Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഇടപാടുകാരിയുടെ അക്കൗണ്ടിൽനിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു; നിക്ഷേപക അക്കൗണ്ട് കാലിയാണെന്ന് അറിഞ്ഞത് പണം എടുക്കാൻ ചെന്നപ്പോൾ; തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മാനേജർ അറസ്റ്റിൽ

ഇടപാടുകാരിയുടെ അക്കൗണ്ടിൽനിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു; നിക്ഷേപക അക്കൗണ്ട് കാലിയാണെന്ന് അറിഞ്ഞത് പണം എടുക്കാൻ ചെന്നപ്പോൾ; തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മാനേജർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവർ ഹാജരായിരുന്നില്ല.

ഒളിവിൽ പോയ പ്രീതയെ യാത്രാമധ്യേ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാ ഹരിദാസിനെ അറസ്റ്റ് ചെയ്തത്. ഇടപാടുകാരിയുടെ അക്കൗണ്ടിൽനിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2015ലാണ് പ്രീത തട്ടിപ്പ് നടത്തിയത്.

മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകൾ നീന മോഹനും ബാങ്കിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീത മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പിക്ക് മുമ്പാകെ ഹാജരാവാൻ ഹൈക്കോടതി പ്രീതയോട് നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത നാലര ലക്ഷം രൂപയിൽ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിൽ തിരിച്ചടച്ചതായി പ്രീത പ്രതികരിച്ചു.

എന്നാൽ ബാങ്കിൽ പണം എത്തിയിട്ടില്ലെന്ന് ബാങ്ക് ചെയർമാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആർ സനൽകുമാർ പറയുന്നു. 2015 ലാണ് വിജയലക്ഷ്മി 380,000 രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വർഷത്തിനുശേഷം പലിശ സഹിതം 6 ലക്ഷത്തി എഴുപതിനായിരം രൂപ കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോൾ അക്കൗണ്ട് കാലി. 2022 ഒക്ടോബർ മാസത്തിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ട വിവരം പരാതിക്കാരി അറിഞ്ഞത്. തുടർന്ന് വിജയലക്ഷ്മി തിരുവല്ല ഡിവൈഎസ്‌പി മുമ്പാകെ പരാതി നൽകി.

ഡിവൈഎസ്‌പിയുടെ നിർദ്ദേശപ്രകാരം അടുത്ത ദിവസം സ്റ്റേഷനിൽ എത്തിയ പ്രീതയും മറ്റൊരു ജീവനക്കാരിയും തങ്ങളാണ് പണം വ്യാജ ഒപ്പിട്ട് പിൻവലിച്ചതെന്ന് സമ്മതിച്ചു. തുടർന്ന് മൂന്ന് മാസത്തിനകം പണം തിരികെ നൽകാം എന്ന ഉറപ്പിന്മേൽ ഇവർ ചെക്കും പ്രോമിസ്ട്രി നോട്ടും പരാതിക്കാരിക്ക് നൽകി. 5 മാസങ്ങൾക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈക്കോടതിക്കും പരാതി നൽകിയത്.

സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരുടെ ആവലാതി സത്യമാണെന്ന് ബോധ്യമാവുകയും 7 ദിവസത്തിനകം നിക്ഷേപയുടെ പണം തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേ സമയം നാലര ലക്ഷം രൂപയാണ് വ്യാജ ഒപ്പിട്ട് മാറിയെടുത്തത് എന്നും ബാക്കി തുക മറ്റൊരു ജീവനക്കാരിയാണ് എടുത്തതെന്നും പ്രീത പറഞ്ഞു. ഇതിൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിൽ തിരിച്ചടച്ചതായും പ്രീത പറയുന്നു. എന്നാൽ തട്ടിയെടുക്കപ്പെട്ട തുകയിൽ നിന്നും ഒരു രൂപ പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരായ വിജയലക്ഷ്മിയും മകൾ നീനയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP