Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമാനതകളില്ലാത്ത ദുരിതങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്നരുമ്പോൾ ജീവിതം ദുസ്സഹമാകും; കൂനിന്മേൽ കുരുപോലെ പ്രകൃതിയും സംഹാര താണ്ഡവമാടിയപ്പോൾ പകച്ചത് കൂട്ടിക്കലിലേയും കൊക്കയാറിലേയും സാധാരണക്കാർ; അവർക്ക് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം; ഈ പച്ചയായ ജീവിതങ്ങൾക്ക് നമുക്കൊരുമിച്ച് തണലാകാം

സമാനതകളില്ലാത്ത ദുരിതങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്നരുമ്പോൾ ജീവിതം ദുസ്സഹമാകും; കൂനിന്മേൽ കുരുപോലെ പ്രകൃതിയും സംഹാര താണ്ഡവമാടിയപ്പോൾ പകച്ചത് കൂട്ടിക്കലിലേയും കൊക്കയാറിലേയും സാധാരണക്കാർ; അവർക്ക് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം; ഈ പച്ചയായ ജീവിതങ്ങൾക്ക് നമുക്കൊരുമിച്ച് തണലാകാം

പ്രത്യേക ലേഖകൻ

രു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ച് കെട്ടിപ്പടുത്തതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്ത് തരിപ്പണമാക്കി മനുഷ്യനെ പൂർണമായി നിസ്സഹായാവസ്ഥയിൽ എത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. കുട്ടിക്കലിലും എന്തയാറിലും കൊക്കയാറിലും ഇത് മനുഷ്യൻ നേരിട്ട് അനുഭവിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിൽ പ്രകൃതി എല്ലാം മറന്ന് സംഹാര താണ്ഡവമാടിയപ്പോൾ അവർ പകച്ചു പോയി.

ഒരു സർക്കാരിനോ ചെറിയൊരു സമൂഹത്തിനോ പുനർനിർമ്മിക്കുവാൻ അസാധ്യമായ വിധത്തിലാണ് ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമൊക്കെ നാശനഷ്ടങ്ങൾ വിതച്ചത്. ഈ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയാണ് ഞങ്ങൾ ഇത്തരം ഒരു അപേക്ഷയുമായി മുന്നോട്ട് വന്നത്. സമാനതകളില്ലാത്ത ദുരിതങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്ന ചിലരുടെ ജീവിതം സഹിക്കാവുന്നതിലുമപ്പുറമാണ്.

നിരവധി അപേക്ഷകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും, ആവാസിനും ലഭിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രതിനിധികൾ നേരിട്ടും, അല്ലാതെയും നടത്തിയ അന്വേഷണത്തിൽ ഏറ്റവും അർഹരായവർ എന്ന് തോന്നിയ 24 പേരിൽ ചിലരുടെ വിശദമായ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രസദ്ധീകരിച്ചിരുന്നു. ബാക്കിയുള്ളവരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സുമനസ്സുകളുടെ കൈതാങ്ങ് ആവശ്യമുള്ളവർ.

ഒഴുകിപ്പോയ ജീവിത സംരംഭം

കേരളത്തിന്റെ മലയോരമേഖലയായ ഇടുക്കി ജില്ലയിൽപ്പെട്ട മുണ്ടക്കയം പ്രദേശത്തെ കൂട്ടിക്കൽ ഗ്രാമത്തിൽ 2021 ഒക്ടോബർ 16 ന് ഉണ്ടായ ഉരുൾ പൊട്ടലിലും മല വെള്ളപ്പാച്ചിലിലും ജീവനും ജീവിതവും നഷ്ടപ്പെട്ടവർ നിരവധിയാണ്. അച്ഛനും അമ്മയും, ഭാര്യയും ഭർത്താവും മക്കളുമൊക്കെ അടങ്ങിയ കുടുംബജീവിതം കരുപ്പിടിപ്പിക്കുവാൻ രാപകലില്ലാതെ അധ്വാനം മാത്രം കൈമുതലായുള്ള മലയോര ജനത വസിക്കുന്ന കൂട്ടിക്കലിൽ ഉണ്ടായ ഭീകരമായ പ്രകൃതി ദുരന്തത്തിൽ കുടുംബജീവിതം ഭദ്രമാക്കാനും മാതാപിതാക്കളെയും മക്കളെയും സംരക്ഷിക്കാൻ കുടുംബനാഥന്മാർക്കൊപ്പം അധ്വാനിക്കാൻ തീരുമാനിച്ചിറങ്ങിയ വനിത സംരംഭകരായിരുന്നു ജലജ ഷാജിയും, സൗമ്യ ജോജിയും, സെലീൽ തോമസും. കുടുംബശ്രീ വായ്പാ സഹായത്തോടെ കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി നല്ലരീതിയിൽ പ്രവർത്തിച്ചുകണ്ടിരിക്കവെയാണ് പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി ഹോട്ടലിലെ മുഴുവൻ സാധനസാമഗ്രികളും നശിച്ചു പോയത്.

നാട്ടുകാർക്ക് ചെറിയ വിലക്ക് (20 രൂപ) ഊണ് നൽകുകയും അതുവഴി തങ്ങളുടെ കുടുംബ പ്രാരാബ്ധ ഭാരവും കുറക്കാൻ ചെറിയ വരുമാനമാർഗ്ഗവുമായിരുന്നു ഹോട്ടൽ. കുടുംബശ്രീ വനിതകൾ ഒത്തൊരുമയോടും സ്‌നേഹത്തോടും കൂടി മുന്നോട്ടു കൊണ്ടുപോയ സംരംഭം. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ സർവ്വവും നശിച്ചുപോയി. തങ്ങളുടെ ജീവിത സമ്പാദ്യമായി കണ്ട സംരംഭം നഷ്ടപ്പെട്ട വേദന ഓർമ്മയായി നിൽക്കുന്നു. അതോടൊപ്പം വായ്പയായി ഹോട്ടൽ തുടങ്ങാനെടുത്ത 3,25,000 രൂപ എങ്ങനെ തിരിച്ചടക്കുമെന്ന് അറിയാതെ പ്രയാസപ്പെടുകയാണ് ജലജയും സഹപ്രവർത്തകരും.

എങ്കിലും നാട്ടിലുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയെ സഹായിക്കാനും വീടും സർവ്വവും നഷ്ട പ്പെട്ടവർക്കും തൊഴിലാളി സമൂഹങ്ങൾക്കും ഭക്ഷണം നൽകുന്നതിനായി കൂട്ടിക്കലിൽ തന്നെ തങ്ങളുടെ സ്വകാര്യ നിക്ഷേപമായി കൊണ്ടുനടന്നിരുന്ന കഴുത്തിലെ സ്വർണ്ണമാലകളും മറ്റ് ആഭരണങ്ങളും പണയം വെച്ച് 14,000 രൂപ മാസവാടകയ്ക്ക് ഒരു വീടെടുത്ത് ജലജയും സഹപ്രവർത്തകരും വീണ്ടും ഹോട്ടൽ തുടങ്ങിയിരിക്കുന്നു. പൂർണ്ണമായും ജനകീയ സേവനം എന്നോണമായിട്ടാണ് ജനകീയ ഹോട്ടൽ വീണ്ടും തുടങ്ങിയത്. വളരെ ദുരിതാവസ്ഥയിലും വിഷമതയിലും കഴിഞ്ഞു കൂടുന്ന ഒരു ഗ്രാമത്തിലെ ജനതയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ജലജക്കും സഹപ്രവർത്തകർക്കും ഈ പ്രസ്ഥാനവുമായി നിലനിന്നു പോകണമെങ്കിൽ ഏതെങ്കിലും വിധേന ഒരു കൈത്താങ്ങായി സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഇവരെ സഹായിക്കാൻ ഈ സഹോദരിമാരുടെ കണ്ണീരൊപ്പാൻ പ്രിയ വായനക്കാരിൽ പ്രത്യാശ അർപ്പിച്ചു കൊണ്ടാണ് ഇവരുടെ അവസ്ഥ നിങ്ങളോട് പങ്കുവയ്ക്കുന്നത്.

ഉഷാ രാജൻ

ഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി 52 കാരിയായ ഉഷാ രാജനെ വിധി ക്രൂരമായി വേട്ടയാടുകയാണ്. മൂന്ന് പെൺകുഞ്ഞുങ്ങളുമായി സുന്ദരമായൊരു കുടുംബജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുമ്പോഴാണ് ആരോഗ്യവാനായിരുന്ന ഭർത്താവിനെ ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ മരണം പൊടുന്നനെ അപഹരിക്കുന്നത്. വെറും 33 വയസ്സിലായിരുന്നൂ ഭർത്താവിനെ നഷ്ടപ്പെട്ടത്. പൊടികുഞ്ഞുങ്ങളുമായി ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ യൗവ്വനത്തിൽതന്നെ വിധവയായി നിസ്സഹായവസ്ഥയിലേക്ക് തള്ളപ്പെട്ടുവെങ്കിലും എന്തെങ്കിലുമൊക്കെ ജോലിചെയ്ത് മക്കളെ വളർത്തി വലുതാക്കണമെന്ന ആഗ്രഹമാണ് പിന്നീട് മുന്നോട്ട് ജീവിക്കുവാൻ ഉഷയെ പ്രേരിപ്പിച്ചത്. പക്ഷേ, വിധി മറ്റൊരു ക്രൂരതയ്ക്ക് കളമൊരുക്കുകയായിരുന്നൂ. ഓമനിച്ച് താലോലിച്ച് വളർത്തിയ മക്കളിലൊരാൾക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുകയും കടവും വിലയും മേടിച്ച് ചികിൽസകൾ നടത്തിയെങ്കിലും വെറും 12 കാരിയായ ആ ബാലികയെയും മരണം അധികം വൈകാതെ തട്ടിയെടുത്തു.. കഷ്ടപ്പാടുകൾ സഹിച്ച് മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്ന ഈ കുടുംബത്തിനേറ്റ മറ്റൊരു പ്രഹരമായിരുന്നൂ അപ്രതീക്ഷിതമായെത്തിയ ഈ അസുഖവും തുടർന്നുണ്ടായ മരണവും. രണ്ടു മക്കളുമായി അഞ്ചു സെന്റിലെ ചെറിയ കൂരയിൽ പ്രിയപ്പെട്ടവരുടെ വേർപാടിന്റ വിഷമങ്ങളാകെ ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് ഇക്കഴിഞ്ഞയിടെ മുണ്ടക്കയം പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സംഭവിക്കുന്നതും കുത്തിയൊലിച്ച് വന്ന വെള്ളപ്പാചിലിൽ ഇവരുടെ വീട് വാസയോഗ്യമല്ലാതായിത്തീരുന്നതും.

വീട് നഷ്ടപ്പെട്ടതിന്റെ വ്യഥയിൽ ബുദ്ധിമുട്ടുമ്പോഴാണ് എവിടെയോ പതിയിരുന്ന വിധി ഒരു വാശിയ്‌ക്കെന്നപോലെ ഇപ്പൊൾ വീണ്ടും ഈ കുടുംബത്തെ പിടികൂടിയിരിക്കുന്നത്. 22 കാരിയായ ഇളയ മകൾ ഷാനിക്ക് ബ്രെസ്റ്റ് ക്യാൻസർ പിടിപെടുകയും ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളായി കീമോ, റേഡിയേഷൻ തുടങ്ങിയ ചികിത്സയിലുമാണ്. പഠനത്തിൽ മിടുക്കിയായ ഷാനി ബി കോം ബിരുദധാരിണിയാണ്. ഉന്നതവിദ്യാഭ്യാസത്തിലൂടെ നല്ലൊരു ഭാവി കെട്ടിപ്പടുത്ത് ദുരിതക്കയത്തിലൂടെ നീന്തുന്ന അമ്മയ്ക്ക് ഒരു കൈത്താങ്ങാകണമെന്ന ഷാനിയുടെ ആഗ്രഹത്തെയാണ് ഇപ്പൊൾ ബ്രെസ്റ്റ് ക്യാൻസർ എന്ന അസുഖം തല്ലിക്കെടുത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയെങ്കിലും ഓരോ കീമോ തെറാപ്പിക്കും ഏകദേശം 10000 രൂപയോളം ചിലവുമുണ്ട്. അണുബാധയുണ്ടാകുനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ആശുപത്രിയിലേക്കുള്ള ദീർഘദൂര യാത്രായ്ക്ക് ഓട്ടോറിക്ഷ ചാർജ്ജ് തന്നെ നല്ലൊരു തുകയാകുന്നൂണ്ട്. ഏകദേശം 12 കീമോയും തുടർന്ന് വീണ്ടും സർജറികളും വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. രോഗത്തിന്റെ തുടക്കത്തിൽ കാഞ്ഞിരപ്പള്ളി ഹോസ്പിറ്റലിൽ വെച്ച് ഒരു സർജറി കഴിഞ്ഞിരുന്നു.

സുമനസ്സുകളുടെ സഹായത്താലാണ് ഈ നിർദ്ധന കുടുംബം ഇപ്പൊൾ കഴിയുന്നതും ഷാനിയുടെ ചികിൽസകൾ നടത്തുന്നതും. ഈ കുടുംബത്തിന്റെ ദയനീവസ്ഥ കണ്ട് നാട്ടുകാരിലൊരാൾ ഇവർക്ക് താമസിക്കാൻ അദ്ദേഹത്തിന്റെ വീട് താൽക്കാലം സൗജന്യമായി നൽകിയിട്ടുണ്ട്. പക്ഷേ, മഴക്കാലമെത്തിക്കഴിഞ്ഞാൽ ഇതും വാസയോഗ്യമല്ലായിതീരും. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും ചികിസക്കായി പണം കണ്ടെത്തുന്നതിന് വേണ്ടി പണയത്തിലാണ്.

മകൾ അസുഖബാധിതയായി അവശനിലയിലായതിനാൽ ഉഷയ്ക്ക് യാതൊരു വിധ ജോലിക്കും പോകുവാനും സാധിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കൂലിപ്പണിക്ക് പോയാൽ കിട്ടുന്ന 400 രൂപയാണ് ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനം. കൂടെ 1500 രൂപാ വാർദ്ധക്യപെൻഷനും. സർക്കാർ സംവിധാനങ്ങളിൽ നിന്നോ മറ്റ് ഏതെങ്കിലും സംഘടനകളിൽ നിന്നോ ഇവർക്ക് ഇതുവരെ യാതൊരു സഹായവും കിട്ടിയിട്ടില്ല.

സാലി സോമൻ

സാലി സോമൻ തൊഴിലുറപ്പു വർക്കർ ആണ്. ഭർത്താവു 70 വയസ്സുള്ള സോമൻ ചെറിയ തയ്യൽ ജോലികൾ ചെയ്യുന്നു. രണ്ടു മക്കൾ, ഒരാൾ ഓട്ടോഡ്രൈവർ ആണ്, രണ്ടാമത്തെയാൾ കൂലിപ്പണി ചെയ്യുന്നു. ആകെയുണ്ടായിരുന്നത് 2 സെന്റ് സ്ഥലവും പഞ്ചായത്തിന്റെ സഹായത്തോടെയും, കടം വാങ്ങിയും വച്ച ഒരു ചെറിയ വീടും ആയിരുന്നു. 2015 ലാണ് വീടുപണി പൂർത്തിയായത് .ഇക്കഴിഞ്ഞ പ്രളയത്തിൽ അത് മുഴുവനായും ഒഴുകി പോയി .ഇപ്പോൾ വാടകക്ക് താമസിക്കുന്നു.

സുരേഷ്

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽപ്പെട്ട കൂട്ടിക്കൽ പാലം ജങ്ങ്ഷനു സമീപം താളുങ്കൽ റോഡ് സൈഡിൽ പുറംപോക്കിൽ താമസിക്കുന്ന പുതുപ്പറമ്പിൽ വീട്ടിൽ രാഘവൻ മകൻ പി.ആർ. സുരേഷ് എന്നയാൾ കേരളത്തിൽ 16-10-2021ലുണ്ടായ പ്രകൃതിദുരന്തത്തിൽ വീട് വാസയോഗ്യമല്ലാതായി. വ്യദ്ധയായ മാതാവ് (90വയസ്സ്)വീഴ്ചയിൽ തലച്ചോറിന് ക്ഷതംസംഭവിച്ച് കിടപ്പിലാണ്. സുരേഷിന്റെ ഏക ജീവിത മാർഗ്ഗമായിരുന്ന ഓട്ടോറിക്ഷ ഒരുപകടത്തിൽപ്പെട്ട് തകർന്ന് ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്.

ജിയ ജോജി

പാഠ്യേതര വിഷയങ്ങളിൽ പിന്നോട്ട് നില്ക്കുകയും ഓർമ്മകുറവും തുടങ്ങി ജിയയെ നിരവധി പ്രയാസങ്ങൾ ആണ് അലട്ടുന്നത്. അച്ചൻ ജോജി നടുവിന് അസുഖം ബാധിച്ച് ചികിത്സയിലാണ്. സുഷുമ്നാ നാഡിയിൽ ഉണ്ടായ രോഗത്തിന് ജോജി ചികിത്സയിലാണ്. ഒപ്പം അമ്മ ഹൃേ്രദാഗിയുമാണ്. സ്വന്തമായി വീടില്ലാത്ത ജിയ വാടക വീട്ടിലാണ് താമസം. 8, 4, 1 ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളാണ് ജോജിക്ക്.

അപ്പച്ചൻ

മുണ്ടക്കയം അടുത്ത് വേലനിലം സ്വദേശിയായ അപ്പച്ചനും (59 വയസ്സ്) ഭാര്യയും പ്ലസ് 2 , പത്താം ക്ലാസ്സുകാരുമായ രണ്ടാണ്മക്കളും അടങ്ങുന്ന ഇടത്തരം കുടുംബത്തിന്റെ ആകെ ഉള്ള വരുമാന മാർഗ്ഗം ലൈറ്റ് & സൗണ്ട്, മേശ, കസേര ഒക്കെ വാടകയ്ക്ക് കൊടുക്കുന്ന ഒരു കട്ടയായിരുന്നു. 30 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അപ്പച്ചൻ സ്വന്തം വരുമാനമൊക്കെ സ്വരുക്കൂട്ടി പട്ടയം ഇല്ലാത്ത ഏഴര സെന്റ് സ്ഥലവും ഒരു ഇരുനില വാർക്ക വീടും ഏതാനും വർഷങ്ങൾക്ക് മുൻപ് മുണ്ടക്കയത്ത് സ്വന്തമാക്കിയത് . ആ വീടും സ്ഥലവും പൂർണ്ണമായും വെള്ളപ്പൊക്കത്തിൽ നശിച്ചു പോയത്രേ. അതോടൊപ്പം കടയിലും വെള്ളം കയറി സൗണ്ട് സിസ്റ്റവും ലൈറ്റുകളും മുഴുവൻ നശിച്ചു പോയി.

വീട് പോയവർക്ക് പത്ത് ലക്ഷം രൂപ സർക്കാർ നൽകുമെന്ന് പറഞ്ഞെങ്കിലും ഇത് വരെ ഒരു നീക്കി പോക്കുമുണ്ടായിട്ടില്ലാത്രേ. പാലാ രൂപതയിൽ നിന്നുള്ള പതിനായിരം രൂപയും ഇടവക പള്ളിയിൽ നിന്ന് അൻപതിനായിരം രൂപ ലഭിച്ചതായി വികാരിയച്ചൻ അറിയിച്ചു . മോശമല്ലാത്ത രീതിയിൽ കഴിഞ്ഞിരുന്ന അപ്പച്ചൻ ഇപ്പോൾ കഷ്ട സ്ഥിതിയിൽ ആണെന്നാണ് അച്ചനും പറഞ്ഞത്. വെള്ളപ്പൊക്കത്തിൽ വീട് വാസയോഗ്യമല്ലാത്തതിനാൽ ഇപ്പോൾ വാടകവീട്ടിലാണ് ഇവർ കഴിയുന്നത് . കടം വാങ്ങിയെങ്കിലും ബിസിനസ്സ് വീണ്ടും തുടങ്ങാൻ ഉള്ള പരിശ്രമത്തിൽ ആണ് അപ്പച്ചൻ. അപ്പച്ചന്റെ മൂത്ത സഹോദരൻ അടുത്ത കാലത്ത് കോവിഡ് വന്നു മരിച്ചിരുന്നു. പരേതന്റെ നാല്പത്തിന്റെ ചടങ്ങുകൾ കൂടുംബ വീട്ടിൽ നടക്കുന്ന സമയത്താണ് വെള്ളപ്പൊക്കത്തിൽ വീടും പുരയിടവും ഒലിച്ചു പോകുന്നത്. മറ്റ് സഹോദരങ്ങൾ ഒക്കെ കൂലിപ്പണിക്കാരാണ് .

മോഹനൻ ടി വി

ഴിഞ്ഞ 30 വർഷമായി ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തുകയായിരുന്നു മോഹൻ. ആദ്യം സഹോദഹരോനോടൊപ്പം നടത്തിയിരുന്ന കട കഴിഞ്ഞ 15 വർഷമായി ക്രിയ വേറൊരു കടയാക്കി മാറ്റിയിരുന്നു.വാടകക്ക് ടൗണിലെ ഓഡിറ്റോറിയത്തിൽ ഒരു റൂം വാടകക്ക് അടുത്താണ് നടത്തിയിരുന്നത്.ഓഡിറ്റോറിയം വെള്ളപ്പൊക്കത്തിൽ മുങ്ങിപോയപ്പോൾ ഷോപ്പിലെ എല്ലാ സാധനങ്ങളും നഷ്ടമായി .ഒരു സെനറ്റ് ഭൂമി പോലും സ്വന്തായി ഇല്ലാത്ത മോഹൻ താമസവും വാടകക്കാണ്.രണ്ടര ലക്ഷം രൂപയുടെ നഷ്ട്ടമാണുണ്ടായത്.

മോഹന്റെ ഭാര്യ കാല്മുട്ടിനുണ്ടായ പരിക്ക് കാരണം ജോലികളൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. രണ്ടു വിവാഹിതരായ പെണ്മക്കളാണുള്ളത്. ഒപ്പം താമസിക്കുന്ന മകൾ തോറിലുറപ്പിനു പോകുന്ന.മരുമകൻ വർക്‌സോപ്പിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു.

ലൈല സാബു

ളരെ ദരിദ്ര കുടുംബമായ ലൈല സാബുവിന്റെ ഭർത്താവ് 4 വർഷം മുൻപ് മരണപ്പെട്ടു. നാല് സെന്റ് സ്ഥലവും ചെറിയ ഒരു വീടുമാണ് ആകെയുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഉരുൾപ്പൊട്ടലിൽ വീടും വീട്ടുസാധനങ്ങളും ഒലിച്ചുപോയി. ഇപ്പോൾ വാടകവീട്ടിൽ താമസിക്കുന്ന ഇവർക്ക് സ്വീപർ ജോലിയിൽ നിന്നും ലഭിക്കുന്ന ലൈലയുടെ വരുമാനമാത്രമാണുള്ളത്.

ലളിത കെ ഇ

ളരെ ദരിദ്രമായ കുടുംബം, കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളും 76 വയസ്സുള്ള പിതാവുമുള്ള വിധവയാണ് ലളിത. അടുത്തിടെയുണ്ടായ മണ്ണിടിച്ചിൽ വീടിന്റെ തൊട്ടടുത്ത ഭാഗം ഒലിച്ചുപോയതിനാൽ വീട് താമസയോഗ്യമല്ല. ഇപ്പോൾ തന്നെ കടക്കെണിയിലായ ലളിതയുടെ മകളുടെ നഴ്സിങ് പഠനം പാതിവഴിയിലാണ്. പ്രാദേശിക സഹകരണ ബാങ്കിലെ ലോണിന്റെ അടവ് മുടങ്ങിയ അവസ്ഥയിലാണ്.

ലോക്കൽ ഗവൺമെന്റ് ജോബ് അഷ്വേർഡ് സ്‌കീമിലെ ലളിതയുടെ ചെറിയ ജോലിയും അവളുടെ വൃദ്ധനായ അച്ഛന് തെരുവിൽ ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനവുമാണ് കുടുംബത്തിനാകെയുള്ളത്.

വികെ സാജൻ

ടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്തിൽ കുറ്റിപ്ലാങ്ങാട് വാകശ്ശേരിൽ വീട്ടിൽ സാജൻ സ്വന്തമായി നടത്തിപോന്ന ഒരു ചെറിയ വർക്ക് ഷോപ്പിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അമ്മയും ഭാര്യയും ഏഴാം ക്‌ളാസിൽ പഠിക്കുന്ന മകളുമടങ്ങിയ കുടുംബം സന്തോഷപൂർവ്വം ജീവിച്ചു വരുകയായിരുന്നു . അവരുടെ ചെറിയ കുടുംബത്തിലേക്കാണ് വിധി മലയിടിച്ചിലിന്റേയും പ്രളയത്തിന്റെയും രൂപത്തിലെത്തിയത് . ജീവനോപാധിയായ വർക്ക് ഷോപ്പ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപോകുകയും ഒഴുകിയെത്തിയ ചെളിയിൽ മൂടിപ്പോകുയും ചെയ്തു . പണിയായുധങ്ങളും വർക്ക് ഷോപ്പിലെ മറ്റു ഉപകരണങ്ങൾ നശിച്ചു പോയത് കൂടാതെ വർക്ക് ഷോപ്പിൽ പണിക്കായി കസ്റ്റമേഴ്‌സ് എത്തിച്ച വാഹനങ്ങൾ ഒഴുകി പോയതിന് നഷ്ടപരിഹാരവും ഈ ചെറുപ്പക്കാരൻ നല്‌കേണ്ടിവരുന്നു .

കുടുംബത്തിന്റെ ഏകവരുമാനമാർഗ്ഗമായിരുന്ന വർക്ക്‌ഷോപ്പ് വൻ തുക മുടക്കി നവീകരിച്ചാൽ മാത്രമേ ആ കുടുംബത്തിന് ഒരു ജീവിതമാർഗ്ഗം തുറന്നുകിട്ടുകയുള്ളു ഒപ്പം നഷ്ടപരിഹാരം നല്‌കേണ്ട തുകയും സാജന്റെ മുന്നിൽ ചോദ്യചിഹ്നമാണ് .

ദിലീപ്

33 വയസ്സ് ഉള്ള കാൻസർ രോഗി കഴിഞ്ഞ ഒരു വർഷത്തിലധികമായി തിരുവനത്തപുരം ആർസിസിയിൽ അഡ്‌മിറ്റ് ആയിരുന്നു ഇപ്പോൾ എല്ലാ മാസവും കീമോ ട്രീറ്റ്‌മെന്റ് നടത്തുന്നു. ഒരു സഹോദരൻ 34 വയസുള്ള സിനോജ് ആണ് പെയിന്റിങ് ജോലി ചെയ്തു വീട്ടു ചെലവുകൾക്ക് ഉള്ള ഏക വരുമാനം. അച്ഛൻ ഷുഗർ രോഗി ആണ് മാത്രമല്ല ഒരു കാൽ മുറിച്ചു മാറ്റി കിടപ്പിലാണ്. അമ്മ വീട്ടു ജോലികളും മറ്റും ചെയ്യുവാൻ ഉള്ള ശാരീരിക സ്ഥിതിയിൽ ആണ് ഉള്ളത്. ഈ കുടുബത്തിനു ആകെ ഉള്ള 5 സെന്റ് സ്ഥലത്തു സെൻട്രൽ ഗവൺമെന്റ് സ്‌ക്കിമിൽ വച്ചുകിട്ടയ ഒരു ചെറിയവീടുണ്ട് അതും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ആർസിസിയിൽ ചികിത്സ ഫ്രീ ആണെങ്കിലും മിക്കവാറും കീമോക്കു വേണ്ട മരുന്നുകൾ പുറത്തുനിന്നു വാങ്ങേണ്ടതായിവരും. അതിനായി എല്ലാമാസവും പതിനായിരം രൂപ വേണ്ടിവരും.

അൻഷാദ് പി എ

കൂട്ടിക്കൽ സ്വദേശിയായ അൻഷാദിന്റെ ജീവിതമാർഗമായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട്‌സ്. ഇക്കഴിഞ്ഞ പ്രളയത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അൻഷാദിന് ലക്ഷങ്ങളുടെ ബാധ്യതയാണ്.

തിലകൻ

കൊക്കയാറിന്റെ തീരത്ത് 2 സ്ഥലത്തുള്ള വീട്ടിലായിരുന്നു തിലകൻ താമസിച്ചിരുന്നത്. ഉരുൾപൊട്ടലിൽ വീട് 75 % നഷ്ടപ്പെട്ടു. തിലകന്റെ ഭാര്യ ഒരു മാനസിക രോഗിയാണ്. വർഷങ്ങളായി ചികിത്സയിലാണ് തിലകൻ ഒരു ടാപ്പിങ് തൊഴിലാളിയാണ്. ഇപ്പോൾ സുഖമില്ലാതെ ജോലിചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ്.

അൻവർ സലിം

ൻവർ സലിം 5 വർഷം സൗദി അറേബ്യയിൽ ഡ്രൈവർ ആയി ജോലി ചെയ്‌തെങ്കിലും അറബിയുമായി ഉണ്ടായ തർക്കങ്ങൾ കാരണം മൂന്നു മാസം ജയിൽ വാസം കഴിഞ്ഞു വൈറ്റ് പാസ്സ്‌പോർട്ടിൽ അഞ്ച് വർഷം മുൻപ് നാട്ടിൽ തിരിച്ചു വരുകയും പല ജോലികൾ ചെയ്തു കുടുബം നോക്കുകയും ആയിരുന്നു. ഒടുക്കം കടം വാങ്ങിയും മറ്റും കൂട്ടിക്കലിൽ വാടക കെട്ടിടത്തിൽ സ്‌നേഹിതനോടൊപ്പം ടുവീൽ വർക്ക്‌ഷോപ്പ് നടത്തി വരുന്നതിനിടയിലാണ് പ്രളയത്തിൽ വർക്ക്‌ഷോപ്പ് പൂർണ്ണമായി നഷ്ടപ്പെടുന്നത്.

വിവാഹിതനായ അൻവറിന് കുട്ടികളില്ലാത്തതിനാൽ മൂന്ന് വർഷമായി ചികിത്സകൾ നടത്തി വരുന്നതും, മൂന്നു മാസം മുൻപ് രോഗിയായ പിതാവിന്റ വേർപാടും ഒക്കെയായി ആ കുടുംബം സാമ്പത്തികമായി തീർത്തും ബുദ്ധിമുട്ടിലാണ്. അൻവറിന് രണ്ടു സഹോദരിമാരാണ് ഉള്ളത്. മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചിരുന്നു. ഇളയ സഹോദരി കാലിക്കറ് യൂണിവേഴ്‌സിറ്റിയിൽ ജേർണിലിസം മാസ്റ്റർ ഡിഗ്രി വിദ്യാർത്ഥിനിയാണ്.

നാസർ പി എ

കൂലിപ്പണിക്കാരനായിരുന്നു നാസറിന്റെ വീട് ഇക്കഴിഞ്ഞ പ്രളയത്തിൽ പൂർണമായി നഷ്ടപ്പെട്ടു. മുണ്ടക്കയത്ത് പച്ചക്കറിക്കടയിൽ ദിവസവേതനക്കാരനാണ് നാസർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP