Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

വിവാഹ വാഗ്ദാനത്തിലെ കബളിപ്പിക്കൽ കേസ് ഭാര്യ പിൻവലിക്കാത്തത് വൈരാഗ്യമായി; കുട്ടി തന്റേതല്ലെന്ന സംശയത്തിലുണ്ടായ പ്രതികാരം; ഒടുവിൽ ഫായിസ് തെളിവെടുപ്പിൽ കുറ്റസമ്മതം നടത്തി; കാളികാവിലെ ക്രൂരതയിൽ ഫായിസിന്റെ കുടുംബം മാപ്പുസാക്ഷിയാകുമോ?

വിവാഹ വാഗ്ദാനത്തിലെ കബളിപ്പിക്കൽ കേസ് ഭാര്യ പിൻവലിക്കാത്തത് വൈരാഗ്യമായി; കുട്ടി തന്റേതല്ലെന്ന സംശയത്തിലുണ്ടായ പ്രതികാരം; ഒടുവിൽ ഫായിസ് തെളിവെടുപ്പിൽ കുറ്റസമ്മതം നടത്തി; കാളികാവിലെ ക്രൂരതയിൽ ഫായിസിന്റെ കുടുംബം മാപ്പുസാക്ഷിയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാളികാവ് ഉദരംപൊയിലിൽ രണ്ടരവയസ്സുകാരി ഫാത്തിമ നസ്‌റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പു പൂർത്തിയായി. ജയിലിൽക്കഴിയുന്ന കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയായിരുന്നു തെളിവെടുപ്പ്. ഫായിസ് ആദ്യം കുറ്റം നിഷേധിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷമുള്ള തെളിവെടുപ്പിൽ ഫായിസ് കുറ്റം സമ്മതിക്കുകയായിരുന്നു. ചവിട്ടേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രതി മൊഴി നൽകി. അതിനിടെ ഫായിസിന്റെ സഹോദരിയും ഭർത്താവും ഉമ്മയും കേസിൽ മാപ്പുസാക്ഷികളാകാൻ ശ്രമിക്കുന്നതിന്റെ സൂചനയും പുറത്തു വന്നു.

വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഫായിസ് കുട്ടി ഇരുന്നിരുന്ന സ്ഥലവും തന്റെ ചവിട്ടേറ്റ് കുട്ടി തെറിച്ചുവീണ സ്ഥലവും കാണിച്ചുകൊടുത്തു. വിവാഹത്തിനു മുൻപ് ഭാര്യയുമായി ഫായിസ് പ്രണയത്തിലായിരുന്നു. 2023- ൽ ആണ് വിവാഹം നടന്നത്. 2021-ൽ വിവാഹവാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി ഭാര്യ നൽകിയ കേസ് ഫായിസിനെതിരേ നിലനിൽക്കുന്നുണ്ട്. കേസ് പിൻവലിക്കാൻ നിരന്തരമായി ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. കേസ് പിൻവലിക്കാതിരുന്നതിന് ഭാര്യയെയും മർദിക്കാറുണ്ടായിരുന്നു. ഭാര്യ നൽകിയ കേസ് വിചാരണാ ഘട്ടത്തിലേക്ക് നീങ്ങിയതതോടെ കുട്ടിക്കെതിരേ തിരിയാൻ തുടങ്ങി. മാർച്ച് 26-ന് വിചാരണയ്ക്ക് ഹാജരാകാൻ നോട്ടീസ് ലഭിച്ച ഫായിസ് വൈരാഗ്യം മൂത്ത് 24-ന് കുട്ടിയെ അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് കോടതിയിൽ ഹാജരാക്കുമ്പോഴും കൂസലില്ലാതെയാണ് മുഹമ്മദ് ഫായിസ് പ്രതികരിച്ചത്. കൊലപാതക കുറ്റമാണ് മുഹമ്മദ് ഫായിസിനെതിരെ ചുമത്തിയിരിക്കുന്നത്. സ്വന്തം മകളെ അടിച്ചും എറിഞ്ഞുമാണ് പിതാവായ ഫായിസ് ഇല്ലാതാക്കിയത്. സ്വന്തം കുഞ്ഞിന്റെ മുഖം അവസാനമായി ഒരുനോക്കുകാണാനുള്ള ആഗ്രഹം പോലും ഫായിസ് പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഫായിസ് കുറ്റം സമ്മതിക്കേണ്ടി വന്നു.

ഭക്ഷണം അന്നനാളത്തിൽ കുരുങ്ങിയെന്നുപറഞ്ഞാണ് മുഹമ്മദ് ഫായിസിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. തല അടിച്ചുപൊട്ടിച്ചതും തലയിലെ ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലേൽപ്പിച്ച പല പരിക്കുകൾക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്. ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ തലച്ചോർ ഇളകിയനിലയിലായിരുന്നു. അതിനിടെ ദൃക്‌സാക്ഷിയായ സഹോദരീ ഭർത്താവിന്റെ വെളിപ്പെടുത്തലും പുറത്തു വന്നു. കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിലാണ് ക്രൂരമായ കൊലപാതകം വിവരിക്കുന്നത്.

കുട്ടി മരിച്ചതിനു ശേഷം പോസ്റ്റുമോർട്ടത്തിനു മുൻപായി നടത്തിയ സംഭാഷണമാണ് പുറത്തായിട്ടുള്ളത്. പൈശാചികമായിട്ടാണ് പിതാവ് കുട്ടിയോടു പെരുമാറിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃക്സാക്ഷിയുടെ വിവരണം. വീട്ടിൽ വന്നുകയറിയ ഉടനെ പിതാവായ ഫായിസ് കുട്ടിയെ മർദിക്കാൻ തുടങ്ങി. ജീവരക്ഷയ്ക്കായി കുഞ്ഞ് ഫായീസിന്റെ മാതാവിന്റെ അരികിൽ അഭയംതേടി. രണ്ടു മിനിറ്റുകൾക്കുശേഷം കുട്ടിയെ മാതാവിന്റെ മടിയിൽനിന്ന് വലിച്ചിട്ട് ഫായിസ് ചവിട്ടിത്തെറിപ്പിച്ചു. ചവിട്ടേറ്റ് കുട്ടിയുടെ തല ചുമരിൽച്ചെന്ന് ഇടിച്ച് കുട്ടി വീണു. ചവിട്ടിത്തെറിപ്പിച്ച ശേഷം കുട്ടി അനങ്ങിയിട്ടില്ലെന്നും സഹോദരീ ഭർത്താവ് പറയുന്നുണ്ട്.

കൃത്യംനടന്ന ദിവസം രാവിലെ ഫായിസ് കുട്ടിയുമായി സമീപത്തുള്ള റബ്ബർത്തോട്ടത്തിൽ പോയിരുന്നു. മല കയറുന്നതിനിടയിൽ വേഗത പോരെന്നു പറഞ്ഞ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. റബ്ബർത്തോട്ടത്തിലൂടെ കുട്ടി ഉരുണ്ടുമറിഞ്ഞു. താനും ഭാര്യയും ഉമ്മയും മാപ്പുസാക്ഷികളായി തടി ഊരുമെന്നും ഇയാൾ ഫോൺ സംഭാഷണത്തിൽ പറയുന്നു. കുട്ടി തന്റേതല്ലെന്ന് പറഞ്ഞാണ് ഫായിസ് മർദിച്ചിരുന്നത്. മൊഴി നൽകാൻ പൊലീസ് ചെല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒന്നും കണ്ടില്ലെന്നു പറഞ്ഞാലോ എന്നും ഇദ്ദേഹം സുഹൃത്തിനോട് ചോദിക്കുന്നുണ്ട്. കുട്ടി മരിച്ചതിനുശേഷം ഫായിസ് വിളിച്ചിരുന്നുവെന്നും എന്തെങ്കിലും ചെയ്തോ എന്നു ചോദിച്ചപ്പോൾ ഭക്ഷണം അന്ന നാളത്തിൽ കുടുങ്ങി എന്നാണ് മറുപടി പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.

സംഭവത്തിന് ദൃക്സാക്ഷിയായ ഫായിസിന്റെ മാതാവ് ഉൾപ്പെടെ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. കുട്ടിയെ മർദിക്കുന്നത് ആരും തടയാൻ ശ്രമിച്ചിട്ടില്ലെന്നും സഹോദരീ ഭർത്താവിന്റെ ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP