Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം കേരളത്തിൽ ആവർത്തിക്കുമെന്നും ഭാവിയിൽ ഭരണം പിടിക്കുമെന്നും പ്രഖ്യാപനം; സ്വർണ്ണ കടത്തിലാണ് ചിലർക്ക് ശ്രദ്ധയെന്ന് പറഞ്ഞ് കളിയാക്കുന്നത് സിപിഎമ്മിന്; കുടുംബ പാർട്ടിയെന്ന പതിവ് ആക്ഷേപം കോൺഗ്രസിനെതിരേയും; വികസനത്തിന് അപ്പുറം പറഞ്ഞത് രാഷ്ട്രീയം; നയതന്ത്ര കടത്തിൽ ഇനിയും കേന്ദ്ര അന്വേഷണം വരുമോ?

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം കേരളത്തിൽ ആവർത്തിക്കുമെന്നും ഭാവിയിൽ ഭരണം പിടിക്കുമെന്നും പ്രഖ്യാപനം; സ്വർണ്ണ കടത്തിലാണ് ചിലർക്ക് ശ്രദ്ധയെന്ന് പറഞ്ഞ് കളിയാക്കുന്നത് സിപിഎമ്മിന്; കുടുംബ പാർട്ടിയെന്ന പതിവ് ആക്ഷേപം കോൺഗ്രസിനെതിരേയും; വികസനത്തിന് അപ്പുറം പറഞ്ഞത് രാഷ്ട്രീയം; നയതന്ത്ര കടത്തിൽ ഇനിയും കേന്ദ്ര അന്വേഷണം വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരുടേയും പേരു പറയാതെ എല്ലാം പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിപിഎമ്മും കോൺഗ്രസും ഒരു പോലെ എതിർക്കപ്പെടേണ്ടവരാണ് കേരളത്തിൽ ബിജെപിക്ക് എന്ന സന്ദേശമാണ് മോദി കൊച്ചിയിൽ നൽകുന്നത്. പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളും കൈയടിയൊടെയാണ് സദസ്സ് സ്വീകരിച്ചത്. രാജ്യത്തിന്റെ ഭാവിയിലുള്ള പ്രയാണം ഏത് രീതിയിൽ ആയിരിക്കണമെന്നും മോദി വ്യക്തമാക്കി. തന്റെ വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കിയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പക്ഷേ അതിലുപരി ശ്രദ്ധേയമാകുന്നത് സിപിഎമ്മിന് മോദി നൽകുന്ന ഒളിയമ്പുകളാണ്. ഇതിനോട് സിപിഎം എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം.

കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു പകരം പാർട്ടി താൽപര്യം സംരക്ഷിക്കുന്നവരാണ് കേരളത്തിലുള്ളത്. മറ്റൊരു കൂട്ടർ കുടുംബതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു. രാജ്യം കയറ്റുമതി ശേഷി വർധിപ്പിക്കാൻ നാം ശ്രമിക്കുമ്പോൾ, ഒരു കൂട്ടർ സ്വർണ്ണക്കടത്ത് നടത്തുന്നു. ഇത് കേരളത്തിലെ യുവാക്കൾ തിരിച്ചറിയണം മോദി പറഞ്ഞു. യുവാക്കളുടെ ആശയാഭിലാഷങ്ങൾ മനസ്സിലാകുന്ന സർക്കാരാണ് ബിജെപിയുടേത് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതായത് നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്ത് ഇനിയും കേരളത്തിൽ ബിജെപി ചർച്ചയാക്കും. ഇതിൽ പലതും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലാണ്. ഈ അന്വേഷണ ഏജൻസികളുടെ ഇനിയുള്ള നീക്കം നിർണ്ണായകമാണ്.

സിപിഎമ്മിന് കൊള്ളുന്ന തരത്തിലാണ് മോദിയുടെ പ്രസംഗം. ഇതിനൊപ്പം കോൺഗ്രസിനെ കുടുംബ പാർട്ടിയുമായി. യുവാക്കളുടെ വേദിയിൽ വികസനം മാത്രമാകും സംസാരിക്കുക എന്നായിരുന്നു ഏവരും കരുതിയത്. മോദിയുടെ കൊച്ചിയിലെ വരവിനെ രാഷ്ട്രീയമായി സിപിഎം പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. മോദിയോട് 100 ചോദ്യങ്ങൾ എന്ന തരത്തിൽ കേരളത്തിലുടനീളം യുവ സദസ്സുകൾ ഡി വൈഎഫ് ഐ സംഘടിപ്പിച്ചു. ഇതെല്ലാം മനസ്സിലാക്കി കൂടിയാണ് രാജ്യം കയറ്റുമതി ശേഷി വർധിപ്പിക്കാൻ നാം ശ്രമിക്കുമ്പോൾ, ഒരു കൂട്ടർ സ്വർണ്ണക്കടത്ത് നടത്തുന്നുവെന്ന മോദിയുടെ പ്രസംഗം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം ബിജെപി കേരളത്തിൽ ആവർത്തിക്കുമെന്നും ഭാവിയിൽ ഭരണം പിടിക്കുമെന്നും മോദി. അധികാരത്തിലിരിക്കുന്നവർ യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നുവെന്നും ഇത്തരക്കാർക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകണമെന്നും മോദി പ്രസ്താവിച്ചു. ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 വരെ രാജ്യത്ത് നിരാശയുടെ അന്തരീക്ഷമായിരുന്നു. എന്നാൽ ഇന്ന് രാജ്യം അമൃത കാലത്തിലൂടെയാണ് മുന്നേറുന്നത്. ബിജെപി രാജ്യത്ത് വികസനം കൊണ്ടുവന്നു. ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുർബലമായ സമ്പദ് വ്യവസ്ഥയായിട്ടാണ്. ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ആണ് ഇന്ത്യയെ ലോകം കാണുന്നത്-ഇതാണ് മോദിയുടെ കേരളത്തിലെ രാഷ്ട്രീയ പ്രഖ്യാപനം.

'പ്രിയ യുവസുഹൃത്തുക്കളെ അഭിനന്ദനങ്ങൾ' എന്ന് പറഞ്ഞ് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. 'നമുക്ക് മുന്നോട്ട് നീങ്ങാം, നിങ്ങൾ നേതൃത്വം വഹിക്കൂ ഞാൻ നിങ്ങൾക്കൊപ്പമുണ്ട്' തുടങ്ങി മോദിയുടെ ഒരോ വാക്കുകളും ആവേശത്തൊടെയാണ് സദസ് ഏറ്റെടുത്തത്. 'ഭാരത് മാതാ കി ജയ് ' എന്ന മുദ്രാവാക്യത്തൊടെയാണ് പ്രധാനമന്ത്രി തന്റെ യുവം -2023 ലെ വാക്കുകൾ ഉപസംഹരിച്ചത്. ഈ സമയം അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം മൊബൈൽ ഫ്ളാഷ് ലൈറ്റുകൾ ജ്വലിപ്പിച്ച് സദസ്സൊന്നാകെ മുദ്രവാക്യം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ കേരളത്തിലെ രാഷ്ട്രീയ മാറ്റം ബിജെപിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ യുവം വേദി മോദി വിട്ടു.

ലോകത്തെ മാറ്റിമറിക്കുന്ന നാടായി ഭാരതം മാറി. ഇന്ന് ഇന്ത്യ കരുത്തുള്ള സാമ്പത്തിക ശക്തിയായി. മുൻകാല കേന്ദ്ര സർക്കാരുകൾ അറിയപ്പെട്ടത് കുംഭകോണങ്ങളാൽ ആണ്. എന്നാൽ ബിജെപി സർക്കാർ യുവാക്കൾക്ക് അവസരം നൽകിയ സർക്കാരാണ്. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ എത്രയോ കഴിവുകളുള്ള കേരളത്തിലെ യുവാക്കൾക്ക് അതിൽ പങ്കാളിയാകാൻ കഴിയുന്നില്ല. കേരളത്തിലെ ചെറുപ്പക്കാർക്ക് കിട്ടേണ്ട അവസരങ്ങൾ അവർക്ക് കിട്ടുന്നില്ല. ഇവിടെ ചിലർ എല്ലാറ്റിനും അവരുടെ പാർട്ടിക്ക് മാത്രം പ്രധാന്യം നൽകുകയാണ്. അതുവഴി പല അവസരങ്ങളും യുവാക്കൾക്ക് നഷ്ടമാകുന്നു- യുവം വേദിയിൽ മോദി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീശങ്കരാചാര്യരെയും ശ്രീ നാരായണഗുരുവിനെയും തുടങ്ങി കേരളത്തിൽ നിന്നുള്ള മഹത് വ്യക്തികളെ ഓർമ്മിപ്പിച്ചു. ഇവർ രാജ്യത്തെ യുവാക്കൾക്ക് മുഴുവൻ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ മുഴുവൻ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഭാരതം ഇന്ന് മാറിയിരിക്കുകയാണ്. യുവാക്കളിലാണ് രാജ്യത്തിന് പ്രതീക്ഷയെന്നും ഇന്ത്യയുടേത് ഏറ്റവും വേഗത്തിൽ കുതിക്കുന്ന സമ്പദ്ഘടനയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവശക്തിയുടെ നാടാണ് ഇന്ത്യ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. കേരളത്തിലെത്തുമ്പോൾ തനിക്ക് കൂടുതൽ ഊർജ്ജം ലഭിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ബിജെപിക്കും യുവാക്കൾക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ സർക്കാർ യുവാക്കൾക്ക് ജോലി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ബിജെപി സൃഷ്ടിക്കുന്ന മാറ്റം യുവാക്കൾക്ക് ഗുണകരമാകുന്നതാണ്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ വികസനമുണ്ടായാൽ സംസ്ഥാനത്തെ തൊഴിലവസരം വർധിക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ഗുണകരമായ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും കേന്ദ്ര നയങ്ങളുടെ ഭാഗമായി രാജ്യത്തെ തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മത്സ്യബന്ധന മേഖലയ്ക്ക് ഊന്നൽ നൽകിയ സർക്കാരാണ് കേന്ദ്രത്തിലുള്ളത്. 800 കോടി രൂപയുടെ സഹായം മത്സ്യബന്ധന മേഖലയ്ക്ക് നൽകിയിട്ടുണ്ട്. ഫിഷറീസ് മന്ത്രാലയം പ്രത്യേകമായി രൂപീകരിച്ചത് ഞങ്ങളുടെ സർക്കാരാണ്. രാജ്യത്തെ യുവാക്കളുടെ ആവശ്യത്തിന് മുൻഗണന നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സേനാനിയമനങ്ങൾക്കായുള്ള പരീക്ഷകൾ മലയാളത്തിലും നടത്തും. മലയാളമടക്കം 13 ഭാഷകളിൽ കൂടിയാണ് ഇനിമുതൽ പരീക്ഷ നടത്തുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിഭവങ്ങളുടെയും സംസ്‌കാരത്തിന്റെയും അത്ഭുതകരമായ സമ്പത്ത് കേരളത്തിനുണ്ട്. പരമ്പരാഗത വൈദ്യം കേരളത്തിന്റെ വലിയ സമ്പത്താണ്. രാജ്യം വേഗത്തിൽ വളരുമ്പോൾ അതിൽ കേരളത്തിന് നിർണായകമായ പങ്കുണ്ട്. എന്നാൽ കേരളത്തിലെ രണ്ട് മുന്നണികളുടെ തമ്മിലടിയിൽ സംസ്ഥാനത്ത് അഴിമതി വളരുന്നു. ഈ അഴിമതി കേരളത്തിലെ യുവതയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരുപാർട്ടി സ്വന്തം പാർട്ടിയുടെ മാത്രം താത്പര്യം സംരക്ഷിക്കുന്നു. മറ്റൊരു പാർട്ടി ഒരു കുടുംബത്തിന്റെ മാത്രം താത്പര്യം സംരക്ഷിക്കുന്നുവെന്നതാണ് ഇവിടുത്തെ സ്ഥിതി. കയറ്റുമതി കൂട്ടാൻ കേന്ദ്രസർക്കാർ പ്രയത്നിക്കുമ്പോൾ ഇവിടെ ചിലർ രാവും പകലും സ്വർണക്കടത്തിനായി വിയർപ്പൊഴുക്കുന്നുവെന്നും ഇതൊന്നും യുവാക്കളിൽ നിന്നും മറച്ചുവെയ്ക്കാനാവില്ലെന്നും സർക്കാരിനെ പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തിലെ സർക്കാർ യുവാക്കളുടെ ഭാവി വച്ചാണ് പന്താടുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

കേരളത്തിലെ ചെറുപ്പക്കാരെ മനസിലാക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. കേരളത്തിൽ സൗജന്യ ചികിത്സ കിട്ടുന്നത് കേന്ദ്ര പദ്ധതികളുടെ ഫലമായാണ്. കൊറോണ കാലത്തെ വിഷമതകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും കേരളത്തെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു. കേന്ദ്രപദ്ധതികൾ കേരളത്തിലുള്ളവരുടെ ജീവിതം സുഗമമാക്കി തീർത്തു. കേരളത്തിലെ യുവാക്കൾ ഇനി ഡിജിറ്റൽ ഇന്ത്യയുടെ നേതൃത്വത്തിലേക്ക് വരണം. ഈ നാടിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ നമുക്ക് പരിശ്രമിക്കാമെന്നും പ്രധാനമന്ത്രി യുവാക്കളോട് പറഞ്ഞു. സുഡാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ കാവേരി നടത്തി വരുന്നു. ഇതിന് മേൽനോട്ടം വഹിക്കാൻ മന്ത്രി വി മുരളീധനെ ചുമതലപ്പെടുത്തുകയാണ്. ഭാഷയുടെയും നാടിന്റെയും മതത്തിന്റെയും പേരിൽ നമ്മെ വിഭജിക്കാൻ ഇവിടെ ശ്രമമുണ്ടാകും. അത് അതിജീവിക്കാൻ നമുക്ക് കഴിയണം. അതിന് യുവം വേദി ഒരു വെളിച്ചമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സെക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ അങ്കണത്തിലാണ് യുവം കോൺക്ലേവ് നടക്കുന്നത്. കോളേജ് അങ്കണത്തിൽ വൃക്ഷത്തെ നട്ടാണ് മോദി വേദിയിൽ എത്തിയത്. കേന്ദമന്ത്രി വി മുരളീധരനാണ് പ്രധാനമന്ത്രിയുടെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നത്. പത്മപുരസ്‌കാര ജേതാക്കളോട് കുശലം പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗത്തിനായി എത്തിയത്. പത്മ പുരസ്‌കാര ജേതാക്കളായ കുഞ്ഞോൽ മാഷ് വേദിയിൽ എത്തിയിരുന്നു. നരേന്ദ്ര മോദിയെ കാത്ത് യുവം സംവാദ വേദിയിൽ വൻ യുവതാരനിരയാണ് അണിനിരന്നത്. ഉണ്ണിമുകുന്ദൻ, അനിൽ ആന്റണി, അപർണ്ണ ബാലമുരളി, നവ്യനായർ, തേജസ്വി സൂര്യ. വിജയ് യേശുദാസ്, ഹരിശങ്കർ ഉൾപ്പെടെ വലിയൊരു താരനിര എത്തിയിരുന്നു. സുരേഷ് ഗോപിയും എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'കൊച്ചുവള്ളത്തിന്റെ' മൊമെന്റോ നൽകിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വേദിയിൽ ആദരിച്ചത്. തൊട്ടുപിന്നാലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ അതിമനോഹരമായ കഥകളി ചിത്രവും മോദിക്ക് സമർപ്പിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP