Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

'നേതൃത്വം അവഗണിക്കുന്നു; ഒരു കാര്യവും ആലോചിക്കുന്നില്ല; വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് പാർട്ടിയിൽ എന്റേത്'; നേതൃത്വത്തിനെതിരെ ഹാർദിക് പട്ടേൽ; ഗുജറാത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

'നേതൃത്വം അവഗണിക്കുന്നു; ഒരു കാര്യവും ആലോചിക്കുന്നില്ല; വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് പാർട്ടിയിൽ എന്റേത്'; നേതൃത്വത്തിനെതിരെ ഹാർദിക് പട്ടേൽ; ഗുജറാത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

ന്യൂസ് ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി. കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാർദിക് പട്ടേൽ രംഗത്തെത്തി. സംസ്ഥാന കോൺഗ്രസിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് അഭിപ്രായം തേടാറില്ലെന്നും ഹാർദിക് കൂട്ടിച്ചേർത്തു.

'വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ എന്റേത്' ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹാർദിക് കൂട്ടിച്ചേർത്തു. പട്ടേൽ സമുദായത്തിന്റെ പ്രബലനായ നേതാവായ ഹാർദിക്കിനെ സംസ്ഥാനത്തെ നേതാക്കൾ ഒതുക്കുന്നുവെന്നാണ് ആക്ഷേപം. മാത്രമല്ല, മറ്റൊരു പ്രബല നേതാവും വൻവ്യവസായിയുമായ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാൻ ശ്രമിക്കുന്നതിലും ഹാർദിക് അതൃപ്തനാണെന്നാണ് വിവരം. അതേസമയം, ഹാർദിക്കിന്റെ ആശങ്കകൾ അദ്ദേഹത്തോടു സംസാരിച്ച് പരിഹരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ അറിയിച്ചു.

പിസിസിയുടെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കുന്നില്ല. അടുത്തിടെ വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പഞ്ചാബ് കോൺഗ്രസ് നേതാക്കളുടെ ഒരു പ്രതിനിധി സംഘം സോണിയാ ഗാന്ധിയെ കണ്ടു. എന്നാൽ, എന്തുകൊണ്ടാണ് വർക്കിങ് പ്രസിഡന്റിന് ഗുജറാത്ത് കോൺഗ്രസിൽ സമാനമായ ബഹുമാനം ലഭിക്കാത്തത്. ഒരു പദവിക്കായി ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. എന്റെ മുൻഗണന ഗുജറാത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. ഇക്കാര്യത്തിൽ വർക്കിങ് പ്രസിഡന്റ് എന്ന നിലയിലായാലും ഒരു കോൺഗ്രസ് പ്രവർത്തകനായാലും ഒരുപോലെയാണെന്ന് ഹാർദിക് പറഞ്ഞു.

2017ൽ ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുൻപായാണ് ഹാർദിക്കിനെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടിയിൽ എത്തിച്ചത്. 2020ലാണ് വർക്കിങ് പ്രസിഡന്റ് പദവി നൽകിയത്. ഡിസംബറിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി ഹാർദിക്കിന്റെ പ്രസ്താവനകൾ നേതൃത്വത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

'നരേഷ് പട്ടേലിനെ പാർട്ടിയിലേക്കു കൊണ്ടുവരുന്നത് മുഴുവൻ പട്ടേൽ സമൂഹത്തെയും അപമാനിക്കുന്നതിനു തുല്യമാണ്. ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. എന്തുകൊണ്ട് തീരുമാനം എടുക്കുന്നില്ല. നരേഷ് പട്ടേലിനെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡോ പ്രാദേശിക നേതൃത്വമോ ഉടൻ തീരുമാനം എടുക്കണം' ഹാർദിക് കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഹാർദിക് വ്യക്തമാക്കിയതിനു പിറ്റേ ദിവസമാണ് പാർട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. 2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയോട് ശക്തമായി പിടിച്ചുനിൽക്കാൻ കോൺഗ്രസിനെ സഹായിച്ചത് പട്ടേൽ സമുദായത്തിന്റെ പിന്തുണയാണ്. നിയമസഭയിലെ 182 സീറ്റിൽ 77 സീറ്റാണ് അന്ന് കോൺഗ്രസിന് ലഭിച്ചത്.

'എന്നാൽ അതിനുശേഷം എന്തു സംഭവിച്ചു 2017നു ശേഷം ഹാർദിക്കിനെ പാർട്ടി കാര്യമായി ഉപയോഗിച്ചിട്ടില്ലെന്ന വികാരം കോൺഗ്രസിൽ പലർക്കുമുണ്ട്. ഇന്ന് എന്നെ അംഗീകരിച്ചാൽ അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം ഞാൻ അവർക്കു വിലങ്ങുതടിയാകുമെന്നു ചിന്തിക്കുന്നുണ്ടാകാം.

പാർട്ടി 2022ലെ തിരഞ്ഞെടുപ്പിന് നരേഷ് പട്ടേലിനെയാണ് ഉയർത്തിക്കാണിക്കാൻ ഇരിക്കുന്നത്. 2027ലെ തിരഞ്ഞെടുപ്പിൽ മറ്റൊരു പട്ടേലിനെ അവർ തിരയില്ലെന്നു പ്രതീക്ഷിക്കാം. അവർക്കുള്ള ആളുകളെ എന്തുകൊണ്ട് പാർട്ടി ഉപയോഗപ്പെടുത്തുന്നില്ല എന്നെ അപമാനിക്കരുത്' ഹാർദിക് വ്യക്തമാക്കി.

ഗുജറാത്തിലെ പാട്ടിദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന്റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്നാണ് ശിക്ഷ സ്റ്റേ ചെയ്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് എസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹാർദിക് പട്ടേലിന്റെ ഹർജി പരിഗണിച്ചത്. 2015ലെ കലാപക്കേസിൽ ഹാർദിക് പട്ടേലിന് രണ്ട് വർഷം തടവുശിക്ഷ മെഹ്‌സാന സെഷൻസ് കോടതിയാണ് വിധിച്ചത്.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP