Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

രാഹുൽ മത്സരിച്ചാലും ഇനി തരൂർ പിന്മാറില്ല; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിൽ മത്സരം ഉറപ്പിക്കാം; മുഖ്യമന്ത്രി പദം വിട്ട് പാർട്ടിയിൽ റബ്ബർ സ്റ്റാമ്പാകുന്നതിനോട് ഗലോട്ടിന് എതിർപ്പ്; രാജസ്ഥാൻ മുഖ്യനിൽ സമ്മർദ്ദം അതിശക്തം; മുകൾ വാസ്‌നിക്കും പരിഗണനയിൽ; തരൂരിനോട് മത്സരിച്ചോളാൻ നിർദ്ദേശിച്ചത് സോണിയ; ഇനി നിർണ്ണായകം രാഹുലിന്റെ മനസ്സ്

രാഹുൽ മത്സരിച്ചാലും ഇനി തരൂർ പിന്മാറില്ല; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിൽ മത്സരം ഉറപ്പിക്കാം; മുഖ്യമന്ത്രി പദം വിട്ട് പാർട്ടിയിൽ റബ്ബർ സ്റ്റാമ്പാകുന്നതിനോട് ഗലോട്ടിന് എതിർപ്പ്; രാജസ്ഥാൻ മുഖ്യനിൽ സമ്മർദ്ദം അതിശക്തം; മുകൾ വാസ്‌നിക്കും പരിഗണനയിൽ; തരൂരിനോട് മത്സരിച്ചോളാൻ നിർദ്ദേശിച്ചത് സോണിയ; ഇനി നിർണ്ണായകം രാഹുലിന്റെ മനസ്സ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ശശി തരൂർ രണ്ടും കൽപ്പിച്ചു തന്നെ. രാഹുൽ ഗാന്ധി മത്സരിച്ചാലും ഇനി പിന്മാറില്ല. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂർ എംപി മത്സരിക്കുന്നതിന് കളമൊരുങ്ങിയെന്നാണ റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തരൂരിന് മത്സരിക്കാനുള്ള അനുമതി നൽകിയതായാണ് വിവരം. കോൺഗ്രസ് ഇനിയും ഔദ്യോഗിക സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് മത്സരിക്കുന്നതിന് വിമുഖത കാട്ടുകയാണ്. മുകൾ വാസ്‌നികും മത്സരിക്കാൻ സാധ്യതയുണ്ട. ഇതിൽ അന്തിമ തീരുമാനം സോണിയയുടേതാകും. അതിനിടെയാണ് തരൂർ നിർണ്ണായക നീക്കം നടത്തിയത്.

തിങ്കളാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ തരൂരിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് പച്ചക്കൊടി കാട്ടിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാവില്ലെന്നും തുറന്ന മത്സരം നടക്കട്ടെയെന്ന നിലപാടാണ് ഹൈക്കമാൻഡിനുള്ളതെന്നും സോണിയ തരൂരിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. എന്നാൽ രാഹുലിന്റേയും സോണിയയുടേയും പ്രിയങ്കയുടേയും പിന്തുണയോടെ ഒരാൾ മത്സരത്തിനുണ്ടാകും. രാഹുൽ മത്സരിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ഗാന്ധി കുടുംബത്തോട് അടുപ്പമുള്ളവർ രാഹുൽ മത്സരിക്കണമെന്ന സമ്മർദ്ദം ശക്തമാക്കുന്നുണ്ട്. രാഹുൽ എടുക്കുന്ന നിലപാടാകും നിർണ്ണായകം.

മുഖ്യമന്ത്രി പദം വിട്ട് പാർട്ടിയിൽ റബ്ബർ സ്റ്റാമ്പാകുന്നതിനോട് ഗലോട്ടിന് എതിർപ്പുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പദം തന്റെ വിശ്വസ്തന് നൽകിയാൽ ഗലോട്ട് സമ്മതം മൂളം. എന്നാൽ അത് സച്ചിൻ പൈലറ്റിനെ പ്രകോപിപ്പിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകി പാർട്ടിയെ നയിക്കാൻ രാജസ്ഥാൻ മുഖ്യനിൽ സമ്മർദ്ദം അതിശക്തമാണ്. ഫോർമുല ഉരുത്തിരിഞ്ഞില്ലെങ്കിൽ മുകൾ വാസ്‌നികിനെ മത്സരിപ്പിക്കാനായി പരിഗണിക്കും. എല്ലാം ഇനി നിശ്ചയിക്കുക രാഹുൽ ഗാന്ധിയാകും. തരൂരിനെതിരെ സ്ഥാനാർത്ഥിയെ ചിലപ്പോൾ നിർത്തില്ലെന്ന അഭ്യൂഹവും ശക്തമാണ്.

രാഹുൽ വീണ്ടും പ്രസിഡന്റാവണമെന്ന് ചില സംസ്ഥാന കമ്മിറ്റികൾ പ്രമേയം പാസ്സാക്കിയതിൽ ഹൈക്കമാൻഡിന് പങ്കൊന്നുമില്ലെന്നും തരൂരിനോട് സോണിയ വൃക്തമാക്കിയതായാണ് വിവരം. അതിനിടെ ഗലോട്ട് മത്സരിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ഇതിന് വേണ്ടി സോണിയ അനൗദ്യോഗിക സമ്മർദ്ദം ചെലുത്തും. സോണിയ വിയോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ തരൂർ മത്സരത്തിനിറങ്ങുമെന്നതിൽ സംശയമൊന്നുമില്ലെന്ന് ചില അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം താൻ സോണിയയെ കണ്ടത് ശരിയാണെന്നും എന്നാൽ കൂടുതൽ ഒന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും തരൂർ പറഞ്ഞു.

മൂന്നു ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നും സോണിയയുമായുള്ള കൂടിക്കാഴ്ച തീർത്തും സൗഹാർദ്ദപരമായിരുന്നെന്നും തരൂർ പറഞ്ഞു. സെപ്റ്റംബർ 24 മുതൽ 30 വരെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കെ, സന്ദർശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രാധാന്യത്തോടെയാണ് കാണുന്നത്. കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജയപ്രകാശ് അഗർവാൾ, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂർ എത്തിയത്.

കോൺഗ്രസിലെ വിമത വിഭാഗമായ ജി 23 കോൺഗ്രസ് നേതാക്കളുടെ കൂട്ടായ്മയിൽ ശശി തരൂർ അംഗമായിരുന്നില്ലെങ്കിലും പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം വാദിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ശശി തരൂർ ജി-23 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019-ൽ രാഹുൽ ഗാന്ധി രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്ര, ജമ്മുകശ്മീർ, യുപി കോൺഗ്രസ് ഘടകങ്ങളും രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി.

ഇന്നലെ രാജസ്ഥാൻ, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങൾ രാഹുൽ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുൽ ഗാന്ധി നൽകുമ്പോഴും സമ്മർദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുൽ അധ്യക്ഷനായില്ലെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാൻ പ്രവർത്തകർ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽതന്നെ പാർട്ടിയെ നയിക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെടുന്നു.

അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുൽ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന ഘടകങ്ങൾ ഈയാവശ്യവുമായി രംഗത്തെത്തുമെന്നറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം ആവർത്തിക്കുമ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേൽ സമ്മര്ദ്ദമുണ്ട്. പദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗലോട്ട് സമ്മതം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മറ്റ് പദവികൾ ഏറ്റെടുക്കാൻ ഗലോട്ടിന് താൽപര്യമില്ലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP