Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ

'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ  ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ

എം റിജു

രാജ്കപുർ കുടുംബം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം എന്നാണ്, തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ കുടുംബം അറിയപ്പെടുന്നത്. നാലു സൂപ്പർ സ്റ്റാറുകളുള്ള കുടുംബമാണിത്. ചിരഞ്ജീവി, അനിയൻ പവൻ കല്യാൺ, ചിരഞ്ജീവിയുടെ മകൻ രാംചരൺ തേജ, കസിൻ ബ്രദർ അല്ലു അർജുൻ എന്നിവർ ചേർന്നാൽ തെലുങ്ക് സിനിമയായി. ചിരഞ്ജീവിയുടെ രണ്ടാമത്തെ സഹോദരൻ നാഗബാബുവിന്റെ മകൻ വരുൺ തേജും അറിയപ്പെടുന്ന നടനാണ്. നാഗബാബുവിന്റെ മകൾ നിഹാരികയും നടിയായിരുന്നു. കൊനിഡേല എന്ന കുടുംബപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ കുടുംബത്തിലെ രാഷ്ട്രീയ ഭിന്നതകളായിരുന്നു ഈയിടെ വാർത്തയായിരുന്നത്.

ചിരഞ്ജീവിയുടെ സഹോദരനായ, പവർ സ്റ്റാർ എന്ന് അറിയപ്പെടുന്ന പവൻ കല്യാണിന്റെ ജനസേന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊനിഡേല കുടുംബത്തിൽ ഭിന്നതയുണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. പവനിന്റെ ജനസേന പാർട്ടി, എൻഡിഎയിൽ നിന്ന് പിരിഞ്ഞ് ഇപ്പോൾ, ചന്ദ്രബാബു നായിഡുവിന്റെ കൂടെ കൂടിയിരിക്കയാണ്. എന്തുവിലകൊടുത്തും, ആന്ധ്ര ഭരിക്കുന്ന വൈഎസ്ആർ കോൺഗ്രസിന്റെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ താഴെയിറക്കുമെന്നാണ് പവൻ പ്രതിജ്ഞ എടുത്തിരിക്കുന്നത്. ലോക്സഭാ തിരിഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. എന്നാൽ പവനിന്റെ ഈ നിലപാടിനോട് ചിരഞ്ജീവിക്ക് യോജിപ്പില്ലെന്നാണ് വാർത്തകൾ പുറത്തുവന്നത്.

2008 ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽമവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ചിരഞ്ജീവി രാഷ്ട്രീയത്തിൽ കടന്നപ്പോൾ, വലംകൈയായി സഹോദരൻ പവനും ഉണ്ടായിരുന്നു. പാർട്ടിയുടെ യൂത്ത് വിങ്് പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ പിന്നീട് ചിരഞ്ജീവി പാർട്ടി പിരിച്ചുവിട്ടത് അനിയന് ഇഷ്ടപ്പെട്ടിട്ടില്ല. അന്നുമതൽ തുടങ്ങിയ അകൽച്ചയാണ്. പിന്നീടാണ് ചേട്ടനെ ധിക്കരിച്ച് പവൻ സ്വന്തമായി പാർട്ടിയുണ്ടാക്കിയത്. ജേഷ്ഠനുമായുള്ള ബന്ധം വഷളാവാൻ പവന് മറ്റൊരുകാരണം കൂടിയുണ്ടായി. അദ്ദേഹം സ്വന്തം മകൻ രാം ചരൺ തേജയെയും, അല്ലു അർജുനനെയും വഴിവിട്ട് സഹായിക്കുന്നുണ്ടെന്നും, അത് തനിക്ക് പാരയായി മാറുമെന്നും പവൻ ഭയന്നിരുന്നതായി തെലുങ്ക് മാധ്യമങ്ങൾ എഴുതുന്നുണ്ട്. പവൻ കല്യാണിന്റെ ആരാധകരും, ആർആർആർ സിനിമയുടെ പാൻ ഇന്ത്യൻ താരമായ രാം ചരൺ തേജയുടെ ഫാൻസും തമ്മിലുള്ള സംഘർഷത്തിൽ ഒരാളുടെ ജീവനാണ് കഴിഞ്ഞമാസം നഷ്ടമായത്.

ഇങ്ങനെ കുടുംബത്തിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെ രാഷ്ട്രീയമായി മലക്കം മറിഞ്ഞിരിക്കയാണ് ചിരഞ്ജീവി. ഇപ്പോൾ അനിയന്റെ പാർട്ടിക്ക് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.

പവൻ ജയിച്ചുവരുമെന്ന് ചിരഞ്ജീവി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന് പിന്തുണ അറിയിച്ച് ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചു. 'കയ്യിൽ നിന്ന് പണമെടുത്താണ് എന്റെ ഇളയ സഹോദരൻ പവൻ കല്യാൺ ജനങ്ങളെ സഹായിക്കുന്നത്. സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്. എല്ലാവരും പവൻ കല്യാണിന് വോട്ട് ചെയ്യണം പ്രിയപ്പെട്ട ആരാധകരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, 'എന്നായിരുന്നു ചിരഞ്ജീവിയുടെ വാക്കുകൾ. ഇത് ആരാധകർ ഏറ്റെടുക്കയാണ്. ഇതോടെ കടുംബത്തിൽ സമ്പൂർണ ഐക്യം വന്നുവെ്ന്നാണ് വിലയിരുത്തൽ.

തന്റെ സമകാലികരെ അപേക്ഷിച്ച് യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന താരമായിരുന്നു ചിരഞ്ജീവി. സഹോദരങ്ങളെ സിനിമയിൽ എത്തിച്ചതും, അദ്ദേഹം തന്നെ. ചിരഞ്ജീവി നേരത്തേ പ്രജാ രാജ്യം പാർട്ടിയുണ്ടാക്കിയിരുന്നു. പിന്നീട് അത് ക്ലച്ച് പടിക്കാതായപ്പോൾ കോൺഗ്രസിൽ ലയിച്ചു. പിന്നീട് അദ്ദേഹം രാജ്യസഭാഗംഗവും, കേന്ദ്രമന്ത്രിയുമായി. ഇപ്പോൾ രാഷ്ട്രീയ മോഹങ്ങൾ അവസാനിപ്പിച്ച് ചിരഞ്ജീവി സിനിമയിൽ തുടരുകയാണ്. 69കാരനായ ചിരഞ്ജീവിക്ക് ഇനി ഒരു അങ്കത്തിന് ബാല്യമുണ്ടോ എന്ന് സംശയമാണ്. പക്ഷേ 55കാരനായ പവൻ കല്യാൺ കലിപ്പിൽ തെന്നയാണ്. എൻടിആറിനെപ്പോലെ സിനിമയും രാഷ്ട്രീയവും ഒരുപോലെ നിയന്ത്രിക്കുമെന്ന വാശിയിലാണ്.

അനിയൻ പവൻ കല്യാണിനെയും, സിനിമയിലേക്ക് കൊണ്ടുവന്നത് ചിരഞ്ജീവിയാണ്. തനിക്ക് ഗുരവും മാർഗദർശിയുമാണ്, ചിരഞ്ജീവിയെന്നാണ് നടൻ പവൻ കല്യാൺ പറയാറുള്ളത്. പക്ഷേ ഇപ്പോൾ ചേട്ടനും അനിയനും രണ്ട് തട്ടിലാണ്. രോഗത്തിന് അടിമയായിരുന്ന പഴയ കാലത്തെക്കുറിച്ചുള്ള നടുക്കുന്ന ഓർമകൾ പവൻ കല്യാൺ, ഒരു ടെലിവഷൻ ഷോയ്ക്കിടെ നടൻ നന്ദമുരി ബാലകൃഷ്ണയോട് തുറന്ന് പറഞ്ഞത് വൈറലായിരുന്നു.

'കുട്ടിക്കാലത്ത് എനിക്ക് ആസ്മയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടിക്കടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമൂഹത്തിനോട് ഇടപെടുന്ന വ്യക്തിയായിരുന്നില്ല ഞാൻ. 17-ാം വയസ്സിൽ, പരീക്ഷകളുടെ സമ്മർദ്ദം എന്റെ വിഷാദം കൂട്ടി. എന്റെ മൂത്ത സഹോദരൻ (ചിരഞ്ജീവി) വീട്ടിലില്ലാത്ത സമയത്ത് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കാൻ പദ്ധതിയിട്ടത് ഞാൻ ഓർക്കുന്നു.ജ്യേഷ്ഠൻ നാഗബാബുവും ഭാര്യാസഹോദരി സുരേഖയും ചേർന്നാണ് എന്നെ രക്ഷിച്ചത്. എനിക്കു വേണ്ടി ജീവിക്കൂ എന്ന് സഹോദരൻ ചിരഞ്ജീവി പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. എങ്കിലും ജീവിക്കൂ. അന്നുമുതൽ, ഞാൻ എന്നെത്തന്നെ പഠിപ്പിക്കുകയും പുസ്തകങ്ങൾ വായിക്കുകയും കർണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു.'' -പവൻ പറഞ്ഞു.

ഇങ്ങനെ അതിവൈകാരിക ബന്ധമുണ്ടായിരുന്ന സഹോദരങ്ങളാണ് രാഷ്ട്രീയത്തിന്റെ പേരിൽ പിരിഞ്ഞത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരുകോടി പ്രതിഫലം വാങ്ങി ഒരുകാലത്ത് ബച്ചനേക്കാൾ ഉയർന്ന നിലയിൽ എത്തിയ ചിരഞ്ജീവിയുടെ പടങ്ങൾ അടുത്തകാലത്ത് അടുപ്പിച്ച് ഫ്ളോപ്പ് ആയിരിക്കയാണ്. എന്നാൽ പവന്റെ ചിത്രങ്ങൾ വിജയിക്കുകയും, ഒരു ദിവസം രണ്ടുകോടി രൂപ പ്രതിഫലം വാങ്ങുന്ന താരമായി അദ്ദേഹം ഉയരുകയും ചെയ്തിരുന്നു. അത് വെച്ചുനോക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനും ഇപ്പോൾ പവൻ കല്യാൺ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP