Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സായിപ്പന്മാർക്ക് നല്ലതും നമുക്ക് മാത്രം പൊട്ടിപ്പൊളിഞ്ഞതും..! എമിറേറ്റ്‌സിന്റെ ഇരട്ടത്താപ്പിനെതിരെ ശശി തരൂരും രംഗത്ത്; എമിറേറ്റ്‌സ് വിമാന കമ്പനിക്ക് കോടികൾ നൽകുന്ന കേരള സെക്ടറിനോട് എന്തു കൊണ്ട് ഈ വിവേചനം?

സായിപ്പന്മാർക്ക് നല്ലതും നമുക്ക് മാത്രം പൊട്ടിപ്പൊളിഞ്ഞതും..! എമിറേറ്റ്‌സിന്റെ ഇരട്ടത്താപ്പിനെതിരെ ശശി തരൂരും രംഗത്ത്; എമിറേറ്റ്‌സ് വിമാന കമ്പനിക്ക് കോടികൾ നൽകുന്ന കേരള സെക്ടറിനോട് എന്തു കൊണ്ട് ഈ വിവേചനം?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഒന്നാണ് എമിറേറ്റ്‌സ്. ലോകത്തെല്ലായിടത്തേക്കും കണക്ഷൻ. മികച്ച സേവനം, ന്യായമായ നിരക്ക്, കേരളത്തിലെ മൂന്ന് എയർപോർട്ടുകളിലേക്കും ദിവസത്തിൽ ഒന്നിലധികം തവണ കണക്ഷൻ. ഇങ്ങനെ പോകുന്നു മലയാളികളെ എമിറേറ്റ്‌സ് പ്രിയരാക്കുന്ന ഘടകങ്ങൾ.

പക്ഷെ ഒരിക്കൽ എങ്കിലും എമിറേറ്റ്‌സിൽ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ഓസ്‌ട്രേലിയയിലേക്കോ യാത്ര ചെയ്തിട്ടുള്ളവർ ഒരു കാര്യം തിരിച്ചറിയാതിരിക്കില്ല. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളും പുതിയതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമാണ്. എന്നാൽ ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പഴയതും എമിറേറ്റ്‌സ് അവകാശപ്പെടുന്ന നിലവാരങ്ങൾ ഒന്നും ഇല്ലാത്തതുമാണ്.

ഇതെന്തുകൊണ്ടാണ് എന്ന ചോദ്യം ആദ്യം ഉയർത്തിയത് മറുനാടൻ ആയിരുന്നു. വിമാന അപകടതത്തിന്റെ പിറ്റേദിവസം തന്നെ മറുനാടൻ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തു. തൊട്ടു പിന്നാലെ ഈ സെക്ടറിൽ പലതവണ യാത്ര ചെയ്തിട്ടുള്ള എംപി ശശി തരൂർ ഈ വിഷയം ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടെ ഈ വിഷയം പ്രവാസി മലയാളികൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്.

അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും ഒക്കെ വരുന്ന മലയാളികൾ ദുബായിൽ എത്തിയ ശേഷം കേരളത്തിലേക്ക് എത്തുന്നത് എക്കാലത്തും പഴഞ്ചൻ ഫ്‌ളൈറ്റിലാണ്. പല ഫ്‌ളൈറ്റുകൾക്കും സീറ്റിന് മുൻപിൽ ടിവി പോലുമില്ല. സിനിമകൾ ആവശ്യത്തിന് തെരഞ്ഞെടുക്കാൻ സാധിക്കില്ല സീറ്റുകൾ തമ്മിലുള്ള അകലം കുറവാണ്. ഒപ്പം പൊട്ടി പൊളിഞ്ഞ് ടോയ്‌ലറ്റുകളും സാധാരണമാണ്.

സായിപ്പിന് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന എമിറേറ്റ്‌സ് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന കേരള സെക്ടറിനോട് കാണിക്കുന്ന് വിവേചനം വംശീയമാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഗൾഫിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ഗൾഫ് വിമാനങ്ങൾ മി്കകവയും കാലപ്പഴക്കമുള്ളതാണെന്ന് ഏറെക്കാലമായി പരാതികളുണ്ട്. കഴിഞ്ഞ ഏതാനും മാസമായി ഗൾഫ് വിമാന കമ്പനികളുടെ വിമാനങ്ങൾ യന്ത്ര തകരാറിലാകുന്നത് പതിവ് സംഭവമാകുന്നു.

രണ്ട് മാസത്തിനുള്ളിൽ എമിറേറ്റ്‌സിന്റെ രണ്ട് വിമാനങ്ങൾ യന്ത്രത്തകരാർ കാരണം കാറാച്ചിയിലേക്ക് പോയ സംഭവമുണ്ടായിരുന്നു. റഡാർ സോഫ്റ്റ വെയറുകളിലെ പാളിച്ചമൂലമായിരുന്നു ഇതു സംഭവിച്ചത്. മറ്റൊരവസരത്തിൽ ഇത്തിഹാദിന്റെ ഒരു വിമാനം യന്ത്രത്തകരാർ കാരണം തിരിച്ചിറക്കേണ്ടി വരികയും ചെയ്തിരുന്നു.

ഗൾഫ് മേഖലയിൽ നിരവധി തവണ യാത്രചെയ്തിട്ടുള്ള തനിക്കും ഈ സെക്ടറിൽ എമിറേറ്റ്‌സ് ഉപയോഗിക്കുന്ന വിമാനങ്ങളുടെ പഴക്കത്തെപ്പറ്റിയും നിലവാരത്തെപ്പറ്റിയും ആശങ്കയുണ്ടായിട്ടുണ്ടെന്നാണ് ശശി തരൂർ എംപി ഫെയ്‌സ് ബുക്കിൽ കുറിച്ചത്. യൂറോപ്യൻ മേഖലയിൽ എമിറേറ്റ്‌സ് ഉപയോഗിക്കുന്ന വിമാനങ്ങളിൽ പ്രകടമായിത്തന്നെ ഈ മാറ്റം വ്യക്തമാണ്. ഖ്യാതിയും മേന്മയും അവകാശപ്പെടുന്ന ഒരു വേൾഡ് കഌസ് എയർലൈൻസിന് നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാകുന്നതെങ്ങനെയെന്നും തരൂർ ചോദിക്കുന്നു.

ദുബായ് വിമാനാപകടത്തിൽ നിന്ന് യാത്രക്കാരും വിമാന ജീവനക്കാരും രക്ഷപ്പെട്ടതിൽ ആശ്വസിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചതിൽ അനുശോചിക്കുന്നതായും തരൂർ പോസ്റ്റിൽ പറഞ്ഞു. ദുബായിൽ കഴിഞ്ഞദിവസമുണ്ടായ ക്രാഷ്‌ലാൻഡിങ് അന്വേഷിക്കുന്നതിനൊപ്പം ദുബായ് - കേരള സെക്ടറിൽ ഏതുതരം വിമാനങ്ങൾ ഉപയോഗിക്കണമെന്നും അവയുടെ കാലപ്പഴക്കം, ഗുണമേന്മ എന്നിവ എങ്ങനെ മെച്ചപ്പെടുത്തണമെന്നുമുള്ള പുനപരിശോധനയ്ക്ക് എമിറേറ്റ്‌സ് തയ്യാറാകണമെന്നും തരൂർ വിമാനക്കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയ കത്തിയമർന്ന വിമാനത്തിന് 13 വർഷം പഴക്കമുണ്ടായിരുന്നു. യന്ത്ര ത്തകരാറിലാകുന്ന വിമാനങ്ങളെല്ലാം കാലപ്പഴക്കം ചെന്നവയാണ്. ഗൾഫ് വിമാന കമ്പനികൾ ഏറ്റവും പഴക്കം ചെന്ന വിമാനങ്ങൾ സർവീസ് നടത്തുന്നത് ഇന്ത്യ ഉൾപ്പെടയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കാണ്.

ജൂൺ ഏഴിന് ദുബായിൽ നിന്നും പുറപ്പെട്ട ഇ കെ 522 വിമാനം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വിമാനം കറാച്ചിയുടെ മുകളിലെത്തി. വിമാനം കറാച്ചിയിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടർന്ന് വിമാനം മസ്‌ക്കറ്റിലേക്ക് പോയി ശ്രമകരമായാണ് അവിടെയിറക്കിയത്. കാലാവസ്ഥയും അനുകൂലമല്ലാതിരുന്നതോടെ റൺവേ കാണാൻ കഴിയാത്തതിനാൽ വിമാനം പല തവണ ഉയരുകയും താഴുകയും ചെയ്തതോടെ യാത്രക്കാരെ വിറപ്പിച്ച ലാൻഡിംഗാണ് ഉണ്ടായത്.

ഒടുവിൽ ഒന്നര മണിക്കൂർ പറന്നശേഷമാണ് വിമാനം മസ്‌ക്കറ്റ് വിമാനത്താവളത്തിലിറക്കിയത്. അവിടെ പ്രാഥമിക അറ്റകുറ്റപണി നടത്തിയ ശേഷം വിമാനം ദുബായിലേക്ക് പോയി. കൂടുതൽ പരിശോധനക്കായി വിമാനം അവിടെ നിർത്തിയതിനാൽ മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ഒന്നര ദിവസത്തിനു ശേഷം ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്.

അതുപോലെത്തന്നെ ഫെബ്രവരിയിൽ ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സിന്റെ 522 വിമാനം യന്ത്രം തകരാറിലായി കറാച്ചിയിലിറക്കി. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റിയെങ്കിലും ഈ വിമാനത്തിന്റെ വാതിൽ അടയ്ക്കാനായില്ല. അതിനാൽ യാത്രക്കാർ വിമാനത്തിനുള്ളിൽ ഒരു മണിക്കൂർ കുടുങ്ങി. രണ്ട് സംഭവങ്ങളും എമിറേറ്റ്‌സ് അധികൃതർ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞമാസം മൂന്നിന് പുലർച്ചെ തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനവും യന്ത്ര തകരാർ കാരണം ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കേണ്ടി വന്നിരുന്നു. രണ്ട് എഞ്ചിനുകളിൽ ഒരെണ്ണം പ്രവർത്തിക്കാത്തതാണ് പ്രശ്‌നമായത്. ഇത്തരത്തിൽ ഉണ്ടാവുന്ന സംഭവങ്ങൾ മിക്കവയും പലപ്പോഴും പുറത്തറിയാതെ സൂക്ഷിക്കാനും സൽപേരിന് കളങ്കമുണ്ടാകാതിരിക്കാനും വിമാനക്കമ്പനികൾ ശ്രമിക്കാറുണ്ട്.

അതിനാൽത്തന്നെ മികച്ച സേവനമാണ് ഇവർ നൽകുന്നതെന്ന് ധരിച്ച് യാത്രക്കാർ ഈ കമ്പനികളെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിയുമുണ്ട്. കാലപ്പഴക്കമുള്ള വിമാനങ്ങൾ പിൻവലിക്കുകയും നല്ല നിലവാരമുള്ള സേവനങ്ങളും യാത്രാസൗകര്യവും ഇന്ത്യാ-ഗൾഫ് സെക്ടറിലും മുൻനിര വിമാനക്കമ്പനികൾ ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാകുകയാണിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP