Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും; കോൺഗ്രസ് ദേശീയ അധ്യക്ഷനെ ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്നും തെക്കേ അറ്റത്തേക്ക് പറിച്ചുനടുന്നത് അനൗചിത്യം; ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കാത്തത് പരാജയഭീതി മൂലം; തുഷാർ മത്സരിക്കുന്നതിന് താൻ എതിരല്ലെങ്കിലും കഴിഞ്ഞ തവണത്തേതു പോലെ പ്രചരണത്തിനു പോകാനില്ല; തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ മറുനാടനോട്

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും; കോൺഗ്രസ് ദേശീയ അധ്യക്ഷനെ ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്നും തെക്കേ അറ്റത്തേക്ക് പറിച്ചുനടുന്നത് അനൗചിത്യം; ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കാത്തത് പരാജയഭീതി മൂലം; തുഷാർ മത്സരിക്കുന്നതിന് താൻ എതിരല്ലെങ്കിലും കഴിഞ്ഞ തവണത്തേതു പോലെ പ്രചരണത്തിനു പോകാനില്ല; തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ മറുനാടനോട്

ആർ പീയൂഷ്

ആലപ്പുഴ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഇപ്പോൾ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയേക്കാൾ കൂടുതൽ വോട്ട് കിട്ടി ജയിക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ ഒരു പാർട്ടിയുടെ ദേശീയ അധ്യക്ഷനെ ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്നും തെക്കേ അറ്റത്തേക്ക് പറിച്ചു നടുക എന്നത് കേൾക്കുന്നവർക്ക് ഒരു അനൗചിത്യം തോന്നും. രണ്ട് സ്ഥലത്തും മത്സരിക്കുക എന്നത് ഒരു അനൗചിത്യമല്ല, പലരും ചെയ്യുന്നുണ്ട്. പലരും ചെയ്യുന്നു എന്നതു കൊണ്ട് അതൊരു ന്യായമായിട്ട് പറയാം.

 

തെക്കേ അറ്റത്തും വടക്കേ അറ്റത്തും ഓരോ സീറ്റിലും മത്സരിക്കുക എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തിനും പ്രവർത്തന സൗകര്യത്തിനും വടക്കു തന്നെ രണ്ട് സീറ്റിൽ നിന്നു മത്സരിക്കുന്നതാകും നല്ലത്. കാരണം വടക്കു നിന്നും തെക്ക് വരാനായി എന്ത് മാത്രം പ്രയാസപ്പെടേണ്ട് വരും. അല്ലെങ്കിൽ ഒരെണ്ണം രാജി വെക്കേണ്ടി വന്നാൽ വയനാടാകും രാജി വെക്കേണ്ടി വരിക. അത് ജനങ്ങളോട് കാണിക്കുന്ന അനീതിയല്ലേ. ഒരു എംപിയെ നഷ്ടമാകും ഒരു ബൈ ഇലക്ഷൻ വേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം കോൺഗ്രസ്സ് നേതൃത്വം നോക്കി കണ്ട് തീരുമാനമെടുക്കണമെന്നും വെള്ളാപ്പള്ളി മറുനാടനോട് പറഞ്ഞു.

ആലപ്പുഴയിൽ ആരിഫ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷാനിമോൾ ഉസ്മാൻ വന്നപ്പോൾ മത്സരം കടുത്തതാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഷാനിമോൾ മികച്ച സ്ഥാനാർത്ഥിയാണ്. പക്ഷേ ആലപ്പുഴയിൽ മത്സരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഷാനിമോൾക്ക് ആലപ്പുഴയിലല്ലാതെ മറ്റൊരു ഉറച്ച സീറ്റായിരുന്നു കൊടുക്കേണ്ടിയിരുന്നത്. തോൽക്കുന്ന സീറ്റ് കൊടുത്തത് വളരെ മോശമായി. സ്വന്തം തട്ടകത്തിൽ നിർത്തി തോൽപ്പിക്കുന്നതിനേക്കാൾ വയനാട് പോലുള്ള ഉറച്ച സീറ്റായിരുന്നു നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴക്കാരായ രണ്ട് പേർ മത്സരിക്കാൻ വന്നത് നല്ലത് തന്നെയാണ്. കാരണം പണ്ടെല്ലാം മത്സരിക്കാൻ വന്നത് ഇവിടുത്തുകാരല്ല, പരദേശികളായിരുന്നവരാണ് എത്തിയിരുന്നത്. അതിനൊരു മാറ്റം വന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്.

കെ.സി വേണുഗോപാൽ ഇത്തവണ ആലപ്പുഴയിൽ മത്സരിക്കാതിരുന്നത് പരാജയ ഭീതിമൂലമാണെന്ന് പറയാതെ പറഞ്ഞു വെള്ളാപ്പള്ളി. മുൻ എംപി വളരെ മിടുക്കനായിരുന്നെങ്കിൽ ഉറപ്പായും മത്സരിക്കാനെത്തുമായിരുന്നു. എന്നാൽ അദ്ദേഹം പറയുന്നത് വളരെ തിരക്കുള്ളതുകൊണ്ടാണ് മത്സരിക്കാത്തത് എന്നാണ്. അങ്ങനെയാണെങ്കിൽ രാഹുൽ ഗാന്ധിക്ക് എന്തു മാത്രം തിരക്കുണ്ട്. അങ്ങനെ ഒരുപാട് തിരക്കുള്ള എത്രയോ നേതാക്കന്മാർ വടക്കേ ഇന്ത്യയിലുണ്ട്. അവർ നോമിനേഷൻ കൊടുക്കാതിരിക്കുന്നുണ്ടോ? ഇങ്ങോട്ട് വന്നാൽ എന്ത് സംഭവിക്കും എന്ന ആശങ്കയാണ് കെ.സി വേണുഗോപാലിന് എന്ന് ജനങ്ങൾക്കറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  • എസ്.എൻ.ഡി.പ്രവർത്തകരോട് ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുമോ?

എസ്.എൻ.ഡി.പി പ്രവർത്തകരോടും അംഗങ്ങളോടും ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീപാർട്ടിക്ക് വേണ്ട് വോട്ട് ചെയ്യണം എന്ന് ആഹ്വാനം ചെയ്യില്ല. അവർക്ക് ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കുകയും ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കുകയും ചെയ്യാം. അവരുടെ വിശ്വാസമനുസരിച്ച് പ്രചരങ്ങൾ നടത്തുന്നതിലും തെറ്റില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഒരിക്കലും വോട്ട് ചെയ്യാൻ വേണ്ടി പ്രവർത്തകർക്ക് മേൽ സമ്മർദ്ദം ചെലുത്തില്ല.. കാരണം ഇവിടെ മത്സരിക്കുന്നവരൊക്കെ നേരെ വടക്കേ ഇന്ത്യയിൽ ചെന്നാൽ ഒന്നിച്ചു നിൽക്കണ്ടവരാണ്. അതു കൊണ്ട് നമ്മൾ ഇവിടെ സമ്മർദ്ദം ചെലുത്തിയിട്ട് കാര്യമുണ്ടോ?

  • അണികളോട് എന്താണ് പറയാനുള്ളത്?

അണികളോട് ഒന്നും ഇപ്പോൾ പറയാൻ സമയമായിട്ടില്ല. സ്ഥാനാർത്ഥികളെ എല്ലാം പ്രഖ്യാപിക്കട്ടെ.

  • മകൻ മത്സരിക്കുന്നു എങ്ങനെ നോക്കി കാണുന്നു?

ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ തുഷാറിന് മത്സരിക്കാനുള്ള അവകാശമുണ്ട് എന്നും അതിന് താൻ ഒരിക്കലും എതിര് നിൽക്കില്ലെന്നും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവരുടെ നേതാവ് മത്സരിക്കണം എന്ന ബി.ഡി.ജെ.എസ് പാർട്ടിയുടെ തീരുമാനത്തിന് ഞാൻ എതിരല്ല. എന്നാൽ അതിന്റെ പേരിൽ പ്രചരണത്തിന് പോകാൻ കഴിഞ്ഞ പ്രാവശ്യം പോയതു പോലെ ഇപ്രാവശ്യം ഞാൻ പോകില്ല.

  • തുഷാർ തൃശ്ശൂരിൽ ജയിക്കുമോ?

എല്ലാവരും ജയിക്കുവാനായിട്ടാണല്ലോ മത്സരിക്കുന്നത്. വിജയിക്കുമെന്നുള്ള വിശ്വാസത്തോടെയാണ്. ആരും തോൽക്കും എന്ന് വിശ്വസിക്കുന്നില്ല. വോട്ടെണ്ണി കഴിയുമ്പോൾ അറിയാം. എല്ലാവരുടെയും വിശ്വാസം അവരെ രക്ഷിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP