Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഏതുനിമിഷവും അറസ്റ്റിലാകാം; വയനാട് ഡിസിസിയിൽ കെ.സി.വേണുഗോപാലിന്റെ നോമിനി ആയി വച്ചിരിക്കുന്നത് വിജിലൻസ് കേസിൽ പെട്ട ആളെ; പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ കെ.കെ.എബ്രഹാം നടത്തിയത് ആറു കോടിയുടെ വായ്പാ ക്രമക്കേട്

ഏതുനിമിഷവും അറസ്റ്റിലാകാം; വയനാട് ഡിസിസിയിൽ കെ.സി.വേണുഗോപാലിന്റെ നോമിനി ആയി വച്ചിരിക്കുന്നത് വിജിലൻസ് കേസിൽ പെട്ട ആളെ; പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ കെ.കെ.എബ്രഹാം നടത്തിയത് ആറു കോടിയുടെ വായ്പാ ക്രമക്കേട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് ഡിസിസി പുനഃസംഘടന അന്തിമ പട്ടികയിൽ അനുയായികളെ തിരുകി കയറ്റുന്നതിൽ മത്സരിക്കുകയാണ് നേതാക്കൾ. കെ സുധാകരൻ, കെസി വേണുഗോപാൽ, കെ മുരളീധരൻ എന്നിവരുടെ നോമിനികൾ ആണ് ലിസ്റ്റിൽ അധികവും.
കെസി വേണുഗോപാലിന്റെ അനുയായികൾ ആയി കെകെ എബ്രഹാം വയനാട് നിന്നും, മണക്കാട് സുരേഷ് തിരുവനന്തപുരത്ത് നിന്നും ഡിസിസി അധ്യക്ഷ സാധ്യതാ പട്ടികയിൽ ഇടം നേടി. ഇതിൽ വയനാട്ടിലെ കെസിയുടെ നോമിനി ആയ കെ.കെ.എബ്രഹാം വിജിലൻസ് അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ ആറു കോടിയുടെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് അന്വേഷണം.

കുടിയേറ്റ മേഖലയുടെ ആശ്രയമായിരുന്ന ഒരു സഹകരണ സ്ഥാപനത്തെ നശിപ്പിച്ച വ്യക്തിയെ ആണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സി നോമിനേറ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആക്ഷേപം. അന്വേഷണത്തിന്റെ ഭാഗമായി കെ.കെ.എബ്രഹാം ഏതുനിമിഷവും അറസ്റ്റിലാകാം. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിൽ സെക്ഷൻ 13(1), സെക്ഷൻ 13(2) പ്രകാരമാണ് വിജിലൻസ് കുറ്റം ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്താൽ ഒരുലക്ഷം രൂപയുടെ ജാമ്യത്തുകയും, തുല്യ തുകയ്ക്കുള്ള ആൾജാമ്യവും കെട്ടണം.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ, നിയമവിരുദ്ധമായി വായ്പകൾ വിതരണം ചെയ്ത് 6,oo,5o,5oo കോടിയുടെ നഷ്ടം വരുത്തിയെന്നാണ് ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഭരണ സമിതി പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയതിനാണ് കെ.കെ.എബ്രഹാമിനെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്.

കെ.കെ.എബ്രഹാമിന് എതിരെയുള്ള മുഖ്യ ആരോപണങ്ങൾ:

*വ്യവസ്ഥ സംഘിച്ച് ഉപ നിബന്ധനകൾ ഇല്ലാതെ സുരക്ഷിതമല്ലാത്ത വായ്പകൾ മന:പുർവം വിതരണം ചെയ്തു.

*സജീവൻ കൊല്ലപ്പള്ളി എന്ന ആളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് 1.644 കോടി രൂപ വകമാറ്റി അതുവഴി ബാങ്കിന് നഷ്ടം വരുത്തി

*അംഗങ്ങൾക്ക് സ്വന്തമായി അവകാശപ്പെട്ട ഭൂമിയുടെ ഈടിന്മേൽ മാത്രമേ വായ്പ കൊടുക്കാവൂ എന്ന നിബന്ധന തെറ്റിച്ചു.

*സജീവൻ കൊല്ലപ്പള്ളി യഥാർത്ഥ ഭൂവുടമകളെ കബളിപ്പിച്ച് തയ്യാറാക്കിയ രജിസ്റ്റർ ചെയ്യാത്ത സാധുത ഇല്ലാത്ത പവർ ഓഫ് അറ്റോർണിയിൻ മേൽ വായ്പ കൊടുത്ത് പണം വകമാറ്റി.

*അനധികൃതമായി ഭൂമിയുടെ വില ഉയർത്തി കാട്ടി ക്രമക്കേട് കാട്ടി ബാങ്കിന് നഷ്ടം വരുത്തി.

*ഒരു വായ്പാ ഫയൽ പോലും പരിശോധിക്കാതെ കെ.കെ.എബ്രഹാം പ്രോപ്പർട്ടി ഇൻസ്പക്ഷൻ ഫീസിനത്തിൽ ബാങ്കിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റി.

മൂല്യം കുറവുള്ള ഭൂമിയുടെ ഉടമകൾ, ചെറിയ തുകയ്്ക്കുള്ള വായ്പയ്ക്കായി വരുമ്പോൾ വായ്പ നിഷേധിച്ചു. അതേസമയം, സജീവൻ കൊല്ലപ്പള്ളി ഈ സാഹചര്യം മുകലെടുത്ത് ഭൂവുടമകളിൽ നിന്ന് വായ്പ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് കെ.കെ.എബ്രഹാം പ്രസിഡന്റായ ഭരണസമിതിയുടെ സഹായത്തോടെ ഭീമമായ തുകയുടെ വായ്പ തരപ്പെടുത്തി. നാമമാത്രമായ തുക വായ്പക്കാരന് നൽകി, ബാക്കി പണം സജീവൻ കൊല്ലപ്പള്ളിയുടെ പോക്കറ്റിലേക്ക് പോവുകയും ചെയ്തു.

ബാങ്ക് നിയമങ്ങൾക്ക് വിരുദ്ധമായി സംഘത്തിന്റെ പണം ചെലവഴിച്ചാൽ, നഷ്ടത്തിന് ഉത്തരവാദികളിൽ നിന്ന് സർചാർജ്ജ് ഈടാക്കണമെന്നാണ് കേരള സഹകരണ നിയമം അനുശാസിക്കുന്നത്. എന്നാൽ കോവിഡ് ആയതിനാൽ തങ്ങളുടെ ഭാഗം പൂർണ്ണമായും കേട്ടില്ല എന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞപ്പോൾ അവരുടെ ഭാഗം ഒന്നുകൂടി കേൾക്കാൻ കോടതി പറഞ്ഞു. വീണ്ടും കേൾക്കാൻ നോട്ടീസ് അയച്ചെങ്കിലും കെ.കെ.എബ്രഹാം ഹാജരായില്ല. രണ്ട് ആഴ്ചക്കുള്ളിൽ പഴയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സഹകരണ വകുപ്പ് ഒരുങ്ങുകയാണ്.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കുട്ടിച്ചോറാക്കിയെ വ്യക്തിയെ തന്നെ വയനാട് ഡിസിസിയിലേക്ക് പരിഗണിക്കുന്നതിൽ എ-ഐ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. തങ്ങളെ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തിയത് കൂടി കണക്കിലെടുത്ത് പുതിയ പോർമുഖം തുറക്കാൻ ഒരുങ്ങുകയാണ് എ-ഐ ഗ്രൂപ്പുകൾ.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് ഇങ്ങനെ

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വ്യാപക വായ്പ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം നടന്ന അന്വേഷണത്തിൽ കണ്ടെത്തി. 2015-16 വർഷത്തിൽ നടന്നിട്ടുള്ള വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപർട്ടി ഇൻസ്പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

സജീവൻ കൊല്ലപ്പള്ളി എന്ന അംഗത്തിന്റെ സഹായത്തോടെ ബാങ്കിലെ അംഗങ്ങൾക്കെന്ന വ്യാജേന വായ്പകൾ പാസാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായും ഇയാളുടെ ബന്ധുക്കളുടെ പേരിലുള്ള മൂല്യം കുറവുള്ള ഭൂമി തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൂല്യം കുറഞ്ഞ ഭൂമിക്ക് വൻ തുക മൂല്യമുള്ളതായി ഭരണസമിതിയംഗങ്ങൾ വ്യാജ റിപ്പോർട്ട് തയ്യാറാക്കി. വസ്തു വിറ്റാൽ പോലും വായ്പ നൽകിയ തുക തിരിച്ചുപിടിക്കാനാവാത്ത വിധമാക്കി. ഇപ്രകാരം അനുവദിച്ച വായ്പ തുകകൾ പൂർണ്ണമായോ ഭാഗീകമായോ സജീവൻ കൊല്ലപ്പള്ളിയുടെ സേവിങ്സ് അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ബാങ്ക് പ്രസിഡന്റിന്റെയും ഭരണസമിതിയംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ പേരിലെടുത്തിരിക്കുന്ന വായ്പകളും സജീവന്റെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. വീടോ കെട്ടിടമോ ഇല്ലാത്ത ഈട് വസ്തുവിൽ ഇവയുണ്ടെന്ന് വ്യാജ റിപ്പോർട്ട് തയ്യാറാക്കി ഇയാളുടെ അക്കൗണ്ടിലേക്ക് 1.64 കോടി രൂപയുടെ ബാങ്ക് ഫണ്ട് ചോർത്തുന്നതിന് ഭരണസമിതി കൂട്ടുനിന്നു. പുൽപള്ളി പഞ്ചായത്ത് മാത്രം പ്രവർത്തന പരിധിയുള്ള ബാങ്ക്, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകളിൽ വരെയുള്ള ഭൂമിക്ക് മേൽ വായ്പ അനുവദിച്ചു. ഇപ്രകാരം നൽകിയ വായ്പകളിൽ ഭൂരിഭാഗവും സജീവന്റെ അക്കൗണ്ടിലേക്കാണെത്തിയിരിക്കുന്നത്.

ബാങ്ക് ഫണ്ടിന്റെ വലിയൊരു ഭാഗം ഒരു വ്യക്തിയുടെ കൈകളിലേക്ക് മാത്രമെത്തിയത് ബാങ്കിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കി. സാധാരണ അംഗങ്ങൾക്ക് വായ്പ ലഭിക്കുന്നതിന് ഇത് തടസ്സമായി. തരളധനം സൂക്ഷിക്കാൻ പോലും കെൽപില്ലാതെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തകർന്നു. ആറു ലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള സ്ഥലത്തിന് ഭരണസമിതിയംഗം 65 ലക്ഷം രൂപ മൂല്യം നിശ്ചയിച്ച് 25 ലക്ഷം രൂപ വായ്പ നൽകിയിട്ടുണ്ട്. സാധാരണക്കാരായ അംഗങ്ങളുടെ രേഖകൾ ഉപയോഗിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വൻ തുകകൾ വായ്പയായി അനുവദിച്ച് തട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് സെക്രട്ടറി കെ.ടി. രമാദേവി, ലോൺ സെക്ഷൻ മേധാവിയും ഇന്റേണൽ ഓഡിറ്ററുമായ പി.യു. തോമസ് എന്നിവർക്ക് ബാങ്കിൽ നടന്ന ക്രമക്കേടിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം, ഭരണസമിതിയംഗങ്ങളായ ടി.എസ്. കുര്യൻ, വി എം. പൗലോസ്, എൻ.യു. ഉലഹന്നാൻ, സി.വി. വേലായുധൻ, ജനാർദനൻ പാമ്പനാൽ, ടി.പി. മുകുന്ദൻ, സണ്ണി തോമസ്, സുജാത ദിലീപ്, ബിന്ദു ചന്ദ്രൻ, ഫിലോമിന കാഞ്ഞൂക്കാരൻ എന്നിവരാണ് ക്രമക്കേടുകൾക്ക് ഉത്തരവാദികളായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ സണ്ണി തോമസ് 2015ൽ ഭരണസമിതിയംഗത്വം രാജിവെച്ചിരുന്നു. ഇയാൾ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴിയും നിർണായകമായി. ഭരണസമിതിയോഗത്തിൽ പരിശോധിക്കാത്ത പല വായ്പകളും പിന്നീട് മിനുട്ട്സിൽ എഴുതി ചേർത്തത് ശ്രദ്ധയിൽപ്പെട്ടതായി ഇയാൾ വെളുപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകൾ മൂലം ബാങ്കിന് 60050500 രൂപയുടെ നഷ്ടം സംഭവിച്ചെന്നും 2017-18 വർഷത്തിൽ നഷ്ടം 9.42 കോടി രൂപയായി വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക ലാഭമെന്ന ലക്ഷ്യത്തോടെ ചതി, വിശ്വാസ വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവ നടന്നിട്ടുണ്ടെന്നും ഇവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും കേരള സഹകരണ വകുപ്പ് നിയമം സെക്ഷൻ 94, 948എ, 948ബി പ്രകാരവും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അസി. രജിസ്ട്രാർ ടി.എസ്. ജോൺസൺ, യൂണിറ്റ് ഓഡിറ്റർ ഷിജി വർഗീസ്, ഓഫീസ് ഇൻസ്പെക്ടർ സി.ആർ. പ്രതീഷ് കുമാർ, സ്പെഷ്യൽ സെയിൽ ഓഫീസർ എ.കെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് രണ്ട് അംഗങ്ങൾ രാജിവെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP