Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഇതുപോലൊരു വഞ്ചന ഞങ്ങളോട് വേണ്ടായിരുന്നു...മൂന്നുമാസമായി ജോലിയുമില്ല ശമ്പളവുമില്ല; ഡോക്ടർമാരും നഴ്‌സുമാരും അടക്കം മുഴുവൻ ജീവനക്കാരും പട്ടിണിയിൽ; കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജ് കൊറോണ ആശുപത്രി ആക്കിയപ്പോൾ സർക്കാർ കാട്ടിയതുകൊടിയ വഞ്ചന; മുഴുവൻ സ്റ്റാഫിനെയും ഏറ്റെടുത്തെന്ന് ഉത്തരവ് ഇറക്കിയിട്ട് തിരിഞ്ഞുനോക്കുന്നില്ല

ഇതുപോലൊരു വഞ്ചന ഞങ്ങളോട് വേണ്ടായിരുന്നു...മൂന്നുമാസമായി ജോലിയുമില്ല ശമ്പളവുമില്ല; ഡോക്ടർമാരും നഴ്‌സുമാരും അടക്കം മുഴുവൻ ജീവനക്കാരും പട്ടിണിയിൽ; കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജ് കൊറോണ ആശുപത്രി ആക്കിയപ്പോൾ സർക്കാർ കാട്ടിയതുകൊടിയ വഞ്ചന; മുഴുവൻ സ്റ്റാഫിനെയും ഏറ്റെടുത്തെന്ന് ഉത്തരവ് ഇറക്കിയിട്ട് തിരിഞ്ഞുനോക്കുന്നില്ല

എം മനോജ് കുമാർ

 കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളെജിനോട് സർക്കാർ ചെയ്തത് കടുത്ത വഞ്ചന. കൊറോണ ആശുപത്രിയാക്കി മാറ്റുമ്പോൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയത് ആശുപത്രിയേയും മുന്നൂറിൽപ്പരം ജീവനക്കാരെയും ഒരുമിച്ച് ഏറ്റെടുക്കുമെന്നാണ്. കണ്ണൂർ കലക്ടർ ടി.വി.സുഭാഷ്ബാബു ഇറക്കിയ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കി അവർക്ക് ശമ്പളവും നൽകാതെയാണ് സർക്കാർ ഈ ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റിയത്. സർക്കാർ ഏറ്റെടുത്ത മാർച്ച് 24 മുതൽ ജീവനക്കാർക്ക് ശമ്പളവും ജോലിയുമില്ലാത്ത അവസ്ഥയാണ്. സർക്കാർ ഏറ്റെടുത്തത് കാരണം ആശുപത്രി മാനെജ്‌മെന്റ് ജീവനക്കാരെ തിരിഞ്ഞു നോക്കിയിട്ടില്ല.

എന്നാൽ സർക്കാർ ആണെങ്കിൽ ജീവനക്കാർക്ക് ജോലിയോ ശമ്പളമോ നൽകിയതുമില്ല. കൊറോണ കാലത്ത് സർക്കാർ കാണിച്ച കടുത്ത വഞ്ചന കാരണം ആശുപത്രിയിലെ മുന്നൂറോളം ജീവനക്കാരും അവരുടെ കുടുംബവും പട്ടിണിയിലാണ്. കഴിഞ്ഞ മൂന്നു മാസമായി ആശുപത്രിയിലെ ജീവനക്കാർക്ക് ജോലിയോ ശമ്പളമോ ഇല്ലാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പാരാ മെഡിക്കൽ ജീവനക്കാരും ക്ലീനിങ് സ്റ്റാഫും തുടങ്ങി ഏതാണ്ട് മുഴുവൻ ജീവനക്കാരും ശമ്പളമില്ലാതെ പട്ടിണിയിലാണ്. മെഡിക്കൽ കൊറോണ ആശുപത്രിയാക്കി മാറ്റി സർക്കാർ ഏറ്റെടുത്തെന്ന കണ്ണൂർ കളക്ടറുടെ ഉത്തരവ് ഇറങ്ങിയ മാർച്ച് ഇരുപത്തിനാല് മുതൽ ഇതാണ് അവസ്ഥ.

കൊറോണ ആശുപത്രിയാക്കി മാറ്റിയതോടെ സർക്കാർ ഡോക്ടർമാരും മറ്റു സർക്കാർ ജീവനക്കാരുമാണ് ഇവിടെ ഡ്യൂട്ടി നോക്കുന്നത്. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ ഇത് കാരണം വെറുതെയിരിക്കുകയാണ്. കൊറോണ ആശുപത്രിയായതിനാൽ പരിസര പ്രദേശത്തേക്ക് വരാൻ കൂടി ജീവനക്കാർക്ക് കഴിയുകയുമില്ല. നൂറോളം കൊറോണ രോഗികളുണ്ട് എന്നാണ് അറിയുന്നത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കൊറോണ ആശുപത്രിയാക്കി മാറ്റിയതായുള്ള കളക്ടരുടെ ഉത്തരവിൽ പറയുന്നത് ആശുപത്രി അവിടുത്തെ സ്റ്റാഫും സൗകര്യങ്ങളും അടക്കം ഏറ്റെടുത്തെന്നാണ്. അങ്ങിനെയെങ്കിൽ മാർച്ച് മാസം മുതൽ ശമ്പളം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

എന്നാൽ സർക്കാർ ശമ്പളം നൽകുകയോ ജീവനക്കാരുടെ കാര്യങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ല. സർക്കാർ ഏറ്റെടുത്തതോടെ പൊതുവേ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ മടിച്ചിരുന്ന പ്രവാസി വ്യവസായി അബ്ദുൾ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള മാനെജ്‌മെന്റ് തിരിഞ്ഞും നോക്കാതെയായി. തൃശങ്കു സ്വർഗത്തിൽ എന്ന അവസ്ഥയാണ് ജീവനക്കാരുടെത്. മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. ഉത്തരവിൽ പറയുന്നത് പോലെ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുക. അല്ലെങ്കിൽ ആശുപത്രി കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്ന് അഞ്ചരക്കണ്ടി ആശുപത്രിയെ മാറ്റുക. ഇതാണ് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ഉയർത്തുന്ന ആവശ്യം.

കൊറോണ ആശുപത്രിയാക്കി സ്വകാര്യ ആശുപത്രിയെ മാറ്റിയതോടെ സർക്കാർ നടത്തുന്ന വഞ്ചനയുടെ മകുടോദാഹരണമാണ് ആശുപത്രിയുടെയും ജീവനക്കാരുടെയും അവസ്ഥ. സർക്കാർ ആശുപത്രിയാക്കിയപ്പോൾ സർക്കാർ ഡോക്ടർമാരും മറ്റു സ്റ്റാഫും വന്നു. കുറച്ച് ക്ലീനിങ് സ്റ്റാഫിനെയും എഞ്ചിനീയറിങ് സ്റ്റാഫിനെയും മാത്രം നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കി. വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന അഡ്‌മിനിസ്‌ട്രെറ്റീവ് ഉദ്യോഗസ്ഥർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യന്മാർ, ക്ലീനിങ് സ്റ്റാഫ്, അറ്റൻഡർമാർ തുടങ്ങി ഡ്രൈവർമാർ വരെ മേലോട്ട് നോക്കിയിരുപ്പാണ്. ആർക്കും ജോലി നഷ്ടമില്ല, ആശുപത്രിയിലും വരേണ്ട. പക്ഷെ ശമ്പളവുമില്ല. നിലവിൽ ആശുപത്രിയുടെ അവസ്ഥ പരിതാപകരമായി തുടരുകയായിരുന്നു. മിനിമം വേതനം അനുവദിക്കാനായാണ് സമരം തുടങ്ങിയത്.

ഈ പ്രശ്‌നത്തിലാണ് ആശുപത്രി ജീവനക്കാർ സിഐടിയുവിനെ നേതൃത്വത്തിൽ സമരത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മുതൽ സമരം തുടർന്ന് വരുകയാണ്. സമരത്തിൽ തീർപ്പ് വന്നിട്ടില്ല. ആ സമയത്താണ് കൊറോണ പടരുകയും ആശുപത്രി സർക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നത്. ആശുപത്രിയും ജീവനക്കാരും മുഴുവൻ സൗകര്യങ്ങളും ഉൾപ്പടെ സർക്കാർ ഏറ്റെടുക്കും എന്ന ഉത്തരവ് ജീവനക്കാർക്ക് ആ ഘട്ടത്തിൽ ആശ്വാസമാണ് നൽകിയത്. ഈ രീതിയിൽ ഒരു ആശുപത്രി ജീവനക്കാർ പ്രതീക്ഷിച്ചതുമില്ല. ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ ജീവനക്കാർക്ക് ജോലി നഷ്ടമായ അവസ്ഥയാണ് വന്നിരിക്കുന്നത്.

മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ അബ്ദുൾ ജബ്ബാറിന്റെ മാനെജ്‌മെന്റ് ഇതൊരു അവസരവുമാക്കി. ജീവനക്കാരുടെ കാര്യത്തിൽ ഇവർ തിരിഞ്ഞു നോക്കുന്നില്ല. കാരണം കോളേജ് സർക്കാരിന്റെ കസ്റ്റഡിയിലാണല്ലോ. എംഡിയായ ഡോക്ടർ അദിനാൻ ഫോണും കൂടി എടുക്കാറില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മറുനാടൻ ആശുപത്രി എംഡിയെ ബന്ധപ്പെട്ടപ്പോഴും ഫോൺ എടുത്തില്ല. നിലവിൽ ജീവനക്കാരുടെ അവസ്ഥ തുലോം കഷ്ടമാണ്. അഞ്ചരക്കണ്ടിയിലെ ഡോക്ടർമാരിൽ മിക്കവരും ജോലിയില്ലാതെ ഇരിക്കുകയാണ്. നഴ്‌സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെ.

അഞ്ചരക്കണ്ടി ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റുമ്പോൾ തങ്ങൾക്ക് ഈ ഗതി വരുമെന്ന് ഒരു ജീവനക്കാരനും കരുതിയതല്ല. ആശുപത്രിയും ജീവനക്കാരും അവിടുത്തെ മുഴുവൻ സൗകര്യങ്ങളും അടക്കം സർക്കാർ ഏറ്റെടുക്കുന്നുവെന്നാണ് കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. മുഴുവൻ ജീവനക്കാരെയും സൗകര്യങ്ങളും ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കുമ്പോൾ ശമ്പളവും സർക്കാർ തന്നെ നൽകേണ്ടതുണ്ട്. ഈ കാര്യവുമായി ബന്ധപ്പെട്ടു കണ്ണൂർ കലക്ടർ ടി.വി.സുഭാഷ് ബാബുവിനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുന്നില്ല എന്നാണ് കണ്ണൂർ കലക്ടർ പ്രതികരിച്ചത്. ഇപ്പോൾ ഉത്തരം നൽകുന്നില്ലെങ്കിൽ എപ്പോൾ ഉത്തരം നൽകുമെന്ന് കണ്ണൂർ കളക്ടർ മറുപടിയും പറഞ്ഞില്ല. ഈ കാര്യത്തിൽ ഒളിച്ചു കളിക്കുന്ന സമീപനമാണ് കണ്ണൂർ ജില്ലാ ഭരണകൂടം പുലർത്തുന്നത്. മൂന്നൂറോളം ജീവനക്കാരുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നത്തിലാണ് ഇത്രയും ലാഘവത്തോടെയുള്ള കണ്ണൂർ കളക്ടറുടെ മറുപടി.

സർക്കാർ കൊറോണ ആശുപത്രിയാക്കി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെ മാറ്റിയതോടെ 250 ഓളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ആശുപത്രി വളപ്പിലെ മുഴുവൻ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ച അവസ്ഥയായി. എംബിബിഎഎസ് വിദ്യാർത്ഥികൾ പഠിക്കുന്ന മെഡിക്കൽ കോളേജ് ഈ ക്യാമ്പസിലുണ്ട്. എഞ്ചിനീയറിങ് കോളെജ്, ഡെന്റൽ കോളേജ്, നഴ്‌സിങ് കോളേജ്,പാരാ മെഡിക്കൽ ഇൻസ്റ്റിട്ട്യുഷൻസ് എല്ലാമുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. എംബിബിഎസ് പരീക്ഷ കഴിഞ്ഞ മെഡിക്കൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായി ഓടി നടക്കുകയാണ്. അവർക്ക് ഹൗസ് സർജൻസിക്ക് അവസരമില്ല., പി.ജി. വിദ്യാർത്ഥികൾക്ക് പരീക്ഷയുമുണ്ട്. അവരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കെ.സുധാകരൻ എംപി കലക്ടറോട് ഈ കാര്യത്തിൽ വിശദീകരണം പക്ഷെ ഈ കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നീക്കങ്ങൾ ഒന്നും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ വീണ്ടും സമരം തുടങ്ങേണ്ട ആലോചനയിലാണ് ആശുപത്രിയിലെ ജീവനക്കാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP