Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാട്രിക് ജയം ലക്ഷ്യമിട്ട ബ്ലാസ്‌റ്റേഴ്‌സിന് സമനില; മഞ്ഞപ്പടയെ കുരുക്കി ജംഷേദ്പുർ എഫ്.സി; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; എട്ട് മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ഹാട്രിക് ജയം ലക്ഷ്യമിട്ട ബ്ലാസ്‌റ്റേഴ്‌സിന് സമനില; മഞ്ഞപ്പടയെ കുരുക്കി ജംഷേദ്പുർ എഫ്.സി; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; എട്ട് മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ

സ്പോർട്സ് ഡെസ്ക്

വാസ്‌കോ: ഐ.എസ്.എല്ലിൽ ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില കുരുക്ക്. കരുത്തരായ ജാംഷഡ്പൂർ എഫ്.സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് 1-1 സമനില നേടിയത്. എട്ടു കളികളിൽ 13 പോയന്റ് വീതമുള്ള ജാംഷഡ്പൂരും ബ്ലാസ്‌റ്റേഴ്‌സും രണ്ടും മൂന്നും സ്ഥാനത്തേക്ക് കയറി.

ഗോൾശരാശരി തുല്യമാണെങ്കിലും അടിച്ച ഗോളുകളിലെ നേരിയ മുൻതൂക്കമാണ് ജാംഷഡ്പൂരിന് രണ്ടാം സ്ഥാനം നൽകിയത്. ഏഴു മത്സരങ്ങളിൽ 15 പോയന്റുള്ള നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയാണ് ഒന്നാമത്.

മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയത് ജംഷേദ്പുരായിരുന്നു. 14-ാം മിനിറ്റിൽ ഗ്രെഗ് സ്റ്റീവാർട്സിന്റെ മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ ജംഷേദ്പുർ മുന്നിലെത്തി. താരത്തിന്റെ ഇടംകാലനടി പോസ്റ്റിലിടിച്ച് കേരള ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിന് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു.

ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു. അതുവരെ പ്രതിരോധത്തിലൂന്നി കളിച്ച സംഘം ഒന്നിച്ച് ആക്രമിക്കാനിറങ്ങി. 27-ാം മിനിറ്റിൽ അതിന് ഫലം കണ്ടു. സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചു. അൽവാരോ വാസ്‌ക്വസിന്റെ ശ്രമമാണ് ഗോളിന് വഴിയൊരുക്കിയത്. വാസ്‌ക്വസിന്റെ ഷോട്ട് മലയാളി താരം ടി.പി. രഹനേഷ് തട്ടിയകറ്റി. എന്നാൽ പന്ത് ലഭിച്ച സഹലിന്റെ ഷോട്ട് പൂർണമായും തടയാൻ രഹനേഷിനായില്ല. താരത്തിന്റെ ദേഹത്ത് തട്ടി പന്ത് വലയിലെത്തി.

പിന്നാലെ 50-ാം മിനിറ്റിൽ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുക്കേണ്ടതായിരുന്നു. പീറ്റർ ഹാർട്ട്ലിയുടെ പിഴവിൽനിന്ന് പന്ത് ലഭിച്ച വാസ്‌ക്വസ് രഹനേഷ് സ്ഥാനം തെറ്റി നിൽക്കുന്നത് മുതലെടുത്ത് പന്ത് പോസ്റ്റിലേക്ക് ചിപ് ചെയ്തു. പക്ഷേ നിർഭാഗ്യത്താൽ പന്ത് ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു. 84-ാം മിനിറ്റിൽ ജംഷേദ്പുർ താരം ഇഷാൻ പണ്ഡിതയുടെ ഷോട്ട് രക്ഷപ്പെടുത്തി പ്രഭ്സുഖൻ ഗിൽ ബ്ലാസ്റ്റേഴ്സിന്റെ സമനില തെറ്റാതെ കാത്തു.

മുംബൈക്കും ചെന്നൈയിനുമെതിരായ 3-0 വിജയങ്ങളിലെ താളവും ഒഴുക്കും നിലനിർത്താനാവാതെ പോയ ബ്ലാസ്‌റ്റേഴ്‌സിന് അതിനാൽ തന്നെ കാര്യമായ ഗോളവസരങ്ങൾ സൃഷ്ട്ടിക്കാനായതുമില്ല. അതിന് ജാംഷഡ്പൂർ ബ്ലാസ്‌റ്റേഴ്‌സിനെ അനുവദിച്ചില്ലെന്ന് പറയുന്നതാവും ശരി.

കഴിഞ്ഞ കളികളിൽ കേരള നിര പുറത്തെടുത്ത ഹൈപ്രസിങ് ഗെയിം അതേനാണയത്തിൽ എതിരാളികളും നടപ്പാക്കിയപ്പോൾ ഇവാൻ വുകോമാനോവിചിന്റെ ടീം വിയർത്തു. എന്നാൽ, അതിനിടയിലും സമനില ഗോൾ സ്‌കോർ ചെയ്യുകയും എതിരാളികളെ പിന്നീട് ഗോളടിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ് കരുത്തുകാട്ടി.

അതിനിടെ, ബോക്‌സിൽ ജാംഷഡ്പൂർ ഡിഫൻഡറുടെ കൈയിൽ പന്ത് തട്ടിയതിനുള്ള അർഹമായ പെനാൽറ്റി റഫറി അനുവദിച്ചതുമില്ല. അടുത്ത ഞായറാഴ്ച എഫ്.സി ഗോവക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP