Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

അഞ്ച് രാജ്യങ്ങളിൽ പത്രാധിപ സമിതി ഉണ്ടാക്കുന്നു; മറുനാടൻ മലയാളിയുടെ നയം ഇനി വായനക്കാരുടേത്: ഗൾഫിൽ തുടക്കം

അഞ്ച് രാജ്യങ്ങളിൽ പത്രാധിപ സമിതി ഉണ്ടാക്കുന്നു; മറുനാടൻ മലയാളിയുടെ നയം ഇനി വായനക്കാരുടേത്: ഗൾഫിൽ തുടക്കം

എഡിറ്റോറിയൽ

കുറഞ്ഞ കാലയളവ് കൊണ്ട് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയ മറുനാടൻ മലയാളി കൂടുതൽ ജനകീയമാകുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വായനക്കാർക്ക് വാർത്തയിൽ ഇടപെടാൻ ആദ്യമായി അവസരം നൽകിയ മറുനാടൻ മലയാളി വായനക്കാരെ കൂടി പത്രാധിപ സമിതിയിൽ ഉൾപ്പെടുത്തുന്ന പരീക്ഷണത്തിനാണ് ഏറ്റവും ഒടുവിൽ മുതിരുന്നത്. പ്രവാസി മലയാളികളെ അഞ്ച് പ്രദേശങ്ങളായി തിരിച്ച് അഞ്ചിടത്തും പ്രത്യേക പത്രാധിപ സമിതി ഉണ്ടാക്കി പ്രവാസികളുടെ വാർത്ത ഇടപെടലിൽ വൻ പൊളിച്ചെഴുത്ത് നടത്താനാണ് ശ്രമം.

ഇതനുസരിച്ച് ഇന്നു മുതൽ മറുനാടൻ മലയാളിയുടെ രൂപത്തിൽ ചെറിയ വ്യത്യാസം വരുത്തുകയാണ്. വലത് വശത്തു കൊടുത്തിരുന്ന പരസ്യവും എംഎൻഎം സ്‌പെഷ്യലും അവിടെ നിന്ന് മാറ്റി ആ ഇടം പ്രവാസി വാർത്തകൾക്ക് മാത്രമായി നീക്ക വയ്ക്കുന്നു. അയർലന്റ്, അയർലന്റ് ഒഴികെയുള്ള യൂറോപ്പ്, ഗൾഫ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് രൂപ വ്യത്യാസം വരുത്തുന്നത്. കാനഡയും അമേരിക്കയും ഒരു എഡീഷൻ പങ്ക് വയ്ക്കുമ്പോൾ ഓസ്‌ട്രേലിയയ്‌ക്കൊപ്പം പങ്ക് വയ്ക്കുന്നത് ന്യൂസിലാന്റ് ആയിരിക്കും. എല്ലാ ഏഷ്യൻ രാജ്യങ്ങളും ഗൾഫ് വാർത്തകളിലായിരിക്കും പങ്കു വയ്ക്കുക. പരീക്ഷണാർത്ഥം ഇന്നലെ മുതൽ അയർലന്റിൽ വാർത്തകൾ കൊടുത്തു തുടങ്ങി. രണ്ട് ദിവസത്തിനകം ഓരോ രാജ്യത്തും കാണുന്നത് അതാത് രാജ്യങ്ങളിലെ വാർത്തകൾ മാത്രമായിരിക്കും. എന്നാൽ മറ്റിടങ്ങളിൽ വാർത്തകൾ വായിക്കാൻ താല്പര്യം ഉള്ളവർക്ക് അത് കാണാനും അവസരം ഉണ്ടാകും.

പ്രവാസികളുടെ ആഘോഷങ്ങളുടെയും സംഘം ചേരലുകളുടെയും വാർത്തകൾ നൽകുന്നതോടൊപ്പം അവരെ പ്രാദേശികമായി ബാധിക്കുന്ന വാർത്തകളും ഇനി മുതൽ അതാത് രാജ്യങ്ങളിൽ നൽകും. ഐപി അഡ്രസ്സ് അനുസരിച്ച് വായനക്കാരെ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട വാർത്തകൾ മാത്രം നൽകുന്ന സാങ്കേതിക വിദ്യ പൂർണ്ണ തോതിൽ നടപ്പിലാക്കാൻ ഇനിയും ഒരാഴ്ച വരെ പിടിച്ചേക്കും. പ്രാദേശിക എഡീഷനുകൾ വരുന്നതോടെ അതാതു രാജ്യങ്ങളിലെ വായനക്കാരെ മാത്രം ഉദ്ദേശിച്ചുള്ള പരസ്യങ്ങളും സ്വീകരിക്കുന്നതാണ്.

ഇതിന്റെ ഭാഗമായി അഞ്ചിടങ്ങളിലും ഓരോ റെസിഡന്റ് എഡിറ്റർമാരെയും അവരുടെ പ്രദേശത്ത് ആവശ്യമുള്ളടുത്തെല്ലാം റിപ്പോർട്ടർമാരെയും നിയമിക്കും. റസിഡന്റ് എഡിറ്റർ പദവിയോ അവിടുത്തെ റിപ്പോർട്ടർ പദവിയോ മുഴുവൻ സമയം ജോലി ആയിരിക്കില്ല. ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പാർട്ട് ടൈം ആയി മറുനാടൻ മലയാളിയോട് സഹകരിക്കാം. റസിഡന്റ് എഡിറ്റർ ആയിരിക്കും റിപ്പോർട്ടർമാരെ കോ-ഓർഡിനേറ്റ് ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള മാദ്ധ്യമ പ്രവർത്തന പരിചയം ഉള്ളവർക്ക് റസിഡന്റ് എഡിറ്റർ പദവിയിൽ മുൻഗണന നൽകും. റിപ്പോർട്ടർ ആകാൻ അത്തരം യോഗ്യതകൾ ഒന്നും ബാധകമല്ല.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നവരും സംഘടന നേതാക്കളും ഒക്കെ മറുനാടൻ മലയാളിയെ ഓരു മാദ്ധ്യമമായി പ്രയോജനപ്പെടുത്താനാണ് ഇതു വഴി അവസരം ഒരുങ്ങുന്നത്. അതാത് രാജ്യത്തെ വാർത്തകളിലും പ്രശ്‌നങ്ങളിലും എന്ത് നിലപാട് എടുക്കണം എന്ന് തീരുമാനിക്കുന്നത് റസിഡന്റ് എഡിറ്ററുടെ കീഴിലുള്ള ഈ പത്രാധിപ സമിതി ആയിരിക്കും. അങ്ങനെ എടുക്കുന്ന നയം നടപ്പിലാക്കാനായിരിക്കും മറുനാടൻ മലയാളി എഡിറ്റോറിയൽ ബോർഡ് തീരുമാനിക്കുന്നത്.

അയർലന്റിൽ അനൗപചാരികമായി ഇത്തരം ഒരു സമിതി നിലവിൽ വന്നു കഴിഞ്ഞു. പ്രധാനമായും ഇത് ആദ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ഗൾഫിലാണ്. ഒരു റെസിഡന്റ് എഡിറ്ററേയും എല്ലാ പ്രധാന രാജ്യങ്ങളിലും നഗരങ്ങളിലും ലേഖകരെയും നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ യുഎയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും എഡിറോററിയൽ ബോർഡിൽ ആളെ ഉൾപ്പെടുത്തും. അത് പോലെ തന്നെ ഖത്തർ, ഒമാൻ, ബഹ്‌റിൻ, കുവൈറ്റ്, സൗദി തുടങ്ങിയ എല്ലാ പ്രമുഖ രാജ്യങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തും. പത്രാധിപ സമിതി നിലവിൽ വന്ന് കഴിയുമ്പോൾ അവരെ കുറിച്ചുള്ള ഫോട്ടോ സഹിതം റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ലേഖകരും തയ്യാറാക്കുന്ന വാർത്തകൾ അവരുടെ പേര് സഹിതം പ്രസിദ്ധീകരിക്കും.

ഗൾഫിലെ പോലെ തന്നെ യൂറോപ്പ്, അമേരിക്ക - കാനഡ, ഓസ്‌ട്രേലിയ - ന്യൂസിലാന്റ് എന്നിവടങ്ങളിലും പത്രാധിപ സമിതിക്ക് രൂപം നൽകുന്നുണ്ട്. റസിഡന്റ് എഡിറ്ററെ ഇതിനോടകം നിയമിച്ച് കഴിഞ്ഞ അയർലന്റിലും ലേഖകരെ തേടുന്നുണ്ട്. ദിവസത്തിൽ അര മണിക്കൂർ എങ്കിലും ഇതിന് വേണ്ടി മാറ്റി വയ്ക്കാൻ പറ്റുന്നവർ ഞങ്ങളെ ബന്ധപ്പെടുക. വായനക്കാരുമായി കൂടുതൽ ഇടപഴകി മലയാള മാദ്ധ്യമ പ്രവർത്തന രംഗത്ത് വൻ അഴിച്ചു പണി നടത്താൻ ആഗ്രഹിക്കുന്നവരും മറുനാടൻ മലയാളിയുമായി സഹകരിക്കാൻ താല്പര്യം ഉള്ളവർക്കും [email protected] എന്ന വിലാസത്തിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.

നിങ്ങളെക്കുറിച്ചുള്ള ലഘു വിവരണം, ഫോട്ടോ, പ്രൊഫൈൽ എന്നിവ ഈ വിലാസത്തിൽ അയച്ചു തരിക. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വിവരം അറിയിക്കുന്നതായിരിക്കും. കേരളത്തിലെ പ്രമുഖ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ചില പ്രമുഖ മാദ്ധ്യമ പ്രവർത്തകരെ പുതിയതായി പത്രാധിപ സമിതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒപ്പം ഒട്ടേറെ പ്രമുഖർ ഏറെ വൈകാതെ മറുനാടൻ മലയാളിയിൽ എഴുതി തുടങ്ങും. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം വെബ് അഡ്രസ്സ് മാറ്റേണ്ടി വന്ന മറുനാടൻ മലയാളി വായനക്കാർക്കിടയിൽ വൻ കുതിച്ച് കയറ്റമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗമാണ് ഈ മാറ്റങ്ങളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP