Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

''നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്നു; വാക്സിൻ എടുത്തവർ ഡി- ഡൈമർ ടെസ്റ്റ് നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക'; കോവിഡ് വാക്സിനെടുത്തവർക്ക് ഹൃദയാഘാതമോ? വാട്സാപ്പിൽ ഭീതി പരത്തുന്ന വാർത്തയുടെ വസ്തുതയെന്ത്?

''നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്നു; വാക്സിൻ എടുത്തവർ ഡി- ഡൈമർ ടെസ്റ്റ് നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക'; കോവിഡ് വാക്സിനെടുത്തവർക്ക് ഹൃദയാഘാതമോ? വാട്സാപ്പിൽ ഭീതി പരത്തുന്ന വാർത്തയുടെ വസ്തുതയെന്ത്?

എം റിജു

കോഴിക്കോട്: കോവിഡ് വാക്സിൻ ഇറങ്ങിയ അന്നുതൊട്ട് തുടങ്ങിയതാണ് അതിനെതിരായ കുപ്രചാരണങ്ങളും. മൈഗ്രയിൻ തൊട്ട് മസ്തിഷ്‌ക്കാഘാതംവരെയുള്ള നിരവധി രോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന് കോവിഡ് വാകസിനുമായി ബന്ധപ്പെട്ട്, പലതവണ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യപ്രവർത്തകരുടെയും ശക്തമായ ഇടപെടലിന്റെ ഭാഗമായി ഇവ ഏതാണ്ട് ഇല്ലാതായി. കേരളത്തിലും കഴിഞ്ഞ കുറേക്കാലമായി കോവിഡ് വാകിസിനേഷന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പ്രചാരണങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞമാസം മുതൽ കേരളത്തിൽ വാട്സാപ്പിൽ വൻ തോതിൽ പ്രചരിച്ച ഒന്നാണ്, കോവിഡ് വാക്സിൻ എടുത്തവർക്ക് ഹൃദയാഘാതം ഉണ്ടാവുമെന്നത്.

ഇതോടൊപ്പം കളമശ്ശേരി മണ്ഡലത്തിലെ പാതാളം ഇഎസ്ഐ ആശുപത്രയിൽ കണ്ട നോട്ടീസ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന കുറിപ്പും ഭീതി പരുത്തുന്നുണ്ട്. വാക്സിനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. കാരണം വാക്സിൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതുക്കെ പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നു. പരിഹാരം വാക്സിൻ എടുത്തവർ ഡി- ഡൈമർ ടെസ്റ്റ് എന്ന രക്ത പരിശോധന നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക. ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുക ഡി ടൈമർ ലെവൽ 0.50 കൂടാൻ പാടില്ല എന്ന അറിയിപ്പാണ് നൽകിയിരിക്കുന്നത്. കുറിപ്പിൽ വാക്സിൻ എന്ന് മാത്രമാണ് നൽകിയിരിക്കുന്നതെങ്കിലും കോവിഡ് വാക്സിൻ എന്ന നിലയിലാണ് പ്രചരിക്കുന്നത്.

എല്ലാം അടിസ്ഥാന രഹിതം

പക്ഷേ ഈ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതരും വിദഗ്ധ ഡോക്ടർമാരും പറയുന്നത്. ഇത്തരം ഒരു നോട്ടീസ് തീർത്തും വ്യാജമാണെന്നും തങ്ങൾക്ക് അറിയില്ലെന്നും പറഞ്ഞ് കളമശ്ശേരി പാതാളം ഇഎസ്ഐ ആശുപത്രി അധികൃതർ വാർത്തകുറിപ്പും ഇറക്കി.

ഡി-ഡൈമർ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രോട്ടീന്റെ ഒരു ചെറിയ ശകലം പരിശോധിക്കുന്ന പരിശോധനയാണ് വാട്സാപ്പിൽ പറയുന്നത്.രക്തം കട്ടപിടിക്കുന്നതിനുള്ള തകരാറുള്ളവർക്കാണ് ഇത് ചെയ്യുന്നത്.അപകടകരമായ രക്തം കട്ടപിടിക്കുന്ന തകരാറുകൾ കണ്ടെത്തുന്നതിന് ഡി-ഡൈമർ പരിശോധന ഉപയോഗിക്കുന്നത്. പക്ഷേ അതിന് കോവിഡ് വാക്സിനുമായി ഒരു ബന്ധവുമില്ല. കേരളത്തിൽ എവിടെയും കോവിഡ് വാക്സിൻ ഉപയോഗിച്ചതിന്റെ ഭാഗമായി മരണം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും, ജനകീയ ആരോഗ്യ പ്രവർത്തകരും പറയുന്നുണ്ട്. പ്രമുഖ കാർഡിയോളജിസ്റ്റുകളും, കോവിഡ് വാക്സിൻ എടുത്തതിനെ തുടർന്ന് ഹൃദയാഘാത നിരക്ക് കൂടുന്നത് വെറും പ്രചാരണമാണെന്ന് തുറന്നു പറയുന്നു.

വ്യാജമെന്ന് കേന്ദ്രവും

കോവിഡ് പ്രതിരോധകുത്തിവെപ്പ് ഹൃദയാഘാതത്തിന് കാരണമായെന്നുള്ള റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാർശ്വഫലങ്ങൾ കണക്കിലെടുക്കാതെയാണ് കുത്തിവെപ്പിന് അടിയന്തരാനുമതി നൽകിയതെന്നുള്ള റിപ്പോർട്ടുകളും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിൻ വികസിപ്പിക്കാനും അംഗീകാരം നൽകാനും കൃത്യമായ നടപടികളാണ് കൈക്കൊണ്ടത്. ആഗോള കമ്പനികൾ പിന്തുടരുന്ന അന്താരാഷ്ട്രനിലവാരമാണ് ഇന്ത്യയും പിന്തുടർന്നത്. ഇന്ത്യ കോവിഡ് പ്രതിരോധ വാക്സിനുകളുടെ കാര്യത്തിൽ സ്വയംപര്യപ്തത കൈവരിച്ചതോടെ വിദേശവാക്സിനുകളെ വിലക്കിയെന്ന റിപ്പോർട്ടുകളും മന്ത്രി തള്ളി.

വാക്സിൻ നയത്തിൽ ഇന്ത്യൻ കമ്പനികൾക്കും വിദേശക്കമ്പനികൾക്കും ഒരേ നിയമവും നിയന്ത്രണങ്ങളുമാണ്. ആഗോളീകരണകാലത്ത് ആരോഗ്യമേഖലയിൽ രാജ്യങ്ങൾ പരസ്പരം സഹകരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച അഞ്ചുവാക്സിനുകൾ ഇന്ന് വിപണിയിലുണ്ട്.കോവിഡ് പ്രതിരോധകുത്തിവെപ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടോയെന്നുള്ള ഐ.സി.എം.ആർ. പഠനറിപ്പോർട്ടിൽ ഒന്നും ആശങ്കപ്പെടാനില്ലെന്നാണ് കണ്ടെത്തിയത്.

കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നതുമൂലം ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയൊന്നും ഉണ്ടാകില്ല എന്ന് വ്യക്തമാക്കുന്ന മറ്റൊരു പഠനവും മുമ്പ് പുറത്തുവന്നിരുന്നു. 'വാക്സിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇറ്റാലിയൻ പ്രവിശ്യയായ പെസ്‌കാരയിലെ ആളുകളിൽ തുടർച്ചയായ 18 മാസം നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്. ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബൊളോണയിലുള്ള ഗവേഷകസംഘമാണ് വിഷയത്തിൽ പരീക്ഷണം നടത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങൾ, പൾമോണറി എംബോളിസം, ത്രോംബോസിസ് മുതലായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യതയാണ് പരിശോധിച്ചത്.

വാക്‌സിൻ എടുത്തവരിൽ ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യത താരതമ്യേന കൂടുതലില്ല എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ബൊളോണയിലെ പ്രൊഫസർ ലംബേർട്ടോ മൻസോളി പറഞ്ഞത്. വ്യത്യസ്ത പ്രായം, ജെൻഡർ, പരിശോധനാചരിത്രം എന്നിവയുള്ളവരിലായിരുന്നു പരീക്ഷണം. വാക്‌സിൻ എടുത്തവരിലെ അസുഖബാധിതരുടേയും മരിച്ചവരുടേയും എണ്ണം വാക്‌സിൻ എടുക്കാത്തവരേക്കാൾ കുറവാണെന്നാണ് പഠനം സൂചിപ്പിച്ചത്. കൊറോണാ വൈറസിൽ നിന്ന് കൂടുതൽ സുരക്ഷിതർ വാക്‌സിൻ സ്വീകരിച്ചവരാണെന്നും പഠനത്തിൽ തെളിഞ്ഞിരുന്നു. ഇങ്ങനെ ഇന്തയിലും വിദേശത്തും നടന്ന പഠനങ്ങൾ നോക്കുകയാണെങ്കിൽ കോവിഡ് വാക്സിൻ തീർത്തും സുരക്ഷിതമാണെന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP