Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

അസാധാരണ കാലത്ത് അസാധാരണ നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല; സസ്‌പെൻഷനിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഒരുവർഷത്തെ ലീവ് നൽകി അനുഗ്രഹം; ജൂലൈ ഏഴ് മുതൽ മുൻകാലപ്രാബല്യത്തോടെ അവധി; സസ്‌പെൻഷൻ കാലത്ത് ബത്തയ്ക്ക് മാത്രം അർഹതയുള്ളപ്പോൾ ലീവ് ആക്കി മാറ്റിയതോടെ മുഴുവൻ ശമ്പളവും: ഇടത് സർക്കാർ സൃഷ്ടിച്ച പുതിയ കീഴ് വഴക്കം വിവാദമാകുന്നു

അസാധാരണ കാലത്ത് അസാധാരണ നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല; സസ്‌പെൻഷനിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഒരുവർഷത്തെ ലീവ് നൽകി അനുഗ്രഹം; ജൂലൈ ഏഴ് മുതൽ മുൻകാലപ്രാബല്യത്തോടെ അവധി; സസ്‌പെൻഷൻ കാലത്ത് ബത്തയ്ക്ക് മാത്രം അർഹതയുള്ളപ്പോൾ ലീവ് ആക്കി മാറ്റിയതോടെ മുഴുവൻ ശമ്പളവും: ഇടത് സർക്കാർ സൃഷ്ടിച്ച പുതിയ കീഴ് വഴക്കം വിവാദമാകുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: അസാധാരണ കാലത്ത് അസാധാരണ നടപടി എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്നത് മുഴുവൻ അസാധാരണ നടപടികൾ. സ്വർണ്ണക്കടത്ത് ബന്ധത്തിന്റെ പേരിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സസ്‌പെൻഷനിൽ തുടരവേ ശിവശങ്കറിന് ഒരു വർഷത്തെ ലീവ് അനുവദിച്ച സർക്കാർ തീരുമാനം അസാധാരണ നടപടിയായി ഉന്നത ഭരണവൃത്തങ്ങൾ തന്നെ വിലയിരുത്തുന്നു. ശിവശങ്കറിന് ഒരു വർഷത്തെ അവധി അനുവദിച്ച് പൊതുഭരണവകുപ്പാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഒരു സർക്കാരും സ്വീകരിക്കാത്ത ചട്ടവിരുദ്ധമായ നടപടിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് ഉന്നത ഭരണവൃത്തങ്ങൾ വിലയിരുത്തുന്നത്. സസ്‌പെൻഷൻ എന്ന് പറഞ്ഞാൽ അതൊരു ശിക്ഷണ നടപടിയാണ്. ശിക്ഷണ നടപടിയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥനു എങ്ങനെ സർക്കാരിനു ലീവ് നൽകാനാകും എന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമില്ലാതിരിക്കുന്നത്.

സസ്‌പെൻഷൻ കാലത്ത് ബത്തയ്ക്ക് മാത്രമാണ് ആ ഉദ്യോഗസ്ഥന് അർഹതയുള്ളത്. എവിടെ ലീവ് ആക്കി മാറ്റിയതോടെ സസ്‌പെൻഷൻ കാലാവധി മുഴുവൻ ശമ്പളം ലഭിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സസ്പെൻഷനിലുള്ള ശിവശങ്കറിന് ജുലായ് ഏഴ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അവധി നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സസ്പെൻഷൻ കാലാവധി തീരുന്ന അന്നു മുതലല്ല അവധി നൽകിയിരിക്കുന്നത് എന്നത് എടുത്തു കാണിക്കപ്പെടുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി സെക്രട്ടറി പദവിയിൽ നിന്നും മാറ്റിനിർത്തിയ അന്നുമുതലുള്ള അവധിയാണ് സർക്കാർ ശിവശങ്കറിന് നൽകിയിരിക്കുന്നത്.

ശിവശങ്കറിന്റെ സസ്‌പെൻഷൻ പരിശോധിക്കുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മറ്റി സസ്‌പെൻഷൻ ആദ്യം മൂന്നു മാസത്തെക്കും പിന്നീട് മൂന്നു മാസത്തേക്കും നീട്ടുകയാണ് ചെയ്തത്. ഈ സമിതിയുടെ തീരുമാനം പോലും കാറ്റിൽപ്പറത്തിയാണ് സർക്കാർ ഇപ്പോൾ സസ്‌പെൻഷൻ കാലയളവ് അവധിയാക്കി മാറ്റിയിരിക്കുന്നത്. തീർത്തും ചട്ടവിരുദ്ധവും ഒരു സർക്കാരും സ്വീകരിക്കാത്ത നടപടി എന്നുമാണ് ഉന്നത ഐഎഎസ് ഓഫീസർമാർ സർക്കാർ നടപടിയെ വിലയിരുത്തുന്നത്.
സ്വർണ്ണക്കടത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഐഎയുടെ ചോദ്യം ചെയ്യലിനും കസ്റ്റംസ്, ഇഡി തുടങ്ങിയ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കറിനാണ് സർക്കാർ സസ്‌പെൻഷൻ കാലയളവ് അവധിയാക്കി മാറ്റിയിരിക്കുന്നത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്ന് തവണ ശിവശങ്കറിനെ എൻഐഎ ചോദ്യംചെയ്തിട്ടുണ്ട്. സസ്‌പെൻഷൻ അവധിയാക്കി മാറ്റിയതോടെ ശിവശങ്കറിന് മുഴുവൻ ശമ്പളവും ലഭിക്കുന്ന അവസ്ഥയായി.

വിചിത്രമായ കീഴ്‌വഴക്കം തന്നെയാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വർണ്ണക്കടത്തുമായും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു ശിവശങ്കറിനെ നിരന്തര ചോദ്യം ചെയ്യലിന് വിധേയമാക്കുമ്പോഴാണ് പിണറായി സർക്കാർ ശിവശങ്കറിന്റെ സസ്‌പെൻഷൻ അവധിയാക്കി മാറ്റിയിരിക്കുന്നത്. ഇനി ആരെങ്കിലും സർക്കാർ സർവീസിൽ സസ്പെൻഷന്
വിധേയമായാൽ അവധി അനുവദിച്ച് ശമ്പളം നൽകാൻ പറഞ്ഞാൽ സർക്കാരിനു അത് ചെയ്യേണ്ടി വരും. അല്ലെങ്കിൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ശിവശങ്കർ ഉദാഹരിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് സർക്കാർ നടപടിയിൽ ഉന്നത ഭരണവൃത്തങ്ങൾ മുഖം ചുളിക്കുന്നത്.

അസാധാരണ കാലത്ത് അസാധാരണ നടപടി എടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുൻപ് പ്രഖ്യാപിച്ചത്. അതിനു ശേഷം അസാധാരണ നടപടികൾ തന്നെയാണ് സംസ്ഥാനം കണ്ടതും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ മന്ത്രി കെ.ടി.ജലീലിനെ എൻഐഎയും ഇഡിയും ചോദ്യം ചെയ്തു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ നിരവധി തവണ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തു.

സംസ്ഥാനസർക്കാരിന്റെ അനുമതി തേടി മാത്രം അന്വേഷണം ഏറ്റെടുക്കാറുള്ള സിബിഐ അനിൽ അക്കരെ എംഎൽഎ നൽകിയ പരാതിയെ തുടർന്ന് ലൈഫ് മിഷൻ തട്ടിപ്പിന്റെ അന്വേഷണം തുടങ്ങി. ഇതിനു അനുബന്ധമാണ് സസ്‌പെൻഷനിൽ തുടരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പളം നൽകാൻ സസ്‌പെൻഷൻ കാലാവധി അവധിയായി അനുവദിച്ച് ഇപ്പോൾ പൊതുഭരണവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ലൈഫ് മിഷനിലെ സി ബിഐ അന്വേഷണം അവസാനിപ്പിക്കാൻ കോടതിയെ സമീപിക്കാൻ സർക്കാർ ഇപ്പോൾ നിയമോപദേശവും തേടിയിരിക്കുകയാണ്. സർക്കാർ നടപടികൾ മുഴുവൻ വിവാദം സൃഷ്ടിക്കുമ്പോൾ തന്നെയാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി കാലാവധി അവധിയാക്കി മാറ്റി സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP