Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു

'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കാത് മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയത് വൈകിട്ടാണ്. ശർമ്മ ഒലി രാജിവെയ്ക്കണമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ, റിട്ടയേഡ് മേജർ ഗൗരവ് ആര്യയുടെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി. കെ.പി.ശർമ ഒലിയെ കാഠ്മണ്ഡുവിലെ ചൈനീസ് ഏംബസി ഹണി ട്രാപ്പിൽ കുടുക്കിയെന്നാണ് ഗൗരവ് ആര്യയുടെ ട്വീറ്റ്.

നേപ്പാളിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ഒരുചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് ഒലിയെ നിയന്ത്രിക്കുന്നത് ഈ യുവതിയാണെന്നാണ് മേജർ ഗൗരവ് ആര്യ പറയുന്നത്. അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്. ചൈനീസ് ഏംബസിയുടെ പക്കൽ വീഡിയോകളുണ്ടെന്നാണ് വാർത്താ സ്രോതസുകൾ സൂചിപ്പിക്കുന്നതെന്നും ആര്യ ട്വീറ്റിൽ പറയുന്നു.

ഈ വർഷമാദ്യം അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചൈനീസ് ഏംബസിയിൽ നടന്ന ചടങ്ങിൽ ഹോ യാൻക്വി ലെഹങ്ക-ചോളി അണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഹോ യാൻക്വിയുടെ പ്രശ്‌സതി നേപ്പാളിൽ കുതിച്ചുയരുകയാണ്. 'ദി പ്രിന്റിൽ ജ്യോതി മൽഹോത്ര ഒപ്പീനിയൻ പീസിൽ ഇങ്ങനെ കുറിച്ചു: 'ഹോ യാൻക്വിയുടെ കുതിച്ചുയരുന്ന പ്രശസ്തിയാണ് കാഠ്മണ്ഡുവിലെ സംസാര വിഷയം. ഇന്ത്യൻ സംസ്‌കാരത്തിൽ നിന്ന് അകറ്റി ബീജിങ്ങിന്റെ മാസ്മരികതയിലേക്ക് അടുപ്പിക്കുകയാണ് ഹോ. അതിൽ അവർ വിജയിക്കുന്നുമുണ്ട്'

അതേസമയം, ട്വിറ്റർ ഉപയോക്താക്കൾ മേജർ ഗൗരവ് ആര്യയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. എന്തൊരു നാണംകെട്ടട ്വീറ്റ്. ഇന്ത്യൻ സൈന്യത്തിന്റെ അന്തസാണ് നിങ്ങൾ കെടുത്തുന്നത്. -ഒരാൾ കുറിച്ചു. പ്രൊഫഷണലുകളായ സ്ത്രീകൾ ഹണിട്രാപ്പുകാരാണെന്ന ആര്യയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി വനിതകളും ട്വീറ്റ് ചെയ്തു. ആര്യയെ മനോരോഗ ചികിത്സകന്റെ അടുക്കൽ കൊണ്ടുപോകണമെന്നും ചിലരുടെ ട്വീറ്റ്.

പിന്നീട് ചൈനീസ് അംബാസഡർ വ്യക്തിപരമായി ഒലിയെ ഹണിട്രാപ്പ് ചെയ്‌തെന്നല്ല താൻ ഉദ്ദേശിച്ചതെന്ന് ആര്യ വിശദീകരിച്ചു. താൻ പറഞ്ഞത് തെറ്റിദ്ധരിക്കരുത്. ഒലിയെ ചൈനാക്കാർ ഹണിട്രാപ്പിൽ കുടുക്കിയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്. ചൈനീസ് അംബാസഡർ വ്യക്തിപരമായി ഒലിയെ തേൻകെണിയിൽ പെടുത്തിയെന്ന് താൻ പറഞ്ഞിട്ടില്ല. 'നിങ്ങളും ഞാനും പറയുന്നത് രണ്ടുകാര്യങ്ങളാണ്, ഗൗരവ് ആര്യ പറഞ്ഞു.

റിപ്പബ്ലിക് ടിവിയിൽ അവതാരകൻ കൂടിയായ ഗൗരവ് ആര്യ പലപ്പോഴും തുറന്നടിച്ചുള്ള അഭിപ്രായങ്ങളിലൂടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്.

ആരാണ് മേജർ ഗൗരവ് ആര്യ?

1993 ലാണ് ഗൗരവ് ആര്യ ഇന്ത്യൻ സൈന്യത്തിൽ അംഗമായത്. രാജ്യ സുരക്ഷ, കശ്മീർ സംഘർഷമേഖല, പാക്കിസ്ഥാൻ വിഷയം, ഇസ്ലാം തീവ്രവാദികൾ എന്നിവയിലായിരുന്നു ഗൗരവ് ആര്യയ്ക്ക് കൂടുതൽ താത്പര്യം. ഒരു അപകടത്തിൽ ശ്വാസകോശങ്ങൾക്കേറ്റ തകരാറിനെത്തുടർന്ന് 1999 ൽ സർവ്വീസിൽ നിന്ന് വിരമിച്ചു. ഗൗരവ് ആര്യയുടെ റിട്ടയർമെന്റ് അക്കാലത്ത് വലിയ ചർച്ചാവിഷയവുമായിരുന്നു. വിരമിക്കലിന് ശേഷം എംബിഎ ബിരുദമെടുത്ത അദ്ദേഹം സിംഗപ്പൂരിൽ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ പ്രസിഡന്റുമായി.

രാജ്യവിരുദ്ധർക്കെതിരായി ടൈംസ് നൗ സംഘടിപ്പിക്കുന്ന ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗൗരവ് ആര്യ. ജെഎൻയുവിലെ അഫ്സൽ ഗുരു അനുസ്മരണത്തോടെ കനയ്യകുമാറിനെയും, ഉമർ ഖാലിദിനെയും ഹീറോ ആക്കി ചിത്രീകരിച്ചവരെ ചാനൽ ചർച്ചകളിൽ ഗൗരവ് ആര്യ പൊളിച്ചടുക്കിയിരുന്നു. ഇതോടെ അർണബിനൊപ്പം മേജർ ആര്യയും പ്രിയതാരമായി.

പിന്നീട് അദ്ദേഹം പഴയസുഹൃത്തായ അർണബ് ഗോസ്വാമിയോടൊത്ത് റിപ്പബ്ലിക് ടിവിയിൽ ചേർന്നു. രാജ്യസുരക്ഷ, ഇന്ത്യൻ സൈന്യം, ജമ്മുകശ്മീർ പോലുള്ള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ലേഖനങ്ങൾ തയ്യാറാക്കി. തന്റെ പ്രസംഗങ്ങളിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ചെന്ന പോലെ രാജ്യത്തെ യുവതലമുറയെക്കുറിച്ചും ആദ്ദേഹം വാചാലനായി. രാജ്യത്തെ സൈന്യത്തെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതുമായ ഓരോ കാര്യങ്ങളും അവർക്കുവേണ്ടി മാത്രമുള്ളതല്ല, രാജ്യത്തെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമാണെന്നും അദ്ദേഹം പറയാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP