Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ഖാലിസ്ഥാൻ ഭീകരവാദികൾക്കെതിരെ കാനഡ ശക്തമായ നടപടികൾ എടുക്കുന്നില്ല എന്ന ഇന്ത്യൻ വാദത്തിന് പിന്തുണ നൽകും ക്വാഡിലെ പ്രസ്താവന; ക്രിയാത്മക സഹകരണത്തിന് ആഗ്രഹമെന്ന് ട്രൂഡോയും; ഒടുവിൽ കാനഡയ്ക്ക് മനം മാറ്റമോ?

ഖാലിസ്ഥാൻ ഭീകരവാദികൾക്കെതിരെ കാനഡ ശക്തമായ നടപടികൾ എടുക്കുന്നില്ല എന്ന ഇന്ത്യൻ വാദത്തിന് പിന്തുണ നൽകും ക്വാഡിലെ പ്രസ്താവന; ക്രിയാത്മക സഹകരണത്തിന് ആഗ്രഹമെന്ന് ട്രൂഡോയും; ഒടുവിൽ കാനഡയ്ക്ക് മനം മാറ്റമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കാനഡയുടെ സമ്മർദ്ദം ഫലിച്ചില്ല. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച് ക്വാഡ് രാഷ്ട്രങ്ങൾ പ്രസ്താവന ഇറക്കുമ്പോൾ അത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.. ന്യൂ യോർക്കിൽ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്. ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് അന്തർദേശീയ തലത്തിലെ വിലയിരുത്തൽ. ഇതാണ് ക്വാഡ് പ്രസ്താവനയിലും നിറയുന്നത്.

ഭീകരവാദികൾക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും, ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരടങ്ങുന്നതാണ് ക്വാഡ് രാഷ്ട്രങ്ങൾ. ഖാലിസ്ഥാൻ ഭീകരവാദികൾക്കെതിരെ കാനഡ ശക്തമായ നടപടികൾ എടുക്കുന്നില്ല എന്ന് ഇന്ത്യ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് പ്രസ്താവന. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും തണുത്ത പ്രതികരണമാണ് ഇന്ത്യക്കെതിരെ പിന്തുണ ആർജ്ജിക്കാൻ ശ്രമിക്കുന്ന കാനഡക്ക് ലഭിക്കുന്നത്. യുകെ പോലും ഇന്ത്യയെ കടന്നാക്രമിക്കാൻ എത്തിയില്ല.

ഇന്ത്യ കാനഡ നയതന്ത്ര തർക്കം രൂക്ഷമായി തുടരവേ സാഹചര്യം നിരീക്ഷിക്കുകയാണെന്നാണ് യുകെയുടെ പ്രതികരണം. ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണത്തിൽ കനേഡിയൻ പ്രതിനിധികളുമായി ആശയവിനിമയം തുടരുകയാണെന്നും യുകെ വക്താവ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ദേശീയ വക്താവ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. ഈ സാഹചര്യം മനസ്സിലാക്കിയാണ് പ്രതിസന്ധിക്ക് അയവുണ്ടാക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ രംഗത്ത് വന്നത്.

ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുന്നു. വെള്ളിയാഴ്ച യുക്രേനിയൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കിയുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ കാനഡയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വിഷയത്തിന്റെ അടിത്തട്ടിൽ എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ആരോപിച്ചിരുന്നു.

തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലഞ്ഞതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഇന്ത്യയുടെ ബന്ധങ്ങളെക്കുറിച്ചുള്ള കാനഡയുടെ ആരോപണങ്ങൾ രാഷ്ട്രീയപരമാണെന്നും ഇക്കാര്യത്തിൽ മുൻവിധി സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കാനഡ ഒരു വിവരവും പങ്കുവെച്ചിട്ടില്ല. തങ്ങൾക്ക് നൽകുന്ന ഏത് വിവരവും പരിശോധിക്കാൻ ഇന്ത്യ തയാറാണെന്നും എന്നാൽ ഇതുവരെ പ്രത്യേക വിവരങ്ങളൊന്നും കാനഡയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി അറിയിച്ചിരുന്നു.

അതിനിടെ കനേഡിയൻ പൗരൻ കൊല്ലപ്പെട്ടതിൽ ഇന്ത്യക്കെതിരായ വിശ്വസനീയ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറിയെന്ന് ജസ്റ്റിൻ ട്രൂഡോ പറയുന്നു. ആഴ്ചകൾക്ക് മുന്നേ ഇവ കൈമാറിയെന്നും ട്രൂഡോ അവകാശപ്പെട്ടു. കേസിൽ വസ്തുത കണ്ടെത്താൻ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പറഞ്ഞു. കൊലപാതകത്തിൽ യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.

കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണം കടുത്ത ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യ അന്വേഷണത്തിന് കാനഡയുമായി സഹകരിക്കേണ്ടത് പ്രധാനമാണെന്നും സത്യം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ബ്ലിങ്കൻ വാഷിങ്ടണ്ണിൽ പറഞ്ഞു. അപ്പോഴും കാനഡ പറയുന്നതാണ് സത്യമെന്ന് അമേരിക്ക ഇനിയും അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP