Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ജയരാജനെ കണ്ടിരിക്കാം, അതെന്താ ക്രിമിനൽ കുറ്റമാണോ? ഇപിയെ ബിജെപിയിൽ ചേർക്കാനായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ ആരോപണം വ്യാജ വാർത്ത; താൻ ആരെ കാണുന്നു, സംസാരിക്കുന്നു എന്ന് സുധാകരന് എങ്ങനെ അറിയാമെന്നും പ്രകാശ് ജാവ്‌ദേക്കർ

ജയരാജനെ കണ്ടിരിക്കാം, അതെന്താ ക്രിമിനൽ കുറ്റമാണോ? ഇപിയെ ബിജെപിയിൽ ചേർക്കാനായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ ആരോപണം വ്യാജ വാർത്ത; താൻ ആരെ കാണുന്നു, സംസാരിക്കുന്നു എന്ന് സുധാകരന് എങ്ങനെ അറിയാമെന്നും പ്രകാശ് ജാവ്‌ദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: താൻ എൽഡിഎഫ് കൺവീനർ പി ജയരാജനെ കണ്ടിരിക്കാം, അത് ക്രിമിനൽ കുറ്റമാണോ എന്ന്  ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ. ഇപി ബിജെപിയിൽ ചേരാൻ വേണ്ടി ചർച്ചകൾ നടത്തിയെന്നും, പാർട്ടിയിൽ നിന്നുള്ള ഭീഷണി ഭയന്ന് പിന്നീട് തീരുമാനം പിൻവലിച്ചുവെന്നും ഉള്ള കെ സുധാകരന്റെ വെളിപ്പെടുത്തൽ വ്യാജ വാർത്തയെന്ന് ജാവ്‌ദേകർ പറഞ്ഞു. ദി ഇന്ത്യൻ എക്‌സപ്രസിനോടാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. താൻ ആരുമായി കൂടിക്കാഴ്ച നടത്തി, ആരോട് സംസാരിച്ചു എന്നൊക്കെ സുധാകരന് എങ്ങനെ അറിയാമെന്ന് ജാവ്‌ദേക്കർ ചോദിച്ചു.

ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ ജയരാജൻ ചർച്ച നടത്തിയത് ജാവ്‌ദേക്കറുമായി ആണെന്ന് തെളിച്ചുപറഞ്ഞിരുന്നില്ല. ഡൽഹിയിലാണ് ബിജെപിയുമായി ഇപിയുടെ ചർച്ച നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ താൻ ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതായി ശോഭ പറഞ്ഞുവോ എന്ന് ജാവ്‌ദേക്കർ ചോദിച്ചു. 'ഞാൻ ആരെ കാണുന്നു, സംസാരിക്കുന്നു എന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം? '-ജാവ്‌ദേക്കർ വീണ്ടും ചോദിച്ചു.

ഇടതുമുന്നണി കൺവീനറുടെ മകന്റെ വീട്ടിൽ ചായ സൽക്കാരത്തിനിടെയാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണത്തോട് ജാവ്‌ദേക്കർ പ്രതികരിച്ചത് ഇങ്ങനെയാണ്: ' ഞങ്ങൾ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ വച്ചോ, വിമാനത്താവളത്തിൽ വച്ചോ, പാർലമെന്റിൽ വച്ചോ കണ്ടിരിക്കാം. ഞാൻ ധാരാളം പേരേ കാണാറുണ്ട്. ഞാൻ ശശി തരൂരോ മറ്റു രാഷ്ട്രീയ നേതാക്കളുമായോ ഭക്ഷണം കഴിച്ചിരിക്കാം. അതൊരു ക്രിമിനൽ കുറ്റമാണോ? എന്താണ് അതിൽ തെറ്റ്?'-ജാവ്‌ദേക്കർ ചോദിച്ചു

സുധാകരൻ അദ്ദേഹത്തെ കുറിച്ച് സംസാരിക്കട്ടെ, അദ്ദേഹം എന്തിനാണ് മറ്റുള്ളവരെ കുറിച്ച് പ്രസ്താവന നടത്തുന്നത്,? ജാവ്‌ദേക്കർ ചോദിച്ചു.

രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഇ പി

അതേസമയം, പ്രകാശ് ജാവദേക്കർ വന്ന് കണ്ടത് ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മകന്റെ ഫ്‌ളാറ്റിലേക്ക് വന്ന് എന്നെ കണ്ടതാണ്. ഞാൻ അങ്ങോട്ട് പോയതല്ല. ഇത് വഴി പോയപ്പോൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാൻ കയറിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയം പറയാൻ ശ്രമിച്ചപ്പോൾ അത്തരം കാര്യം ചർച്ച ചെയ്യാൻ താൽപര്യമില്ലെന്ന് മറുപടി നൽകി. ഇതോടെ പോവുകയും ചെയ്‌തെന്ന് ജയരാജൻ പറഞ്ഞു.

ബിജെപി- കോൺഗ്രസ് ബന്ധത്തിന്റെ ഭാഗമാണ് ഇപ്പോഴുയർന്ന ആരോപണമെന്ന് ജയരാജൻ പറഞ്ഞു. കെ. സുധാകരനും ശോഭാ സുരേന്ദ്രനും മൂന്ന് നാല് മാധ്യമപ്രവർത്തകരും ചേർന്ന് തിരഞ്ഞെടുപ്പിന്റെ അവസാനനിമിഷം മറുപടി പറയാൻ സമയമില്ലാത്തത് നോക്കി അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തുകയാണ്. കെ. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനായി ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണിത്. ശോഭാ സുരേന്ദ്രനുമായി ഒരു ബന്ധവുമില്ല. മകൻ ഒരു രാഷ്ട്രീയത്തിലുമില്ല. കെ. സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.

ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ സുധാകരൻ

എന്നാൽ, ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ സുധാകരൻ ചോദിച്ചു. 'ഒരു ബന്ധവുമില്ലാത്തയാളെ ജയരാജൻ എങ്ങനെയാണ് ചായ കുടിക്കാൻ വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

'ജയരാജൻ ചായ കട നടത്തിയിട്ടുണ്ടോ?പറയുമ്പോൾ വ്യക്തതയുണ്ടായിരിക്കണം. എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തണമെന്നമില്ല. അറിഞ്ഞ യാഥാർത്ഥ്യം പുറത്തുപറഞ്ഞുവെന്നല്ലാതെ ഒന്നും ചേർത്ത് പറഞ്ഞിട്ടില്ല. അത്തരത്തിൽ ഒരു ആരോപണം വന്നപ്പോൾ അദ്ദേഹം സംസാരിക്കാതെയിരുന്നപ്പോൾ ഞാൻ സംസാരിച്ചു. അത്രയുള്ളൂ. പക്ഷെ എനിക്ക് ലഭിച്ചിരിക്കുന്ന വിവരം സത്യസന്ധമാണ്.' സുധാകരൻ പറഞ്ഞു.

ഏഴോളം കോൺഗ്രസ്-സിപിഎം നേതാക്കളുമായി ചർച്ചനടത്തി: ശോഭ സുരേന്ദ്രൻ

അതിനിടെ, കേരളത്തിലെ ഏഴോളം കോൺഗ്രസ്-സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തി.

'കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതിൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കളും മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളുമുണ്ട്. പാർട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങളുമായി ഞാൻ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന എൻ.ഡി.എ. കടന്നുവരുമെന്ന് പറയുന്നത് ആ ചർച്ചയുടെയൊക്കെ വെളിച്ചത്തിലാണ്', ശോഭ സുരേന്ദ്രൻ പറഞ്ഞു.

പോളിങ് ദിനമായ വെള്ളിയാഴ്ച രാവിലെയാണ് തന്റെ മകന്റെ ഫ്ളാറ്റിലെത്തി ജാവഡേക്കർ തന്നെ കണ്ടുവെന്ന് ഇ.പി. ജയരാജൻ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇക്കാര്യം ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രൂക്ഷമായ ഭാഷയിലാണ് ജയരാജന്റെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളിൽ ജയരാജന് വേണ്ടത്ര ജാഗ്രതയില്ലെന്ന് പറഞ്ഞ പിണറായി, പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും എന്ന പഴഞ്ചൊല്ലും പറഞ്ഞു. എന്നാൽ, ജയരാജനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP