Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്‌ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ

പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്‌ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : അനിൽ ആന്റണിക്കും, ശോഭ സുരേന്ദ്രനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച ടി ജി നന്ദകുമാർ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നാണ് കൊച്ചിയിലെ വാർത്താ സമ്മേളനത്തിൽ നന്ദകുമാർ പറഞ്ഞത്. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കാർ ഇ പിയോട് പറഞ്ഞു. പകരം എസ് എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തു. പക്ഷെ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ല. ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി.

പിണറായിയുടെ രക്ഷകൻ ആകാനായിരുന്നു ഇ പി യുടെ ചർച്ച. ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്‌ച്ച വേണമെന്നായിരുന്നു ജാവദേക്കർ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റിൽ വച്ചായിരുന്നു ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച്ച. ഇ പിക്ക് കൂടിക്കാഴ്‌ച്ചയെക്കുറിച്ച് മുൻധാരണ ഇല്ലായിരുന്നു. ജാവദേക്കർ വരുന്ന കാര്യം താൻ ഇ പിയോട് പറഞ്ഞിരുന്നില്ല. ബിജെപിയിൽ ചേരാൻ ഇ പി ചർച്ച ചെയ്തിട്ടില്ല. പിണറായിയുടെ രക്ഷകനായാണ് ചർച്ച നടത്തിയത്. തൃശൂർ സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കർ ചർച്ച നടത്തിയത്. അത് സിപിഐ സീറ്റ് ആയതിനാൽ ചർച്ച വഴിമുട്ടി. ചർച്ച വിജയിച്ചെങ്കിൽ എസ്എൻസി ലാവ്ലിൻ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികൾ മരിച്ചെന്നും കേസ് കാലഹരണപ്പെട്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുമായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.

എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദത്തിലും ദല്ലാൾ നന്ദകുമാർ മറുപടി നൽകി. ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നൽകിയത്. ആ പണമാണ് തിരികെ കിട്ടാത്തത്. ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്‌നം ഉണ്ടായിരുന്നു. അവർ അന്യായമായി കൈവശം വെച്ച ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞത്. ശോഭാ സുരേന്ദ്രന്റെ സംരക്ഷണ ഭർത്താവ് മോഹൻദാസിന്റെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്നാ മോഹൻദാസ് അറിയാതെ കൈവശപ്പെടുത്തിയ ഭൂമിയാണിത്. അത് വ്യക്തമായതോടെ ഇക്കാര്യം ശോഭയോട് ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകിയെങ്കിലും അതിന് മറുപടി നൽകിയില്ല. ശോഭ സുരേന്ദ്രൻ അന്യായമായി കൈയടക്കിയ ഭൂമിയായിരുന്നു തന്നോട് വിൽക്കാൻ പറഞ്ഞത്. അതിനാലാണ് ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നത്. സംരക്ഷണ ഭർത്താവിന്റെ ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമിയുണ്ടായിരുന്നത്. അത് അവർ അറിയാതെ ശോഭ സുരേന്ദ്രൻ വിൽപ്പനയ്ക്ക് ശ്രമിക്കുകയായിരുന്നു. ശോഭാ സുരേന്ദ്രൻ തട്ടിപ്പ് സംഘത്തിൽ പെട്ടിരിക്കുകയാണ്. ഇവർക്കൊപ്പമുള്ള മോഹൻദാസാണ് ഇതിന് പിന്നിലുള്ളത്. ബിജെപി സ്ഥാനാർത്ഥിത്വമെന്നത് പണംതട്ടിപ്പിനുള്ള ജോലി പോലെയാണെന്നും നന്ദകുമാർ പരിഹസിച്ചു.

ഭൂമിക്ക് അഡ്വാൻസായി നൽകിയ 10 ലക്ഷം രൂപ തിരികെ നൽകാൻ പലതവണ പറയുകയും കത്ത് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരിക്കാതെ വന്നതോടെയാണ് എല്ലാം ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും നന്ദൻകുമാർ വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ ആദ്യം തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് നൽകാമെന്നാണ് ശോഭ പറഞ്ഞത്. എന്നാൽ അതും കിട്ടിയില്ലെന്ന് നന്ദകുമാർ പറഞ്ഞു.

പണം നൽകിയില്ലെന്ന നന്ദകുമാറിന്റെ ആരോപണത്തിൽ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ച് ശോഭ സുരന്ദ്രൻ രംഗത്തെത്തിയിരുന്നു. ദല്ലാൾ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയത് തന്റെ ഭൂമിക്കുള്ള അഡ്വാൻസ് ആണെന്നും നാലുതവണ വിളിച്ചിട്ടും രജിസ്റ്റർ ചെയ്ത് വാങ്ങാൻ നന്ദകുമാർ തയ്യാറായില്ലെന്നുമാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. കാൻസർ ബാധിതയായ തന്റെ ചേച്ചിയുടെ ഭർത്താവിന്റെ ചികിത്സയ്ക്കായിട്ടാണ് ഭൂമി വിൽക്കാൻ തീരുമാനിച്ചതെന്നും ശോഭ പറഞ്ഞിരുന്നു.

എന്നാൽ കാൻസർ രോഗിക്ക് വേണ്ടിയല്ല ഭൂമി വിൽക്കാൻ ശ്രമിച്ചതെന്ന് നന്ദനകുമാർ മറുപടിയായി പറഞ്ഞു. 'പാർട്ടിയിൽ പിടിച്ച് നിൽകണമെങ്കിൽ തനിക്ക് ഒരു തസ്തിക വേണം. അതിന് ഒരു കോടി രൂപ വേണം. പോണ്ടിച്ചേരി മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ കൊടുത്താൽ തനിക്ക് പോണ്ടിച്ചേരി എൽജി (ലെഫ്റ്റ് ഗവർണർ) ലഭിക്കും. തന്റെ കൈയിൽ 80ലക്ഷം രൂപയുണ്ട് ഭൂമിക്ക് 20 ലക്ഷം രൂപ അഡ്വാൻസായി തരണം. എന്നാണ് ശോഭ പറഞ്ഞത്, എന്നാൽ ഞാൻ 10 ലക്ഷം തരാം എന്ന് പറഞ്ഞ് അതുകൊടുത്തു. അല്ലാതെ ഒരു കാൻസർ രോഗിയും അന്ന് ഇല്ലായിരുന്നു', നന്ദകുമാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP