Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയിൽ അറസ്റ്റിലായത് മൂന്നു പേരും ഇന്ത്യൻ പൗരന്മാർ; കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കനേഡിയൻ പൊലീസ്; ഇന്ത്യൻ സർക്കാറുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്നും വിശദീകരണം

നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയിൽ അറസ്റ്റിലായത് മൂന്നു പേരും ഇന്ത്യൻ പൗരന്മാർ; കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കനേഡിയൻ പൊലീസ്; ഇന്ത്യൻ സർക്കാറുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ഒട്ടാവ: വിഘടനനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരെന്ന് സ്ഥിരീകരണം. കരൺപ്രീത് സിങ് (28), കമൽപ്രീത് സിങ് (22), കരൺ ബ്രാർ (22) എന്നിവരാണ് അറസ്റ്റിലായതെന്ന് കനേഡിയൻ പോീസ് വ്യക്തമക്കി. കൊലപാതകം, വധഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അടക്കമുള്ളവയിൽ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. കാനഡയുടെ ആരോപണം ഇന്ത്യൻ അധികൃതർ പലതവണ നിഷേധിച്ചിട്ടുണ്ട്. നിജ്ജറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളിൽ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് കേന്ദ്ര സർക്കാർ കാനഡയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ 2023 സെപ്റ്റംബറിൽതന്നെ വ്യക്തമാക്കിയിരുന്നു.

അതിനിടെയാണ്, നിജ്ജറിന്റെ കൊലപാതകത്തിലെ പങ്കാളിത്തം ആരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കാനഡയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഡേവിഡ് ടെബോൾ പറഞ്ഞത്. തെളിവ് സംബന്ധിച്ച കാര്യങ്ങളെപ്പറ്റി വിശദീകരിക്കാനാവില്ല. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും പറയാൻ കഴിയില്ല. എന്നാൽ കേസിൽ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായവർക്ക് ഇന്ത്യൻ ഗവൺമെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. ഇക്കാര്യം അന്വേഷണ പരിധിയിലാണെന്നും എന്നാൽ, അന്വേഷണത്തിൽ ഇന്ത്യൻ സുരക്ഷ ഏജൻസികളുമായുള്ള സഹകരണം സുഗമമായിരുന്നില്ലെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കൂട്ടിച്ചേർത്തു.

നിജ്ജറുടെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തിരുന്നു. പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച ഖലിസ്താൻ ഭീകരനാണ് ഹർദീപ് സിങ് നിജ്ജർ (45). നിജ്ജാറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2023 ജൂൺ 18-നാണ് കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് നിജ്ജർ കൊല്ലപ്പെടുന്നത്.

കാനഡ കേന്ദ്രീകരിച്ച് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നിജ്ജർ, ഖലിൻ ടൈഗർ ഫോഴ്‌സ് എന്ന ഖലിസ്താൻ സംഘടനയുടെ തലവനായിരുന്നു. പഞ്ചാബികൾക്ക് ആധിപത്യമുള്ള ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഗുരുദ്വാരയുടെ പ്രസിഡന്റായി ഇയാളെ തിരഞ്ഞെടുത്തത് ചർച്ചയായിരുന്നു. ഇയാളെ വിട്ടുനൽകണമെന്ന ആവശ്യം ഇന്ത്യ കനേഡിയൻ സർക്കാരിനോട് ഉന്നയിക്കുകയും ചെയ്തതാണ്.1980-കൾ മുതൽതന്നെ കുറ്റകൃത്യചരിത്രമുള്ള നിജ്ജർ, ചെറുപ്പകാലത്തുതന്നെ പ്രാദേശിക ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നതായി ഇന്ത്യൻ അധികൃതർ തയ്യാറാക്കിയ വിശദമായ കേസ് ഫയൽ വ്യക്തമാക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

1996-ൽ വ്യാജപാസ്‌പോർട്ടുമായി കാനഡയിലേക്ക് കടന്ന നിജ്ജർ, ആ രാജ്യത്തെ പൗരത്വം നേടുകയായിരുന്നു. അവിടെ ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് യാത്ര നടത്തിയിരുന്നു. കൂടാതെ, ഇന്ത്യയിൽ നിരവധി കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും നിജ്ജർ നിർദ്ദേശം നൽകിയിരുന്നതായും കേസ് ഫയലിലുണ്ട്. പഞ്ചാബ് ജലന്ധറിലെ ഭാർ സിങ് പുര സ്വദേശിയായിരുന്ന നിജ്ജറിനെ ഗുണ്ടാജീവിതത്തിലേക്ക് നയിച്ചത് നേക എന്നറിയപ്പെട്ടിരുന്ന ഗുർനേക് സിങ്ങായിരുന്നു. 80-കളിലും 90-കളിലും ഖലിസ്താൻ കമാൻഡോ ഫോഴ്‌സുമായി (കെസിഎഫ്) നിജ്ജർ ബന്ധം പുലർത്തിയിരുന്നു. അനവധി ഭീകരപ്രവർത്തനകേസുകളിൽ പേര് ഉൾപ്പെട്ടതോടെയാണ് നിജ്ജർ 1996-ൽ കാനഡയിലേക്ക് കടന്നത്. 2012 മുതൽ ഖലിസ്താൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിങ് താരയുമായി അടുത്ത ബന്ധത്തിലായതായും കേസ് ഫയലിൽ വ്യക്തമാക്കുന്നു.

2012 ഏപ്രിലിൽ ഒരു സാമുദായിക ജാഥയിലെ അംഗമായി വേഷം ധരിച്ച് പാക്കിസ്ഥാൻ സന്ദർശിക്കുകയും രണ്ടാഴ്ചക്കാലം ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിൽ പരിശീലനം നേടുകയും ചെയ്തു. കാനഡയിലേക്ക് മടങ്ങിയെത്തിയ നിജ്ജറിന്റെ അടുത്ത ലക്ഷ്യം ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണമായിരുന്നു. ഇതിനായി കാനഡയിൽ മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘവുമായി നിജ്ജർ സഹകരിച്ചു. ജഗ്താർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി നിജ്ജർ തയ്യാറാക്കി. ഇതിനായി മൻദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനൂപ് വീർ സിങ്, ഫൗജി എന്നറിയപ്പെടുന്ന ദർശൻ സിങ് തുടങ്ങിയവരുൾപ്പെടുന്ന ഒരു സംഘവും കാനഡയിൽ രൂപവത്കരിച്ചു. 2015-ൽ സംഘാംഗങ്ങൾക്ക് ബ്രിട്ടീഷ് കൊളംബിയയിൽ ആയുധപരിശീലനം ലഭിച്ചതായും കേസ് ഫയലിൽ പറയുന്നു.

2014-ൽ ഹരിയാണയില സിർസയിലുള്ള ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജർ പദ്ധതിയിട്ടിരുന്നു. എന്നാൽ നിജ്ജറിന് ഇന്ത്യയിലെത്താൻ സാധിക്കാത്തതിനാൽ ആക്രമണ പദ്ധതിയിൽ മാറ്റംവരുത്തി. മുൻ ഡിജിപി മുഹമ്മദ് ഇസാർ ആലം, പഞ്ചാബിലെ ശിവസേന നേതാവ് നിഷാന്ത് ശർമ, ബാബ മൻ സിങ് പെഹോവ വാലെ എന്നിവരെ ആക്രമിക്കാനായിരുന്നു നിജ്ജറിന്റെ പദ്ധതി. പഞ്ചാബിൽ ഭീകരാക്രമണങ്ങൾ നടത്താനായി പഞ്ചാബിലെ ഗുണ്ടാത്തലവനായ അർഷ്ദീപ് ഗില്ലുമായും നിജ്ജർ ബന്ധം പുലർത്തിയിരുന്നു. സിഖ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആരോപണവിധേയരായ മനോഹർ ലാൽ അറോറ, മകൻ ജതീന്ദർബിർ സിങ് അറോറ എന്നിവരുടെ കൊലപ്പെടുത്താൻ അർഷ്ദീപിനെ ചുമതലപ്പെടുത്തിയത് നിജ്ജറായിരുന്നു.

2020 ഒക്ടോബർ 20-ന് ഭത്തിണ്ടയിലെ വീട്ടിനുമുന്നിൽവെച്ച് വെടിയേറ്റ് നോഹർ ലാൽ അറോറ മരിച്ചു. മകൻ രക്ഷപ്പെടുകയും ചെയ്തു. ആക്രമത്തിനുള്ള പ്രതിഫലം നിജ്ജർ കാനഡയിൽ നിന്ന് അയച്ചുകൊടുക്കുകയായിരുന്നുവെന്നും കേസ് ഫയലിൽ പറയുന്നു. 2021-ൽ ഭാർ സിങ് പുരയിലെ ഒരു പുരോഹിതനെ കൊലപ്പെടുത്താനുള്ള നിർദേശവും അർഷ്ദീപിന് നിജ്ജർ നൽകിയിരുന്നെങ്കിലും കൊലപാതകശ്രമം പരാജയപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP