Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർണാടകയിൽ നേതൃമാറ്റം?; മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന; നേതൃമാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്; പാർട്ടിയിലെ പടയൊരുക്കത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

കർണാടകയിൽ നേതൃമാറ്റം?; മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന; നേതൃമാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്; പാർട്ടിയിലെ പടയൊരുക്കത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തമായതോടെ കർണാടകയിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി നേതൃത്വം കൈക്കൊണ്ടതായി സൂചന. ഡൽഹിയിലുള്ള ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും മന്ത്രിമാരും ആവശ്യപ്പെടുന്നത്.

അസംതൃപ്തരായ ഒരുകൂട്ടം നേതാക്കൾ യെദ്യൂരപ്പയുടെ പ്രവർത്തന ശൈലിയെപ്പറ്റി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് നേതൃമാറ്റം എന്ന തീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം എത്തിയതെന്ന് ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ പറയുന്നു.കർണാടകയിൽ അസംതൃപ്തരായ നേതാക്കൾ തുടരെ പ്രശ്നങ്ങളുണ്ടാക്കുന്നതിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതേ സമയം പുതിയ നേതാവിനെ കണ്ടെത്തുക എന്നതും കേന്ദ്ര നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ്. കർണാടകത്തിൽ നേതൃപാടവമുള്ള മറ്റൊരു നേതാവില്ല എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതെന്നും ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കർണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിങ് വ്യാഴാഴ്ച പറഞ്ഞത്. യെദ്യൂരപ്പ മികവ് തെളിയിച്ചയാളാണെന്നും അദ്ദേഹം കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും എംഎൽഎമാരും നല്ലരീതിയിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തയാഴ്ച ബെംഗളൂരുവിൽ എത്തുമെന്നും അസംതൃപ്തരായ നേതാക്കളുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെയാണ് നേതൃമാറ്റം സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊണ്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അരുൺസിങ് ബെംഗളൂരുവിൽ എത്തി നേതാക്കളുമായി ചർച്ച നടത്തിയാലും കർണാടകയിലെ പ്രശ്നങ്ങൾ പരിഹാരമാകില്ല എന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.ബെംഗളൂരുവിലെത്തി ബിജെപി നേതാക്കളുമായി സംസാരിച്ച് റിപ്പോർട്ട് തയ്യാറാക്കി ഡൽഹിക്ക് മടങ്ങാനെ അരുൺ സിങ്ങിന് കഴിയൂ. കർണാടകയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടാവും അദ്ദേഹം നൽകുക.

യെദ്യൂരപ്പയ്ക്കെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി.കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് യെദ്യൂരപ്പ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും എംഎൽഎയുമായ രേണുകാചാര്യ ബിജെപി നേതാക്കളുടെ പിന്തുണ എഴുതിവാങ്ങിയിരുന്നു. 65 എംഎൽഎമാരാണ് ഇത്തരത്തിൽ യെദ്യൂരപ്പയെ പിന്തുണച്ചുകൊണ്ട് കത്ത് നൽകിയത്. അതിനിടെ കാലാവധി പൂർത്തിയാക്കാൻ തന്നെ അനുവദിക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ടൂറിസം മന്ത്രി സി.പി യോഗേശ്വർ അടക്കമുള്ളവർ അടുത്തിടെ കേന്ദ്ര നേതൃത്വത്തെ കണ്ടതോടെയാണ് ഒരു വിഭാഗം നേതാക്കൾ യെദ്യൂരപ്പയെ മാറ്റാൻ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. അതിനിടെ വിമത സ്വരങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് പ്രത്യേക സമിതിതന്നെ ബിജെപി രൂപവ്തകരിച്ചിരുന്നു. യെദ്യൂരപ്പയും സംസ്ഥാന ബിജെപി അധ്യക്ഷനും, നാല് പാർട്ടി ജനറൽ സെക്രട്ടറിമാരും, മൂന്ന് സംസ്ഥാന മന്ത്രിമാരും ഉൾപ്പെട്ടതായിരുന്നു സമിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP