Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

നവകേരളത്തിനായി കോഴിക്കോട് കൈകോർക്കുന്നു; പ്രത്യേക വിഭവസമാഹരണ ക്യാമ്പുകൾക്ക് ജില്ലയിൽ മികച്ച പ്രതികരണം; ബേപ്പൂർ, കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ സിറ്റിങ്ങുകൾ ഇന്ന് പൂർത്തിയായി; ദിവസവും ലഭിക്കുന്നത് ഒരുകോടിയിലധികം രൂപ

നവകേരളത്തിനായി കോഴിക്കോട് കൈകോർക്കുന്നു; പ്രത്യേക വിഭവസമാഹരണ ക്യാമ്പുകൾക്ക് ജില്ലയിൽ മികച്ച പ്രതികരണം; ബേപ്പൂർ, കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ സിറ്റിങ്ങുകൾ ഇന്ന് പൂർത്തിയായി; ദിവസവും ലഭിക്കുന്നത് ഒരുകോടിയിലധികം രൂപ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സംഘടിപ്പിക്കപ്പെടുന്ന പ്രത്യേക വിഭവ സമാഹരണ ക്യാമ്പുകൾക്ക് കോഴിക്കോട് ജില്ലയിൽ മികച്ച പ്രതികരണം. ഇന്ന് ബേപ്പൂർ, കോഴിക്കോട് സൗത്ത്, നോർത്ത് മഢലങ്ങളിലെ സിറ്റിംഗുകളാണ് പൂർത്തിയായിരിക്കുന്നത്. മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ സിറ്റിംഗിൽ നൂറുകണക്കിനാളുകളാണ് സംഭാവനകളുമായെത്തിയത്. കുഷ്ഠരോഗികൾ സ്വരൂപിച്ച തുക, വീട്ടു ജോലി ചെയ്ത് കിട്ടിയ പണവും എൽ.ഡി.സി റാങ്ക് ജേതാക്കൾ സ്വരൂപിച്ച തുകയും മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമാഹരിച്ച തുകയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ജില്ലാ പഞ്ചായത്ത് തന്നത് ഫണ്ടിൽ നിന്ന് ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു കോടി രൂപയുടെ വീതം ചെക്ക് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയാണ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചത്. ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപയും കക്കോടി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ തനത് ഫണ്ട് ഉൾപ്പെടെ ആറ് ലക്ഷം രൂപയും കൈമാറി. എ പ്രദീപ്കുമാർ എംഎ‍ൽഎയ്ക്ക് വിവിധ സംഘടനങ്ങളിൽ നിന്ന് ലഭിച്ച തുകകളുടെ ചെക്കുകൾ മന്ത്രിക്ക് കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടർ യു. വി ജോസ്, എ.ഡി.എം ടി ജനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട് തുടങ്ങിയവർ വിഭവ സമാഹരണത്തിന് നേതൃത്വം നൽകി.

ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയിൽ കിട്ടിയ ഒരു കോടി രൂപ കൈമാറി.കോഴിക്കോട് ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളിൽ നിന്ന് ലഭിച്ച തുക ഉൾപ്പെട്ട ഒരു കോടി രൂപയുടെ ചെക്ക് കലക്ടർ യു.വി ജോസ് തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.

ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ വീട്ടുജോലിയെടുത്ത തുകയുമായി സഫിയ എത്തി
'എനിക്ക് ഒരു സെന്റ് ഭൂമിയും അതിലൊരു ഷെഡും ഉണ്ട്. അതില്ലാത്തവർ അഭയാർത്ഥികളെപ്പോലെ കഴിയുമ്പോൾ സമാധാനമായി ഉറങ്ങാൻ കഴിയില്ല.' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീട്ടുജോലിയെടുത്ത് കിട്ടിയ 1000 രൂപ കൈമാറിയ ശേഷം ചേളന്നൂർ സ്വദേശിനി സഫിയ പറഞ്ഞു. വിഭവസമാഹരണത്തിനായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുവായ സൈനബക്കൊപ്പം എത്തിയാണ് സഫിയ തുക മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയത്. ആകെയുള്ള ഒരുസെന്റ് ഭൂമിയിൽ മകനും മരുമകൾക്കും മൂന്ന് കൊച്ചുമക്കൾക്കും ഒപ്പമാണ് സഫിയ താമസിക്കുന്നത്. സ്വന്തമായി അടച്ചുറപ്പുള്ള വീടു വേണം എന്ന് ആഗ്രഹമുണ്ടെങ്കിലും കിട്ടുന്ന തുച്ഛമായ വരുമാനം ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവർക്ക് വേണ്ടി നൽകാറാണ് പതിവ്. അതുകൊണ്ടു തന്നെ സമ്പാദ്യമായി ഒന്നുമില്ല. തൈറോയ്ഡും മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ടെങ്കിലും ജീവിതത്തോട് പൊരുതാൻ തന്നെയാണ് സഫിയയുടെ തീരുമാനം. പതിനാല് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ നാല് മക്കളെ വളർത്തിയതും വീട്ടുജോലി ചെയ്തു തന്നെ. എന്നാൽ ഒരിടത്തും സ്ഥിരമായി ജോലി ഉണ്ടാവാറില്ല. ചെയ്യാൻ കഴിയും എന്ന് ഉറപ്പുള്ളതാണെങ്കിൽ ആര് ജോലി തന്നാലും സ്വീകരിക്കാറുണ്ടെന്നും സഫിയ പറഞ്ഞു. കഴിക്കാനും ഉടുക്കാനും ഉള്ളപ്പോൾ അധികം ലഭിക്കുന്ന ഒരു രൂപ പോലും തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് ആവശ്യമുള്ള ഒരുപാടുപേർ തനിക്കു ചുറ്റിലും ഉണ്ടെന്നും അവർ പറഞ്ഞു.

ജില്ലാപഞ്ചായത്ത് ഒരുകോടി രൂപ കൈമാറി

വിഭവസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപ മന്ത്രി ടിപി രാമകൃഷ്ണന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കൈമാറി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, സ്‌പെഷ്യൽ ഓഫീസറായ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, ജില്ലാകലക്ടർ യു.വി ജോസ് , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സെക്രട്ടറി പിഡി ഫിലിപ് തുടങ്ങിയവർ സംബന്ധിച്ചു.

വിദ്യാലയങ്ങളിലെ ധനസമാഹരണത്തിന് ജില്ലയിൽ മികച്ച പ്രതികരണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയിൽ മികച്ച പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും ധനസമാഹരണം നടത്തിയത്. ജില്ലയിലെ 1199 വിദ്യാലയങ്ങളിൽ നിന്നായി 1,94,63855 രൂപയാണ് സ്വരൂപിച്ചത്. നടക്കാവ് ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്.10,05050 രൂപയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ ഒരുമണിക്കൂർ സമയം കൊണ്ട് സ്വരൂപിച്ചത്. ജില്ലയിൽ 1067 എൽപി,യുപി,ഹൈസ്‌കൂളുകളും 125 ഹയർസെക്കന്ററി സ്‌കൂളുകളും 7 സിബിഎസ് സി/ഐസിഎസ് സി സ്‌കൂളുകളും ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി.

അതിജീവനത്തിന് കൈത്താങ്ങുമായി ത്വക്ക് രോഗാശുപത്രി അന്തേവാസികൾ

പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തവുമായി കോഴിക്കോട് ത്വക്ക് രോഗാശുപത്രി അന്തേവാസികൾ. ശാരീരിക അസ്വസ്തതകൾക്കിടയിലും ഉറ്റവർ ആരുമില്ലാത്ത നിരാശക്കിടയിലും സഹജീവിസ്‌നേഹമാണ് സഹായവുമായി മുന്നോട്ടുവരാൻ ഇവരെ പ്രേരിപ്പിച്ചത്. 82 അന്തേവാസികളുള്ള ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേകഭക്ഷണമായി മട്ടൺ വിഭവം നൽകാറുണ്ട്. എന്നാൽ ഇതിനായി ചെലവാക്കുന്ന തുക സ്വരൂപിച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിഭവസമാഹരണ യജ്ഞത്തിന്റെ ഭാഗമായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ടിപി രാമകൃഷ്ണന് അന്തേവാസികൾ പതിനായിരം രൂപയുടെ ചെക്ക് കൈമാറി. അതിജീവനത്തിന്റെ പാതയിൽ തന്നെയാണ് ഇവരും. അതുകൊണ്ടു തന്നെയാണ് കേരളത്തെ അതിജീവിപ്പിക്കാനും ഇവർ മുന്നോട്ടു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP