Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഉമ്മയുടെ മരണദുഃഖം കാരണം മമ്മൂട്ടി എത്തിയില്ല; ജപ്പാനിലുള്ള മോഹൻലാൽ വേദന പ്രസ്താവനയിലാക്കി; റീത്ത് വച്ച് ഇടവേള ബാബു താര സംഘടനയുടെ മുഖമായി; നാലു പതിറ്റാണ്ട് സിനിമയിൽ നിറഞ്ഞിട്ടും അന്തിമോപചാരം അർപ്പിക്കാൻ പല പ്രമുഖരും മറന്നു; കണ്ണമ്പറമ്പിൽ അന്ത്യവിശ്രമം; മാമുക്കോയ ഇനി ജ്വലിക്കുന്ന ഓർമ്മ

ഉമ്മയുടെ മരണദുഃഖം കാരണം മമ്മൂട്ടി എത്തിയില്ല; ജപ്പാനിലുള്ള മോഹൻലാൽ വേദന പ്രസ്താവനയിലാക്കി; റീത്ത് വച്ച് ഇടവേള ബാബു താര സംഘടനയുടെ മുഖമായി; നാലു പതിറ്റാണ്ട് സിനിമയിൽ നിറഞ്ഞിട്ടും അന്തിമോപചാരം അർപ്പിക്കാൻ പല പ്രമുഖരും മറന്നു; കണ്ണമ്പറമ്പിൽ അന്ത്യവിശ്രമം; മാമുക്കോയ ഇനി ജ്വലിക്കുന്ന ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാളസിനിമയിലെ കോഴിക്കോടൻ മുഖം മാമുക്കോയ ഇനി ഓർമകളിൽ. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടർന്നായിരുന്നു കബറടക്കം. നിരവധി പേർ കബറടക്കത്തിന് എത്തി.

താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമ്മാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. വലിയൊരു താരനിരയൊന്നും കബറടക്കത്തിന് ഉണ്ടായിരുന്നില്ല. ജാപ്പാനിലുള്ള മോഹൻലാൽ തന്റെ വേദന പ്രസ്താവനയിൽ ഒതുക്കി. അമ്മയുടെ മരണ ദുഃഖത്തിൽ ആയതിനാൽ മമ്മൂട്ടിയും വന്നില്ല. കോഴിക്കോട് പ്രതീക്ഷിച്ച തരത്തിലെ താരങ്ങളുടെ ഒഴുക്കൊന്നും മാമ്മൂകോയയെ കാണാനെത്തിയില്ലെന്നതാണ് വസ്തുത.

ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിലേക്ക് നടന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്‌ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരണം.

അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ട മാമുക്കോയ 2004-ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും (പെരുമഴക്കാലം) 2008-ൽ ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും (ഇന്നത്തെ ചിന്താവിഷയം) നേടി. കലാരത്‌നം പുരസ്‌കാരം, കല അബുദാബി പുരസ്‌കാരം, നെല്ലിക്കോട് ഭാസ്‌കരൻ പുരസ്‌കാരം, കെ.പി. ഉമ്മർ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു. കോഴിക്കോട് കേന്ദ്രമായുള്ള യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി പ്രസിഡന്റാണ്. നാടകത്തിലൂടെയാണ് സിനിമയിൽ എത്തിയത്. വെള്ളിത്തിരയിൽ തിളങ്ങുമ്പോഴും നാടകത്തോടുള്ള സ്‌നേഹം മനസ്സിൽ സൂക്ഷിച്ചു. നാടകാഭിനയം ചെയ്യുകയും ചെയ്തു.

മന്ത്രി അഹമ്മദ് ദേവർ കോവിൽ, മുന്മന്ത്രി കെ ടി ജലീൽ അടക്കം നിരവധി പ്രമുഖർ ചിരിയുടെ സുൽത്താന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. രാവിലെ ഒമ്പതു മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരുന്നു. രാത്രി വൈകിയും രാവിലെയും ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. തുടർന്ന് വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ മയ്യത്ത് നമസ്‌കാരം നടത്തി. ഇതിനുശേഷമാണ് കബർസ്ഥാനിൽ മാമുക്കോയയെ കബറടക്കിയത്. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവവും ഉണ്ടായതോടെയാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്.

നാല് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടനാണ് മാമുക്കോയ. കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല. 1979ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങൾ. ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ചെറുചലനങ്ങളിലൂടെ ഒരൊറ്റ ഡയലോഗിലൂടെ ചിരിനിറക്കാനുള്ള കഴിവ്. സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി.

ഏത് വേഷവും ആ കൈകളിൽ ഭദ്രം. അനായാസമായി സ്വാഭാവികമായി അഭിനയിച്ച് ജീവിച്ചു. റാംജിറാവു സ്പീക്കിങ്ങിലെ ഹംസക്കോയ, മഴവിൽ കാവടിയിലെ കുഞ്ഞിക്കാദർ, നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ.ജി പൊതുവാൾ അങ്ങനെയങ്ങനെ മലയാളി എന്നും ഓർക്കുന്ന കഥാപാത്രങ്ങൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP