Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക; ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഡൽഹിയിൽ പൂർണ വിലക്ക്; മഹാരാഷ്ട്ര നിരോധനാജ്ഞ

രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക; ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഡൽഹിയിൽ പൂർണ വിലക്ക്; മഹാരാഷ്ട്ര നിരോധനാജ്ഞ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനം ഏറിയതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനങ്ങൾ. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് വിവിധ സംസ്ഥാന സർക്കാരുകളുടെ തീരുമാനം.

കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഓമിക്രോണിന്റെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

ഓമിക്രോൺ സ്ഥിതി വിലയിരുത്താൻ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. എന്നാൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഡൽഹിയിലെ ഓമിക്രോൺ കണക്ക് തെറ്റാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. ഇതിനിടെ ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. 125 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ ഓമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ് (57 പേർക്ക്). ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയത്. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഡൽഹി ദുരന്ത നിവാരണ അഥോറിറ്റി പൂർണമായും വിലക്ക് ഏർപ്പെടുത്തി.

സാമൂഹ്യ-സാംസ്‌കാരിക ഒത്തുചേരലുകൾക്കെല്ലാം വിലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളിലും 50 ശതമാനം ആളുകൾക്കെ പ്രവേശനമുള്ളു. പൊതുയോഗം, കല്യാണം, സമ്മേളനങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

മഹാരാഷ്ട്രയിൽ 54 പേർക്കാണ് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബർ 16 മുതൽ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്സിൻ എടുക്കാത്തവർ മറ്റുള്ളവർക്കൊപ്പം പൊതുഗതാഗത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും അറിയിച്ചു.

200ലധികം ആളുകൾ ഒത്തുചേരുന്ന പരിപാടികൾക്ക് വാർഡ് ഓഫീസർമാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇൻഡോർ ഹാളുകളിൽ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായും നിജപ്പെടുത്തി.

എല്ലാ പൊതുപരിപാടികൾക്കും കർണാടക സർക്കാർ വിലക്കേർപ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

ഹോട്ടലുകളിലും ക്ലബ്ബുകളിലും 50 ശതമാനം പേർക്കെ പ്രവേശനമുള്ളു. എന്നാൽ പ്രത്യേക പുതുവത്സര പാർട്ടിയോ ഡിജെ പരിപാടിയോ നടത്താൻ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ജീവക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.

ഗുജറാത്തിൽ 11 പേർക്കാണ് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഡിസംബർ 31 വരെ നീട്ടി. രാത്രി 1 മണി മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളു.

രണ്ട് ഡോഡ് വാക്സിനും സ്വീകരിക്കാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനം നിരോധിക്കാനാണ് ഹരിയാന സർക്കാരിന്റെ തീരുമാനം. കല്യാണ ഹാളുകൾ, ഹോട്ടൽ, ബാങ്ക്, സർക്കാർ ഓഫീസ്, ബസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് വിലക്കേർപ്പെടുത്തുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു.

ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം. ഓമിക്രോൺ വ്യാപന സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് സർക്കാരിന്റെ നടപടി. വാക്സിനേഷൻ സർട്ടിഫിക്കറ്റ് സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ശമ്പളം വിതരണം ചെയ്യുകയുള്ളു.

കേരളത്തിൽ 9 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഘാന, നൈജീരിയ, യുകെ, അയർലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഒരു 11 വയസ്സുകാരനും ഇന്ന് ഓമിക്രോൺ സ്ഥീരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഓമിക്രോൺ കേസുകൾ 24 ആയി. സംസ്ഥാനത്ത് ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയർന്ന ഓമിക്രോൺ കണക്കാണ് ഇന്നത്തേത്.

എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേർക്കുമാണ് പുതിയതായി ഓമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് സ്ഥിരീകരിച്ച ആറ് കേസുകളിൽ രണ്ട് പേർ യുകെയിൽ നിന്നുള്ളവരാണ്. രണ്ടുപേർ ടാൻസാനിയയിൽ നിന്നും രണ്ടുപേർ ഘാനയിൽ നിന്നും വന്നവരാണ്. 18,19 തിയതികളിലായി എത്തിയ ആറുപേരും എയർപോർട്ട് പരിശോധനയിൽ പോസിറ്റീവായതിനാൽ പ്രത്യേകം ചികിത്സയിലായിരുന്നു. ഇതിനാൽ മറ്റു സമ്പർക്കങ്ങളില്ല.

നൈജീരിയയിൽ നിന്നും വന്ന ദമ്പതികൾ, പതിനെട്ടാം തിയതി യുകെയിൽ നിന്നെത്തിയ 51കാരി എന്നിവരാണ് തിരുവനന്തപുരത്തെ മൂന്ന് കേസുകൾ. ഇതിൽ നൈജീരിയയിൽ നിന്നെത്തിയ ദമ്പതികളുടെ സമ്പർക്കപട്ടികയിൽ രണ്ട് മക്കളുണ്ട്. കേസുകളുടെ എണ്ണം പെട്ടെന്ന് കൂടുമ്പോഴും അധികവും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരോ അടുത്ത സമ്പർക്കത്തിലുള്ളവരോ ആണെന്നത് സംസ്ഥാനത്ത് വ്യാപനമുണ്ടായിട്ടില്ലെന്ന നേരിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ എറണാകുളത്ത് സ്വയം നിരീക്ഷണം ലംഘിച്ചയാളിലൂടെ വ്യാപനമുണ്ടായേക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ സമൂഹവ്യാപന സാധ്യത മുന്നിൽക്കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകളും ജനിതക പരിശോധനയ്ക്കയക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP