയമിതരാകുക. കാരണം സ്വന്തം സഭയെക്കുറിച്ചും മറ്റു ക്രൈസ്തവ സഭകളെക്കുറിച്ചും അഗാധ പാണ്ഡിത്യവും തിരിച്ചറിവും ആവശ്യമായ സമിതിയാണ് മാർപാപ്പയുടെ തിരുസംഘം എന്നറിയപ്പെടുന്ന ഡികസ്റ്ററി ഫോർ ചർച്ച്.

സാധാരണയായി ബിഷപ്പുമാർ അടക്കം ഉള്ളവർ ഒത്തുകൂടുന്ന വേദിയെ സഭകളുടെ സമാനതകളും വ്യത്യസ്തകളും തിരിച്ചറിഞ്ഞ് അവയെ കോർത്തിണക്കുക എന്നതാണ് സമിതിയിലെ അംഗങ്ങളുടെ പ്രധാന ചുമതലയും. ഓരോ വർഷവും ഓരോ രാജ്യത്തു നടക്കുന്ന സമ്മേളനത്തിൽ എല്ലാ സഭകളിൽ നിന്നുമായി പരമാവധി 35 ഓളം പേരാണ് പങ്കെടുക്കുക. ഏറ്റവും ആഴത്തിലും ഗഹനവുമായ ചർച്ചകളിലൂടെ ക്രിസ്ത്യൻ സഭകളുടെ ഐക്യപ്പെടൽ ആണ് ഈ തിരുസംഘത്തിന്റെ പ്രധാന ജോലിയും. ബ്രിട്ടനിലെ അതി കഠിന ശൈത്യത്തിൽ പോലും പരിചയക്കാർ ഓഫർ ചെയ്യുന്ന കാർ സവാരി സ്നേഹത്തോടെ വേണ്ടെന്നു പറഞ്ഞു സൈക്കിളിൽ ഓക്സ്ഫോർഡിലെ തെരുവുകളിൽ കാണാനാകുന്ന ചെറുപ്പക്കാരനും സാധാരണക്കാരേക്കാൾ ലളിത ജീവിതത്തിന് ഉടമയായ ഫാ. ജിജിമോന് ലഭിച്ച ഈ അസുലഭ അംഗീകാരത്തിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന വിശ്വാസി സമൂഹവും ഏറെ ആഹ്ലാദത്തിലാണ്.

കഴിഞ്ഞ ഏഴു വർഷമായി ഇദ്ദേഹം യുകെയിലും റോമിലുമായി സേവനം ചെയ്യുകയാണ്. സ്വന്തമായ ഇടവക ചുമതല അൽപം കാലം മാത്രമേ ലഭിച്ചുള്ളൂ എന്നതിനാൽ വിശ്വാസികൾക്കിടയിൽ അത്ര സുപരിചിതനല്ല ഫാ. ജിജിമോൻ എങ്കിലും ഓക്സ്ഫോർഡിൽ താമസിക്കുന്ന നല്ല പങ്കു മലയാളികൾക്കും അദ്ദേഹത്തെ പരിചിതമാണ്. ആലപ്പുഴയിലെ പുന്നകുന്നത്തുശേരി സ്വദേശിയായ ഫാ. ജിജിമോൻ പുതുവീട്ടിക്കളം ഇപ്പോൾ ഓക്സ്ഫോർഡിൽ നടത്തുന്ന ഡോക്ട്രേറ്റ് പഠനം പൂർത്തിയാക്കിയ ശേഷം സഭ നൽകുന്ന ഏതു ജോലിയും ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്. മുൻപ് രണ്ടു വട്ടം ഈ നിർണായക സമിതിയിൽ നിരീക്ഷകനായി പങ്കെടുക്കാൻ ലഭിച്ച അവസരമാണ് ഇപ്പോൾ സ്ഥിരം അംഗം ആയി നിയമിക്കപ്പെടാൻ കാരണം എന്ന് വിലയിരുത്തപ്പെടുന്നു. 2019ൽ നടന്ന ലബനിലെയും പിന്നീട് ഈജിപ്തിലും നടന്ന ഇന്റർനാഷണൽ തീയോളജികൾ കമ്മീഷൻ ഫോർ ചർച്ച് യൂണിറ്റി ഡയലോഗ് സമ്മേളനത്തിൽ ഇദ്ദേഹം നിരീക്ഷകനായിരുന്നു.

ഓർത്തഡോക്സ് സഭകളും മറ്റുമായി കത്തോലിക്കാ സഭകളുടെ ബന്ധം മെച്ചപ്പെടുത്തുക, ക്രിസ്തുവിന്റെ അവസാന പ്രാർത്ഥന ഓർമ്മിപ്പിക്കും വിധം സാധ്യമായ മേഖലകളിൽ എല്ലാം ആല്മീയതയ്ക്ക് വേണ്ടി ഒന്നിച്ചു നിൽക്കുക എന്നതൊക്കെയാണ് ഈ തിരുസംഘത്തിന്റെ പ്രധാന ജോലിയും പ്രവർത്തനവും എന്ന് സിറോ മലബാർ സഭയുടെ മീഡിയ കമ്മിഷൻ കൊച്ചിയിൽ പുറപ്പെടുവിച്ച പ്രസ് റിലീസ് വ്യക്തമാക്കുന്നു. ഇതേതുടർന്ന് മറുനാടൻ മലയാളിയുമായി നടത്തിയ സുദീർഘ സംഭാഷണത്തിൽ ഫാ. ജിജിമോൻ പുതിയ പദവിയെ പറ്റിയും സഭയും വിശ്വാസികളും നേരിടുന്ന വെല്ലുവിളികളും സാമൂഹ്യ മാറ്റങ്ങളും ഒക്കെ വിശദമായി സംസാരിക്കാൻ തയ്യാറായി. സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

നിരവധി വെല്ലുവിളികൾ നേരിടേണ്ട ചുമതല?

മാർപ്പാപ്പയുടെ അനേകം തിരുസംഘങ്ങളിൽ വളരെ പ്രധാനമാണ് ഫാ. ജിജിമോൻ നിയമിതനായിരിക്കുന്ന കമ്മീഷൻ ഉൾക്കൊള്ളുന്ന തിരുസംഘം. കാരണം കത്തോലിക്കാ സഭയും മറ്റു ക്രിസ്ത്യൻ സഭകളും തമ്മിലുള്ള യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ ചരിത്രപരമായും ഘടനപരമായും ഒക്കെയുള്ള കാര്യങ്ങൾ മനസിലാക്കണം. മാത്രമല്ല വലിപ്പ ചെറുപ്പം കാണിക്കാതെ തുറന്ന മനസോടെയുള്ള സഹവർത്തിത സമീപനം ഏറെ ആവശ്യമാണ്. തുറന്ന മനസോടെ കാര്യങ്ങൾ കാണാൻ കഴിയുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.

കഴിഞ്ഞ രണ്ടു തവണ നിരീക്ഷകനായി പങ്കെടുത്തതിനാൽ ഇക്കാര്യങ്ങളിൽ ഒക്കെ ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുമെന്നാണ് ഫാ. ജിജിമോൻ വിശ്വസിക്കുന്നത്. ചർച്ചകളിലൂടെ സമാനതകൾ കണ്ടെത്തി കൂടുതൽ വിശാലമായ ഐക്യം സാധിച്ചെടുക്കാൻ കഴിയുമോ എന്നാണ് ഈ തിരുസംഘം ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷമായി ഈ മേഖലയിൽ നിർണായകമായ മുന്നേറ്റം നടത്താനും കഴിഞ്ഞിട്ടുണ്ട്. ഈ വരുന്ന ഡിസംബറിൽ ആദ്യമായി മാർത്തോമ്മാ സഭയുമായി ചർച്ചകൾ ആരംഭിക്കുകയാണ്. ഇങ്ങനെ ഏവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകുന്ന ഒരു തിരുസംഘമായി മാറുകയാണ് ഡികാസ്ട്രി ഫോർ പ്രോമോറ്റിങ് ക്രിസ്ത്യൻ യൂണിറ്റി.

സഭയിൽ സംഭവിക്കുന്നത്?

പണ്ടത്തെ കാര്യങ്ങളുമായി കൂട്ടിക്കെട്ടി സഭയേയോ മറ്റേതൊരു കാര്യത്തെയോ നാം സമീപിക്കുന്നതിൽ അർത്ഥമില്ല. ജനങ്ങൾക്ക് വിമർശിക്കാനുള്ള അർഹത ഉണ്ട്, അത് മനസിലാക്കുന്നു. ഓരോ വ്യക്തിയുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഓരോരുത്തരും കരുതുന്നത് പോലെ ഓരോ വൈദികനോ സഭയ്ക്ക് മൊത്തമായോ കാലത്തിനൊപ്പം നീങ്ങാനാകില്ല. എന്നാൽ വിശ്വാസി സമൂഹം ആഗ്രഹിക്കുന്നത് വൈദികരും സഭയും തിരിച്ചറിയേണ്ടതുണ്ട്.

നവോത്ഥാനകാലത്തു കമ്യൂണിസം ഉയർന്നു വന്ന ശേഷം യൂറോപ്പിൽ ആധിപത്യം നേടിയത് ക്രിസ്തീയതയാണ്. മധ്യകാലത്തിൽ ഇതിനേക്കാൾ വലിയ വെല്ലുവിളി ക്രിസ്ത്യൻ സഭ നേരിട്ടതാണ്. അന്ന് മതവും രാഷ്ട്രീയവും ഒരേ വേദിയിൽ നിന്നാണ് ജനങ്ങളെ തേടി എത്തിയത്. രണ്ടാം വത്തിക്കാൻ കോൺക്ലേവിലാണ് അതിനു മാറ്റം ഉണ്ടായത്. ഇപ്പോൾ ആധുനിക കാലത്തിലും വ്യത്യസ്തമായ വെല്ലുവിളികൾ സഭ നേരിടുന്നുണ്ട്. അതൊക്കെ ഓരോ കാലത്തും ഉണ്ടാകുന്ന സ്വാഭാവിക കാര്യങ്ങൾ മാത്രമാണ്.

വൈദികർക്ക് തെറ്റ് സംഭവിക്കുമ്പോൾ, ബിഷപ്പുമാർ വില കൂടിയ കാറിൽ സഞ്ചരിച്ചാൽ?

ജനങ്ങൾക്ക് പൊതുവിൽ ഒരു വൈദികൻ എങ്ങനെ ആയിരിക്കണം എന്നതിൽ ചില സങ്കൽപ്പങ്ങൾ ഉണ്ടാകും. അതിൽ നിന്നും ഏറെ വ്യതിചലിക്കപ്പെടുമ്പോൾ സ്വാഭാവികമായും വിമർശനവും കേൾക്കേണ്ടി വരും. ഞാൻ കാർ ഉപേക്ഷിച്ചു സൈക്കിളിൽ പോകുന്ന ആളാണ് എന്ന് പറഞ്ഞു മേനി കാട്ടേണ്ട കാര്യമില്ല. എന്നാൽ ഞാൻ ഏറ്റവും സമ്പന്നമായ കാർ ഉപയോഗിച്ചാൽ ചിലപ്പോൾ വിമർശനം കേൾക്കേണ്ടി വരും. അല്ലെങ്കിൽ ഏറ്റവും അടക്കാനാകാത്ത തീക്ഷണ ആയ ലൈംഗിക ആരോപണം ഒരു വൈദികന് നേരിടേണ്ടി വന്നാൽ സ്വാഭാവികമായും ശക്തമായ എതിർപ്പ് വിശ്വാസികൾ ഉയർത്തും.

കാരണം അവർ ഒരു ഐഡിയൽ ഫോം ആഗ്രഹിക്കുന്നുണ്ട്. അത് തിരിച്ചു നൽകാൻ വൈദികർ ബാധ്യസ്ഥരാണ്. ഭക്തിയും ഐഡിയൽ ആണ്. ഹിന്ദു മതത്തിൽ സന്ന്യാസിമാർക്ക് ആദരം ലഭിക്കുന്നത് അതുകൊണ്ടല്ലേ. അവർക്ക് കിട്ടുന്ന ബഹുമാനം അവർ ലളിത ശൈലി സ്വീകരിക്കുന്നതുകൊണ്ടും മറ്റുള്ളവർ ആദരിക്കപ്പെടുന്ന് വിധത്തിൽ ജീവിക്കുന്നതുകൊണ്ടുമാണ്. ആ പ്രതീക്ഷകൾക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോളാണ് ജനം തുറന്നു എതിർക്കുന്നത്.

സുറിയാനി പാരമ്പര്യം ഉള്ള ക്രൈസ്തവർ ബിഷപ്പുമാർ പോലും അൽപം ഉയർന്ന ജീവിത ശൈലി നയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ബിഷപ്പുമാർക്കും മറ്റും വിലകൂടിയ കാറുകൾ ഒക്കെ സംഭാവന ആയി ലഭിക്കുന്നതാകാം. തങ്ങളുടെ വീട്ടിലെ ചടങ്ങിൽ അൽപം മോടിയിൽ തന്നെ ബിഷപ്പ് വരുന്നതാണ് അവർക്കിഷ്ടം. ഇതെല്ലം ഒരു സൈക്കോളജിയുടെ ഭാഗം കൂടിയാണ്. ഒരു ദരിദ്രനെ പോലെ ഒരു ബിഷപ്പ് അലഞ്ഞു നടന്നാൽ ഇതേ വിശ്വാസി സമൂഹം തന്നെ അതിനെയും എതിർക്കും. അതിനാൽ രണ്ടിനും ഇടയിൽ നിൽക്കുന്ന ഒരു മോദിറ്ററേറ്റ് ശൈലി പാലിക്കാൻ ആയാൽ ഇപ്പറഞ്ഞ എതിർപ്പുകളും വിമർശവും ഒക്കെ ഏറെ കുറയും.

ഏറെ നവീകരണ ശ്രമങ്ങൾക്ക് പോയാൽ അതും അപകടമാണ്. ഇന്ത്യയിൽ ബുദ്ധിസത്തിനു സംഭവിച്ചത് അതാണ്. ഒന്നിനോടും ആശ പാടില്ല എന്ന് പറഞ്ഞതോടെ അത് പ്രാക്ടീസ് ചെയ്യാനും പ്രയാസമായി. ഭക്ഷണത്തോട് ആശ ഇല്ലാതെ അതെങ്ങനെ കഴിക്കും. രാവിലെ എഴുന്നേൽക്കണം എന്ന ആശ ഇല്ലെങ്കിൽ ഉറങ്ങുന്നതെങ്ങനെ. ഇത്തരത്തിൽ എല്ലാം ത്യജിക്കുക എന്നതൊന്നും മനുഷ്യ ജീവിതത്തതിൽ സാധ്യമായ കാര്യമേയല്ല.

നിരീശ്വര വാദികളുടേതു ട്രെൻഡ്, ഫാഷൻ, അസ്തിത പ്രതിസന്ധി

കേരളത്തിൽ ഇപ്പോൾ നിരീശ്വര വാദത്തിനു കൂടുതൽ കാഴ്ചക്കാരും കേൾവിക്കാരും കിട്ടുന്നു എന്നതൊക്കെ താൽക്കാലിക പ്രതിഭാസം മാത്രമാണ്. അവർ ഭൗതികമായ പ്രതിസന്ധിയാണ് നേരിടുന്നത്. സത്യത്തിൽ ഒരു ഫാഷൻ അഥവാ ട്രെൻഡ് മാത്രമാണ് നമ്മൾ കാണുന്നത്, വാസ്തവത്തിൽ കേരളത്തിലെ നിരീശ്വര വാദികൾ ദൈവം ഇല്ല എന്നതിനേക്കാൾ ഉച്ചത്തിൽ പറയുന്നത് മതങ്ങൾക്ക് എതിരായിട്ടാണ്. ഒരു തർക്ക ശാസ്ത്ര വേദിയിലേക്ക് ഇവരെ വിളിച്ചാൽ, അല്ലെങ്കിൽ ഇവർ നടത്തുന്ന വേദികളിൽ തർക്ക വിദഗ്ധരെ ക്ഷണിച്ചാൽ ഏതു നിരീശ്വര വാദിയും മുട്ട് മടക്കും. ഉണ്ട് എന്ന സംശയത്തിൽ നിന്നായിരിക്കുമല്ലോ ഇല്ല എന്ന് പറയാൻ തോന്നുക. ആത്മാവ് ഇല്ല എന്ന് ഏതു നിരീശ്വര വാദിയും പറയും. എന്നാൽ ആത്മാവ് എന്ന ചൈതന്യം ഇല്ലെങ്കിൽ ശരീരത്തിന് സ്വന്തമായ നിലനിൽപ്പ് പോലും ഇല്ലെന്നതാണ് സത്യം.

കണ്ണ് എന്നത് യാഥാർഥ്യം ആണെന്നു പറയുന്ന നിരീശ്വര വാദി ആത്മാവ് ഇല്ലാത്ത, മരിച്ച ശരീരത്തിന് കാഴ്ച കിട്ടാതെ പോകുന്നതിന് എന്ത് ഉത്തരം നൽകും? ആത്മാവായ ചൈതന്യം ഉള്ളതുകൊണ്ടാണ് കണ്ണുകൊണ്ടു കാഴ്ച ലഭിക്കുന്നത് എന്ന് പറയുമ്പോൾ അവരുടെ വാദം ഉത്തരം ഇല്ലാതെ മടങ്ങുകയാണ്. തർക്കശാസ്ത്രത്തിൽ ഇങ്ങനെ ഏതു കാര്യത്തിലും നിരീശ്വര വാദികളുടെ ചോദ്യത്തെ എതിർക്കാനാകും, തോൽപ്പിക്കാനാകും. ബൈബിളിലെ മോശ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ അങ്ങ് ആരാണ് എന്നാണ്. അതിനു ദൈവം നൽകുന്ന ഉത്തരം ആയിരിക്കുന്നവൻ ആരോ അവനാണ് ഞാൻ എന്നാണ്. അതായതു നള്ളിറ്റി - ഒന്നുമില്ലായ്മ - എന്നൊരു കാര്യമേയില്ല. ഉണ്ട് എന്നതാണ് വാസ്തവും.

ഫിലോസഫിയിൽ പഠിക്കാൻ കഴിഞ്ഞത് ശൈവിസം

ചെന്നൈയിൽ ഏറെക്കാലം ജീവിക്കാനായതിൽ അവിടെ ശൈവ പാരമ്പര്യം പേറുന്ന ഒട്ടേറെ കാഴ്ചകളും ചരിത്രപരവും ഗോത്ര സംബന്ധിയുമായ ഒട്ടേറെ കാര്യങ്ങൾ കാണാനും അറിയാനും ഇടയായതിലൂടെയാണ് ഫിലോസഫിയിൽ ശൈവിസം പഠിക്കാൻ തിരഞ്ഞെടുത്തത്. ഹിന്ദു മതത്തിൽ സൃഷ്ടിയും സ്ഥിതിയും സംഹാരവും വ്യത്യസ്ത ദൈവ സങ്കൽപത്തിൽ നിറയുമ്പോൾ ശൈവസത്തിൽ ഇത് മൂന്നും ശിവനിലാണ് നിക്ഷപിതം. ബൈബിളിൽ തിന്മ ഇല്ലായ്മ ചെയ്തതിനു പ്രാധാന്യം നൽകുമ്പോൾ തിന്മയുടെ സാംഗത്യവും ശൈവിസം എടുത്തു കാട്ടുന്നുണ്ട്. ഇരുട്ടില്ല. വെളിച്ചത്തിന്റെ സാന്നിധ്യം ഇല്ലാതാകുമ്പോളാണ് ഇരുട്ട് എന്ന അവസ്ഥ ഉണ്ടാകുന്നത് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. പ്രാർത്ഥനയും വിശ്വാസവും ആകുന്ന വെളിച്ചം ഇരുട്ട് എന്ന തിന്മയെ ഇല്ലാതാക്കും എന്ന് സാരം.

ശൈവസത്തിൽ മൂലമല എന്നതാണ് തിന്മയെ പ്രകീർത്തിക്കുന്നത്. മോഹൻജദാരോ സംസ്‌കൃതി തേടി ചെന്നപ്പോൾ ശൈവ കാലത്തിനും മുൻപേയുള്ള രുദ്രകാലം കണ്ടെത്തിയതും നാം തിരിച്ചറിഞ്ഞതാണ്. ആര്യന്മാർ ഭാരതത്തിൽ വന്നപ്പോൾ ശുദ്ധി നിലനിർത്താൻ വെള്ളം ഉള്ളിടത്താണ് കോളനി സ്ഥാപിച്ചത്. ക്ഷേത്ര സങ്കൽപ്പത്തിൽ കുളത്തിലോ കുളിക്കടവിലോ ചവിട്ടു പടികൾ ഉള്ളത് സാധാരണമാണ്. അശുദ്ധി മാറ്റി ദേഹ ശുദ്ധി വരുത്തി പടവ് കയറി വരുന്ന ആൾ ഈശ്വര സങ്കലത്തിലേക്ക് ആണ് കയറി വരുന്നത് എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇത്തരത്തിൽ എല്ലാ കാര്യങ്ങളിലും ആഴത്തിൽ പഠിക്കാൻ ശ്രമിക്കുമ്പോൾ നാം അറിവിന്റെ ഓരോ ശൃംഗങ്ങളാണ് കയറുന്നത്.

രണ്ടു പതിറ്റാണ്ടിലേറെ വൈദിക വഴിയിൽ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ വൈദിക വഴിയിൽ സഞ്ചരിക്കുന്ന ഫാ. ജിജിമോൻ ഇക്കാലത്ത് ഏറെയും ചെലവിട്ടത് വൈദിക പഠനത്തിന് തന്നെയാണ്. ഇടർച്ചയില്ലാത്ത പഠനമാണ് അദ്ദേഹത്തിന് വൈദിക പദവി. ബിഎ ഇംഗ്ലീഷ് സാഹിത്യം, എംഎ ഫിലോസഫി, ആൻഡ് സിറിയൻ സാഹിത്യം, ബിഎ തിയോളജി (റോം) എം എ സിറിയൻ സ്റ്റഡി (ഓക്സഫ്രോഡ്) എന്നിവ നേടിയ ശേഷമാണ് അദ്ദേഹം ഇപ്പോൾ ഈസ്റ്റ് സിറിയൻ ചർച്ച പാരമ്പര്യത്തിൽ ഗവേഷണം ചെയ്യുന്നത്. പി ടി ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ നാലു മക്കളിൽ ഒരാളാണ് ഫാ. ജിജിമോൻ. സഹോദരൻ ടെജിയും ചങ്ങനാശേരി രൂപതയിൽ വൈദികനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP