Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ

ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: കാർ തടഞ്ഞ് അടിച്ചു തകർക്കുകയും യാത്രക്കാരെ മർദിക്കുകയും ചെയ്തതിനും തടയാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചതിനുമായി എടുത്ത രണ്ടു കേസുകളിൽ അഞ്ചു ഡിവൈഎഫ്ഐക്കാരെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഒരാളെ മാത്രം കാപ്പ ചുമത്തി നാടുകടത്തി. ശേഷിച്ചവരെ ഒരു കേസിൽ സ്റ്റേഷൻ ജാമ്യം നൽകി വിട്ടു. ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്താതെയും വിട്ടയച്ചു.

ഏറത്ത് മണക്കാല ചിറ്റാണിമുക്ക് അജിൻ ഭവനിൽ ജെ. അജിനെ(28)യാണ് കാപ്പ നിയമ പ്രകാരം ഏപ്രിൽ 22 മുതൽ ഒരു വർഷത്തേക്ക് പത്തനംതിട്ട,കൊല്ലം,ആലപ്പുഴ ജില്ലകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയുടേതാണ് നടപടി. കൊലപാതകശ്രമം, വീടു കൈയേറ്റം, മാരകായുധങ്ങളുമായി സംഘം ചേർന്ന് ലഹള നടത്തൽ, പോക്സോ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അജിൻ.

ഏപ്രിൽ 19ന് കാപ്പ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി അജിനെ ഡിഐജിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു. തിരികെ വരും വഴി അടൂർ നെല്ലിമൂട്ടിൽപടിയിൽ യാത്രക്കാരെ കാർ തടഞ്ഞു നിർത്തി മർദ്ദിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്ത കേസിലും, തടയാനെത്തിയ ഹോം ഗാർഡിനെ മർദ്ദിച്ച കേസിലും പ്രതിയായതോടെ അറസ്റ്റ് ചെയ്ത് പൊലീസ് കാപ്പാ നടപടികൾ സ്വീകരിക്കുകയായിരുന്നു. അടുത്ത ഒരുവർഷകാലയളവിൽ പത്തനംതിട്ട,കൊല്ലം, ആലപ്പുഴ ജില്ലകളിൽ എവിടെയെങ്കിലും ഇയാൾ പ്രവേശിക്കുകയോ കേസുകളിൽ പ്രതിയാകുകയോ ചെയ്താൽ ജില്ലാ പൊലീസ് മേധാവി, അടൂർ പൊലീസ് ഇൻസ്പെക്ടർ എന്നിവരെ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പൊലീസ് പൊലീസിന് നിർദ്ദേശം നൽകി.

കഴിഞ്ഞ 19 ന് വൈകിട്ട് വൈകിട്ട് 4.45 ന് നെല്ലിമൂട്ടിപ്പടി ബൈപ്പാസ് തുടങ്ങുന്ന ഭാഗത്തെ സിഗ്നലിന് സമീപം തടഞ്ഞാണ് ആറംഗ സംഘം കമ്പി വടി കൊണ്ട് കാർ അടിച്ചു തകർത്തത്. കാറിലുണ്ടായിരുന്ന കൊല്ലം പട്ടത്താനം അമ്മൻ നഗർ ഷൈജു മൻസിൽ ഷൈജു (36), കൊട്ടാരക്കര പുത്തൂർ ചരുവിൽ റീസ് (36) എന്നിവരെ ക്രൂരമായി മർദിച്ചു. കാറിന്റെ മുൻവശത്തെയും ഒരു വശത്തെ രണ്ട് ഡോറുകളുടേയും ഗ്ലാസുകൾ തകർക്കുകയുമായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാർക്ക് മർദ്ദനമേറ്റത്. ഇവർ ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്നു.

പട്ടാപ്പകൽ നടുറോഡിൽ അക്രമം നടക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡിനെയും പ്രതികൾ മർദിച്ചു. ഇവർക്കെതിരേ ആദ്യം കേസെടുക്കാൻ പൊലീസ് മടിച്ചു. ഹോം ഗാർഡിന്റെ പരാതിയിൽ 353 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് ഒരു കേസും കാർ അടിച്ചു തകർത്തതിന് ജാമ്യമുള്ള വകുപ്പ് ചുമത്തി മറ്റൊരു കേസും എടുത്തു. കേസിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ചൂരക്കോട് ചിറ്റാണിമുക്ക് വിഷ്ണു നിവാസിൽ അഭിജിത്ത് ബാലൻ, അജിൻ ഭവനിൽ അജിൻ, മൂലത്തുണ്ടിൽ സുജിത്ത് മോൻ, മഞ്ഞാലി അഖിൽ ഭവനിൽ അജിത്ത് രാജൻ, ആനയടി തോട്ടുവ മനോജ് ഭവനിൽ മഹേഷ് എന്നിവരെയാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്. കാർ അടിച്ചു തകർത്ത കേസിൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോം ഗാർഡിനെ കൈയേറ്റം ചെയ്തതിന് ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ അറസ്റ്റ് ഒഴിവാക്കി പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു. ഇവിടെയാണ് പൊലീസ്സിപിഎം ഗൂഢാലോചന നടന്നിരിക്കുന്നത് എന്നാണ് ആക്ഷേപം.

ഈ അഞ്ചു പേരിൽ അജിനെയാണ് ഇപ്പോൾ കാപ്പ ചുമത്തി നാടു കടത്തിയിരിക്കുന്നത്. ശേഷിച്ച നാലു പ്രതികളെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചുവെന്നാണ് വിവരം. ഡിവൈഎഫ്ഐ നേതാവായ അഭിജിത്ത് ബാലന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്ക് വേണ്ടി വലിയ ഇടപെടലാണ് സിപിഎം നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയിൽ അടക്കം സമ്മർദം വന്നതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരിക്കുന്നത്. എന്നാൽ, ഇതേ കേസിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് കാപ്പ ചുമത്തിയതോടെ പൊലീസ് വെട്ടിലാണ്. സിപിഎം ഇടപെടലാണ് വഴിവിട്ട നീക്കത്തിന് കാരണമെന്ന് വ്യക്തമായിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP