Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202401Saturday

'ശൂന്യമായ വെള്ളക്കടലാസിൽ ഒപ്പിടിപ്പിച്ചു; പിന്നിൽ ബിജെപിയുമായി ബന്ധമുള്ളവർ; ബലാത്സംഗം നടന്നിട്ടില്ല; ഭീഷണികൾ നേരിടുന്നുവെന്ന് യുവതിയും കുടുംബവും'; ആരോപണം നിഷേധിച്ച് പരാതിക്കാരി; സന്ദേശ്ഖാലിയിൽ ബിജെപി പ്രതിരോധത്തിൽ

'ശൂന്യമായ വെള്ളക്കടലാസിൽ ഒപ്പിടിപ്പിച്ചു; പിന്നിൽ ബിജെപിയുമായി ബന്ധമുള്ളവർ; ബലാത്സംഗം നടന്നിട്ടില്ല; ഭീഷണികൾ നേരിടുന്നുവെന്ന് യുവതിയും കുടുംബവും'; ആരോപണം നിഷേധിച്ച് പരാതിക്കാരി; സന്ദേശ്ഖാലിയിൽ ബിജെപി പ്രതിരോധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിലും ബലാത്സംഗ ആരോപണങ്ങളിലും ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. പരാതിക്കാരി ബലാത്സംഗ ആരോപണം നിഷേധിച്ചതോടെയാണ് പാർട്ടി നേതൃത്വം പ്രതിരോധത്തിലായത്. ശൂന്യമായ വെള്ളക്കടലാസിൽ തന്നെകൊണ്ട് ഒപ്പിടിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ബിജെപിയുമായി ബന്ധമുള്ളവരാണ് തന്നിൽ നിന്ന് ഒപ്പിട്ടുവാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു. തൃണമൂലും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പഴിചാരലിന് കൂടുതൽ ശക്തിപകർന്നിരിക്കുകയാണ് വിവാദ വെളിപ്പെടുത്തൽ.

അതേ സമയം സന്ദേശ്ഖാലി വിഷയത്തിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന പുറത്തുവന്ന ഒളിക്യമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരാതി. സുവേന്ദു അധികാരി അടക്കമുള്ള നേതാക്കൾക്ക് എതിരെയാണ് പരാതി.വിഷയത്തി സന്ദേശ്ഖാലിയിലെ ത്രിമോഹിനിയിൽ ടിഎംസി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.

ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ഗ്രമത്തിലെത്തിയപ്പോൾ പിയാലി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ പരാതികൾ ചോദിച്ചറിഞ്ഞു. 100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ ഭാഗമായി ഞങ്ങൾക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് താൻ പറഞ്ഞത്. അവർ ശൂന്യമായ വെള്ളകടലാസിൽ ഒപ്പിട്ടുവാങ്ങി. പ്രാദേശിക തൃണമൂൽ നേതാക്കൾ ബലാത്സംഗം ചെയ്തതായി പരാതി ഉന്നയിച്ച സ്ത്രീകളിൽ താനുമുള്ളതായി പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്ക് കിട്ടാനുള്ള പണം മാത്രമാണ് ആവശ്യം. മറ്റ് പരാതികളൊന്നുമില്ല. ബലാത്സംഗം നടന്നിട്ടില്ല. യുവതി വ്യക്തമാക്കി.

പിയാലി സന്ദേശ്ഖാലിയെ അപകീർത്തിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ മരുമകൾ പറഞ്ഞു. ഇവിടെയുള്ള എല്ലാവരെക്കുറിച്ചും അവർക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് ഞങ്ങൾക്കറിയില്ല. തുടക്കത്തിൽ, അവർ ഇവിടെ പ്രതിഷേധത്തിൽ പങ്കെടുക്കുമായിരുന്നു. പിന്നീടാണ് പിയാലി ബിജെപിയിൽ നിന്നാണെന്നറിയുന്നത്. തങ്ങളോട് കള്ളം പറഞ്ഞതിനും കുടുക്കിയതിനും അവർ ശിക്ഷിക്കപ്പെടണമെന്നും ഇപ്പോൾ ഭീഷണികൾ നേരിടുന്നുണ്ടെന്നും യുവതിയും കുടുംബവും പറഞ്ഞു.

ഇതോടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭരണകക്ഷിയെ അപകീർത്തിപ്പെടുത്താൻ ബിജെപി കഥകൾ പാകം ചെയ്യുകയാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിക്കെതിരെ സംസാരിച്ചതിന് സന്ദേശ്ഖാലിയിലെ സ്ത്രീകളെ നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂൽ എംപി സുസ്മിത ദേവ് ആരോപിച്ചു.

അതേസമയം തൃണമൂലിന്റെ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. ചോർന്ന പാലിന്റെ പേരിൽ കരഞ്ഞിട്ട് കാര്യമില്ലെന്ന് തൃണമൂൽ മനസ്സിലാക്കണമെന്ന് പാർട്ടി വക്താവ് പ്രിയങ്ക ടിബ്രേവാൾ പറഞ്ഞു. എന്തിനാണ് അവർ രണ്ട് മൂന്ന് മാസം മൗനം ഭജിച്ചതെന്നും പ്രിയങ്ക ചോദിച്ചു. സന്ദേശ്ഖാലിയിലെ സ്ത്രീകൾ കള്ളം പറയുകയായിരുന്നുവെന്നാണ് അവർ നേരത്തെ പറഞ്ഞത്. ഇപ്പോൾ അവരെകൊണ്ട് കള്ളം പറയിപ്പിച്ചുവെന്ന് പറയുന്നു. തീയില്ലാതെ പുകയുണ്ടാവില്ലെന്നും അവർ എൻഡിടിവിയോട് പറഞ്ഞു.

സന്ദേശ്ഖാലിയിൽ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും നടന്നതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഒരു പ്രാദേശിക ബിജെപി നേതാവ് സമ്മതിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിഡിയോ വ്യാജമാണെന്നും തന്റെ ശബ്ദം എഡിറ്റ് ചെയ്തുപയോഗിച്ചതാണെന്നും ആരോപിച്ച് അദ്ദേഹം പരാതിയും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.

സന്ദേശ്ഖാലി വിഷയത്തിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ഗംഗാധർ കയാൽ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി. ഒരു സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഗംഗാധറിൽ നിന്ന് ഈ വിവരങ്ങൾ അറിഞ്ഞതെന്നും വ്യാജ ലൈംഗിക പീഡന പരാതികൾ സുവേന്ദു അധികാരിയുടെ നിർദേശ പ്രകാരമാണ് ഫയൽ ചെയ്തതെന്ന് ഗംഗാധർ ഈ വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു. എന്നാൽ സ്റ്റിങ് ഓപ്പറേഷൻ വിഡിയോ വ്യാജമാണെന്നാണ് ബിജെപി പറയുന്നത്.

ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂൽ നേതാക്കൾക്കെതിരെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങൾ. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തുള്ള സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. നിരവധി കൃഷി ഭൂമികൾ ഇവർ തട്ടിയെടുത്തുവെന്ന് ആരോപണം ഉയർന്നുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP