Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം; കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുന്നൂറോളം നേതാക്കൾ; മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വെട്ടിനിരത്തിയാൽ പ്രവർത്തകരെ അണിനിരത്തി നേരിടാൻ ഗ്രൂപ്പ് നീക്കം

ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം; കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുന്നൂറോളം നേതാക്കൾ; മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വെട്ടിനിരത്തിയാൽ പ്രവർത്തകരെ അണിനിരത്തി നേരിടാൻ ഗ്രൂപ്പ് നീക്കം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിൽ ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ചേർന്നയോഗത്തിൽ 300 റോളം നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ ഗ്രൂപ്പ് സമവാക്യം അട്ടിമറിച്ചാണു ആര്യാടൻ മുഹമ്മദിനൊപ്പം നിന്നവരെ കൂട്ടത്തോടെ വെട്ടിനിരത്തിയതെന്നാണു എ ഗ്രൂപ്പ് ആരോപണം.

കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം മലപ്പുറം കോട്ടപ്പടിയിലെ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് ഓഫീസിലാണ് യോഗം ചേർന്നത്. കെപിസിസി അംഗങ്ങളും, ഡി.സി.സി ഭാരവാഹികളും, മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും ഭാരവാഹികളുമടക്കം ജില്ലയിലെ 300 റോളം നേതാക്കളാണ് യോഗത്തിനെത്തിയത്.

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വെട്ടിനിരത്തിയാൽ പ്രവർത്തകരെ അണിനിരത്തി നേരിടാനാണ് ഗ്രൂപ്പ് യോഗത്തിലെ തീരുമാനം. മുൻ കോൺഗ്രസ് പ്രസിഡന്റ് മൗലാനാ അബുൽകലാം അസാദിന്റെ 100-ാം ജന്മവാർഷികദിനത്തിന്റെ ഭാഗമായി 22ന് മലപ്പുറത്ത് ചരിത്രസെമിനാർ നടത്തി ശക്തി തെളിയിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. അതേസമയം ഗ്രൂപ്പ് യോഗമല്ലെന്നും ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ യോഗമാണ് ചേർന്നതെന്നുമാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ വിശദീകരണം.

മുൻ കെപിസിസി ജനറൽ സെക്രട്ടറി വി.എ കരീം, ഡി.സി.സി ഭാരവാഹികളായ വി. സുധാകരൻ, വീക്ഷണം മുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, പി. രാധാകൃഷ്ണൻ, അഡ്വ. കെ.എ പത്മകുമാർ, പന്ത്രോളി മുഹമ്മദലി, സമദ് മങ്കട, ഉമ്മർകുരിക്കൾ, അഡ്വ. എൻ.എ ജോസഫ്, ഇഫ്തിഖാറുദ്ദീൻ, ഒ. രാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജനറൽ സെക്രട്ടറിമാരായ നൗഫൽബാബു, നിധീഷ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വനജ അടക്കം മുതിർന്ന എ ഗ്രൂപ്പ് നേതാക്കളെല്ലാം യോഗത്തിനെത്തി. പുതിയ ബ്ലോക്ക് പ്രസിഡന്റ്മാരിൽ 10 പേരും എത്തിയിരുന്നു. ഒരാൾ ആശുപത്രിയിലായതിനാലാണ് എത്താതിരുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

മലപ്പുറത്തെ 32 ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയിൽ കേവലം 11 പേരെയാണ് എ ഗ്രൂപ്പിന് നൽകിയത്. കഴിഞ്ഞ തവണ 24 ബ്ലോക്ക് പ്രസിഡന്റുമാരുണ്ടായിരുന്ന എ ഗ്രൂപ്പിനെ വെട്ടിനിരത്തി എ.പി അനിൽകുമാർ എംഎ‍ൽഎയും ഡി.സി.സി പ്രസിഡന്റ് വി എസ് ജോയിയും ചേർന്ന പുതിയ ഗ്രൂപ്പാണ് കൂടുതൽ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനൊപ്പം നിൽക്കുന്നവർ 4 ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം നേടി. ഐ ഗ്രൂപ്പിലെ രമേശ് ചെന്നിത്തലവിഭാഗമായ പി.ടി അജയ്‌മോഹനനൊപ്പമുള്ളവർക്ക് 2 ബ്ലോക്ക് പ്രസിഡന്റ്മാരാണുള്ളത്.

1992ൽ ബൂത്ത്തലം മുതൽ സംഘടനാതെരഞ്ഞെടുപ്പ് നടന്നപ്പോൾ എ ഗ്രൂപ്പ് 24 ബ്ലോക്ക് പ്രസിഡന്റുമാരുമായി മൃഗീയ ഭൂരിപക്ഷമാണ് മലപ്പുറത്ത് നേടിയത്. ഐ ഗ്രൂപ്പിനാവട്ടെ കേവലം 6 ബ്ലോക്ക് പ്രസിഡന്റുമാരെ മാത്രമേ വിജയിപ്പിക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുമ്പോഴും എ ഗ്രൂപ്പിന് സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ആനുപാതികമായുള്ള പ്രസിഡന്റുമാരെയും ഭാരവാഹികളെയുമാണ് ലഭിച്ചിരുന്നത്.

എ ഗ്രൂപ്പ് പ്രതിനിധിയായി ഡി.സി.സി പ്രസിഡന്റായ വി എസ് ജോയിയും ഐ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന എ.പി അനിൽകുമാർ എംഎ‍ൽഎയും ചേർന്ന് ജില്ലയിൽ പുതിയ ഗ്രൂപ്പിന് രൂപം നൽകുകയായിരുന്നു. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയും ലഭിച്ചതോടെയാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിൽ എ ഗ്രൂപ്പിനെ വെട്ടിനിരത്തിയത്. കെ. കരുണാകരൻ മുഖ്യമന്ത്രിയും പാർട്ടിയിൽ പ്രതാപശാലിയുമായിരുന്നപ്പോഴും മലപ്പുറം ജില്ല ആര്യാടൻ മുഹമ്മദിനൊപ്പം എ ഗ്രൂപ്പിന്റെ ശക്തിദുർഗമായിരുന്നു.

പുനഃസംഘടനയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബ്ലോക്ക് പ്രസിഡന്റ്മാരെ നിലനിർത്താനും പഴയ പ്രസിഡന്റുമാരെ മാറ്റാനും മാനദണ്ഡമുണ്ടാക്കിയപ്പോൾ എ.പി അനിൽകുമാറിനു വേണ്ടി ഇത് കാറ്റിൽപറത്തിയെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആരോപണം. അനിൽകുമാറിനൊപ്പം നിൽക്കുന്ന 9 വർഷമായി തുടരുന്ന വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെയും മഞ്ചേരി പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈനെയും 4 വർഷമായി തുടരുന്ന വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ് വീരേന്ദ്രകുമാറിനെയും നിലനിർത്തി. എ ഗ്രൂപ്പ് കാരനായ വാഴക്കാട് ബ്ലോക്ക് പ്രസിഡന്റ് ആലിഹാജിയെ മാറ്റുകയും ചെയ്തു.

വെട്ടിനിരത്തലല്ല എല്ലാവരെയും ചേർത്തു നിർത്തുന്നതാണ് കോൺഗ്രസിന്റെ സംസ്‌ക്കാരമെന്നും ആര്യാടൻ മുഹമ്മദിനൊപ്പം നിന്നു എന്ന ഒറ്റക്കാരണം കൊണ്ട് പുനഃസംഘടനയിൽ കോൺഗ്രസ് നേതാക്കളെ വെട്ടിനിരത്തിയതിൽ പ്രവർത്തകർക്ക് വേദനയും പ്രതിഷേധവുമുണ്ടെന്നും അത് കെപിസിസി, എ.ഐ.സി.സി നേതൃത്വങ്ങളെ അറിയിക്കുമെന്നും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP