Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

കടുത്ത നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോൾ തിരിച്ചടിക്കാൻ തക്കംപാർത്ത് ഭീകരവാദികൾ; പഞ്ചാബി ആപ്പിൾ കച്ചവടക്കാരനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ; അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാ സേനയും; തുടർച്ചയായ 73ാം ദിവസവും കശ്മീർ താഴ്‌വരയിൽ സ്ഥിതിഗതികൾ മെച്ചമല്ല; പുറത്തേക്കു അയക്കുന്ന ആപ്പിളുകളിൽ പോലും ഇന്ത്യാവിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങൾ; ഇളവുകൾ കൊണ്ട് കാര്യമില്ലെന്നായപ്പോൾ നിയന്ത്രണങ്ങൾ പലയിടത്തും പുനഃസ്ഥാപിച്ചു സുരക്ഷാ സേന; കാശ്മീരിൽ ഒന്നും ശരിയാകുന്നില്ല

കടുത്ത നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോൾ തിരിച്ചടിക്കാൻ തക്കംപാർത്ത് ഭീകരവാദികൾ; പഞ്ചാബി ആപ്പിൾ കച്ചവടക്കാരനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ; അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാ സേനയും; തുടർച്ചയായ 73ാം ദിവസവും കശ്മീർ താഴ്‌വരയിൽ സ്ഥിതിഗതികൾ മെച്ചമല്ല; പുറത്തേക്കു അയക്കുന്ന ആപ്പിളുകളിൽ പോലും ഇന്ത്യാവിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങൾ; ഇളവുകൾ കൊണ്ട് കാര്യമില്ലെന്നായപ്പോൾ നിയന്ത്രണങ്ങൾ പലയിടത്തും പുനഃസ്ഥാപിച്ചു സുരക്ഷാ സേന; കാശ്മീരിൽ ഒന്നും ശരിയാകുന്നില്ല

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കാശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പു റദ്ദു ചെയ്ത കേന്ദ്രസർക്കാർ നടപടിക്ക് ശേഷം കാശ്മീർ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിയന്ത്രണങ്ങളിൽ പതിയെ ഇളവുകൾ വരുത്തുമ്പോഴും കിട്ടിയ അവസരത്തിൽ തിരിച്ചടിക്കാൻ തക്കം പാർത്തിരിക്കയാണ് തീവ്രവാദികൾ. അതുകൊണ്ട് തന്നെ താഴ്‌വരയിൽ ഇപ്പോഴും നിഴലിക്കുന്നത് ഭീതിയാണ്. തുടർച്ചയായ 73ാം ദിവസവും താഴ്‌വരയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ മുതലെടുക്കാൻ തീവ്രവാദികൾ രംഗത്തുവരുന്ന സാഹചര്യത്തിൽ പലയിടത്തും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ് ഉള്ളത്.

അതിനിടെ ഓഗസ്റ്റ് ആദ്യം സൗറ മേഖലയിൽ പ്രതിഷേധം സംഘടിപ്പിച്ച ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റ് ചെയ്തത് സർക്കാറിന് നേട്ടമായി വിലയിരുത്തപ്പെടുന്നു. ഓഗസ്റ്റ് 6,7 തീയതികളിൽ നടന്ന വൻ പ്രതിഷേധങ്ങൾക്കു രാജ്യാന്തര മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു. ജനങ്ങളെ അക്രമങ്ങളിലേക്ക് നയിച്ചത് അഹമ്മദ് ഭട്ടാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതു വലിയ നേട്ടമാണെന്നും പൊലീസ് അവകാശപ്പെട്ടു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ടിരുന്ന ഭട്ടിനെതിരെ നേരത്തേ തന്നെ കേസുകളുണ്ട്. പുതിയ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ, തുടർച്ചയായ 73ാം ദിവസവും കശ്മീർ താഴ്‌വരയിൽ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ചന്തകളും കടകളും അടഞ്ഞു കിടന്നു. വാർത്താ വിനിമയ ബന്ധങ്ങൾ വീണ്ടും നിശ്ചലമായി. സ്‌കൂളുകൾ തുറന്നിട്ടുണ്ടെങ്കിലും കുട്ടികളില്ല. തിങ്കളാഴ്ച മൊബൈൽ സർവീസ് പുനരാരംഭിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ എസ്എംഎസ് സൗകര്യം വീണ്ടും പിൻവലിച്ചു. ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ മുന്മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം തടവിലോ വീട്ടുതടങ്കലിലോ ആണ്.

ശ്രീനഗറിൽ കഴിഞ്ഞ ദിവസം സമാധാനപരമായി പ്രതിഷേധിച്ചതിന് തന്റെ മാതാവ് ഹൗവ്വ ബഷീർ ഖാൻ ഉൾപ്പെടെ ബന്ധുക്കളായ ഒട്ടേറെ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണെന്നു മുംബൈയിൽ പ്രശസ്ത നടനും സംവിധായകനുമായ ആമിർ ബഷീർ അറിയിച്ചു. അറസ്റ്റിലായ സ്ത്രീകളെല്ലാം 70, 80 വയസ്സ് പ്രായമുള്ളവരാണ്. ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയും മകളും അറസ്റ്റിലാണ്. ഇതിനിടെ, കശ്മീരിൽ നിന്നു വന്ന ആപ്പിളുകളിൽ ഇന്ത്യ വിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങൾ എഴുതിയതായി പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ കശ്മീരിലെ അനന്തനാഗിൽ പൊലീസും സുരക്ഷാസേനയും ചേർന്ന് 3 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. നാട്ടുകാരായ ഇവർ ഈയിടെയാണു ഭീകരസംഘടനയിൽ ചേർന്നതെന്ന് അധികൃതർ അറിയിച്ചു. സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസും സേനയും ഈ മേഖലയിൽ തിരച്ചിൽ നടത്തുകയും ഭീകരർ ഒളിത്താവളമാക്കിയിരുന്ന വീടു വളയുകയുമായിരുന്നു. അന്യോന്യം നടന്ന വെടിവയ്പിൽ വീട് പൂർണമായി തകർന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

മൂവരും ഇരുപതിനടുത്തു വയസ്സുള്ളവരാണ്. ഇതിനിടെ, ഛത്തീസ്‌ഗഡിൽ നിന്നു കശ്മീരിൽ കുടിയേറിയ സേതി കുമാർ സാഗർ എന്ന തൊഴിലാളിയെ ദക്ഷിണകശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ വെടിവച്ചുകൊന്നു. തിങ്കളാഴ്ചയ്ക്കു ശേഷം കശ്മീരുകാരല്ലാത്ത തൊഴിലാളികൾക്കു നേരെ ഭീകരർ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച രാജസ്ഥാനിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ ഷോപ്പിയാൻ ജില്ലയിൽ വെടിവച്ചു കൊന്നിരുന്നു. നിയന്ത്രണരേഖയിൽ ഇന്ത്യ കരാർ ലംഘിച്ചു വെടിവയ്പു നടത്തിയതായി പാക്കിസ്ഥാൻ ആരോപിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ നാട്ടുകാരായ 3 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പാക്കിസ്ഥാൻ ആരോപിച്ചു.

ഷോപിയാനിൽ ആപ്പിൾ കച്ചവടക്കാരനെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തിയ വാർത്തയും പുറത്തുവന്നു. പഞ്ചാബ് സ്വദേശിയായ ചരൺജിത് സിങ്ങാണ് മരിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മൂന്ന് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം മൂന്നായി. രാത്രി 7.30 ഓടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാൾക്കൊപ്പമുണ്ടായിരുന്ന സഞ്ജീവ് എന്നയാൾക്കും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പുൽവാമയിലെ ജില്ലാ ആശുപത്രിയിൽനിന്ന് സഞ്ജീവിനെ ശ്രീനഗറിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി.

ബുധനാഴ്ച ഛത്തീസ്‌ഗഡ് സ്വദേശിയായ സേതി കുമാർ സാഗറും ഭീകരരുടെ വെടിയേറ്റു മരിച്ചിരുന്നു. കശ്മീരിൽ ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്ന സേതി കുമാർ സുഹൃത്തുമായി സംസാരിച്ചിരിക്കെ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്ന് ഡിജിപി ദിൽഭാഗ് സിങ് പറഞ്ഞു. വ്യാപാരവാണിജ്യ മേഖലയിൽ ഭീതിയുണ്ടാക്കുന്നതിനായി കശ്മീരിനു പുറത്തുനിന്നെത്തുന്ന തൊഴിലാളികളെ ഭീകരർ ലക്ഷ്യമിടുന്നതായാണു വിവരം.

തിങ്കളാഴ്ച ഭീകരർ നടത്തിയ മറ്റൊരു ആക്രമണത്തിൽ രാജസ്ഥാനിൽനിന്ന് പഴങ്ങളുമായെത്തിയ ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഏഴു പേർക്കാണു പരുക്കേറ്റത്. അനന്ത്‌നാഗിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 14 പേർക്കും പരുക്കേറ്റു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീരിലെ മൊബൈൽ ഫോൺ സേവനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP