Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഒരാൾ പോലും പുറത്തിറങ്ങരുതെന്ന് സർക്കാറും മുഖ്യമന്ത്രിയും നിർദ്ദേശിക്കുമ്പോൾ ഇത്രയധികം ആളുകളെ പുറത്തിറക്കിയുള്ള സമരം രാഷ്ട്രീയ കളി; എംവി ജയരാജൻ മരണത്തിന്റെ വ്യാപാരിയാകരുതെന്ന് മേയർ ടി.ഒ.മോഹനൻ; കോവിഡുകാല നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മേയർ; കണ്ണൂരിൽ രാഷ്ട്രീയം കലുഷിതമാകുമ്പോൾ

ഒരാൾ പോലും പുറത്തിറങ്ങരുതെന്ന് സർക്കാറും മുഖ്യമന്ത്രിയും നിർദ്ദേശിക്കുമ്പോൾ ഇത്രയധികം ആളുകളെ പുറത്തിറക്കിയുള്ള സമരം രാഷ്ട്രീയ കളി; എംവി ജയരാജൻ മരണത്തിന്റെ വ്യാപാരിയാകരുതെന്ന് മേയർ ടി.ഒ.മോഹനൻ; കോവിഡുകാല നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മേയർ; കണ്ണൂരിൽ രാഷ്ട്രീയം കലുഷിതമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണുർ: കണ്ണൂരിലെ രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു. എംവി ജയരാജനും മേയർ ടി ഒ മോഹനനും കോവിഡുകാലത്ത് രാഷ്ട്രീയ പോരിലാണ്. അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കണ്ണൂർ കോർപറേഷൻ രാഷ്ട്രീയക്കളി കളിക്കുന്നുവെന്ന് ആരോപിച്ച് കോർപറേഷൻ പരിധിയിൽ 250 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുവാനുള്ള എൽഡിഎഫ് നീക്കം കോവിഡ് വ്യാപനത്തിനു മാത്രമേ ഇടയാക്കൂവെന്നും ഇതിലൂടെ എം വിജയരാജൻ മരണത്തിന്റെ വ്യാപാരിയാകരുതെന്നും കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് ഒരാൾ പോലും പുറത്തിറങ്ങരുതെന്ന് സർക്കാറും മുഖ്യമന്ത്രിയും നിർദ്ദേശിക്കുമ്പോൾ ഇത്രയധികം ആളുകളെ പുറത്തിറക്കി വസ്തുതാ വിരുദ്ധമായ കാര്യങ്ങളുന്നയിച്ച് കോർപറേഷനെതിരെ സമരം ചെയ്ത് എൽ ഡി എഫ് നടത്തുന്നതാണ് യഥാർത്ഥ രാഷ്ട്രീയക്കളി. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരം സമരകോപ്രായങ്ങൾ സംഘടിപ്പിക്കുക വഴി ജയരാജൻ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശമെന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവ്റ്റി നിരക്ക് 23 ശതമാനത്തിൽ നിൽക്കുമ്പോഴും കേരളത്തിലെ മറ്റ് 5 കോർപ്പറേഷനുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനവും അതിനുമുകളിലും നിൽക്കുമ്പോഴും കണ്ണൂർ കോർപ്പറേഷൻ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ശതമാനം മാത്രമാണ്. ഈ നേട്ടം ഉണ്ടായത് ജനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ ശ്രമഫലമായാണ്. ഇത് തകർക്കാനുള്ള നീക്കമാണ് എം വി ജയരാജൻ സ്വീകരിക്കുന്നത്.

കൊവിഡിന്റെ 2ാം ഘട്ട വ്യാപനം ആരംഭിച്ചത് മുതൽ തന്നെ പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർത്ത് പ്രതിരോധ നടപടികൾ കോർപറേഷൻ ആരംഭിച്ചിരുന്നു. കണ്ണൂർ ജൂബിലിഹാളിൽ ആരംഭിച്ച വാക്‌സിനേഷൻ കേന്ദ്രം ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്പെടുന്ന ഒന്നായി മാറുകയുണ്ടായി. പ്രസ്തുത കേന്ദ്രം പൂട്ടിക്കാനുള്ള ചില തൽപരകക്ഷികളുടെ ശ്രമം കോർപറേഷൻ ഇടപെട്ട് ചെറുക്കുകയുണ്ടായി. കോർപറേഷൻ തല ജാഗ്രതാ സമിതി യോഗം ചേർന്ന് വാർഡ് തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

ഇതിനാവശ്യമായ വളണ്ടിയർമാരെ നിയമിച്ച് രോഗം ബാധിച്ചവരെയും ക്വാറന്റൈനിലുള്ളവരെയും സഹായിക്കുന്നതിനും ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സാധിച്ചിട്ടുണ്ട്. കൗൺസിലർമാരിൽ നിന്നും ലഭിച്ച ലിസ്റ്റനുസരിച്ച് കക്ഷി രാഷ്ട്രീയഭേദമന്യെ വളണ്ടിയർ പാസ്സ് അനുവദിച്ചു. തോട്ടട പോളിടെക്ക്‌നിക്ക് ഹോസ്റ്റലിലും പയ്യാമ്പലം ടിടിഐ ഹോസ്റ്റലിലും ഡൊമിസൈൽ കെയർ സെന്ററുകൾ (ഡിസിസി) ആരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക് ആരംഭിക്കുകയും പൊതുജനങ്ങൾക്ക് സഹായത്തിനായി 5 ഫോൺ നമ്പറുകൾ ഒരുക്കുകയും, 3 ഷിഫ്റ്റുകളിലായി 5 ജീവനക്കാരെ വീതം നിയമിക്കുകയും വഴി തടസ്സമില്ലാത്ത സഹായം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മരുന്ന്, വാക്‌സിൻ, ആംബുലൻസ്, വാഹനസൗകര്യങ്ങൾ, അവശ്യസാധനങ്ങൾ, ആശുപത്രികളിലെ കിടക്ക/ഓക്‌സിജൻ/വെന്റിലേറ്റർ സൗകര്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ലഭിച്ച അഞ്ഞൂറോളം അന്വേഷണങ്ങൾക്ക് സേവനം നൽകുവാനും സാധിച്ചു. ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ഹെൽപ് ഡെസ്‌കും വാർ റൂമും പ്രവർത്തിക്കുന്നത് കണ്ണൂർ കോർപറേഷനിലാണ്. മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി, കെ.സുധാകരൻ, എംപി, കെ.വി.സുമേഷ്, എംഎൽഎ എന്നിവർ ഹെൽപ് ഡെസ്‌ക് സന്ദർശിക്കുകയും കോളുകൾ സ്വീകരിക്കുകയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കോർപറേഷൻ സ്റ്റിയറിങ് കമ്മിറ്റിയും, ജാഗ്രതാസമിതിയും യോഗം ചേർന്ന് തീരുമാനിച്ചതനുസരിച്ച് തെരുവിൽ കഴിയുന്നവരെ കണ്ടുപിടിച്ച് കോവിഡ് പരിശോധന നടത്തി പുനരധിവസിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ താമസ സൗകര്യവും, ഭക്ഷണം, വൈദ്യസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊടുത്ത് വരുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചു ചേർത്ത് അവിടെയുള്ള കിടക്കകളുടെയും ഓക്‌സിജൻ/വെന്റിലേറ്റർ സൗകര്യങ്ങളും അവലോകനം ചെയ്തിട്ടുള്ളതുമാണ്. ജനങ്ങൾക്ക് അവശ്യസേവനത്തിനായി 3 ആംബുലൻസുകൾ ഉൾപ്പെടെ 10 ഓളം വാഹനങ്ങൾ സജ്ജമാക്കുകയും ഹെൽപ് ഡെസ്‌കിലൂടെ ആവശ്യപ്പെട്ടവർക്കെല്ലാം സേവനം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിതർ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹം വീടുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ സൗജന്യ ആംബുലൻസ് സർവ്വീസ് നൽകി പയ്യാമ്പലത്ത് എത്തിച്ച് തീർത്തും സൗജന്യമായി സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിതരുടെ വീടുകളും പൊതു ഇടങ്ങളും അണുനശീകരണം നടത്തുന്നതിന് ഇരുപതോളം സ്‌പ്രെയറുകളോടെ ആവശ്യമായ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എല്ലാം അടച്ചു കെട്ടിയ കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് 93 ദിവസം പ്രവർത്തിച്ച സമൂഹ അടുക്കള വഴി ഒരു ലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകുവാൻ സാധിച്ചിരുന്നു. കൂടാതെ ജില്ലയിലെ ഏറ്റവും വലിയ സിഎഫ്എൽടിസി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച് പ്രവർത്തിക്കുകയുണ്ടായി. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച സിഎഫ്എൽടിസി കണ്ണൂരിലേതാണ്. അവസാനത്തെ കോവിഡ്ബാധിതനെയും ഡിസ്ചാർജ്ജ് ചെയ്തശേഷം മാത്രമാണ് പ്രവർത്തനം അവസാനിപ്പിച്ചത്.

ഇത്തരത്തിൽ സംസ്ഥാനത്തിനൊട്ടാകെ മാതൃകയായി പ്രവർത്തിക്കുന്ന കണ്ണൂർ കോർപറേഷൻ ഭരണത്തെ ഇകഴ്‌ത്തി കാണിക്കുന്ന സിപിഎമ്മിന്റെയും അതിന്റെ കൂടെചേർന്ന് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന എൽഡിഎഫ് കൗൺസിലർമാരുടെയും നിലപാട് ശരിയാണോ എന്ന് ജനം വിലയിരുത്തട്ടെയെന്നും അഡ്വ. ടി ഒ മോഹനൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP