Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് കീറാമുട്ടികളായ വെല്ലുവിളികൾ; ജെറമി ഹണ്ട് ധനമന്ത്രിയായി തുടരുമ്പോൾ പെന്നി മോർഡന്റ് വിദേശകാര്യമന്ത്രി ആയേക്കും; ആഭ്യന്തര മന്ത്രിയായി സുവല്ല ബ്രേവർമാനും

ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് കീറാമുട്ടികളായ വെല്ലുവിളികൾ; ജെറമി ഹണ്ട് ധനമന്ത്രിയായി തുടരുമ്പോൾ പെന്നി മോർഡന്റ് വിദേശകാര്യമന്ത്രി ആയേക്കും; ആഭ്യന്തര മന്ത്രിയായി സുവല്ല ബ്രേവർമാനും

മറുനാടൻ മലയാളി ബ്യൂറോ

 ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുേേമ്പാൾ, ആ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം ലഹിക്കാൻ കാത്തിരിക്കുകയാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ. ചാൾസ് രാജാവ് നാളെ സുനകിനെ ഔപചാരികമായി പ്രധാനമന്ത്രിയായി അവരോധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയിൽ ഐക്യത്തിന്റെ കാഹളം മുഴക്കുന്ന തരത്തിലായിരിക്കണം, പുതിയ മന്ത്രിസഭാ രൂപീകരണം. അതുതന്നെയാണ് സുനക്കിന്റെ മുന്നിലെ വലിയ വെല്ലുവിളി.

ജെറമി ഹണ്ട് ചാൻസലറായി( ധനമന്ത്രി) തുടരും. അടുത്തയാഴ്ചയാണ് ഹണ്ട് നിർണായകമായ ഹാലോവീൻ ബജറ്റ് അവതരിപ്പിക്കുന്നത്. മത്സരത്തിൽ നിന്ന് പിന്മാറിയ പെന്നി മോർഡന്റ് വിദേശകാര്യ സെക്രട്ടറി ആയേക്കും. ജനപ്രതിനിധി സഭ നേതാവായ മോർഡന്റ് നേരത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു. അന്താരാഷ്ട്ര വികസന സെക്രട്ടറിയായും, ബ്രിട്ടന്റെ ഓവർസീസ് സഹായ ബജറ്റിന്റെ ചുമതലക്കാരിയായും പ്രവർത്തിച്ച് പരിചയമുള്ള അവർ വിദേശ കാര്യമന്ത്രിയായി ശോഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയായി സുവല്ല ബ്രേവർമാൻ വന്നേക്കും.

കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ

നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ സുനക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ബ്രിട്ടന്റെ മോശം സമ്പദ് വ്യവസ്ഥയെ കരകയറ്റൽ, യുക്രെയിനിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ, വടക്കൻ അയർലണ്ടിലെ തിരഞ്ഞെടുപ്പ്, കൺസർവേറ്റീവ് പാർട്ടി ഐക്യം, ഇതെല്ലാം കീറാമുട്ടികളാണ്. വിപണിയുടെ വിശ്വാസം തിരിച്ചുപിടിക്കാൻ ഉള്ള ശ്രമങ്ങളിലാണ് ധനമന്ത്രി ജെറമി ഹണ്ട്. പബ്ലിക് ഫിനാൻസിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ചെലവ് ചുരുക്കലും, നികുതി വർദ്ധനയും അടക്കം പ്രതീക്ഷിക്കാം.

രാഷ്ട്രീയ സ്ഥിരത കൈവരുമോ?

സുനാക്കിനെ നേതാവായി തീരുമാനിച്ചതോടെ, രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുകയാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ കാര്യശേഷിയുള്ള നേതാവ് വരുന്നുവെന്നതാണ് വിപണിയുടെ ഉത്സാഹത്തിന് കാരണം. മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾ, വിശേഷിച്ചും നികുതി കുറയ്ക്കലും മറ്റും അപ്രായോഗികമാണെന്ന് ഋഷി സുനക് നേരത്തെ വിമർശിച്ചിരുന്നു. മുൻ ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങിന്റെ മിനിബജറ്റിൽ, നിരവധി നികുതി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും, അതിനുള്ള ഫണ്ട് എവിടെ നിന്ന് എന്ന കാര്യം പറഞ്ഞിരുന്നില്ല. അതോടെ, കഴിഞ്ഞ മാസം പൗണ്ട് ഡോളറിനെതിരെ റെക്കോഡ് താഴ്ചയാണ് രേഖപ്പെടുത്തിയത്. സർക്കാരിന്റെ വായ്പാ ചെലവുകളും കുത്തനെ ഉയർന്നിരുന്നു. പുതിയ ചാൻസലർ( ധനമന്ത്രി) ജെറമി ഹണ്ട് ട്രസിന്റെ നികുതി ഇളവുകൾ എല്ലാം തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിപണി സ്ഥിരത കൈവരിച്ചിരുന്നില്ല. ഋഷി സുനക്കിന്റെ വരവോടെ വിപണി സ്ഥിരത കൈവരിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്.

ചുരുക്കി പറഞ്ഞാൽ, ഋഷി സുനക് പ്രധാനമന്ത്രി ആകുക എന്നാൽ, ബ്രിട്ടൻ സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നതിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. എന്നിരുന്നാലും പുതിയ ടീമിന്റെ മുമ്പാകെ സമ്പദ് വ്യവസ്ഥയെ ഉയർത്താനുള്ള വെല്ലുവിളി കടുത്തതായിരിക്കും. അന്താരാഷ്ട്ര നിക്ഷേപകർ ജാഗ്രതോടെയുള്ള സമീപനമാകും പുലർത്തുക.

അതേസമയം, ജോൺസൺ അനുകൂലികൾ സുനക്കിന് മുമ്പാകെ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി സുനക് ജനവിധി തേടണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വയക്കുന്നത്. താൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് നാടകീയമായി പ്രഖ്യാപിച്ചെങ്കിലും, ശരിയായ സമയം വരും വരെ തൽക്കാലത്തേക്ക് താൻ മാറി നിൽക്കുകയാണെന്ന സൂചനയും ബോറിസ് ജോൺസൺ നൽകാാതിരുന്നില്ല.

ടോറി നേതാക്കളിലെ പ്രമുഖരായ മുൻ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനും, സ്റ്റീവ് ബേക്കറും സുനക്കിന് പിന്തുണ പ്രഖ്യാപിച്ചതും ജോൺസണ് വലിയ തിരിച്ചടിയായി. തന്റെ രണ്ട് എതിരാളികളുമായി സന്ധിയുണ്ടാക്കുവാൻ ബോറിസ് ജോൺസൺ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നൽ, അതൊന്നും വിജയം കാണാതെ വന്നതോടെയാണ് മത്സരത്തിനിറങ്ങണ്ട എന്ന് ബോറിസ് ജോൺസൺ തീരുമാനിച്ചത്. താൻ മത്സരിക്കുന്നത് നല്ലൊരു കാര്യമല്ല എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. മൂന്ന് വർഷം മുൻപ് പാർട്ടിയെ ഒരു വൻവിജയത്തിലേക്ക് താൻ നയിച്ചിരുന്നു. അതുകൊണ്ടുതന്നെ , ഉടനടി ഒരു പൊതുതെരഞ്ഞെടുപ്പ് ഒഴിവാക്കുവാനും, പാർട്ടിയെ ശക്തപ്പെടുത്താനും തനിക്ക് കഴിയുമെന്ന് താൻ വിശ്വസിച്ചു എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സ്ഥാനാർത്ഥിയാകുവാൻ ആവശ്യമായ, നിർദ്ദേശകന്റെയും പിന്താങ്ങുന്ന വ്യക്തിയുടെയും ഉൾപ്പടെ 102 എം പി മാരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. താൻ വിജയിക്കുമെന്ന ഉറപ്പുമുണ്ട്. എന്നാൽ, ഇപ്പോൾ താൻ മത്സരിക്കുന്നത് നല്ലൊരു കാര്യമല്ല എന്ന് കരുതുന്നു. പാർലമെന്റിനകത്ത് ഐക്യത്തോടെയുള്ള ഒരു പാർട്ടിയില്ലെങ്കിൽ സുഗമമായി ഭരണം നടത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ താത്പര്യം മുൻനിർത്തി, ഒന്നിച്ചു പോകുവാൻ താൻ ഋഷി സുനാകുമായും പെന്നി മോർഡൗണ്ടുമായും കൂടിക്കാഴ്‌ച്ചകൾ നടത്തിയെങ്കിലും അതൊന്നും വിജയകരമായില്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ, മത്സരത്തിനായി നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ടതില്ലെന്നും, ഇനി വരുന്ന പ്രധാനമന്ത്രിക്ക് പിന്തുണ നൽകുകയാണ് വേണ്ടതെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മറുപടിയായി, ദേശത്തായാലും വിദേശത്തായാലും ബോറിസ് ജോൺസൺ ബ്രിട്ടീഷ് സമൂഹത്തെ തുടർന്നും പിന്തുണയ്ക്കുമെന്ന് താൻ വിശ്വസിക്കുന്നതായി ഋഷി സുനാക് പറഞ്ഞു. സമീപകാലത്ത് ബ്രിട്ടൻ നേരിട്ട പല പ്രതിസന്ധികളിലും രാജ്യത്തെ കൈപിടിച്ച് നടത്തിച്ച നേതാവാണ് ബോറിസ് എന്ന് പറഞ്ഞ ഋഷി, ബ്രെക്‌സിറ്റ് സാധ്യമാക്കിയതും, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതി പ്രാവർത്തികമാക്കിയതും ബോറിസിന്റെ നേതൃത്വത്തിലായിരുന്നു എന്നും ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ച സ്ഥിതിക്ക്, രാജ്യത്തിനായി തുടർന്നു പല നിലകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമാകുമെന്ന് കരുതുന്നതായും ഋഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP