Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ചാക്കു നിറയെ നോട്ടുകെട്ടുമായി ഒരുവൻ ബസിൽ കയറിപ്പോയി സാർ; തിരുവല്ലയിലെ രഹസ്യാന്വേഷണ വിഭാഗം പൊലീസുകാരന് കിട്ടിയ വിവരം ഇങ്ങനെ; പമ്പയുടെ കരയിലിരുന്ന പ്ലാസ്റ്റിക് ചാക്കിൽ പണമെണ്ണുന്നയാളെ കണ്ടത് ആറന്മുള പൊലീസ്; ചാക്കും കളഞ്ഞ് ആറ്റിൽ ചാടി മറുകരയെത്തിയപ്പോൾ പൊക്കിയത് കുപ്രസിദ്ധ അമ്പലം മോഷ്ടാവ് മാത്തുക്കുട്ടിയെ

ചാക്കു നിറയെ നോട്ടുകെട്ടുമായി ഒരുവൻ ബസിൽ കയറിപ്പോയി സാർ; തിരുവല്ലയിലെ രഹസ്യാന്വേഷണ വിഭാഗം പൊലീസുകാരന് കിട്ടിയ വിവരം ഇങ്ങനെ; പമ്പയുടെ കരയിലിരുന്ന പ്ലാസ്റ്റിക് ചാക്കിൽ പണമെണ്ണുന്നയാളെ കണ്ടത് ആറന്മുള പൊലീസ്; ചാക്കും കളഞ്ഞ് ആറ്റിൽ ചാടി മറുകരയെത്തിയപ്പോൾ പൊക്കിയത് കുപ്രസിദ്ധ അമ്പലം മോഷ്ടാവ് മാത്തുക്കുട്ടിയെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്നതിൽ വിദഗ്ധനായ തലവടി നീരേറ്റുപുറം കാരിക്കുഴി വാഴയിൽ വീട്ടിൽ മാത്തുക്കുട്ടിയെ(52) മോഷണ മുതലുമായി ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മോഷ്ടിച്ച് ട്രെയിനിലും ബസിലുമായി സഞ്ചരിച്ചിരുന്ന മാത്തുക്കുട്ടി പിടിയിലാകാൻ കാരണമായത് തിരുവല്ലയിലെ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരൻ സജിത്തിന് കിട്ടിയ വിവരമാണ്. ഇയാളെ പിന്തുടർന്ന് തിരുവല്ല, ആറന്മുള പൊലീസ് നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ പമ്പയാർ നീന്തിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. നാണയവും നോട്ടുകളുമുൾപ്പെടെ 8858 രൂപ മാത്തുക്കുട്ടിയുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ നിന്ന് ലഭിച്ചു. സ്വർണം, വെള്ളിത്തകിടുകളും ലോഹക്കട്ടികളും നാഗരൂപങ്ങളുമൊക്കെ ചാക്കിലുണ്ടായിരുന്നു.

പിടിയിലായ മാത്തുക്കുട്ടി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. 2021 ലാണ് അവസാനമായി ജയിലിൽ നിന്ന് ഇറങ്ങുന്നത്. അതിന് ശേഷം വിവിധ ജില്ലകളിലായി മോഷണം നടത്തി സുഖമായി കഴിഞ്ഞു വരികയായിരുന്നു. കാണിക്ക വഞ്ചി കുത്തിത്തുറന്ന് എടുക്കുന്ന പണം കൊണ്ട് ഭക്ഷണവും മദ്യവും വാങ്ങിക്കഴിക്കും. ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലും കിടന്നുറങ്ങും. ഇന്നലെ രാത്രി 11 മണിയോടെ ചോറ്റാനിക്കര റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന സകല സാധനങ്ങളും വാരി പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തി.

അവിടെ നിന്ന് ഇന്ന് പുലർച്ചെ 5.45 നുള്ള ട്രെയിനിൽ കയറി ചങ്ങനാശേരിയിൽ ഇറങ്ങി. ഓട്ടോറിക്ഷ പിടിച്ച് തിരുവല്ലയിൽ വന്നിറങ്ങി. അതിഠന് ശേഷം സ്വകാര്യ ബസിൽ കയറി തോട്ടഭാഗത്ത് വന്നിറങ്ങി. ഈ സമയത്താണ് ഒരാൾ സ്പെഷൽ ബ്രാഞ്ചിലെ സജിത്ത് എന്ന പൊലീസുകാരനെ വിളിച്ച് ഒരാൾ സ്വകാര്യ ബസിൽ പണം നിറച്ച പ്ലാസ്റ്റിക് ചാക്കുമായി കയറിയിട്ടുണ്ടെന്ന് അറിയിച്ചത്. സജിത്ത് മോഷ്ടാവ് സഞ്ചരിച്ച സ്വകാര്യ ബസുകാരുമായി സംസാരിച്ചപ്പോൾ ആൾ തോട്ടഭാഗത്ത് ഇറങ്ങിയതായി വിവരം ലഭിച്ചു. സജിത്ത് ഉടൻ തന്നെ തിരുവല്ല പൊലീസിനെ വിവരം അറിയിച്ചു. ഡിവൈ.എസ്‌പി എസ്.അർഷദിന്റെ നിർദേശപ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. വിവരം മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറി.

തോട്ടഭാഗത്ത് ഇറങ്ങിയ മാത്തുക്കുട്ടി ഇവിടെ ഒരു കടയിൽ കയറി കാപ്പി കുടിച്ച ശേഷം ഒരു ഓട്ടോ പിടിച്ച് കോഴഞ്ചേരിക്ക് വച്ചു പിടിച്ചു. പിന്തുടർന്ന് വന്ന പൊലീസുകാർ മോഷ്ടാവ് സഞ്ചരിച്ച ഓട്ടോഡ്രൈവറെ കണ്ടെത്തി. അയാൾ കോഴഞ്ചേരിയിൽ ഇറങ്ങിയെന്ന് വിവരം കിട്ടി. വിവരം ആറന്മുള പൊലീസിനെ അറിയിച്ചു. അവരും തെരച്ചിൽ ആരംഭിച്ചു. മാത്തുക്കുട്ടി കോഴഞ്ചേരിയിലെ ചലഞ്ച് ഫുട്വെയർ എന്ന കടയിൽ കയറി ഒരു കറുത്ത ബാഗ് വാങ്ങി.

അതുമായി വണ്ടിപ്പേട്ട മാർക്കറ്റ് വഴി ചന്തക്കടവിലെത്തി ചാക്കിലെ പണം എണ്ണി ബാഗിലേറ്റ് മാറ്റിക്കൊണ്ടിരിക്കവേ ആറന്മുള എസ്‌ഐ എ. അലോഷ്യസ്, എഎസ്ഐ അജി, സി.പി.ഓ രാജഗോപാൽ എന്നിവർ അവിടെയെത്തി.പൊലീസിനെ കണ്ട് മാത്തുക്കുട്ടി ബാഗും പണവുമൊക്കെ ഉപേക്ഷിച്ച് ആറ്റിൽച്ചാടി. പിന്നാലെ പൊലീസും നാട്ടുകാരും കൂടി. നീന്തി മറുകര അണഞ്ഞ മാത്തുക്കുട്ടിയെ അവിടെ കാത്തു നിന്ന പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വിവാഹിതനാണെങ്കിലും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മോഷണം തൊഴിലായി സ്വീകരിച്ചയാളാണ് മാത്തുക്കുട്ടി. ആലപ്പുഴ, പത്തനംതിട്ട സബ്ജയിലുകളിലായി നാലു വർഷം റിമാൻഡിൽ കഴിഞ്ഞു. 2021 ൽ പുറത്തിറങ്ങിയ ശേഷം ചാലക്കുടിക്ക് പോയി. അതു കഴിഞ്ഞ് ഷൊർണുരിൽ ഒരു ഹോട്ടലിൽ ജോലിക്ക് കയറി. അവിടെ നിൽക്കുമ്പോൾ ഷൊർണൂർ ബസ് സ്റ്റാൻഡിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള അമ്പലത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്നു. പിന്നാലെ കാഞ്ഞങ്ങാട് ഒരു കനാലിനോട് ചേർന്നുള്ള അമ്പലത്തിലെ വഞ്ചിയും മോഷ്ടിച്ചു.

അമ്പലങ്ങളുടെ ഒന്നും പേര് തനിക്ക് അറിയില്ലെന്നും കൊണ്ടു പോയാൽ കാണിച്ചു തരാമെന്നും മാത്തുക്കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷവും മോഷണം തുടർന്നു. പരപ്പനങ്ങാടി, കൊല്ലം, മൺറോ തുരുത്ത്, ശാസ്താംകോട്ട, കല്ലിശേരി, ചിങ്ങവനം പാലത്തിന് സമീപമുള്ള ക്ഷേത്രം എന്നിവിടങ്ങളിലും കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP