Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

അയോധ്യയിൽ ഓഗസ്റ്റ് 5ലെ രാമക്ഷേത്ര നിർമ്മാണ ഭൂമി പൂജയുടെ ഒരുക്കങ്ങൾക്കായി 10 ദിവസത്തിനിടെ എത്തിയത് മൂന്നാം തവണ; സന്യാസിമാരുമായി കൂടിയാലോചിച്ച് മൃദുമന്ദസ്മിതത്തോടെ യുപിക്കാരുടെ പ്രിയയോഗി; 50 വിഐപികളെ മാത്രം ക്ഷണിക്കുന്ന ചടങ്ങിൽ ഉരുക്കുമനുഷ്യൻ എൽ.ക.അദ്വാനിയെ ഒഴിവാക്കിയത് വാർത്തയാകുമ്പോൾ കാഹളം മുഴുങ്ങുന്നത് പുതിയ നേതാവിന്റെ തേരോട്ടത്തിന്; കല്യാൺ സിങ്ങിന് പകരം യുവ ഹിന്ദു ഹൃദയ സമ്രാട്ടായി വാഴാൻ യോഗി ആദിത്യനാഥ്

അയോധ്യയിൽ ഓഗസ്റ്റ് 5ലെ രാമക്ഷേത്ര നിർമ്മാണ ഭൂമി പൂജയുടെ ഒരുക്കങ്ങൾക്കായി 10 ദിവസത്തിനിടെ എത്തിയത് മൂന്നാം തവണ; സന്യാസിമാരുമായി കൂടിയാലോചിച്ച് മൃദുമന്ദസ്മിതത്തോടെ യുപിക്കാരുടെ പ്രിയയോഗി; 50 വിഐപികളെ മാത്രം ക്ഷണിക്കുന്ന ചടങ്ങിൽ ഉരുക്കുമനുഷ്യൻ എൽ.ക.അദ്വാനിയെ ഒഴിവാക്കിയത് വാർത്തയാകുമ്പോൾ കാഹളം മുഴുങ്ങുന്നത് പുതിയ നേതാവിന്റെ തേരോട്ടത്തിന്; കല്യാൺ സിങ്ങിന് പകരം യുവ ഹിന്ദു ഹൃദയ സമ്രാട്ടായി വാഴാൻ യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: അയോധ്യയിൽ അടുത്താഴ്ചത്തെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമിപൂജയ്ക്കായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വിഐപികളുടെ എണ്ണം 50 ആയി ചുരുക്കിയിട്ടുണ്ട്. എന്നാൽ 1990 കളിൽ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖമായിരുന്ന മുതിർന്ന നേതാവ് എൽ.കെ.അദ്വാനിക്ക് ചടങ്ങിലേക്ക് ക്ഷണമില്ല. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പുജക്ക് അദ്വാനിക്കൊപ്പം മുരളീമനോഹർ ജോഷിക്കും ക്ഷണമില്ല. എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, മുൻ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ബാബറി മസ്ജിദിന്റെ തകർച്ചയിൽ കുറ്റബോധമില്ലെന്ന് ബിജെപി നേതാവ് ഉമാഭാരതി പറഞ്ഞു. അതിനുള്ള വില ഞങ്ങൾ കൊടുത്തു കഴിഞ്ഞു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കും. കേസിൽ കോടതി മുമ്പാകെ താൻ മൊഴി നൽകിയിട്ടുണ്ട്. സത്യം മാത്രമാണ് കോടതിയിൽ പറഞ്ഞത്. കോടതിയുടെ വിധി എന്തായാലും തനിക്ക് പ്രശ്‌നമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ബാബറി മസ്ജിദ് കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും പ്രതികളാണ്. കഴിഞ്ഞയാഴ്ചയാണ് പ്രതിയായ അദ്വാനി വീഡിയോ കോൺഫറൻസിലൂടെ കേസിന്റെ വിചാരണ നടപടികളിൽ പങ്കെടുത്തത് .

Stories you may Like

ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കും ഇതുവരെ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ല. രാമക്ഷേത്രത്തിനായി രക്തവും വിയർപ്പും ഒഴുക്കിയ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണത്തിന്റെ ആവശ്യമില്ലെന്നാണ് ഉദ്ധവ് താക്കറെ കഴിഞ്ഞാഴ്ച പറഞ്ഞത്. ജെഡിഎസ് നേതാവ് നിതീഷ് കുമാറിന് ക്ഷണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല.

അയോധ്യ വിധി പ്രഖ്യാപിച്ച ദിവസവും അദ്വാനി ഏകൻ

ഒരുകാലത്ത് അയോധ്യപ്രസ്ഥാനത്തിന് വേണ്ടി രാവും പകലും ഉറക്കം ഒഴിഞ്ഞ മനുഷ്യൻ. രഥയാത്രകളിലൂടെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ആണിക്കല്ലായ നേതാവ്. എൽ.കെ.അദ്വാനി. 92 കാരനായ അദ്വാനിയെ കാണാൻ അയോധ്യവിധി പ്രഖ്യാപിച്ച ദിവസം അധികമാരും വന്നിരുന്നില്ല. ഒരുപക്ഷേ ഉമാ ഭാരതി ഒഴിച്ചാൽ.

അദ്വാനിയും ആരെയും പ്രതീക്ഷിച്ചില്ല. അദ്ദേഹവും പുറത്തിറങ്ങിയില്ല. അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീം കോടതി വിധി തന്നെ അനുഗ്രഹീതനാക്കുന്നുവെന്ന് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എൽ.കെ.അദ്വാനി പറഞ്ഞു. ഇതൊരു ധന്യനിമിഷമാണ്. താൻ ന്യായീകരിക്കപ്പെട്ടതായി തോന്നുന്നു. വിധിയെ സ്വാഗതം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുക്ക് മനുഷ്യന്റെ ദൗത്യം

തന്നെ ആർഎസ്എസും പാർട്ടിയും ഏൽപിച്ച ദൗത്യം വിജയകരമാക്കുക, അതിൽ പരമൊരു ആനന്ദം അദ്വാനിക്ക് ഉണ്ടായിരുന്നില്ല. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പ്രചാരണത്തെ കൊടുമ്പിരി കൊള്ളിച്ച് കൊണ്ടുള്ള രഥയാത്ര അങ്ങനെയായിരുന്നു.

ഗുജറാത്തിലെ സോമനാഥിൽ നിന്ന് ഉത്തര പ്രദേശിലെ ഫൈസാബാദിലേക്ക് വിവിധ സംസ്ഥാനങ്ങളിലൂടെയായിരുന്നു എൽ.കെ അദ്വാനിയുടെ രഥമുരുണ്ടത്. ഇതിന് താങ്ങായി പ്രൊഫ. മുരളി മനോഹർ ജോഷിയും മറ്റും ഏകതാ യാത്ര പോലുള്ള പരിപാടികളും സംഘടിപ്പിച്ചു. തെക്കേ അറ്റത്ത് കേരളത്തിലും സംസ്ഥാന അധ്യക്ഷൻ രാമൻ പിള്ള സമാന്തര രഥയാത്ര നടത്തി. ബിഹാറിൽ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് രഥയാത്രയെ തളച്ചിട്ടു

പാർട്ടിയും തളച്ചിട്ടു ഉരുക്കുമനുഷ്യനെ

മോദിയുഗം വന്നതോടെ അദ്വാനി പിന്തള്ളപ്പെട്ടു. അമിത്ഷായും മോദിയുമായി എല്ലാറ്റിലും അവസാന വാക്ക്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് സീറ്റ് കിട്ടാതെ വിഷമിച്ച അദ്വാനിയെ എല്ലാവരും കണ്ടതാണ്. അമിത് ഷായാണ് അവിടെ നിന്ന് ജനവിധി നേടിയത്. സീറ്റ് നിഷേധിച്ചതിലല്ല അദ്ദേഹത്തിന് പ്രശ്നമെന്നും നിഷേധിച്ച രീതിയിലാണ് കടുത്ത നിരാശയെന്നും അദ്വാനിയുമായി അടുത്ത വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നു. വിരമിക്കൽ പ്രായപരിധി കർശനമാക്കിയാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അദ്വാനി വാജ്പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു.

1998 മുതൽ തുടർച്ചയായി അഞ്ചുവട്ടം ഗാന്ധിനഗർ തിരഞ്ഞെടുത്തത് അദ്വാനിയെ തന്നെ. എന്നാൽ, സീറ്റ് നിഷേധത്തോടെ മുതിർന്ന നേതാവിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പടിയിറക്കമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പതിനഞ്ചാം വയസ്സിൽ ആർഎസ്എസ്. പ്രവർത്തകനായി പൊതുരംഗത്തിറങ്ങിയ അദ്വാനിക്ക് തൊണ്ണൂറ്റി ഒന്നാം വയസ്സിൽ നിർബന്ധിത വിരമിക്കലാണ് പാർട്ടി നൽകിയത്.

ഹിന്ദു ഹൃദയ് സമ്രാട്ടാവാൻ യോഗി ആദിത്യനാഥ്

പ്രായാധിക്യം മൂലം രാഷ്ട്രീയത്തിൽ സജീവമല്ലാത്ത കല്യാൺസിങ്ങിന്റെ സ്ഥാനത്ത് ഹിന്ദു ഹൃദയ സമ്രാട്ടായി യോഗി ആദിത്യ നാഥ് ഉയരുമെന്ന സൂചനകളാണ് വരുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാം വട്ടമാണ് അദ്ദേഹം അയോധ്യയിൽ എത്തി ഭൂമി പൂജയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നത്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചരിത്രപ്രധാനമായ ചടങ്ങിൽ വീടുകളിൽ വിളക്ക് തെളിയിച്ച് പങ്കാളികളാകാൻ അഭ്യർത്ഥിച്ച് കൊണ്ട് യോഗി പത്രങ്ങളിൽ ലേഖനമെഴുതി. അയോധ്യയിൽ രാമക്ഷേത്രം എന്ന 500 വർഷത്തെ സ്വപ്‌നം യാഥാർഥ്യമാവുന്ന ദിവസം സ്മരണീയമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

1991-92 കാലത്ത് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി യുപി മുഴുവൻ സഞ്ചരിച്ച കല്യാൺ സിങ്ങിനോ പോലെ ഇപ്പോൾ സഞ്ചരിക്കാനും ആശയം പ്രചരിപ്പിക്കാനും യോഗിക്ക് പരിമിതിയുണ്ട്. കാരണം കോവിഡ് നിയന്ത്രണങ്ങൾ തന്നെ. 1992 ഡിസംബർ ആറിലെ സംഭവത്തിന് ശേഷം
കല്യാൺ സിങ് പതിയെ യുപിയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. പൊതുജനങ്ങളുടെ മനസ്സിൽ നിന്നും അദ്ദേഹം ഇറങ്ങിപ്പോയി. 1997 ൽ മുഖ്യമന്ത്രിയായുള്ള രണ്ടാം വട്ടത്തിൽ പാർട്ടിയിലെ ഒരുവനിതാ കോർപറേറ്റുമായുള്ള ബന്ധം വിവാദമായതോടെയാണ് കല്യാങ് സിങ്ങിന്റെ ഇമേജ് ഇടിഞ്ഞത്.

യോഗി ആദിത്യനാഥാകട്ടെ, മൂന്നുവർഷമായി മുഖ്യമന്ത്രി സ്ഥാനത്ത് തിളങ്ങി നിൽക്കുന്നു. ഹിന്ദു ഹൃദയ സമ്രാട്ടായിരുന്ന കല്യാൺ സിങ് പാടേ നിറം മങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ടും ഗോരഖ്‌നാഥ് പീഠത്തിലെ പുരോഹിതപദവി യോഗി ഒഴിഞ്ഞിട്ടില്ല. എല്ലാ പ്രധനപ്പെട്ട ചടങ്ങുകൾക്കും ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ അദ്ദേഹം ആചാരപരമായ പൂജകൾ അർപ്പിക്കാറുണ്ട്. ഒരുപക്ഷേ കല്യാങ് സിങ്ങിനേക്കാളേറെ ജനമനസ്സിൽ രൂഢമൂലമായി കഴിഞ്ഞു യോഗിയുടെ ഇമേജ്.

കല്യാൺ സിങ്ങിനെ അത്ര പരിചയമില്ലാത്ത പുതുതലമുറ തങ്ങളുടെ പ്രതിനിധിയായി കാണുന്നത് യോഗിയെ ആണ്. കാവി വസ്ത്രങ്ങൾ ധരിച്ച് ആരതി ഉഴിയുന്ന യോഗി തന്റെ സമകാലികരെ പിന്തള്ളിക്കഴിഞ്ഞു. കല്യാണിനെ പോലെ ചഞ്ചല മനസ്സുള്ള രാഷ്ട്രീയ നേതാവല്ല യോഗി. പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ബിജെപിയോട് അഗാധമായ കൂറ് പുലർത്തുകയും ചെയ്യുന്ന നേതാവാണ്. കല്യാൺ സിങ്ങാകട്ടെ ഇടക്കാലത്ത് ബിജെപയോട് പകവീട്ടാൻ മുലായത്തിന്റെ കൂടെ കൂട്ട് കൂടുകയും പാർട്ടിയെ വെല്ലുവിളിക്കുകയും ചെയ്ത നേതാവാണ്.

ഒരിക്കൽ പാർട്ടിയിലെ അതികായനായിരുന്ന എ.ബി.വാജ്‌പേയിയെ പോലും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. പിന്നീട് മാപ്പ് പറയുകയും ബിജെപിയിലേക്ക് മടങ്ങുകയും ചെയ്‌തെങ്കിലും പഴയകാല പ്രതാപവും വിശ്വാസ്യതയും തിരിച്ചുപിടിക്കാൻ ആയില്ല. യോഗിയാകട്ടെ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയ നാൾ തൊട്ട് ഹിന്ദുത്വ ആശയത്തിന്റെ അചഞ്ചല ആരാധകനാണ്.

ഹിന്ദു യുവവാഹിനി രൂപീകരിച്ച അദ്ദേഹം ഒരിക്കലും തന്റെ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർത്തില്ല. മറ്റുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലും യോഗി ക്ഷണിക്കപ്പെടുന്നുണ്ടങ്കിൽ ഹിന്ദു നേതാവ് എന്ന ജനകീയ ഇമേജ് തന്നെ കാരണം. അതുകൊണ്ടാണ് യുവ ഹിന്ദു ഹൃദയ സമ്രാട്ട് എന്ന അറിയപ്പെടുന്നത്. അദ്വാനിയും മുരളീമനോഹർ ജോഷിയും കല്യാൺ സിങ്ങും പോലെയുള്ള പഴയ പടക്കുതിരകൾക്ക് ഇപ്പോൾ വിശ്രമകാലവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP