Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

'ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവ് ദേവരാജ് ഗൗഡയ്ക്ക് നൽകി; അദ്ദേഹമാണ് അത് പുറത്തുവിട്ടത്; എന്റെ ഭാര്യയെ മർദിക്കുകയും സ്വത്തുക്കൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കുകയും ചെയ്തു'; ജെഡിഎസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ; പുറത്തായത് 2976 വിഡിയോകൾ

'ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവ് ദേവരാജ് ഗൗഡയ്ക്ക് നൽകി; അദ്ദേഹമാണ് അത് പുറത്തുവിട്ടത്; എന്റെ ഭാര്യയെ മർദിക്കുകയും സ്വത്തുക്കൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കുകയും ചെയ്തു'; ജെഡിഎസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ; പുറത്തായത് 2976 വിഡിയോകൾ

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട ജെഡിഎസ് എംപിയും സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ കാർത്തിക് രംഗത്തെത്തി. പ്രജ്വലിന്റെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് താനാണ് ബിജെപി നേതാവിന് കൈമാറിയതെന്നാണ് കാർത്തികിന്റെ വെളിപ്പെടുത്തൽ. ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്കാണ് പെൻഡ്രൈവ് കൈമാറിയതെന്നും ഇത് കോൺഗ്രസ് നേതാക്കൾക്ക് നൽകിയിട്ടില്ലെന്നും ഇയാൾ വെളിപ്പെടുത്തി.

പ്രജ്വൽ രേവണ്ണയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് കോൺഗ്രസ് നേതാക്കളാണെന്ന് അമിത്ഷാ അടക്കമുള്ളവർ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങളെന്നും ബിജെപി നേതാക്കൾക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു എന്നും വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ബിജെപി നേതാവ് ദേവരാജ് ഗൗഡയാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോകളുടെ ഉത്തരവാദിയെന്നാണ് കാർത്തിക് വെളിപ്പെടുത്തുന്നത്.

പ്രജ്വൽ തന്റെ സ്വത്ത് തട്ടിയെടുത്തെന്നും ഭാര്യയെ മർദിച്ചെന്നും കാർത്തിക് ആരോപിച്ചു. ദേവരാജ് ഗൗഡയുടെ നിർദേശപ്രകാരം പ്രജ്വലിനെതിരെ കേസ് കൊടുത്തെന്നും തന്റെ കൈവശമുള്ള പെൻഡ്രൈവിലെ വിവരങ്ങൾ വച്ച് ദേവരാജ് ബിജെപി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു. കോൺഗ്രസ് നേതാവ് പവൻ ഖേര എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കത്തിലും ഇതേ കാര്യം പരാമർശിച്ചിട്ടുണ്ട്.

''പതിനഞ്ചു വർഷത്തോളം ഞാൻ പ്രജ്വലിനും കുടുംബത്തിനുമൊപ്പം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ജോലി വിട്ടത്. എന്റെ ഭാര്യയെ മർദിക്കുകയും സ്വത്തുക്കൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഞാൻ അവിടെനിന്നു പോന്നത്. തുടർന്ന് ഞാൻ ബിജെപി നേതാവ് ദേവ്രാജ് ഗൗഡയുടെ സഹായത്തോടെ പ്രജ്വലിനെതിരെ നിയമയുദ്ധം ആരംഭിച്ചു. എനിക്ക് നീതി വാങ്ങി നൽകുമെന്ന് ഉറപ്പു പറഞ്ഞ് അദ്ദേഹം എനിക്ക് അഭിഭാഷകനെയും ഏർപ്പാടാക്കി നൽകി.

തുടർന്ന് അദ്ദേഹം എന്നോട് ഞാൻ നേരിട്ട ദുരനുഭവങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ നിർദേശിച്ചു. ദേവരാജും മാധ്യമങ്ങളോട് സംസാരിച്ചു. തുടർന്ന് പ്രജ്വൽ തനിക്കെതിരായ അശ്ലീല വിഡിയോകളൊന്നും പുറത്തുവിടരുതെന്ന് കാട്ടി കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. കോടതിവിധിയുടെ പകർപ്പ് ഞാൻ ദേവരാജിനെയും കാണിച്ചു. അദ്ദേഹം തനിക്കിതിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും ചിത്രങ്ങളും വിഡിയോയും നൽകിയാൽ അത് ജഡ്ജിക്ക് സമർപ്പിച്ച് സ്റ്റേ നീക്കം ചെയ്യാമെന്നും അറിയിച്ചു.

ഞാൻ ദേവരാജിനെ വിശ്വസിച്ച് വിഡിയോയുടെ പകർപ്പ് അദ്ദേഹത്തിന് കൈമാറി. അദ്ദേഹം അത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് എനിക്കറിയില്ല. ഞാൻ വക്കാലത്ത് ഒപ്പിട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്. തുടർന്നാണ് ദേവരാജ് പത്രസമ്മേളനം വിളിച്ച് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഞാൻ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അത് എന്നെ ബാധിക്കുന്ന കാര്യമല്ലെന്നും മിണ്ടാതിരിക്കാനുമാണ് പറഞ്ഞത്. ബിജെപി കേന്ദ്ര നേതൃത്വത്തിനും അദ്ദേഹം കത്തെഴുതി.

അദ്ദേഹം വീണ്ടും വാർത്താസമ്മേളനം വിളിച്ച് ഞാൻ ഈ പെൻഡ്രൈവ് കോൺഗ്രസ് നേതാക്കൾക്കും നൽകിയിട്ടുണ്ടെന്ന് കളവ് പറഞ്ഞു. ഞാൻ ഇത് ദേവരാജിന് മാത്രമാണ് നൽകിയത്. അയാൾ എന്നെ ചതിക്കുകയും ചെയ്തു. അയാൾ അത് ആർക്കൊക്കെ നൽകിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാൽ അയാൾക്ക് ഇതിൽനിന്നെല്ലാം കൈകഴുകാനായി, ഞാനാണ് നൽകിയതെന്നാണ് പറഞ്ഞത്.'' കാർത്തിക് പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തു. എസ്‌ഐടി അന്വേഷണത്തെ പാർട്ടി സ്വാഗതം ചെയ്തിട്ടുമുണ്ട്.

2976 വിഡിയോകൾ

പ്രജ്വൽ രേവണ്ണക്കെതിരെ നേരത്തെയും സമാനമായ വിഡിയോകൾ പുറത്തുവന്നിരുന്നെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. എന്നാൽ ലൈംഗികാതിക്രമത്തിനിരയായ വീട്ടുജോലിക്കാരി പരാതി നൽകിയതോടെയാണ് ഇക്കുറി കേസെടുത്തത്. ലൈംഗികാതിക്രം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണയ്‌ക്കെതിരെയും പരാതിക്കാരി സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ മൂത്തമകനും മുൻ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ രണ്ടുമക്കളിൽ മൂത്തയാളാണ് പ്രജ്വൽ. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സഹോദരപുത്രൻ. 2014ൽ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് പ്രജ്വൽ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2019 മേയിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 നവംബറിൽ ജനതാദൾ സെക്കുലർ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായി. മുപ്പത്തിമൂന്നുകാരനായ പ്രജ്വൽ അവിവാഹിതനാണ്.

ഹസനിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെയും നൂറുകണക്കിന് വിഡിയോകൾ വ്യാപകമായി പ്രചരിച്ചു. മിക്ക വിഡിയോകളും പ്രജ്വൽ തന്നെ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി പിന്നീട് ലാപ്‌ടോപ്പിലേക്ക് മാറ്റി സൂക്ഷിച്ചിരുന്നതാണ്. പ്രജ്വലിന്റെ വീട്ടിലും ഓഫിസിലുമാണ് എല്ലാ വിഡിയോകളും റെക്കോർഡ് ചെയ്തിരിക്കുന്നത്. കർണാടക പൊലീസ് പിടിച്ചെടുത്ത ഒരു പെൻഡ്രൈവിൽ മാത്രം 2976 വിഡിയോകൾ ഉണ്ടായിരുന്നു. ബെംഗളൂരുവിലെയും ഹസനിലെയും വീടുകളിലെ സ്റ്റോർ റൂമുകളിലാണ് കൂടുതൽ വിഡിയോകളും റെക്കോർഡ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പെൻഡ്രൈവുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP