Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

കിഴക്കൻ ജറുസലേമിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ പൊലീസ് റെയ്ഡ്; കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു; 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ഇത് സ്ഥിരമാക്കാൻ ധാരണ; ആഗോള വിമർശനങ്ങളെ വകവെക്കാതെ ഇസ്രയേൽ

കിഴക്കൻ ജറുസലേമിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ പൊലീസ് റെയ്ഡ്; കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു; 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ഇത് സ്ഥിരമാക്കാൻ ധാരണ; ആഗോള വിമർശനങ്ങളെ വകവെക്കാതെ ഇസ്രയേൽ

മറുനാടൻ ഡെസ്‌ക്‌

തെൽ അവീവ്: അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്ക് പ്രവർത്തനാനുമതി വിലക്കിയതിന് പിന്നാലെ ഓഫീസിൽ ഇസ്രയേൽ റെയ്ഡ്. ചാനലിന്റെ കിഴക്കൻ ജറുസലേമിലെ ഓഫീസിലാണ് ഇസ്രയേൽ പൊലീസ് റെയ്ഡ് നടത്തിയത്. കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.

ഇസ്രയേലിൽ അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്കാണ് ഇസ്രയേൽ മന്ത്രിസഭ പ്രവർത്തനാനുമതി വിലക്കിയത്. 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും പിന്നീട് ഇത് സ്ഥിരമാക്കാനാണ് ധാരണയെന്നാണ് റിപ്പോർട്ട്. ഉള്ളടക്കം സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് മാത്രമല്ല, ഓഫിസ് പൂട്ടി റിപ്പോർട്ടർമാരെ പുറത്താക്കാനും ഫോണും കമ്പ്യൂട്ടറുകളും ഉൾപ്പെടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. അൽ ജസീറ വെബ്‌സൈറ്റിനും ഇസ്രയേലിൽ നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം, ഇസ്രയേൽ മന്ത്രിസഭ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ലോകത്ത് ഉയരുന്നത്. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. വിവിധ രാജ്യങ്ങളും അപലപിച്ചു. ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ച് മൂന്ന് ദിവസം തികയും മുമ്പാണ് നടപടി. ഏകകണ്ഠമായാണ് മന്ത്രിസഭ തീരുമാനമെടുത്തതെന്ന് വാർത്ത വിതരണ മന്ത്രി ശലോമോ കർഹി അറിയിച്ചു. നിരോധനത്തിന് ഉടൻ പ്രാബല്യമുണ്ട്.

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും ഇസ്രയേൽ സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടയിലാണ് നടപടി. അൽ-ജസീറയ്ക്ക് പൂട്ടിടുന്ന കാര്യം എക്‌സിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിന്റെ ഏകകണ്ഠമായ തീരുമാനമാണ്', നെതന്യാഹു എക്‌സിൽ കുറിച്ചു.

ഹമാസിന്റെ ദൂതർക്ക് ഇസ്രയേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേൽ മന്ത്രി സ്ലോമോ കാർഹി നെതന്യാഹുവുമായിചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ ജസീറ ഉടൻതന്നെ പൂട്ടി ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു. ഇസ്രയേലിന്റെ നടപടിയെ അൽ-ജസീറ അപലപിച്ചു. ലോകം മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ചതിന് തൊട്ടുപിന്നാലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അടിസ്ഥാനതത്വത്തെ ഹനിച്ചുകൊണ്ട് അൽ ജസീറയുടെ ഓഫീസിന് ഇസ്രയേൽ പൂട്ടിയിരിക്കുകയാണ്. ഇസ്രയേൽ സർക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്നും അൽ ജസീറ എക്സിൽ കുറിച്ചു. 140-ലധികം ഫലസ്തീൻ മാധ്യപ്രവർത്തകർക്ക് ഗസ്സയിലെ യുദ്ധത്തിൽ ജീവൻ നഷ്ടമായെന്നും മാധ്യപ്രവർത്തകരെ ലക്ഷ്യംവെക്കുന്നത് കുറ്റകരമാണെന്നും അൽ ജസീറ ചൂണ്ടിക്കാട്ടുന്നു.

'എളുപ്പത്തിൽ വിജയംനേടുന്നതിനുള്ള ഇസ്രയേലിലെ തീവ്രവലതുപക്ഷ മന്ത്രിമാരുടെ പ്രചാരണ'ത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഇസ്രയേലിലെ അൽ ജസീറ ഓഫീസുകളുടെ ചുമതല വഹിക്കുന്ന വാലിദ് അൽ ഒമാരി പ്രതികരിച്ചു. അൽ- ജസീറയുടെ വെബ്‌സൈറ്റും ഇനി ഇസ്രയേലിൽ പ്രവർത്തിക്കില്ല. എന്നാൽ, ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കാൻ ചാനലിന് നിയമപരമായി നിയന്ത്രണങ്ങളില്ല.

വിദേശ ചാനലുകളെ നിരോധിക്കാൻ അധികാരം നൽകുന്ന ദേശീയ സുരക്ഷാ നിയമം ഇസ്രയേൽ പാസാക്കിയത് കഴിഞ്ഞ മാസമാണ്. ഒക്ടോബർ ഏഴ് മുതലുള്ള ഔദ്യോ?ഗിക കണക്കുകൾപ്രകാരം ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളുമുൾപ്പടെ 34,683 പേർ മരണപ്പെട്ടു. 97 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്'-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഗസ്സയിൽ ഇസ്രയേൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തെത്തിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് അൽ ജസീറയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP