Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ശിവഗിരി തീർത്ഥാടനം; ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ ഒരുക്കങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 91ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ മുന്നൊരുക്കങ്ങളുമായി വിവിധ സർക്കാർ വകുപ്പുകൾ. ഡിസംബർ 30,31, ജനുവരി ഒന്ന് തീയതികളിൽ നടക്കുന്ന തീർത്ഥാടനം പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

തീർത്ഥാടനത്തിന് മുന്നോടിയായി ചെമ്പഴന്തിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും വശങ്ങളിലെ കാടുകളും യാത്രാ തടസമുണ്ടാക്കുന്ന ഉണങ്ങിയ മരങ്ങളും മറ്റും മുറിച്ചു മാറ്റുകയും ചെയ്യും. ഗതാഗത നിയന്ത്രണത്തിനും സുരക്ഷക്കും പൊലീസ് പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തൻകോട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

തീർത്ഥാടന ദിവസങ്ങളിൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത് ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. ഇലക്ട്രിക് ബസുകളും സർവീസ് നടത്തും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവുമുണ്ടാകും. ഉത്സവ പ്രദേശത്തെ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്. തീർത്ഥാടകരെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചെമ്പഴന്തി എസ്.എൻ കോളേജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കും. തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വികസന ഫോട്ടോ പ്രദർശനം, പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണം എന്നിവയുമൊരുക്കും.

ചെമ്പഴന്തി ഗുരുകുലത്തിൽ ചേർന്ന യോഗത്തിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ അധ്യക്ഷൻ മേടയിൽ വിക്രമൻ, കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ബി.രമേശൻ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP