Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി;കേരളത്തിന്റെ വിയോജനക്കുറിപ്പോടെ റിപ്പോർട്ട്; സുരക്ഷ പ്രധാനം; 2006 ലെ അവസ്ഥ ആയിരിക്കില്ല 2021ൽ എന്ന് സുപ്രീം കോടതി; പ്രതികരണം അറിയിക്കാൻ കേരളം സമയം തേടി; കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി;കേരളത്തിന്റെ വിയോജനക്കുറിപ്പോടെ റിപ്പോർട്ട്; സുരക്ഷ പ്രധാനം; 2006 ലെ അവസ്ഥ ആയിരിക്കില്ല 2021ൽ എന്ന് സുപ്രീം കോടതി; പ്രതികരണം അറിയിക്കാൻ കേരളം സമയം തേടി; കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പ്രധാനവിഷയമെന്ന് സുപ്രീംകോടതി. നിലവിലെ ജലനിരപ്പ് 137.7അടിയായതിനാൽ ആശങ്കയ്ക്കു വകയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ സുരക്ഷ പ്രധാനമാണ്. 2016ലെ അവസ്ഥ ആയിരിക്കില്ല, 2021ൽ എന്നും കോടതി വ്യക്തമാക്കി.

മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്ന മേൽനോട്ട സമിതിയുടെ തീരുമാനത്തോട് കേരളം വിയോജിച്ചു. ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ ഉടൻ മറുപടി നൽകണമെന്ന് കേരളത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

അനുവദിക്കേണ്ട പരമാവധി ജലനിരപ്പ് എത്രയാണെന്ന് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ മേൽനോട്ട സമിതിയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ജലനിരപ്പ് 142 അടിയായി നിലനിർത്താമെന്നായിരുന്നു ബുധനാഴ്ച മേൽനോട്ട സമിതിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. തമിഴ്‌നാടിന് ഇത് സ്വീകാര്യമാണെന്നും കേരളം ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായും അവർ അറിയിച്ചു.

ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധിയുണ്ടാവുമെന്നും ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നുമായിരുന്നു സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഇതുൾപ്പടെയുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കേരളത്തിന് സമയം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. വ്യാഴാഴ്ച രാവിലെ 10.30-നകം ഇതിന് സംസ്ഥാന സർക്കാർ മറുപടി നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

സമിതി യോഗം ചേർന്നുവെന്നും ഓരോ മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. മാറ്റമൊന്നും വേണ്ടെന്നാണ് അവർ പറയുന്നത്.

ജലനിരപ്പ് 139 അടിക്കു മുകളിൽ പോകാൻ പാടില്ലെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ ചൂണ്ടിക്കാട്ടി. നിലവിൽ 137.60 അടിയാണുള്ളത്. ഇക്കാര്യത്തിൽ വ്യാഴാഴ്ച വാദം കേൾക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മറുപടി വ്യാഴാഴ്ച രാവിലെ നൽകണം. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കു വീണ്ടും വാദം കേൾക്കും. വർഷകാലത്ത് ജലനിരപ്പ് 139 അടിയിൽ കൂടുതലാകാൻ പാടില്ലെന്ന് 2018ൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. മേൽനോട്ട സമിതി ശിപാർശയിൽ കേരളം വ്യാഴാഴ്ച മറുപടി അറിയിക്കും. 142 അടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന ജലനിരപ്പ്.

2006-ലെ സുപ്രീംകോടതി വിധിയുടെ സാഹചര്യം ഇപ്പോഴും പരിഗണിക്കാനാവില്ല ഇത്ര വർഷം കഴിഞ്ഞതിനാൽ അണക്കെട്ടിന്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും അണക്കെട്ടിന്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 139 അടിക്ക് ജലനിരപ്പ് നിലനിർത്തണമെന്നും 137 അടിക്ക് മുകളിലേക്ക് ജലനിരപ്പുയർത്തുന്നത് കേരളത്തിൽ ആശങ്കയുളവാക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി. ഇന്നലെ ചേർന്ന മേൽനോട്ടസമിതിയുടെ യോഗത്തിലും ഇതേക്കാര്യം കേരളം ഉന്നയിച്ചിരുന്നു.

ജലനിരപ്പ് കൂട്ടുന്നതിനെ മേൽനോട്ടസമിതി അനുകൂലിച്ച സാഹചര്യത്തിൽ വിശദമായ നോട്ടീസ് നൽകാൻ സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടേണ്ടേന്നും പ്രതികൂല കാലാവസ്ഥയില്ലാത്തതിനാൽ വസ്തുതകൾ പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ കോടതിയിൽ പറഞ്ഞു.

അതേ സമയം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.60 അടിയായി ഉയർന്നു. 142 അടി പരമാവധി സംഭരണ ശേഷി നിശ്ചയിച്ചിട്ടുള്ള അണക്കെട്ടിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പു സന്ദേശം നൽകേണ്ട 138 അടിയിലേക്ക് അടുക്കുകയാണ്. അതേസമയം സ്പീൽവേയിൽ കൂടി ജലം ഒഴുക്കി വിടുന്നത് ഒഴിവാക്കാനായി 2700 ഘനയടി ജലം കൊണ്ടുപോകാൻ തമിഴ്‌നാട് തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ വരെ 2300 ഘനയടി വെള്ളമാണ് കൊണ്ടുപോയിരുന്നത്. ജലനിരപ്പ് 137 അടിയിൽ നിർത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി നിർദേശിച്ചതിനു പിന്നാലെയാണ് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തീരുമാനിച്ചത്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് മേൽനോട്ട സമിതിയിൽ ധാരണ. ഇടുക്കി അണക്കെട്ടിൽ 90 ശതമാനത്തോളം വെള്ളമുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയിലേക്കെത്തിയാൽ അധികജലം ഇപ്പോഴത്തെ അവസ്ഥയിൽ ഇടുക്കിയിലേക്കു തുറന്നുവിടാനാവില്ലെന്ന് കേരളം അറിയിച്ചിരുന്നു. ഈ വാദഗതിയും മേൽനോട്ട സമിതി അംഗീകരിച്ചിരുന്നു.

സുപ്രീം കോടതി മേൽനോട്ട സമിതിയുടേത് കേരളത്തിന് ഇരട്ടി ബലം നൽകുന്ന തീരുമാനമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഇത് ആരുടേയും വീഴ്ചയായി കാണേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപേ അറിയിപ്പ് നൽകണമെന്നു തമിഴ്‌നാട് സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയപ്പോൾ തന്നെ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പു സന്ദേശം നൽകി. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP