Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ടോസിലിസുമാബ് ചികിത്സയിൽ 83കാരിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് രോഗമുക്തി; ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീർണമായ അവസ്ഥയിലായിരുന്ന രോഗിക്ക് ജീവൻ തിരിച്ചു നൽകിയത് വ്യത്യസ്ത ചികിൽസാ രീതി

ടോസിലിസുമാബ് ചികിത്സയിൽ 83കാരിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് രോഗമുക്തി; ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീർണമായ അവസ്ഥയിലായിരുന്ന രോഗിക്ക് ജീവൻ തിരിച്ചു നൽകിയത് വ്യത്യസ്ത ചികിൽസാ രീതി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; കോവിഡ് രോഗബാധിതയായി അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട തൃശൂർ സ്വദേശിയായ 83കാരി 14 ദിവസം നീണ്ട ചികിത്സയെ തുടർന്ന് കോവിഡിൽ നിന്നും മുക്തി നേടി.

തുടർ ചികിത്സയ്ക്കായി ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീർണമായ അവസ്ഥയിലായിരുന്ന രോഗിക്ക് ജീവൻരക്ഷാ ഔഷധമായി ടോസിലിസുമാബ് നൽകിയതാണ് കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

മെയ് 28ന് മുംബൈയിൽ നിന്നും ട്രെയിനിലെത്തിയ ഇവരെ അർധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാക്കി. നിലവിലുള്ള ഗുരുതരമായ രോഗങ്ങൾക്കൊപ്പം കോവിഡ് കൂടി സ്ഥിരീകരിച്ചത് ചികിത്സ ഏറെ സങ്കീർണമാക്കി. തുടർന്നാണ് ഐഎൽ 6 ആന്റഗോണിസ്റ്റ് വിഭാഗത്തിൽ പെടുന്ന ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് അധികൃതർ തീരുമാനമെടുത്തത്. ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയിൽ കോവിഡ് ഭേദമായത് സുപ്രധാന നാഴികക്കല്ലാണെന്നാണ് വിലയിരുത്തൽ. തുടർച്ചയായി രണ്ടു തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് ഇവർ വൈറസ് ബാധയിൽ നിന്നും മോചിതയായതായി സ്ഥിരീകരിച്ചത്.

ഇവർക്കൊപ്പം മുംബൈയിൽ നിന്നെത്തിയ മകളും ഭർത്താവും കോവിഡ് ബാധിതരായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മകളുടെ ഭർത്താവിന്റെ നില ഗുരുതരമായിരുന്നെങ്കിലും കോവിഡ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തിയിരുന്നു. മകൾ പൊസീറ്റിവായി തുടരുന്നു.

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ എച്ച്ഐവി മരുന്നുകൾ നൽകിയുള്ള ചികിത്സയെ തുടർന്ന് രക്ഷ പ്രാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടോസിലിസുമാബ് ചികിത്സയിലൂടെ മെഡിക്കൽ കോളേജ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

പ്രിൻസിപ്പൽ ഡോ. എൻ. റോയി, വൈസ് പ്രിൻസിപ്പലും കോവിഡ് നോഡൽ ഓഫീസറുമായ ഡോ. എ. ഫത്താഹുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിൽ സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ, ആർ.എം.ഒ ഡോ. ഗണേശ് മോഹൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ.ജോ ജോസഫ്, ഡോ. പ്രൊഫ. റെനി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. കോവിഡ് ചികിത്സാരംഗത്ത് അഭിമാനകരമായ മുന്നേറ്റം കൈവരിച്ചിരിക്കുന്ന മെഡിക്കൽ കോളേജിനെയും ഡോക്ടർമാരെയും ജില്ലാ കളക്ടർ എസ്. സുഹാസ് അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP