Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം

'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ (എസ്.എസ്.സി.) നിയമന കുംഭകോണത്തിൽ മമത സർക്കാരിന് കടുത്ത വിമർശനവുമായി സുപ്രീം കോടതി. നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ടിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. സർക്കാർ സ്‌പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016-ലെ മുഴുവൻ റിക്രൂട്ട്മെന്റ് നടപടികളും റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.

പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരുന്നു. എന്നാൽ, ഈ രേഖകൾ ഇപ്പോൾ ഇല്ലെന്ന് വ്യക്തമാണെന്നും നിയമനങ്ങളിൽ സർക്കാരിന്റെ കൃത്യമായ മേൽനോട്ടം ഉണ്ടായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെ ന്യൂമെററി തസ്തിക സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ സിബിഐയുടെ യാതൊരു നടപടിയും പാടില്ലെന്നും കോടതി നിർദേശിച്ചു.

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും കോടതി വിമർശിച്ചു. സർക്കാർ ജോലികൾ ഇന്ന് വളരെ വിരളമാണ്. ഇത്തരം നിയമനങ്ങൾ തെറ്റായ രീതിയിൽ നടക്കുകയാണെങ്കിൽ പിന്നെ എന്താണ് അവശേഷിക്കുക ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും. നിങ്ങൾക്കിത് അംഗീകരിക്കാൻ സാധിക്കുമോ, ബംഗാൾ സർക്കാരിനോട് കോടതി ചോദിച്ചു.

അതേസമയം, ഏകപക്ഷീയമായാണ് നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. നേരത്തേ ഹർജി പരിഗണിച്ചപ്പോൾ, കൊൽക്കത്ത ഹൈക്കോടതി വിധി സ്റ്റേചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസ്സമ്മതിച്ചിരുന്നു.

ഏപ്രിൽ 22-നാണ് 25,573 അധ്യപക-അനധ്യാപക തസ്‌കികകളിലേക്ക് നൽകിയ നിയമനങ്ങൾ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. നിയമനം കിട്ടിയവർ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേർത്ത് നാലാഴ്ചയ്ക്കകം മടക്കി നൽകണമെന്നും കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ദെബാങ്‌സു ബസാക്, എം.ഡി. ഷബ്ബാർ റാഷിദി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിയമനങ്ങൾ അസാധുവാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. മൂന്ന് മാസത്തിനുള്ളിൽ സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

2016-ൽ നടന്ന നിയമന പരീക്ഷയിൽ 23 ലക്ഷം പേരാണ് 24,640 തസ്തികകളിലേക്കായി പങ്കെടുത്തത്. ഇതിൽ 25,753 പേർക്ക് നിയമന ഉത്തരവ് ലഭിച്ചുവെന്ന് പരാതിക്കാരുടെ അഭിഭാഷകനായ ഫിർദൗസ് ഷമീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് സ്റ്റേചെയ്യാനുള്ള അപേക്ഷയും കൊൽക്കത്ത ഹൈക്കോടതി തള്ളി. 15 ദിവസത്തിനുള്ളിൽ പുതിയ നിയമന നടപടികൾ ആരംഭിക്കാനും കോടതി നിർദേശിച്ചു. കേസിൽ ഡിവിഷൻ ബെഞ്ചിനെ നിയമിക്കാൻ 2023 നവംബർ ഒമ്പതിനാണ് സുപ്രീം കോടതി കെൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിർദ്ദേശം നൽകിയത്.

പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പാർഥ ചാറ്റർജിയെ സ്‌കൂളുകളിൽ അദ്ധ്യാപക-അനധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാർഥയുടെ സഹായി അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 21 കോടിയുടെ നോട്ടുകെട്ടുകളും ഒരു കോടിയുടെ സ്വർണവും ഇ.ഡി പിടിച്ചെടുത്തതിന് പിന്നാലെയാണ്പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP