Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുനഃസംഘടനയുടെ തുടക്കം മുതൽ നിസ്സഹകരിച്ചത് ഗ്രൂപ്പുകൾ; രാജിവെച്ചു പോകേണ്ട അവസ്ഥയെന്നു വരെ പറഞ്ഞു കെ സുധാകരൻ; ഒടുവിൽ കോൺഗ്രസിന്റെ പുതിയ മുഴുവൻ ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ എതിർപ്പുമായി രംഗത്തും; ഗ്രൂപ്പുകളുടെ എതിർപ്പിന് വഴങ്ങില്ലെന്ന നിലപാടിൽ കെപിസിസി നേതൃത്വം

പുനഃസംഘടനയുടെ തുടക്കം മുതൽ നിസ്സഹകരിച്ചത് ഗ്രൂപ്പുകൾ; രാജിവെച്ചു പോകേണ്ട അവസ്ഥയെന്നു വരെ പറഞ്ഞു കെ സുധാകരൻ; ഒടുവിൽ കോൺഗ്രസിന്റെ പുതിയ മുഴുവൻ ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ എതിർപ്പുമായി രംഗത്തും; ഗ്രൂപ്പുകളുടെ എതിർപ്പിന് വഴങ്ങില്ലെന്ന നിലപാടിൽ കെപിസിസി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിന്റെ പുതിയ മുഴുവൻ ബ്ലോക്ക് പ്രസിഡന്റുമാരെയും കെപിസിസി പ്രഖ്യാപിച്ചതോടെ പതിവുപോലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകൾ കോലാഹലങ്ങളുമായി രംഗത്തുവന്നു തുടങ്ങി. 14 ജില്ലകളിലായി 282 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് നിശ്ചയിച്ചത്. ആദ്യം 11 ജില്ലകളിലെയും ഇന്നലെ തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെയും ഭാരവാഹികളെ പ്രഖ്യാപിച്ചു താഴെ തട്ടിലെ അഴിച്ചുപണിയുടെ ആദ്യഘട്ടം കെപിസിസി പൂർത്തിയാക്കി.

11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ എഐ വിഭാഗത്തിൽ നിന്ന് ഉയർന്ന എതിർപ്പ് നേതൃത്വം വകവെക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. അതിവേഗം തന്നെ ബാക്കി ജില്ലകളിലെ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. അവസാനവട്ട ചർച്ചകളിൽ തങ്ങളുടെ കൂടി അഭിപ്രായം നേരിട്ടു തേടണം എന്ന എഐ വിഭാഗങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കഴിഞ്ഞ ആഴ്ച തുടർച്ചയായി മൂന്നു ദിവസം നടത്തിയ ചർച്ചകളിൽ 11 ജില്ലകളിലെ പട്ടികയും മൂന്നു ജില്ലകളിലെ ഭൂരിഭാഗം ബ്ലോക്കുകളുടെ കാര്യവും ധാരണയായിരുന്നു. എന്നാൽ ചില പേരുകളുടെ കാര്യത്തിൽ കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു. സാമുദായിക സന്തുലനം പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ഞായറാഴ്ചയും ഇന്നലെ രാവിലെയുമായി ഇരു നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ അവശേഷിച്ച പട്ടികയും ഇറങ്ങി.

ഗ്രൂപ്പുകളുടെ സമ്മർദത്തിന് വഴങ്ങാനില്ലെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ ഇരു നേതാക്കളും നൽകുന്നത്. എല്ലാവരുമായി കൂടിയാലോചിച്ച് തർക്കരഹിതമായാണു പുനഃസംഘടന പൂർത്തിയാക്കിയതെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. മത സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാനും എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും നേതൃത്വം പറഞ്ഞു.

അതേസമയം എ ഗ്രൂപ്പുകാർ അടക്കം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പാലക്കട് കോൺഗ്രസ് പുനഃസംഘടനയുടെ പേരിലുള്ള തർക്കത്തെത്തുടർന്നു ജില്ലയിലെ യുഡിഎഫ് കൺവീനറും മുതിർന്ന എ ഗ്രൂപ്പ് നേതാവുമായ പി.ബാലഗോപാൽ രാജിവച്ചു. ജില്ലയിൽ ചർച്ച ചെയ്ത പേരുകൾ പലതും അട്ടിമറിച്ചാണു ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതെന്ന് ആരോപിച്ചാണു പുനഃസംഘടന ഉപസമിതി അംഗം കൂടിയായ ബാലഗോപാൽ ഒഴിയുന്നത്. എ ഗ്രൂപ്പിലെ എതിരഭിപ്രായങ്ങളും രാജിക്കു കാരണമായി.

കോൺഗ്രസ് പുനഃസംഘടനയിലെ എതിർപ്പ് പരസ്യമാക്കി എ ഗ്രൂപ്പും രംഗത്തുവന്നിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും അടങ്ങുന്ന നേതൃത്വത്തിനെതിരെ എം.എം.ഹസനും ബെന്നി ബഹനാനും പ്രതികരണം പരസ്യമാക്കി രംഗത്തുണ്ട്. അർധരാത്രി വാട്‌സാപ്പിലൂടെ പുനഃസംഘടനാ പട്ടിക പുറത്തിറക്കിയത് ശരിയല്ലെന്നും പ്രഖ്യാപനം തികച്ചും നിരാശജനകമാണെന്നും ബെന്നി കൊച്ചിയിൽ പറഞ്ഞു. പട്ടികയിൽ അതൃപ്തി ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറെ അറിയിച്ചെന്നു ഹസൻ തലസ്ഥാനത്തു പറഞ്ഞു.

സംസ്ഥാനതല പുനഃസംഘടനാസമിതിക്ക് ഏകാഭിപ്രായത്തിൽ എത്താൻ കഴിയാതെ നേതൃത്വത്തിനു വിട്ട 110 ബ്ലോക്കുകളുടെ കാര്യത്തിൽ മുൻ പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ എന്നിവരുമായി നേതൃത്വം ചർച്ചയ്ക്കു തയാറായില്ലെന്നതിലാണ് അവരുടെ അനുയായികൾക്ക് പ്രതിഷേധം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും യോജിച്ച് സംഘടനാ തീരുമാനങ്ങൾ എടുക്കുന്ന മുൻകാല കീഴ്‌വഴക്കം തുടരാനാണ് നേതൃത്വം തീരുമാനിച്ചത്. ഇരുകൂട്ടരും എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലിനോടും താരിഖ് അൻവറോടും നിലപാട് അറിയിച്ചിട്ടുണ്ട്. യോജിച്ചു നീങ്ങാനുള്ള ആലോചനകളും ഇരു വിഭാഗങ്ങളും തമ്മിൽ നടക്കുന്നു. എഐസിസി അധ്യക്ഷനെ നേരിട്ടു കണ്ടു പരാതി പറഞ്ഞേക്കും. പ്രാദേശികമായി ഗ്രൂപ്പ് യോഗങ്ങൾ വിളിക്കാൻ തുടങ്ങി.

ഉപസമിതിയെ നോക്കുകുത്തിയാക്കിയും എംപിമാർക്ക് നൽകിയ ഉറപ്പ് ലംഘിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചെന്നാണ് ഗ്രൂപ്പുകൾ ഉയർത്തുന്ന പൊതുവികാരം. എന്നാൽ, എല്ലാവരെയും തൃപ്തിപ്പെടുത്തുക എളുപ്പം നടക്കുന്ന കാര്യമല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP