Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'നിനക്ക് 20 വയസേയുള്ളൂ, ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല'; മാനന്തവാടിയിൽ പൊലീസും പീഡകർക്ക് ഒപ്പം; കൈകൊണ്ട് മർദ്ദിച്ചതായി എഫ്‌ഐആർ ഇട്ടിരിക്കുന്നത് കേസ് ദുർബലപ്പെടുത്താൻ; സിപിഎം സമ്മർദമെന്നും പരാതി; കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിക്കുകയും പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നതായി പരാതി

'നിനക്ക് 20 വയസേയുള്ളൂ, ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല'; മാനന്തവാടിയിൽ പൊലീസും പീഡകർക്ക് ഒപ്പം; കൈകൊണ്ട് മർദ്ദിച്ചതായി എഫ്‌ഐആർ ഇട്ടിരിക്കുന്നത് കേസ് ദുർബലപ്പെടുത്താൻ;  സിപിഎം സമ്മർദമെന്നും പരാതി; കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിക്കുകയും പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നതായി പരാതി

കെ വി നിരഞ്ജൻ

മാനന്തവാടി: കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിച്ച കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നതായി പരാതി. എഫ്‌ഐആറിൽ തങ്ങൾ പറഞ്ഞതുപോയെല്ല രേഖപ്പെടുത്തിയതെന്നും ഇതെല്ലാം പ്രതികളെ സഹായിക്കാനാണെന്നാണ് പെൺകുട്ടിയും കുടുംബവും ചൂണ്ടിക്കാട്ടുന്നത്. ആദ്യം പരാതിയുമായി എത്തിയപ്പോൾ 'നിനക്ക് 20 വയസേയുള്ളൂ, ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല' എന്ന് പറഞ്ഞ് പരാതി നൽകാനെത്തിയ തങ്ങളെ പൊലീസ് നിരുസാഹപ്പെടുത്തുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു. പ്രതികൾ ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് വ്യക്തമായ തെളിവുകൾ തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളിലാരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഒളിവിൽ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. ഇതിനുവേണ്ട സഹായം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതായാണ് പരാതി. പൊലീസ് നിർബന്ധിച്ച് പരാതിയിൽ മാറ്റം വരുത്തിയതായും കേസ് പ്രതികൾക്ക് സഹായകമായ രീതിയിൽ ദുർബലമാക്കുകയാണെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്. സിപിഎം അനുഭാവികളായ പ്രതികളെ രക്ഷിക്കാൻ പാർട്ടി തലത്തിൽ ഇടപെടൽ നടന്നതായും ആരോപണമുണ്ട്.

വയനാട് മാനന്തവാടിക്ക് സമീപം മുതിരേരി സ്വദേശിയായ പെൺകുട്ടിയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച അഞ്ചംഗ സംഘം അപമാനിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി പറയുന്നത് ഇങ്ങനെയാണ്. 'വെള്ളില്ലാതിരുന്നതിനെ തുടർന്നാണ് വെള്ളിയാഴ്‌ച്ച വൈകിട്ട് ഞാനും കൂട്ടുകാരിയും വീടിന് സമീപമുള്ള പുഴയിൽ കുളിക്കാൻ പോയത്. ഞങ്ങൾ കുളിക്കാൻ തുടങ്ങിയപ്പോൾ പുഴയ്ക്ക് അക്കരെ പ്രതികൾ വന്നു. അവർ ഞങ്ങളെ നോക്കി അശ്ലീലങ്ങൾ പറയാൻ തുടങ്ങി. പെട്ടെന്ന് കുളിച്ചിട്ടു പോകാൻ നോക്കിയപ്പോൾ കെഎസ്ആർടിസി കണ്ടക്ടർ ആയ നിനോജ് എന്നയാൾ മൊബൈലിൽ ഞങ്ങളുടെ ഫോട്ടോയെടുത്തു. അയാൾ ഫോട്ടോയെടുക്കുന്നത് ഞാൻ വ്യക്തമായി കണ്ടതാണ്. അനുവാദമില്ലാതെ ഞങ്ങളുടെ ഫോട്ടോയെടുക്കുന്നതെന്തിനാണെന്നു ചോദിച്ച് ഞാൻ അയാളെ ചോദ്യം ചെയ്തു. ഉടനെ നിനോജിന്റെ കൂടെയുണ്ടായിരുന്ന അനൂപ് എന്നയാൾ എന്നെ തെറി പറയാൻ തുടങ്ങി. ഇതോടെ എത്രയും പെട്ടെന്ന് പുഴയിൽ നിന്നും പോകാൻ ഞങ്ങൾ ശ്രമിക്കുമ്പോൾ നിനോജും അനീഷ് എന്നയാളും പുഴ കടന്ന് ഇക്കരെയെത്തി ഞങ്ങളെ തടഞ്ഞു. ഞങ്ങളവരെ കടന്നു പോകാൻ നോക്കിയപ്പോൾ നിനോജ് എന്റെ കൈയിൽ കയറിപ്പിടിച്ചിട്ട് ഞാൻ പറയുന്നത് കേട്ടിട്ട് പോയാൽ മതിയെടി എന്നു പറഞ്ഞു ദേഷ്യപ്പെട്ടു. ഫോട്ടോ എടുത്തത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഞങ്ങൾ രണ്ടുപേരും ഉറക്കെ നിലവിളിച്ചു. ഇതോടെ നിനോജും അനീഷ് പുഴയിലേക്ക് ചാടി അക്കരയിലേക്ക് നീന്തിപ്പോയി.

എന്റെ കരച്ചിൽ കേട്ടാണ് അച്ഛൻ ഓടി വരുന്നത്. അച്ഛൻ പറമ്പിൽ പുല്ല് പറിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് അച്ഛൻ ചോദിച്ചിട്ടും പേടി കൊണ്ട് ആദ്യമൊന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല. കുറച്ച് സമയമെടുത്തിട്ടാണ് ഞാൻ നടന്ന കാര്യം പറയുന്നത്. അച്ഛൻ ഉടനെ പുഴയ്ക്കരയ്ക്ക് അവരെ നോക്കി പോയി. അവിടെ ചെന്നപ്പോഴാണ് അവർ അഞ്ചുപേരും ചേർന്ന് അച്ഛനെ ക്രൂരമായി മർദ്ദിച്ചത്. വടിയും കല്ലുമൊക്കെ കൊണ്ടാണവർ അച്ഛനെ തല്ലിയത്. വടികൊണ്ട് കുത്തി അച്ഛന്റെ ഒരു പല്ലും കളഞ്ഞു. അച്ഛന്റെ കരച്ചിൽ കേട്ടാണ് വീട്ടിൽ നിന്നും ചേട്ടൻ ഓടി വരുന്നത്. ചേട്ടനെ കണ്ടപ്പോൾ അവർ അച്ഛനെ ഇട്ടിട്ട് ഓടിക്കളഞ്ഞു'.

എന്നാൽ നടന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിട്ടും തങ്ങൾക്ക് അനുകൂലമായ സമീപനമല്ല പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പെൺകുട്ടിയും കുടുംബവും പറയുന്നത്. ഇവർ ആദ്യം പരാതിയുമായി പോയത്, തലപ്പുഴ സ്റ്റേഷനിലായിരുന്നു. ഈ സ്റ്റേഷൻ പരിധിയിലാണ് ഇവരുടെ വീട്. എന്നാൽ അച്ഛനെ അക്രമിച്ചത് പുഴയ്ക്കക്കരെ ആയതിനാൽ, ആ ഭാഗം ഉൾപ്പെടുന്ന മാനന്തവാടി സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു തലപ്പുഴ സ്റ്റേഷനിൽ നിന്നും പറഞ്ഞത്. 'എന്നെ അപമാനിച്ച കാര്യം പരാതിയായി എഴുതിക്കൊണ്ടു പോയിട്ടും അതൊന്നും വാങ്ങി വായിച്ചു നോക്കാൻ പോലും തയ്യറാകാതെ ഞങ്ങളെ മാനന്തവാടി സ്റ്റേഷനിലേക്ക് പറഞ്ഞുവിടുകയായിരുന്നു ആ പൊലീസുകാർ ചെയ്തത്', പെൺകുട്ടി പറയുന്നു.

മാനന്തവാടി സ്റ്റേഷനിൽ സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് (952020) പെൺകുട്ടിയും പിതാവും ചെല്ലുന്നത്. രണ്ട് സംഭവങ്ങളും ചേർത്ത് ഒറ്റക്കേസായി മുന്നോട്ടു പോകാനായിരുന്നു പരാതിക്കാരുടെ തീരുമാനം. എന്നാൽ പൊലീസ് രണ്ടും രണ്ടു കേസുകളായാണെടുത്തത്. പെൺകുട്ടിയുടെ പിതാവിനെ അക്രമിച്ച പരാതിയിലാണ് ആദ്യം എഫ് ഐ ആർ ഇട്ടത്. 'ഞങ്ങൾ പറഞ്ഞതല്ല പൊലീസ് രേഖപ്പെടുത്തിയത്. കല്ലും വടിയും കൊണ്ടാണവർ അച്ഛനെ ആക്രമിച്ചത്. വടികൊണ്ട് ഇടിച്ചാണ് അച്ഛന്റെ പല്ല് കളഞ്ഞത്. പക്ഷേ, പൊലീസ് എഫ്‌ഐആറിൽ എഴുതിയത് കൈകൊണ്ട് അടിച്ചാണ് പല്ലു കളഞ്ഞതെന്നാണ്. അതിനു കാരണമായി ഞങ്ങളോട് പറഞ്ഞത്, ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ ആയുധങ്ങൾ ഉപയോഗിച്ചല്ല അക്രമിച്ചതെന്നാണ് പറയുന്നതെങ്കിൽ കേസ് തള്ളിപ്പോകുമെന്നാണ്. പരാതി എങ്ങനെ വേണമെന്ന് പൊലീസ് ഞങ്ങളോട് ഇങ്ങോട്ട് പറയുകയായിരുന്നു. എന്നാൽ ഡോക്ടർ തന്ന സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്നത് കൈകൊണ്ടുള്ള മർദ്ദനത്തിലല്ല പല്ല് പോയതെന്നാണ്', പെൺകുട്ടി പറയുന്നു. കൈകൊണ്ട് മർദ്ദിച്ചതായി എഫ്‌ഐആർ ഇട്ടിരിക്കുന്നത് കേസ് ദുർബലപ്പെടുത്താനാണെന്നാണ് ഇവരുടെ പരാതി. മാത്രമല്ല, ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഈ കേസിൽ പ്രതികൾക്കെതിരേ ചാർജ് ചെയ്തിരിക്കുന്നതെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.

ഒമ്പതാം തീയതി മാനന്തവാടി സ്റ്റേഷനിലെത്തിയപ്പോൾ തന്നെ അപമാനിക്കാൻ ശ്രമിച്ച കാര്യവും പെൺകുട്ടിയും പിതാവും പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും പെൺകുട്ടിയുടെ മൊഴിയെടുക്കാനോ എഫ്‌ഐആർ ഇടാനോ തയ്യാറായില്ലെന്നും പരാതിയുണ്ട്. പിറ്റേദിവസം വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. താൻ പറഞ്ഞതുപോലെയല്ല, പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്ന ആരോപണവും പെൺകുട്ടി ഉന്നയിക്കുന്നുണ്ട്. 'അച്ഛനെ ആക്രമിക്കാനുള്ള കാരണം എന്നെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതുകൊണ്ടാണെന്ന് പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ, പൊലീസ് ഗൗരവത്തോടെയല്ല പെരുമാറിയത്. ഫോട്ടോ എടുത്തതിനോ തെളിവുണ്ടോ? ഫോട്ടോ എടുക്കാൻ ശ്രമിച്ചതല്ലേയുള്ളൂവെന്നൊക്കെയാണ് പൊലീസുകാർ ചോദിക്കുന്നത്. പിറ്റേ ദിവസം വീട്ടിൽ വന്ന് എന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും പറഞ്ഞത്, ഫോട്ടോയെടുക്കാൻ ശ്രമിച്ചൂ എന്നു പറഞ്ഞാൽ മതി, ഫോൺ പരിശോധിക്കുമ്പോൾ ഫോട്ടോയില്ലെങ്കിൽ കേസ് തള്ളിപ്പോകുമെന്നാണ്. പൊലീസുകാർ തന്നെ അങ്ങനെ പറഞ്ഞപ്പോൾ, ഞങ്ങളത് വിശ്വസിച്ചുപോയി. ഫോട്ടോയെടുക്കുന്നത് ഞാൻ വ്യക്തമായി കണ്ടതാണ്. അക്കാര്യം പൊലീസിനോട് പറഞ്ഞതുമാണ്. പക്ഷേ, അവർ ഇങ്ങോട്ട് പറയുന്നത് പരാതിയിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നു മതിയെന്നാണ്.'

അനുവാദമില്ലാതെ തന്റെ ഫോട്ടോയെടുത്തത് കൂടാതെ കൈയിൽ കയറി പിടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പ്രതികൾക്കെതിരേ പെൺകുട്ടി പരാതിപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ സദാചാര ഉപദേശമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പെൺകുട്ടി പറയുന്നത്. 'പ്രതികളിലൊരാൾ എന്റെ കൈയിൽ കയറി പിടിച്ചെന്നു പറഞ്ഞപ്പോൾ പൊലീസുകാർ എന്നോട് പറഞ്ഞത് നീ 20 വയസുള്ളൊരു പെൺകുട്ടിയാണ്, നിന്റെ ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു'.

പൊലീസീന്റെ ഭാഗത്ത് നിന്നും പ്രതികൾക്ക് അനുകൂലമായാണോ കാര്യങ്ങൾ നീങ്ങുന്നതെന്നതൽ തങ്ങൾക്ക് സംശയം തോന്നാൻ കാരണം ഇത്തരം ഇടപെടലുകൾ ഉണ്ടായതാണെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. പൊലീസിൽ പരാതി നൽകിയെന്നറിഞ്ഞയുടനെ പ്രതികൾ ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് വ്യക്തമായ തെളിവുകൾ തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. പാർട്ടിയിടപെടൽ ഉണ്ടായതുകൊണ്ടാണോ പൊലീസ് തങ്ങളുടെ പരാതി ഗൗരവത്തോടെ കാണാത്തതിനു കാരണമെന്നും സഹോദരൻ ചോദിക്കുന്നു.

മറ്റൊരു പരാതിയായി പെൺകുട്ടിയും കുടുംബവും പറയുന്നത്, ഈ സംഭവത്തെക്കുറിച്ച് സി.കെ ശരീശന്ദ്രൻ എംഎൽഎയെ വിളിച്ചു പറഞ്ഞപ്പോൾ, രണ്ടു വശവും അന്വേഷിക്കട്ടെ എന്നായിരുന്നു എംഎൽഎയുടെ മറുപടിയെന്നതാണ്. 'രാത്രിയിൽ ഒരു പെൺകുട്ടി വിളിച്ച്, തനിക്ക് സംഭവിച്ചൊരു പ്രശ്നം പറയുമ്പോൾ രണ്ട് വശവും അന്വേഷിക്കട്ടെയെന്നാണോ ഒരു എംഎൽഎ പറയേണ്ടത്?- പെൺകുട്ടിയുടെ സഹോദരൻ ചോദിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP