Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ 'വിമോചന യുദ്ധം' ഉടൻ വരുന്നു, അത് വിദൂരമല്ല; ഇസ്രയേലിനെതിരെ വീണ്ടും ഭീകരാക്രമണ ഭീഷണിയുമായി ഹമാസ്; കിബ്ബട്ട്‌സ് കൂട്ടക്കൊലയുടെ സൂത്രധാരനെ ഇല്ലാതാക്കി; ഇനി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ

ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ 'വിമോചന യുദ്ധം' ഉടൻ വരുന്നു, അത് വിദൂരമല്ല; ഇസ്രയേലിനെതിരെ വീണ്ടും ഭീകരാക്രമണ ഭീഷണിയുമായി ഹമാസ്; കിബ്ബട്ട്‌സ് കൂട്ടക്കൊലയുടെ സൂത്രധാരനെ ഇല്ലാതാക്കി; ഇനി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഇസ്രയേലിനെതിരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഹമാസ് നേതാവ് വീണ്ടും രംഗത്ത്. ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ 'വിമോചന യുദ്ധം' ഉടൻ വരുന്നുവെന്നൈാണ് ഹമാസ് നേതാവിന്റെ ഭീഷണി. ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തേക്കാൾ വലുതായിരിക്കുമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഒസാമ ഹംദാൻ പറഞ്ഞു. ലെബനൻ മാധ്യമമായ ബെൽ മൗബഷർ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം വീണ്ടും ഇസ്രയേലിൽ കടന്നു കയറി ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി രംഗത്തുവന്നത്.

'മറ്റൊരു ഒക്ടോബർ 7 അല്ല, ഒരു വിമോചനയുദ്ധം വരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു, അത്തരമൊരു സംഭവം വിദൂരമല്ലെന്ന് താൻ കരുതുന്നുവെന്ന് അ ഹംദാൻ പറഞ്ഞു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ പശ്ചാപാതമില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. അന്ന് ആക്രമണത്തിൽ 1,200 ഇസ്രയേലികളെ വധിച്ചു. അവരെല്ലാം സാധാരണക്കാരായിരുന്നു. നൂറു കണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കുകയും ചെയതിരുന്നു. ഇതേ തുടർന്നാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. എന്നാൽ, ഇനി വിമോചന യുദ്ധം ഉടൻ ഉണ്ടാകുമെന്നാണ് ഹമാസ് നേതാവ് പറുന്നത്.

അതേസമയം ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഷാതി ബറ്റാലിയൻ കമാൻഡറെ ഇസ്രയേൽ വധിച്ചതായി പ്രതിരോധ സേന അറിയിച്ചു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രയേൽ പ്രദേശത്ത് റെയ്ഡ് നടത്തിയതിന്റെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാൻഡർക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹൈതം ഖുവാജാരിയാണ് കൊല്ലപ്പെട്ടതെന്നും ഐഡിഎഫും ഇസ്രയേൽ സുരക്ഷാ ഏജൻസിയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ പകുതിയോടെ വടക്കൻ ഗസ്സ മുനമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന്റെ നിയന്ത്രണം ഐഡിഎഫ് ഏറ്റെടുത്തിരുന്നു. 'ഇന്നലെ സജയ ബറ്റാലിയനിൽ ചെയ്തതുപോലെ സൈറ്റ് പിന്തുടരുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ നിയന്ത്രിക്കുന്ന ഓരോ കമാൻഡർമാരെയും ഇല്ലാതാക്കുകയും ചെയ്യും' എന്ന് ഇസ്രയേൽ സൈന്യം പറയുന്നു.

ഞായറാഴ്ച വടക്കൻ ഗസ്സയിലെ ജബല്യ അഭയാർഥി ക്യാമ്പിൽ വീണ്ടും ആക്രമണം ഉണ്ടായി.ശനിയാഴ്ച ഇസ്രയേൽ ജബല്യയെ ലക്ഷ്യമിട്ട് പ്രമുഖ ഫലസ്തീനിയൻ ശാസ്ത്രജ്ഞൻ സുഫ്യാൻ തായെയെ കൊലപ്പെടുത്തിയതായി ഫലസ്തീൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.ജാബല്യ ക്യാമ്പിൽ കഴിയുന്നവർക്ക് ഐഡിഎഫിൽ നിന്നുള്ള മുന്നറിയിപ്പുകൾ അറിയാൻ ഇന്റർനെറ്റ് ലഭ്യതയുണ്ടായിരുന്നില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കിബ്ബട്ട്‌സ് കൂട്ടക്കൊലയുടെ സൂത്രധാരനായ ഹമാസ് നേതാവിനെ ഇല്ലാതാക്കിയതു പോലും ലോകത്തെല്ലാ കോണിലുമുള്ള ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ലെബനാൻ, ഖത്തർ, തുർക്കി തുടങ്ങി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ സുരക്ഷാ ഏജൻസിയായ ഷിൻബെറ്റ് തലവൻ റോനെൻ ബാർ. ഏത്ര വർഷമെടുത്താലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ ഭരണകൂടം തങ്ങൾക്ക് ഒരു ലക്ഷ്യം നിർണയിച്ചു തന്നിട്ടുണ്ട്. അത് ഹമാസിനെ ഇല്ലാതാക്കുക എന്നതാണ്. അത് നടപ്പാക്കാൻ തീരുമാനിച്ചുകഴിഞ്ഞെന്നും റോനെൻ ബാർ പറഞ്ഞു. ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് ദൈഫ്, യഹ്യ സിൻവാർ, ഖാലിദ് മിശ്അൽ എന്നിവരാണ് ഇസ്രയേൽ ഹിറ്റ്ലിസ്റ്റിലുള്ള പ്രമുഖർ. 60കാരനായ ഇസ്മായിൽ ഹനിയ്യ മുൻ ഫലസ്തീൻ പ്രധാനമന്ത്രികൂടിയാണ്. 2017ലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി അവരോധിതനായത്.

പ്രധാനമന്ത്രിയായിരിക്കെ 2006ൽ വിഷം പുരട്ടിയ കത്തുപയോഗിച്ച് അദ്ദേഹത്തെ അപായപ്പെടുത്താൻ മൊസാദ് ശ്രമിച്ചെങ്കിലും അതിജീവിച്ചു. ഖത്തറിലും തുർക്കിയയിലുമായാണ് അദ്ദേഹം പ്രവാസജീവിതം നയിക്കുന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ് തലവനായ മുഹമ്മദ് ദീഫ് ആറുതവണ ഇസ്രയേലിന്റെ വധശ്രമം അതിജീവിച്ചയാളാണ്. 2015ൽ പുറത്തിറക്കിയ അമേരിക്കയുടെ 'ആഗോള ഭീകര പട്ടിക'യിലും ഇദ്ദേഹമുണ്ട്. ബ്രിഗേഡിന്റെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഇദ്ദേഹം ഗസ്സയിൽ തന്നെയുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്.

23 വർഷം ഇസ്രയേലി തടവറയിൽ കഴിഞ്ഞ അൽഖസ്സാം ബ്രിഗേഡിന്റെ മുൻ കമാൻഡർകൂടിയായ യഹ്‌യ സിൻവാർ 2011ലാണ് മോചിതനായത്. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിതിന്റെ മോചനത്തിന് പകരമായി സിൻവാറിനെ ഇസ്രയേൽ വിട്ടയക്കുകയായിരുന്നു. ഇദ്ദേഹവും ഗസ്സയിൽ തന്നെയുണ്ടെന്നാണ് സൂചന.

ഹമാസ് ഉന്നതാധികാര സമിതി സ്ഥാപകാംഗവും 2017 വരെ ചെയർമാനുമായിരുന്ന ഖാലിദ് മിശ്അൽ ഇപ്പോൾ ഖത്തറിലാണ്. 1997ൽ കനേഡിയൻ ടൂറിസ്റ്റുകൾ ചമഞ്ഞെത്തിയ മൊസാദ് ഏജന്റുമാർ ജോർഡനിൽവെച്ച് ഇദ്ദേഹത്തിന്റെ ചെവിയിലേക്ക് വിഷവാതക പ്രയോഗം നടത്തി. ഏറെനാൾ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷപ്പെടുത്താനായി.

അതേസമയം ഇസ്രയേലും ഹമാസും നിലപാട് കടുപ്പിച്ചതോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി. ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. അവശേഷിച്ച ബന്ദികളെ വിടണമെങ്കിൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഹമാസ്. ഗസ്സയിൽ ആക്രമണം പുനരാരംഭിച്ച രണ്ടാം ദിവസമായ ഇന്നലെയും നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഇസ്രയേൽതുടരുന്ന കനത്ത വ്യോമാക്രമണത്തിൽ തെക്കൻ ഗസ്സയിൽ മരണം 193 ആയി. 650 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ സേന അറിയിച്ചു. ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 കടന്നു. ഖാൻ യൂനുസിൽ നിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കനത്ത ബോംബാക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP