Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ; വടക്കുള്ളവർ വെള്ളക്കാരെപ്പോലെ; കിഴക്കുള്ളവർ ചൈനക്കാരെപ്പോലെ'; കോൺഗ്രസിനെ വെട്ടിലാക്കി പിത്രോദ; വിവാദ പരാമർശത്തിന് മറുപടിയുമായി നരേന്ദ്ര മോദി; ഈ വംശീയ മാനസികാവസ്ഥ അംഗീകരിക്കില്ലെന്ന് പ്രതികരണം

'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ; വടക്കുള്ളവർ വെള്ളക്കാരെപ്പോലെ; കിഴക്കുള്ളവർ ചൈനക്കാരെപ്പോലെ'; കോൺഗ്രസിനെ വെട്ടിലാക്കി പിത്രോദ; വിവാദ പരാമർശത്തിന് മറുപടിയുമായി നരേന്ദ്ര മോദി; ഈ വംശീയ മാനസികാവസ്ഥ അംഗീകരിക്കില്ലെന്ന് പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

വാറംഗൽ: ഇന്ത്യക്കാരെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് സാം പിത്രോദയുടെ വിവാദപരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരെ നിറത്തിന്റെയും വർണത്തിന്റെയും പേരിൽ അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിന് രാഹുൽ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

എന്നെ അപമാനിച്ചോളൂ, പക്ഷേ ഇന്ത്യക്കാരെ നിറത്തിന്റെയും വർണത്തിന്റെയും പേരിൽ അപമാനിക്കരുത്. അത് ഈ രാജ്യവും ഞാനും സഹിക്കില്ല. കോൺഗ്രസിലെ ഒരു മുതിർന്ന നേതാവാണ് ഇത്തരത്തിൽ വംശീയ പരാമർശം നടത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ 'രാജകുമാരൻ' രാഹുൽ ഗാന്ധി അതിന് മറുപടി പറഞ്ഞേ മതിയാവൂ, മോദി ആവശ്യപ്പെട്ടു. ചർമ്മത്തിന്റെ നിറമാണോ പൗരത്വം നിർണ്ണയിക്കുന്നതെന്നും കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് ഞങ്ങളെന്നും മോദി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിന് ഒരുങ്ങുന്നതിനിടെ വിവാദ പരാമർശം നടത്തി കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് സാം പിത്രോദ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെപ്പോലുള്ളവരാണെന്നുമാണ് പിത്രോദ അഭിപ്രായപ്പെട്ടത്. ഒരു ഇംഗ്ലിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പദവിയെ കുറിച്ചും നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ എന്നും സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. ''ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവർ അറബികളെ പോലെയാണ്, വടക്കുള്ളവർ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.'' എന്നായിരുന്നു പിത്രോദയുടെ വാക്കുകൾ.

പിത്രോദയുടെ പരാമർശം വിവാദമായതോടെ കോൺഗ്രസ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇന്ത്യയുടെ നാനാത്വത്തെ കുറിച്ച് വിവരിക്കാൻ പിത്രോദ നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശം കോൺഗ്രസ് തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിത്രോദയുടെ പരാമർശത്തെ ബിജെപി ഇതിനകം തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിക്കഴിഞ്ഞു. പിത്രോദ ദക്ഷിണേന്ത്യക്കാരെ നിറത്തിന്റെ പേരിൽ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പരാമർശത്തിൽ രോഷമുണ്ട്. രാഹുൽ ഗാന്ധിയുടെ സുഹൃത്തും മാർഗദർശിയുമാണു പിത്രോദയെന്നും മോദി പറഞ്ഞു.

താൻ വടക്കുകിഴക്കുനിന്നുള്ള വ്യക്തിയാണെന്നും തന്നെ കാണാൻ ഇന്ത്യക്കാരനെപ്പോലെയാണ് ഉള്ളതെന്നും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ എക്‌സിൽ കുറിച്ചു. കാണാൻ വ്യത്യസ്തരാണെങ്കിലും ഇന്ത്യക്കാർ എല്ലാവരും ഒന്നാണെന്നും രാജ്യത്തെ കുറിച്ച് എന്തെങ്കിലും പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിത്രോദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് വ്യക്തമാക്കി. നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റനൗട്ട്, ബിജെപി എംപി രവിശങ്കർ പ്രസാദ്, ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എന്നിവർ പിത്രോദയെ വിമർശിച്ച് രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP