Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രമുഖരുടെ കൊഴിഞ്ഞുപോക്കിലും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിൽ ബിജെപി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 'കരുത്തറിയിക്കാൻ' കോൺഗ്രസ്; ഒരു മാസത്തിലേറെ നീണ്ട താരപ്രചാരണം; അഴിമതി ആരോപണവും ഭരണവിരുദ്ധവികാരവും 'വിമത' പോരാട്ടവും മനം മാറ്റുമോ? വിധിയെഴുതാൻ കർണാടക ബുധനാഴ്ച ബൂത്തിലേക്ക്; വീണ്ടും താമരക്കാലമോ അതോ 'കൈ' ഉയരുമോ? ശനിയാഴ്ച ഫലമറിയാം

പ്രമുഖരുടെ കൊഴിഞ്ഞുപോക്കിലും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിൽ ബിജെപി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 'കരുത്തറിയിക്കാൻ' കോൺഗ്രസ്; ഒരു മാസത്തിലേറെ നീണ്ട താരപ്രചാരണം; അഴിമതി ആരോപണവും ഭരണവിരുദ്ധവികാരവും 'വിമത' പോരാട്ടവും മനം മാറ്റുമോ? വിധിയെഴുതാൻ കർണാടക ബുധനാഴ്ച ബൂത്തിലേക്ക്; വീണ്ടും താമരക്കാലമോ അതോ 'കൈ' ഉയരുമോ? ശനിയാഴ്ച ഫലമറിയാം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: നാടും നഗരവും ഇളക്കിമറിച്ച ഒരുമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണങ്ങൾക്ക് ഒടുവിൽ ജനഹിതം വ്യക്തമാക്കാൻ ഒരുങ്ങി കർണാടക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വിധിയെഴുതുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വിജയം ആഗ്രഹിക്കുന്ന സംസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് വളരെ പ്രതീക്ഷയോടെയാണ് കർണാടക തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. അതേസമയം, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റേതടക്കം കൊഴിഞ്ഞുപോക്കുകൾക്കിടയിലും ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഭരിക്കാനാവശ്യമായ ഭൂരിപക്ഷത്തോടെ അധികാലത്തിലെത്തുമെന്ന ജെ.ഡി.എസിന്റെ വാദം പക്ഷേ യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലയാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

കർണാടക നിയമസഭയുടെ അംഗസംഖ്യ ആകെ 224 ആണ്. 113 എംഎ‍ൽഎമാരുടെ കക്ഷിക്ക് ഭരിക്കാം. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നവരെ അടർത്തിയെടുത്ത് ബിജെപി. സർക്കാരുണ്ടാക്കുമെന്ന ഭയം കോൺഗ്രസ് പാർട്ടിക്കുണ്ട്. അത് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തന്നെ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.

150 സീറ്റിലെങ്കിലും ജയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയിൽ ഖാർഗെയ്ക്ക് കൂടി പ്രധാനമാണ് കർണാടക ഫലം.

ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ കവാടമായ കർണാടകയിൽ ഭരണം നിലനിർത്തുക ബിജെപിക്ക് അഭിമാന പ്രശ്‌നമാണ്. നരേന്ദ്ര മോദിയും അമിത് ഷായും ഏറെനാൾ തമ്പടിച്ച് ഉഴുതുമറിച്ചിട്ട കന്നഡ രാഷ്ട്രീയക്കളത്തിൽ താമര വീണ്ടും വിരിയാതിരിക്കില്ലെന്ന പ്രതീക്ഷയിലാണു ബിജെപി. ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും തിരിച്ചടിക്കുമോയെന്ന ആശങ്കയുമുണ്ട്.



രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊടിപാറിച്ച പോരാട്ടച്ചൂടിൽ താമരപ്പാടം വാടുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാജസ്ഥാനൊഴികെ വലിയ സംസ്ഥാനങ്ങളിലൊന്നും അധികാരത്തിലില്ലാത്ത കോൺഗ്രസിനു തുടർപോരാട്ടങ്ങൾക്കു കർണാടകയിലെ തിരിച്ചുവരവ് ആവശ്യമാണ്.

2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ നയിക്കാനും ജയം കോൺഗ്രസിന് അനിവാര്യം. സാഹചര്യം ഒത്തുവന്നാൽ 'കിങ് മേക്കർ' ആവുകയാണ് ജനതാദൾ എസിന്റെ ലക്ഷ്യം. 224 അംഗ നിയമസഭയിൽ 113 സീറ്റ് എന്ന മാന്ത്രികസംഖ്യ തികയ്ക്കുക ആരാകുമെന്നു കർണാടക മാത്രമല്ല രാജ്യവും ഉറ്റുനോക്കുന്നു.

ദക്ഷിണേന്ത്യയിൽ അധികാരത്തിലുള്ള ഏക സംസ്ഥാനമെന്നത് കൂടിയാണ് ബിജെപിക്ക് ഇത് ഏത് വിധേനയും ഭരണമെന്ന അഭിമാനപ്പോരാട്ടമാക്കി മാറ്റുന്നത്. എന്നാൽ, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയും പാർട്ടിവിട്ടത് അവർക്ക് കനത്ത തിരിച്ചടിയാണ്. തന്നെയും മകനേയും സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് വിമതനാകുമെന്ന് കരുതപ്പെട്ട മറ്റൊരു മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ പ്രധാനമന്ത്രി നേരിട്ട് വിളിച്ചാണ് അനുനയിപ്പിച്ചത്.

സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധവികാരവുമടക്കം പലവിധ കാരണങ്ങളാൽ സംശയത്തോടുകൂടിയായിരുന്നു ബിജെപി. കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പതിവ് പോലെ പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നു പ്രതീക്ഷ. അവസാനനിമിഷം കോൺഗ്രസിന്റെ പ്രകടനപത്രിക വഴി വീണുകിട്ടിയ ബജ്റംഗദൾ നിരോധനം ആയുധമാക്കിയും ഒരു പോരാട്ടത്തിന് ബിജെപി. മുതിർന്നു. ഇതടക്കം ഭൂരിപക്ഷത്തെ ഒപ്പം നിർത്തി ജയിക്കാനുള്ള തന്ത്രമാണ് കേന്ദ്ര നേതൃത്വം നേരിട്ട് നിയന്ത്രിച്ച ബിജെപി. പ്രചാരണത്തിൽ ഉടനീളമുണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കർണാടകയെ ഉണർത്തിവിടാൻ ബിജെപി ആശ്രയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. താരപ്രചാരകരിൽ ഒന്നാമനായ മോദി, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേതന്നെ സംസ്ഥാന സന്ദർശനം തുടങ്ങിയിരുന്നു. ജനുവരി മുതൽ പത്തിലേറെ തവണ മോദി കർണാടകയിലെത്തി. 2014ൽ പ്രധാനമന്ത്രിയായ ശേഷം, ഒരു വർഷത്തിനിടെ ഇത്രയേറെ തവണ മോദി സംസ്ഥാനത്ത് എത്തിയത് ആദ്യമാണ്. അതിലുണ്ട് ഈ തിരഞ്ഞെടുപ്പിന് ബിജെപി നൽകുന്ന പ്രാധാന്യം.



ആകെ 19 പ്രചാരണ റാലികളിലും 6 റോഡ് ഷോകളിലും പ്രധാനമന്ത്രി പങ്കെടുത്തു. കിലോമീറ്ററുകളോളം റോഡ് ഷോ നടത്തി പ്രവർത്തകരിൽ ആത്മവിശ്വാസം നിറച്ചാണ് മോദി പ്രചാരണം അവസാനിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 16 റാലികളിലും 10 റോഡ് ഷോകളിലും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ 10 റാലികളിലും 16 റോഡ് ഷോകളിലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 9 റാലികളിലും 3 റോഡ് ഷോകളിലും കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി (17 റാലി, 2 റോഡ് ഷോ), രാജ്‌നാഥ് സിങ് (4 പൊതുയോഗം), നിതിൻ ഗഡ്കരി (3 പൊതുയോഗം), നിർമല സീതാരാമൻ (8 പൊതുയോഗം) തുടങ്ങിയവരും ആവേശം വിതറി. ബി.എസ്.യെഡിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും നാടുനീളെ വോട്ടുതേടി.

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആണ് കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തത്. ബെംഗളൂരു നഗരത്തിൽ പ്രിയങ്കയുടെ റോഡ് ഷോയിൽ സ്ത്രീകളടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളുമായും ഭക്ഷണ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ചകൾ നടത്തി രാഹുൽ കയ്യടി നേടി. സിദ്ധരാമയ്യ ബെളഗാവി മേഖലയിലും ഡി.കെ.ശിവകുമാർ പഴയ മൈസൂരു മേഖലയിലും പ്രചാരണം നയിച്ചു. കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിച്ചതിലൂടെ കർണാടകയിലെ ദലിത് മേഖലയ്ക്ക് അഭിമാനമായി മാറിയ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യവും അനുകൂലമാകുമെന്നു പാർട്ടി പ്രതീക്ഷിക്കുന്നു.

കെആർപിപി (ബെല്ലാരിയിലെ ഖനി രാജാവ് ജനാർദനൻ റെഡ്ഡിയുടെ കല്യാണ രാജ്യ പ്രജാപക്ഷ പാർട്ടി) മുതൽ സിപിഐ വരെയുള്ള പാർട്ടികളും ഓളങ്ങൾ സൃഷ്ടിച്ചു. ബാഗേപ്പള്ളി മണ്ഡലത്തിൽ സിപിഎം വിജയം പ്രതീക്ഷിക്കുന്നു. എഎപി സീറ്റ് നേടാനിടയില്ലെങ്കിലും വോട്ടു ചോർത്തുമെന്ന് പാർട്ടികൾക്കു ഭയമുണ്ട്. ബിഎസ്‌പി, കർണാടക രാഷ്ട്ര സമിതി, എസ്ഡിപിഐ, അസദുദീൻ ഉവൈസിയുടെ എഐഎംഐഎം തുടങ്ങിയവ പ്രചാരണരംഗത്തു കാര്യമായ ചലനമുണ്ടാക്കിയില്ല.

സംസ്ഥാനത്ത് കോൺഗ്രസ് ഭരണം പ്രവചിക്കുന്നതാണ് പുറത്തുവന്ന ഭൂരിപക്ഷം പ്രീപോൾ സർവേ ഫലങ്ങളും. എന്നാൽ, തൂക്കുസഭ പ്രവചിക്കുന്ന ഫലങ്ങളിലാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ. തൂക്കുസഭ വന്നുകഴിഞ്ഞാൽ ജെ.ഡി.എസിന്റെ തീരുമാനം നിർണായകമാവും.

കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനംവരെ വാഗ്ദാനം ചെയ്ത് ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ ബിജെപി. മെനഞ്ഞേക്കും. അതേസമയം, കോൺഗ്രസുമായി ഇനിയും ഒരു സഹകരണത്തിന് സാധ്യതയില്ലെന്ന സൂചന കുമാരസ്വാമി പലതവണ നൽകിയിട്ടുണ്ട്.



ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തിന്റെ നിലപാടാണ് തിരഞ്ഞെടുപ്പിൽ നിർണായകമാവുക. ഇത് തന്നെയാണ് സംവരണവിഷയം പ്രചാരണത്തിൽ കാര്യമായി ഉയർത്താൻ ബിജെപിയെ നിർബന്ധിതമാക്കിയത്. ഇതിനിടെ വീരശൈവലിംഗായത്ത് ഫോറം കോൺഗ്രസിന് പിന്തുണപ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ന്യൂനപക്ഷവിഭാഗങ്ങളേയും കൂടെ നിർത്താനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തിയത്. സ്ത്രീകളെ ഒപ്പം നിർത്താൻ വലിയ വാഗ്ദാനങ്ങളും അവർ മുന്നോട്ടുവെച്ചിരുന്നു.

ഏകവ്യക്തി നിയമവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനായി ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്നുമാണു ബിജെപിയുടെ മുഖ്യ വാഗ്ദാനങ്ങൾ. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്തെ സുവർണ നാളുകൾ പുനഃസ്ഥാപിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം 3 പാചകവാതക സിലിണ്ടറും ദിവസേന അര ലീറ്റർ പാലും റേഷനു പുറമേ പ്രതിമാസം 5 കിലോ ധാന്യങ്ങളും സൗജന്യമായി നൽകും. മതവർഗീയവാദവും തീവ്രവാദ പ്രവർത്തനങ്ങളും ചെറുക്കാൻ പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കും. നഗരങ്ങളിൽ ന്യായ വിലയ്ക്ക് ഭക്ഷണം നൽകുന്നതിന് 'അടൽ ആഹാര' കേന്ദ്രങ്ങൾ, മൈസൂരു, ഹുബ്ബള്ളിധാർവാഡ്, ബെളഗാവി നഗരങ്ങളിൽ മെട്രോ, നഗര വിപണികളിലേക്ക് 50 കിലോഗ്രാം വരെ കാർഷികോൽപന്നങ്ങൾ സൗജന്യമായി കൊണ്ടുപോകാൻ കർഷകർക്ക് ഗതാഗത സൗകര്യം തുടങ്ങിയ 103 വാഗ്ദാനങ്ങൾ ഉൾപ്പെട്ട പ്രകടന പത്രികയാണ് ബിജെപി മുന്നോട്ടുവച്ചത്.

ബിജെപി സർക്കാർ റദ്ദാക്കിയ 4 ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും ആകെ സംവരണം 50 ൽ നിന്ന് 75 ശതമാനമാക്കി ഉയർത്തുമെന്നുമാണു കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അംഗീകരിക്കാനാവാത്ത പരിഷ്‌കാരങ്ങളും നിയമങ്ങളും ഒരു വർഷത്തിനകം പിൻവലിക്കും. വിദ്വേഷം പടർത്തുന്ന ബജ്‌റങ്ദളിനെ നിരോധിക്കും. ജാതി സെൻസസ് നടത്തുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബാംഗങ്ങൾക്ക് 10 കിലോ സൗജന്യ അരി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും യഥാക്രമം 3000, 1500 രൂപ വീതം തൊഴിൽരഹിത വേതനം, ഫാക്ടറികളിലെ ജോലി സമയം 8 മണിക്കൂറിൽനിന്നു 12 ആയി ഉയർത്തിയ നടപടി പിൻവലിക്കും, പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് 10,000 കോടി രൂപ, 2008 നു ശേഷം ജോലിയിൽ ചേർന്ന സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി നടപ്പാക്കും തുടങ്ങിയവയും കോൺഗ്രസ് വാഗ്ദാനം ചെയ്തു.

1200 റോഡ് ഷോ, 1200 പൊതുസമ്മേളനം, 224 മഹാറാലി, 224 പത്രസമ്മേളനം, 8000 തെരുവുയോഗം... ഇങ്ങനെ 10,848 പരിപാടികളുമായാണ് ബിജെപി കർണാടക ഇളക്കിമറിച്ചത്. കാർപറ്റ് ബോംബിങ് ക്യാംപെയ്ൻ അഥവാ ഗ്രൗണ്ട് ലെവൽ അറ്റാക്ക് എന്ന പ്രചാരണ രീതിയായിരുന്നു പാർട്ടിയുടേത്. ആർഎസ്എസ്, ഇവന്റ് മാനേജ്‌മെന്റ് ടീമുകൾ, സമൂഹമാധ്യമ സംഘങ്ങൾ എന്നിവരും ഒപ്പംനിന്നു. ഇരട്ട എൻജിൻ സർക്കാർ എന്ന ആശയവുമായി മോദി ഉൾപ്പെടെയുള്ളവർ ജനങ്ങളുടെ അടുത്തെത്തി.

ബിജെപിയുടേത് 'ട്രബിൾ എൻജിൻ സർക്കാർ' ആണെന്നു കോൺഗ്രസ് തിരിച്ചടിച്ചു. ബിജെപിയുടേത് 40% കരാർ കമ്മിഷൻ സർക്കാരാണ് എന്ന ആരോപണവും വിലക്കയറ്റവും വലിയ ചർച്ചയായി. പ്രമുഖ ലിംഗായത്ത് നേതാക്കളായ ലക്ഷ്മൺ സാവദിയും ജഗദീഷ് ഷെട്ടറും ബിജെപിയിൽനിന്ന് കൂടുമാറി എത്തിയതു കോൺഗ്രസിന് ഊർജം നൽകി. ആദ്യ ലാപ്പിൽ കോൺഗ്രസാണ് മികച്ച പ്രകടനം നടത്തിയതെന്ന നിഗമനം ശരിവയ്ക്കുന്നതായിരുന്നു അഭിപ്രായ സർവേകൾ.



ഒന്നോ രണ്ടോ നേതാക്കൾ പോയാൽ ഒന്നും സംഭവിക്കില്ലെന്ന നിലപാടിലായിരുന്നു ബിജെപി. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ബിജെപി അടവുമാറ്റി. ബജ്‌റങ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിൽ പിടിച്ചായിരുന്നു ചുവടുമാറ്റം. ബജ്‌റങ്ദൾ അണികൾ കോൺഗ്രസ് ക്യാംപുകളിലേക്കു മാർച്ച് നടത്തി. ബിജെപി നേതാക്കൾ പെട്ടെന്നു 'ഹനുമാൻ ചാലിസെ' സൂക്തങ്ങൾ ആലപിച്ചു. ഹനുമാൻ ക്ഷേത്രങ്ങളിൽ പൂജകൾ തുടങ്ങി. ദക്ഷിണ കന്നഡയിലും തീരദേശ കർണാടകയിലുമുള്ള ന്യൂനപക്ഷ വോട്ടുകൾ ഒപ്പംനിർത്താൻ ലക്ഷ്യമിട്ടുള്ള തീരുമാനം ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസും ജാഗരൂകരായി.

കർണാടകയിൽ കൂറ്റൻ ഹനുമാൻ ക്ഷേത്രം നിർമ്മിക്കുമെന്നു ഡി.കെ.ശിവകുമാർ പ്രഖ്യാപിച്ചു. നേതാക്കൾ ഹനുമാൻ ക്ഷേത്രങ്ങളിൽ സന്ദർശനം തുടങ്ങി. മണിപ്പുരിലെ കലാപസംഭവങ്ങൾ കർണാടകയിൽ ആവർത്തിക്കാതിരിക്കാൻ ബിജെപിയെ മാറ്റിനിർത്തണമെന്നു കോൺഗ്രസ് പറഞ്ഞു. മോദിയുടെ റാലികളിലടക്കം ബജ്‌റങ്ദൾ പ്രശ്‌നം ബിജെപി സജീവമാക്കി. റോഡ് ഷോ കടന്നുപോയ വഴികളിൽ ഹനുമാൻ സ്വാമിയുടെ പ്രതിമകൾക്കു മുന്നിൽ പ്രധാനമന്ത്രി വണങ്ങുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.

കർണാടകയുടെ പരമാധികാരത്തിനുമേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്നു കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകി. അധികം വൈകാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കമ്മിഷൻ കാരണംകാണിക്കൽ നോട്ടിസ് അയച്ചു. കർണാടകയെ ഇന്ത്യയിൽനിന്ന് ഭിന്നിപ്പിക്കാനാണ് 'ടുക്‌ഡേ ടുക്‌ഡേ ഗ്യാങ്ങിൽ' ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്നു മോദി പ്രസംഗിച്ചതിനു പിന്നാലെ ആയിരുന്നു ബിജെപിയുടെ നീക്കം.



തീരദേശം, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, മൈസൂരു, മധ്യം എന്നിങ്ങനെ ആറു രാഷ്ട്രീയ മേഖലകളായി തിരിച്ചായിരുന്നു കർണാടകയിലെ പ്രചാരണം. സാമുദായിക വോട്ടുകൾ കർണാടകയിലെ വിജയത്തിൽ നിർണായകമാണ്. ബിജെപിയുടെ ശക്തികേന്ദ്രമായ ലിംഗായത്ത് വിഭാഗത്തിൽ കോൺഗ്രസിന്റെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. ലിംഗായത്തിനൊപ്പം കുറുബ, എസ്സി/എസ്ടി വിഭാഗങ്ങൾക്കും ശക്തിയുള്ള കല്യാണ കർണാടകയിൽ (ഹൈദരാബാദ് കർണാടക) കോൺഗ്രസിനു വ്യക്തമായ മേൽക്കൈയുണ്ട്.

ഇതേ സാമൂഹിക സമവാക്യമുള്ള കിട്ടൂർ കർണാടകയിലെ ബെളഗാവി ജില്ലയിലെ സീറ്റുകളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബല്ലവ, ബണ്ഡ്, മുസ്ലിം, ക്രിസ്ത്യൻ ശക്തികേന്ദ്രമായ തീരദേശ കർണാടകയിൽ (മംഗളൂരു മേഖല) മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിന്. മധ്യകർണാടകയിൽ ഹിന്ദുത്വനിലപാടും ശിവമൊഗ്ഗ എയർപോർട്ട് അടക്കമുള്ള വികസനവും ഉയർത്തിക്കാട്ടി ആയിരുന്നു ബിജെപി പ്രചാരണം. 59 സീറ്റുകളുള്ള പഴയ മൈസൂരു മേഖലയിലാണു ദൾ ശ്രദ്ധിച്ചത്. ബ്രാഹ്‌മണ, റെഡ്ഡി സമുദായങ്ങളുടെ സാന്നിധ്യമുള്ളതും വൊക്കലിഗ, കുറുബ ശക്തികേന്ദ്രവുമായ ബെംഗളൂരു നഗരമേഖലയിൽ കോൺഗ്രസിന്റെ ആധിപത്യം മറികടക്കാനും ബിജെപി ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP