Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്‌സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ

തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്‌സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത ഏറെ. കെപിസിസി അധ്യക്ഷനെ കോൺഗ്രസ് ഹൈക്കമാണ്ട് മാറ്റുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദേശീയ തല ഫലം കേരളത്തിലേക്കും പ്രതിഫലിക്കും. അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്ന് ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ വിശദീകരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിലപാടാണ് ഇതിനെല്ലാം കാരണം. പദവി കിട്ടാത്തതിൽ സുധാകരൻ ഹൈക്കമാണ്ടിനെ അതൃപ്തി അറിയിക്കും.

തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ കെ.സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു നേരത്തേ നൽകിയ നിർദ്ദേശം. ജൂൺ നാലിനു വോട്ടെണ്ണലോടെയാണ് അതു കഴിയുന്നത്. അതല്ല, അതിനു മുൻപ് എഐസിസിയുടെ നിർദ്ദേശം വന്നാലും ഒഴിയുമെന്ന് ഹസൻ പറഞ്ഞു. ഇതോടെ സുധാകരന് ചുമതല നൽകാത്തത് എഐസിസി നിർദ്ദേശ പ്രകാരമാണെന്ന് വ്യക്തമായി. ഇതിനെ സുധാകരൻ ചോദ്യം ചെയ്യുകയാണ്. എന്നാൽ എ-ഐ ഗ്രൂപ്പകളുടെ പിന്തുണ സുധാകരന് ഇല്ല. അതുകൊണ്ട് തന്നെ ഈ എതിർപ്പ് തൽക്കാലം കാര്യമാക്കില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം അഴിച്ചുപണിയിലേക്ക് പാർട്ടി നീങ്ങുമെന്ന സൂചന ചില നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്.

ഇതു സംബന്ധിച്ച് താനും സുധാകരനും തമ്മിൽ തർക്കമില്ല. ഉടനെ തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി തനിക്ക് അറിവില്ല. മാറിക്കൊടുക്കാതിരിക്കുക എന്ന പ്രശ്‌നവും ഉദിക്കുന്നില്ല. എഐസിസി നിർദ്ദേശം എന്തായാലും അത് അനുസരിക്കും. കൂടിയാലോചനകളിലൂടെ തീരുമാനങ്ങളെടുക്കുന്ന ശൈലിയാണ് താൻ പിന്തുടരുന്നത്. താനും കെ.സി.വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആലോചിച്ചാണ് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും എടുത്തത്. അത്യാവശ്യമുള്ള കാര്യങ്ങൾ സുധാകരനുമായും സംസാരിച്ചിട്ടുണ്ട്-ഹസൻ പറയുന്നു.

കോൺഗ്രസിലും യുഡിഎഫിലും അപസ്വരങ്ങളില്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. വോട്ടെടുപ്പിനു മുൻപു പറഞ്ഞ ഇരുപതിൽ ഇരുപതു സീറ്റു തന്നെയാണ് വോട്ടെടുപ്പിനു ശേഷവുമുള്ള കോൺഗ്രസ് വിശകലനമെന്ന് ഹസൻ വിശദീകരിക്കുന്നു. അതിനിടെ കണ്ണൂരിൽ സുധാകരൻ തോൽക്കുമെന്നതടക്കമുള്ള സംശയങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുണ്ടെന്നതാണ് വസ്തുത. സുധാകരനെതിരെ എ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് കിട്ടിയേ തീരൂവെന്നാണ് അവരുടെ നിലപാട്.

താരതമ്യേന ചെറുപ്പമായ പ്രതിപക്ഷനേതാവിനൊപ്പം പാർട്ടിക്ക് പുതിയ മുഖം നൽകാൻ കെപിസിസി അദ്ധ്യക്ഷനടക്കം മാറണമെന്ന അഭിപ്രായം പല നേതാക്കളും പങ്കുവയ്ക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ചെറുപ്പക്കാരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാൽ സംഘടനാദൗർബല്യം പരിഹരിക്കാനും സംഘടനാസംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനും വഴിതെളിക്കുമെന്നുമാണ് പൊതുവേയുള്ള ചിന്ത.

കോൺഗ്രസിനെ വീറുറ്റതും ചടുലവുമാക്കിയ നേതാവെന്നനിലയിൽ ശ്രദ്ധേയനായ കെ.സുധാകരനെ ഒഴിവാക്കുന്നത് ഉചിതമാണോ എന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്. ജാതി,മത സമവാക്യങ്ങൾ പാലിക്കപ്പെടേണ്ടതുമുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്നകലുന്നതും തലയെടുപ്പുള്ള നേതാക്കൾ ഈ വിഭാഗത്തിൽ നിന്നു കുറയുന്നതും അവരുടെ വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കുന്നുവെന്ന വിഷയം പാർട്ടി കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ട്.

മാത്യു കുഴൽനാടനെ നേതൃത്വം ഏൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. നേതൃപാടവവും പരിചയസമ്പത്തും കണക്കിലെടുത്ത് മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, അടൂർ പ്രകാശ് , കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ തുടങ്ങിയവർക്കായും ചരടു വലികളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP