Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കർണാടകയിൽ വിശ്വാസ വോട്ട് വലിച്ചുനീട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കി കോൺഗ്രസ്; രാത്രി സഭയിൽ ധർണയിരുന്ന് എരിവ് കൂട്ടി ബിജെപി എംഎൽഎമാർ; നാളെ ഉച്ചയ്ക്ക് 1.30 നകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്; വിശ്വാസവോട്ടെടുപ്പ് നീട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായെന്നും വാജുവായി വാല; തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടേണ്ടതില്ലെന്നും ഗവർണറുടെ നിർദ്ദേശം തള്ളാനും കോൺഗ്രസ് ധാരണ

കർണാടകയിൽ വിശ്വാസ വോട്ട് വലിച്ചുനീട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കി കോൺഗ്രസ്; രാത്രി സഭയിൽ ധർണയിരുന്ന് എരിവ് കൂട്ടി ബിജെപി എംഎൽഎമാർ; നാളെ ഉച്ചയ്ക്ക് 1.30 നകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്; വിശ്വാസവോട്ടെടുപ്പ് നീട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായെന്നും വാജുവായി വാല; തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടേണ്ടതില്ലെന്നും ഗവർണറുടെ നിർദ്ദേശം തള്ളാനും കോൺഗ്രസ് ധാരണ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ നാളെ ഉച്ചയ്ക്ക് 1.30 നകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്. എന്നാൽ, ഗവർണറുടെ നിർദ്ദേശം തള്ളാനാണ് കോൺഗ്രസിന്റെ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ഗവർണറുടേത് അധികാരദുർവിനിയോഗമാണെന്നാണ് പാർട്ടിക്ക് ലഭിച്ച നിയമോപദേശം. വിശ്വാസ വോട്ടിൽ ചർച്ച വെള്ളിയാഴ്ച രാവിലെ 11.30 ന് പുനരാരംഭിക്കും. വിശ്വാസവോട്ടെടുപ്പ് നീട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ല. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാണെന്നും ഗവർണർ കത്തിൽ പറഞ്ഞു. അതേസമയം സഭയ്ക്കകത്ത് ധർണയിരിക്കാനാണ് ബിജെപി എംഎൽഎമാരുടെ തീരുമാനം. രാപകൽ ധർണയാണ് പാർട്ടി നടത്തുന്നത്.

പ്രതിസന്ധിയിൽ കോൺഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാനാണ് നിയമവഴി തേടുന്നത്. വിപ്പ് നൽകുന്നതിൽ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്നാണ് പാർട്ടി നിലപാട്. രാത്രി ധർണയിരിക്കുന്ന എംഎ‍ൽഎമാർക്ക് വേണ്ടി തലയണകളും മെത്തയും ആഹാരവും എത്തിക്കാൻ യെദ്യൂരപ്പ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭയുടെയും ജനങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറഞ്ഞതുകൊണ്ടാണ് കുമാരസ്വാമി വിശ്വാസ വോട്ടിനെ ഭയക്കുന്നതെന്ന് യെദ്യുരപ്പ പറഞ്ഞു. കോൺഗ്രസ് -ജെഡിഎസ് സഖ്യത്തിനൊപ്പം 98 എംഎൽഎമാർ മാത്രമേ ഉള്ളുവെന്ന് എല്ലാവർക്കും അറിയാമെന്നും യെദ്യൂരപ്പ പറഞ്ഞു.

13 മാസം പ്രായമായ സർക്കാർ ഇന്നുതന്നെ വിശ്വാസ വോട്ട് തേടണമെന്ന് ഗവർണർ വാജുവായി വാല നിർദ്ദേശിച്ചതോടെ വ്യാഴാഴ്ച കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു. സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചതോടെ, വിശ്വാസ വോട്ട് വ്യാഴാഴ്ചയും മുടങ്ങി.
വിശ്വാസപ്രമേയത്തിൽ വ്യാഴാഴ്ച തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ഗവർണർ നിർദ്ദേശം നൽകിയത്. സഭാ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. അർദ്ധരാത്രിയായാലും വിശ്വാസ വോട്ട് ഇന്ന് തന്നെ തേടണമെന്ന് ബിജെപി നേതാവ് യെദിയൂരപ്പ ആവശ്യപ്പെട്ടു. ഇതോടെ കോൺഗ്രസ് എതിർപ്പുമായി രംഗത്തെത്തി. ഇങ്ങനെ നിർദ്ദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസ് നിലപാട്. സഭയിൽ 20 പേർ കൂടി സംസാരിക്കാനുണ്ടെന്നും കോൺഗ്രസ് വാദിച്ചു. ഗവർണർ ഇടപെട്ടതോടെ സ്പീക്കർ കെ.ആർ.രമേഷ് കുമാർ വീണ്ടും നിയമോപദേശം തെടി. അതേസമയം, കോൺഗ്രസ് ഗവർണറെ അപമാനിക്കുകയാണെന്നാണ് ബിജെപി ആരോപണം.

അതിനിടെ, തങ്ങളുടെ എംഎൽഎമാരെ ബിജെപി കിഡ്‌നാപ്പ് ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചു. തങ്ങൾക്കൊപ്പമുണ്ടായിരുന്ന ശ്രീമന്ത പാട്ടീലിനെ ബിജെപി തട്ടിയെടുത്തെന്നാണ് ആരോപണം. പാട്ടീലിനെ കിഡ്‌നാപ്പ് ചെയ്ത് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി.കെ.ശിവകുമാർ ചർച്ചയ്ക്കിടെ ആരോപിച്ചു. ആശുപത്രി കിടക്കയിൽ പാട്ടീൽ കിടക്കുന്ന ചിത്രങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട്. പാട്ടീൽ സെന്റ് ജോർജ് ആശുപത്രിയിലാണെന്നാണ് അറിയുന്നത്. പാട്ടീലിന് എന്തുസംഭവിച്ചെന്ന റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രിക്ക് കർണാടക സ്പീക്കർ നിർദ്ദേശം നൽകി. എംഎ‍ൽഎ ആശുപത്രിയിലാണെന്ന രേഖകൾ വിശ്വസനീയമല്ലെന്ന് സ്പീക്കർ പറഞ്ഞു.

കുമാരസ്വാമി സർക്കാരിന്റെ വിശ്വാസവോട്ട് വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ സമീപിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാർ വിശ്വാസപ്രമേയ ചർച്ച നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ബിജെപി എംഎ‍ൽഎ അരവിന്ദ് ലിംബാവലി ഗവർണർക്ക് കത്തുനൽകി. ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവനിൽ നിന്ന് സ്‌പെഷൽ ഓഫീസർ വിധാൻ സൗധയിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.

വിശ്വാസ വോട്ടെടുപ്പ് ചർച്ച ഭരണ-പ്രതിപക്ഷ തർക്കം മൂലം തടസപ്പെട്ടിരുന്നു. സഭയിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഉച്ചവരെ പ്രമേയത്തിൽ ചർച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടർന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട.അതേസമയം, രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എംഎ‍ൽഎമാർക്കും വിപ്പുനൽകാൻ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ജൂലൈ 6ന് 13 കോൺഗ്രസ് എംഎൽഎമാരും, മൂന്ന് ജെഡിഎസ് എംഎൽഎമാരും രാജിവച്ചതോടെയാണ് സർക്കാർ പ്രതിതസന്ധിയിലായത്. ഇതോടെ 117 ൽ നിന്ന് 101 ആയി ഭരണകക്ഷിയുടെ അംഗസംഖ്യ കുറഞ്ഞു. 224 അംഗ സഭയിൽ ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനടക്കം 105 പേരെ ബിജെപി സഭയിലെത്തിച്ചു.

15 വിമതരടക്കം 18പേർ വിട്ടുനൽക്കുന്ന സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 104 പേരുടെ പിന്തുണ വേണം. ഇത് സർക്കാരിനുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വോട്ടെടുപ്പ് നീട്ടുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP