Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

റഫയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; പ്രാണരക്ഷാർഥം ലക്ഷങ്ങൾ പലായനം ചെയ്യുന്നു; റഫയിലെ തെരുവിലും ജബാലിയയിലും ഹമാസിനെ നേരിട്ട് ഇസ്രയേൽ സൈന്യം; ഇന്ത്യക്കാരനായ യു.എൻ ഉദ്യോഗസ്ഥൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

റഫയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; പ്രാണരക്ഷാർഥം ലക്ഷങ്ങൾ പലായനം ചെയ്യുന്നു; റഫയിലെ തെരുവിലും ജബാലിയയിലും ഹമാസിനെ നേരിട്ട് ഇസ്രയേൽ സൈന്യം; ഇന്ത്യക്കാരനായ യു.എൻ ഉദ്യോഗസ്ഥൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

ജറുസലം: മാസങ്ങൾക്കു മുൻപു ഹമാസിനെ തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട വടക്കൻ ഗസ്സയിലെ ജബാലിയയിലും തെക്കൻ ഗസ്സയിലെ റഫയിലും ഒരേസമയം ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. കിഴക്കൻ റഫയിലെ തെരുവിലും ജബാലിയയിലും ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസും സ്ഥിരീകരിച്ചു. ഹമാസിന്റെ ചെറുത്തു നിൽപ്പിനെയും അവതാളത്തിലാക്കുന്ന വിധത്തിൽ ക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.

അതേസമയം റഫയിലെ കുവൈത്ത് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേൽ നിർദ്ദേശം നൽകി. തെക്കും വടക്കും മേഖലകളിൽ ഫലസ്തീൻകാർ വീണ്ടും പലായനം തുടങ്ങി. അതിനിടെ റഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ ഐക്യരാഷ്ട്രസഭക്കുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിനുനേർക്ക് റഫയിൽവെച്ച് ആക്രമണമുണ്ടാകുകയായിരുന്നു.

യുണൈറ്റഡ് നാഷൻസ് ഡിപാർട്‌മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുൻ ഇന്ത്യൻ സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിനിരയായത്.

ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണിത്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.

റഫയിൽനിന്ന് 3.60 ലക്ഷം ഫലസ്തീൻകാർ ഖാൻ യൂനിസ് മേഖലയിലേക്കു പലായനം ചെയ്‌തെന്നാണ് യുഎൻ റിപ്പോർട്ട്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 35,091 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 78,827 പേർക്കു പരുക്കേറ്റു. 24 മണിക്കൂറിനിടെ 57 പേരാണു കൊല്ലപ്പെട്ടത്. 5 മാസം മുൻപാണു വടക്കൻ ഗസ്സയിലെ ദൗത്യം പൂർത്തിയാക്കി ഇസ്രയേൽ സൈന്യം പിന്മാറിയത്. ഇവിടേക്കു വീണ്ടും തിരിച്ചെത്തിയ സൈന്യം ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി പകൽ ഷെല്ലാക്രമണവും രാത്രികാല ബോംബിങ്ങും ശക്തമായി തുടരുകയാണ്.

അതിനിടെ റഫ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇസ്രയേൽ സൈനികരുടെ മാതാപിതാക്കളും രംഗത്തെത്തി. ഗസ്സയിൽ വിന്യസിച്ച 900 ഓളം സൈനികരുടെ മാതാപിതാക്കൾ ഒപ്പിട്ട കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ട മുന്നറിയിപ്പുകൾക്കുശേഷം റഫയെ ആക്രമിക്കുമ്പോൾ മറുവശത്ത് പ്രതിരോധിക്കുവാൻ സർവസജ്ജരായ സംഘമുണ്ടാകുമെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ആക്രമണം ഞങ്ങളുടെ കുട്ടികൾക്ക് മരണക്കെണിയായിരിക്കും. മക്കൾ ശാരീരികമായും മാനസികമായും തളർന്നിരിക്കുകയാണെന്നും കത്തിൽ പറയുന്നു.

അതിനിടെ. ഗസ്സയിലേക്ക് ഭക്ഷ്യസഹായവുമായി എത്തിയ ട്രക്കുകൾ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലെ തർകുമിയ ക്രോസിങ്ങിൽ ജൂതകുടിയേറ്റക്കാർ ആക്രമിച്ചു. നയൻത് ഓർഡർ പ്രവർത്തകരാണ് ട്രക്ക് തടഞ്ഞ് ഭക്ഷ്യ വസ്തുക്കൾ പുറത്തേക്കെറിഞ്ഞ് നശിപ്പിച്ചത്. അതേസമയം, ലബനാനിലെ ഹിസ്ബുല്ല പോരാളികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് ഇസ്രയേൽ സൈനികർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഇസ്രയേലിന്റെ മർക്കാവ ടാങ്കിന് നേരെയാണ് ആക്രമണം നടത്തിയത്. രണ്ട് മിസൈലുകൾ യിഫ്ത പ്രദേശത്ത് പതിച്ചതായും നാല് സൈനികർക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP