Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ബിജു തോമസിന് അഞ്ച് ലക്ഷം സമ്മാനം നൽകി യാത്ര അയപ്പ്; പുതിയ ചെയർമാനായി സോജൻ സ്‌കറിയ; 10 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാഷ് അവാർഡും നൽകി; മറുനാടന്റെ വാർഷികാഘോഷം ഇസോല ഡി കോകോയിൽ പൊടിപൊടിച്ചത് ഇങ്ങനെ

ബിജു തോമസിന് അഞ്ച് ലക്ഷം സമ്മാനം നൽകി യാത്ര അയപ്പ്; പുതിയ ചെയർമാനായി സോജൻ സ്‌കറിയ; 10 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാഷ് അവാർഡും നൽകി; മറുനാടന്റെ വാർഷികാഘോഷം ഇസോല ഡി കോകോയിൽ പൊടിപൊടിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാമാരിയുടെ വെല്ലുവിളികളെ നേരിട്ട് പുതുപ്രതീക്ഷകളിലേക്ക് ലോകം നീങ്ങുമ്പോൾ, മറുനാടനും വളർച്ചയുടെ ഉയരങ്ങൾ താണ്ടുകയാണ്. പലവിധ പരീക്ഷണങ്ങളെ അതിജീവിച്ച് മലയാളിക്കൊപ്പം, മറുനാടനും ശുഭാപ്തി വിശ്വാസത്തോടെ, മുന്നേറുന്നു. ഇതിന് എല്ലാറ്റിനും ഉപരിയായി തീർച്ചയായും, ക്രെഡിറ്റ് നൽകേണ്ടത് പ്രേക്ഷകർക്കും വായനക്കാർക്കും തന്നെ. ഞങ്ങളും നിങ്ങളും എന്ന ഭേദമില്ലാതെ, നമ്മൾ എന്ന ഉത്തമബോധ്യത്തോടെ, കൈകോർത്ത് നീങ്ങുന്ന അനുഭവം. ഈ വിജയത്തിന്റെ ആഹ്ലാദം പങ്കിടാൻ, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മറുനാടൻ ജീവനക്കാർ, വർഷത്തിൽ ഒരിക്കൽ ഒന്നിച്ചുകൂടുന്നതും, ആശയങ്ങൾ പങ്കിടുന്നതും, വിനോദങ്ങളിൽ ഏർപ്പെടുന്നതും, വിരുന്നിൽ പങ്കാളികളാകുന്നതും പതിവാണ്. അത്തരത്തിൽ സുന്ദരമായ ഒരു സായാഹ്ന ഒത്തുചേരൽ ഈ വർഷവും നടന്നു. മെയ് ദിനത്തിൽ തിരുവനന്തപുരം പൂവാറിലെ ഇസോല ഡി കോകോ റിസോർട്ടിൽ വച്ചായിരുന്നു കൂടിച്ചേരൽ.

മറുനാടനിൽ മാനേജരായി ജോലിക്ക് കയറി, ജനറൽ മാനേജരായും മാനേജിങ് ഡയറക്ടറായും ഉയർന്ന് 10 വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷം കാനഡയിലേക്ക് കുടിയേറുന്ന ബിജു തോമസിനുള്ള യാത്ര അയപ്പ്, പത്ത് വർഷം സേവനം പൂർത്തിയാക്കിയ രസ്യ, ജലജ എന്നീ രണ്ടു വനിതാ ജീവനക്കാരെ ആദരിക്കൽ, പുതിയ ചെയർമാനായി സോജൻ സ്‌കറിയയുടെ ചുമതലയേൽക്കൽ എന്നിവയായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്.

10 വർഷം പൂർത്തിയാക്കുന്ന മറുനാടൻ ജീവനക്കാർക്ക് തക്കതായ പ്രതിഫലം സമ്മാനിക്കുന്ന പതിവ് കഴിഞ്ഞ വർഷം മുതലാണ് തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇടക്കാലത്ത് ഇളവ് വന്നപ്പോൾ, 2021 ഓഗസ്റ്റ് 15 ന്, തിരുവനന്തപുരം കോവളത്തെ റാവിസ് ഹോട്ടലിൽ, സംഘടിപ്പിച്ച കൂട്ടായ്മയിലാണ്, ഇത്തരത്തിൽ ആദ്യ പ്രതിഫലം നൽകിയത്. സീനിയർ ന്യൂസ് എഡിറ്റർ രജീഷിന് ഒരുലക്ഷം രൂപയാണ് അന്ന് സമ്മാനിച്ചത്. മറുനാടനിൽ 10 വർഷം പൂർത്തിയാക്കിയ രജീഷിനെ ആദരിച്ച ചടങ്ങ് വികാരനിർഭരമായിരുന്നു.

അതിന്റെ തുടർച്ചയായി, ഈ വർഷം വാർഷികാഘോഷവും യാത്ര അയപ്പും പൂവാറിലെ ഇസോല ഡി കോകോയിലും.

വൈകിട്ട് നാലരയോടെ എല്ലാവരും റിസോർട്ടിൽ ഒത്തുചേർന്ന് ചായസത്കാരത്തിൽ പങ്കുചേർന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോ എടുപ്പ്. ഭീഷ്മയിലെ മമ്മൂട്ടി സ്റ്റൈൽ 'ചാമ്പിക്കോ' ഫോട്ടോ ഷൂട്ട് ഇപ്പോൾ യൂട്യൂബിൽ വൈറലാണ്. വൈകിട്ട് ആറരയോടെ, പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചടങ്ങുകൾ ആരംഭിച്ചു.

ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ രസ്യയും, കുളത്തൂർമൂഴി സ്വദേശിയായ ജലജയും, മറുനാടനിൽ, 10 വർഷം പൂർത്തിയാക്കിയ വേളയിൽ, ഇരുവരെയും ചടങ്ങിൽ ആദരിച്ചു. ഒപ്പം, ഇരുവർക്കും 50,000 രൂപ വീതം സ്‌നേഹ സമ്മാനം നൽകി. 'ഷാജൻ സാറാണ് എന്താണ് പത്രപ്രവർത്തനത്തിൽ ചെയ്യേണ്ടതെന്ന് ഗുരുതുല്യനായി പഠിപ്പിച്ചു തന്നതെന്ന് രസ്യ പറഞ്ഞു.

താൻ 13 വർഷമായി മറുനാടനിൽ ജോലി നോക്കുന്നുവെന്നും, അതിന് മറുനാടനോട് കടപ്പെട്ടിരിക്കുന്നുവെന്നും ജലജ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

എംഡി ബിജു തോമസിന് നൽകിയ യാത്രയയപ്പ്

ദീർഘകാലം മറുനാടന്റെ ഭാഗമായിരുന്ന ബിജു തോമസി(എംഡി)ന് നൽകിയത് വികാരനിർഭരമായ യാത്രയയപ്പായിരുന്നു. മൊമെന്റോയും, അഞ്ചുലക്ഷം രൂപയുടെ ചെക്കും നൽകിയാണ് ബിജു തോമസിനെ ആദരിച്ചത്. നിറകണ്ണുകളോടെയാണ് ബിജു തോമസിന് ഷാജൻ സ്‌കറിയ വിട ചൊല്ലിയത്. തന്നോടൊപ്പം പഠിച്ച് വളർന്ന ബിജു, പല രാജ്യങ്ങളിൽ ജോലി ചെയ്ത ശേഷമാണ് 10 വർഷത്തോളം മറുനാടനിൽ സേവനം അനുഷ്ഠിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. 'ബിജുവിന് പകരം ആരുമില്ല. എനിക്ക് വളരെ കൃത്യമായി അറിയാം. കാരണം, ഞാനും ബിജും ഒന്നിച്ചുപഠിച്ചതാണ്. ഒരിക്കലും ഞാൻ ഒരു സംരംഭകൻ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിലും, ഞാൻ സൗഹൃദ സദസ്സിൽ പറഞ്ഞിട്ടുണ്ട്...ഞാനൊരു സ്ഥാപനം എന്നെങ്കിലും തുടങ്ങിയാൽ, അതിന്റെ മാനേജർ ബിജു ആയിരിക്കും. എന്നെ കാണാൻ വരുന്നവരെ പിണക്കാതെ, എന്നെ കണ്ടുവെന്ന ഫീലിങ്ങോടെ, മടക്കി അയയ്ക്കാൻ കഴിയുന്നതായിരുന്നു ബിജുവിന്റെ ഏറ്റവും വലിയ സവിശേഷത', ഷാജൻ സ്‌കറിയ പറഞ്ഞു.

ബിജു മടങ്ങി വരണമെന്ന് ആശംസകൾ നേർന്ന് മറുനാടൻ ടീം

കോട്ടയം പത്തനംതിട്ട ജില്ലകളുടെ സംഗമ ഭൂമിയായ ഇടകടത്തിയിൽ പമ്പയാറിന്റെ തീരത്ത് ജനിച്ച ബിജു തോമസ് മറുനാടൻ മലയാളിയിൽ എത്തുന്നത് മാനേജരായാണ്. പത്ത് വർഷം കൊണ്ട് ജനറൽ മാനേജരും മാനേജിങ് ഡയറക്ടറുമായി പ്രൊമോഷൻ കിട്ടിയ ശേഷം കാനഡയിലേക്ക് ജിവിതം പറിച്ചുനടുകയാണ് ബിജു. മറുനാടന്റെ ജീവനാഡിയായി ദീർഘകാലം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പൂക്കൾ വിതറി ജീവിച്ച ബിജു തോമസിന് മറുനാടൻ ടീം ഊഷ്മളമായ നന്ദി രേഖപ്പെടുത്തി.

നാട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം ബഹ്റിൻ, ഖത്തർ, മാൽഡീവ്സ് എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുകയും തുടർന്ന് ഉന്നതപഠനത്തിനായി ലണ്ടനിലേക്ക് പോവുകയും ചെയ്ത ബിജു ബ്രിട്ടണിലെ വെയ്ൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പൂർത്തിയാക്കിയാണ് മറുനാടനിൽ മാനേജരായി ജോലിയിൽ കയറുന്നത്. അവിടെ നിന്നാണ് മാനേജിങ് ഡയറക്ടർ പദവി വരെ ഉയർന്നത്. രണ്ട് ഘട്ടങ്ങളിലായി പത്തുവർഷത്തിലധികമാണ് ബിജുവിന്റെ സേവനം മറുനാടന് ലഭിച്ചത്. മറ്റൊരു രാജ്യത്തേക്ക് ജീവിതം പറിച്ച് നടുന്ന ബിജുവിന് അഭിനന്ദനങ്ങളും ആശംസകളും.... മടങ്ങി വരുമെന്ന് തന്നെയാണ് മറുനാടൻ ടീമിന്റെ പ്രതീക്ഷ.....

മടങ്ങി വരുമെന്ന് പ്രതീക്ഷ: ബിജു തോമസ്

പ്രതീക്ഷിക്കാത്ത തരത്തിലുള്ള വാക്കുകളാണ് എല്ലാവരും സ്‌നേഹത്തോടെ പറഞ്ഞത്. ഞാനും ഷാജനും വളരെ ചെറുപ്പം മുതലേയുള്ള സുഹൃത്തുക്കളാണ്. ആ അടുപ്പം ഇന്നും സൂക്ഷിക്കുന്നു എന്നത് വലിയ കാര്യമായാണ് കാണുന്നത്. ആ സൗഹൃദത്തിന്റെ ഭാഗമായി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്, അഭിമാനമുണ്ട്. അതിനിയും മരണം വരെയും ഉണ്ടാകും. മറുനാടൻ പടർന്ന് പന്തലിച്ച് വടവൃക്ഷമാകുമ്പോൾ, ഇനിയും മടങ്ങി വരാൻ ആകുമെന്നാണ് പ്രതീക്ഷ-ബിജു തോമസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സോജൻ സ്‌കറിയ പുതിയ ചെയർമാൻ

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ ഇടകടത്തി ഗ്രാമത്തിൽ ജനിച്ച കർഷകനും വിദ്യാഭ്യാസ വിദഗ്ദ്ധനും പൊതുപ്രവർത്തകനുമായ സോജൻ സ്‌കറിയ ആണ് പുതിയ ചെയർമാൻ. നിലവിലുള്ള ചെയർമാൻ ഷാജൻ സ്‌കറിയ ബിജു തോമസിന് പകരമായി മാനേജിങ് ഡയറക്ടറായി മാറുമ്പോൾ പകരമാണ് സോജന് പുതിയ പദവി ലഭിച്ചത്.

മറുനാടൻ കുടുംബത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള മോഡേണൈസേഷൻ പദ്ധതികൾക്ക് സോജൻ സ്‌കറിയ നേതൃത്വം നല്കും.മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ എക്ണോമിക്സ് എടുത്ത സോജൻ എൻസിആർടിയിൽ നിന്നും എംഎഡും നേടിയിട്ടുണ്ട്. കൗൺസിലിങ് ആൻഡ് സൈക്കോളജിക്കൽ എംസ്, അപ്ലെഡ് സൈക്കോളജിയിൽ എംഎസ്സി, എംബിഎ എന്നിവയും സോജന്റെ ബിരുദാനന്തര ബിരുദ യോഗ്യതകളാണ്. സ്പെഷ്യൽ എജ്യുക്കേഷനിൽ ഇപ്പോൾ മൈസൂർ എൻസിആർടിയിൽ പിഎച്ച്ഡി ചെയ്തുവരുന്നു. എരുമേലി ഗ്രാമപഞ്ചായത്തിലെ ഇടത് പക്ഷ പ്രതിനിധിയായി ഹെൽത് ആൻഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഓൾ കേരള ട്രെനിങ് കോളേജ് പ്രിൻസിപ്പൾ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചമ്പക്കുളത്തെ പോരോക്കര ബിഎഡ് കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ നിന്നും രാജി വച്ചാണ് മറുനാടന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ബിഎഡ് കോളേജുകളിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഒരു പുസ്തകം അടക്കം രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് സോജൻ. സോജൻ സ്‌കറിയായ്ക്ക് മറുനാടൻ കുടംബത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം അർപ്പിച്ചു.

' പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ ചേർന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, ഇപ്പോൾ അച്ചനായാൽ ശരിയാകുകേലാ എന്നുതോന്നി. തിരിച്ചുവീട്ടിൽ വന്നു. അന്ന് പ്രീഡിഗ്രി അവിടെ പാലായിലാണ് പഠിച്ചത്. അതിന് ശേഷം ഡിഗ്രിക്ക് കാഞ്ഞിരപ്പള്ളി കോളേജിൽ ചേട്ടന്മാരുടെ ഒക്കെ പാത പിന്തുടർന്നു. ഡിഗ്രിയും, അവിടെതന്നെ പിജി എക്കണോമിക്‌സും പഠിച്ച് കഴിഞ്ഞപ്പോഴാണ്, എനിക്കൊന്ന് സന്ന്യസിച്ചാൽ കൊള്ളാമെന്ന് തോന്നിയത്. ഞാനൊരു ബെനഡിക്റ്റൻ ആശ്രമത്തിൽ സന്ന്യസിക്കാൻ പോയി. രണ്ടുവർഷം കഴിഞ്ഞ് അവിടം വിട്ടു. പിന്നീട് പഠിച്ചിടത്ത് തന്നെ ബിഎഡ് കോളേജിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. 12 വർഷമായി ഒരു കോളേജിൽ പ്രിൻസിപ്പലായി ജോലി അനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലേക്ക് മത്സരിക്കുകയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആകുകയും ചെയ്തു. പത്രപ്രവർത്തനത്തിൽ ഇത് ആദ്യത്തെ ചുവട് വയ്പാണ്. മറുനാടൻ പോലെ മാതൃകാപരമായ പത്ര പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിയുമ്പോൾ, വ്യക്തിപരമായ നേരിയ ആശങ്കകൾ ഉണ്ടെങ്കിലും, സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കും'-സോജൻ സ്‌കറിയ പറഞ്ഞു.

തുടർന്ന് മറുനാടൻ ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.

ഹൃദ്യമായ വിരുന്നോടെ പരിപാടികൾക്ക് സമാപനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP